മധുരാപുരി രാജാവായ നല്ലണ്ണന്റെ സഹോദരി നല്ലതങ്കയെ രത്നപുരി രാജാവായ സേമനാഥന് വിവാഹം കഴിച്ചു. നല്ലണ്ണന്റെ ഭാര്യ അലങ്കാരിക്കു നല്ലതങ്കയുടെ ഐശ്വര്യപൂര്‍ണമായ ജീവിതം തീരെ സഹിച്ചില്ല. കാലങ്ങള്‍ നീങ്ങി.
രത്നപുരിയില്‍ കഠിനമായ ക്ഷാമമുണ്ടായി. ജലാശയങ്ങളെല്ലാം വറ്റി വരണ്ടു. ജനങ്ങള്‍ ആഹാരമോ വസ്ത്രമോ ഇല്ലാതെ കഷ്ടപ്പെട്ടു. നല്ലതങ്ക ഇതിന്നിടയില്‍ ഏഴു കുഞ്ഞുങ്ങളുടെ മാതാവായി തീര്‍ന്നിരുന്നു. തന്റെ സര്‍വ്വസ്വവും നാശത്തിന്റെ വക്കിലെത്തിയ ജനങ്ങള്‍ക്കു് വേണ്ടി സംഭാവന ചെയ്തശേഷം നല്ലതങ്ക സന്താനങ്ങുളുമായി മധുരാപുരിയിലേക്കു് പുറപ്പെടുവാനൊരുങ്ങി. ഭര്‍ത്താവായ സോമനാഥന് അതിനു അനുകൂലിച്ചില്ലെങ്കിലും തന്റെ സഹോദരനില്‍ നിന്നും വേണ്ട സഹായസഹകരണങ്ങള്‍ ലഭിക്കുമെന്നു് നല്ലതങ്കയുടെ വാക്കില്‍ വിശ്വസിച്ചു് അദ്ദേഹം അനുമതി നല്കി. ആപത്തില്‍ ബന്ധുക്കളുണ്ടാകുകയില്ലെന്നും ബന്ധുവീട്ടില്ചെന്നു് അപമാനിതയാകുന്നതിനേക്കാള് മരിക്കുന്നതാണു് ഭേദമെന്നും അദ്ദേഹം ഭാര്യയെ ഉപദേശിച്ചു.
നല്ലതങ്ക തന്റെ രണ്ടു സേവകരുമൊത്തു് സന്താനങ്ങളുമായി മധുരാപുരിക്കു പുറപ്പെട്ടു. മധുരാപുരിക്കുള്ള യാത്രാമദ്ധ്യേ വന്‍ കാടുകളില്‍ക്കൂടി കടന്നു പോകേണ്ടിവന്ന അവര്‍ക്കു് വന്യജന്തുക്കളില് നിന്നും കാട്ടാളന്മാരില് നിന്നും അനേകം ആപത്തുകള്‍ ഏര്‍പ്പെട്ടെങ്കിലും അതില്‍ നിന്നെല്ലാം രക്ഷപെട്ടു് മധുരാപുരിയിലെത്തി.
നല്ലണ്ണന്‍ തന്റെ സഹോദരിയെ യഥാവിധി സ്വീകരിച്ചു. രത്നപുരിരാജ്യത്തിനുണ്ടായ അപകടസന്ധിയില്‍ അദ്ദേഹം അത്യധികം വ്യസനിച്ചു. വേണ്ട സഹായങ്ങള്‍ ഉടന്‍ എത്തിക്കുവാന്‍ അദ്ദേഹം ഏര്‍പ്പാടു് ചെയ്തു.
അലങ്കാരിക്കു് ഇതൊന്നും ഇഷ്ടപ്പെട്ടില്ല. അവള് നല്ലതങ്കയെ പലവിധത്തില്‍ ഉപദ്രവിച്ചു തുടങ്ങി. തന്റെ കുഞ്ഞുങ്ങള്ക്കു് വേണ്ട ആഹാരം പോലും കൊടുക്കുവാന്‍ സാധിക്കാതെ നല്ലതങ്ക വിഷമിച്ചു. തന്റെ സങ്കടങ്ങളെ അവള് സഹോദരനെ അറിയിച്ചില്ല. എല്ലാം സുഖമായി നടക്കുന്നു എന്നാണു് നല്ലണ്ണന്‍ ധരിച്ചതു്.
അലങ്കാരിയില് നിന്നും ഉള്ള ഉപദ്രവങ്ങളും പരിഹാസങ്ങളും നല്ലതങ്കയെ വല്ലാതെ വലച്ചു. ബന്ധുജനങ്ങളില് നിന്നുമുണ്ടാകുന്ന അപമാനത്തേക്കാള്‍ മരണമാണു് ഭേദമെന്നുള്ള സോമനാഥന്റെ ഉപദേശത്തെ മാനിക്കുവാന്‍ അവള് തീര്‍ച്ചയാക്കി.
പട്ടിണികിടന്നു വലയുന്ന തന്റെ കുട്ടികളെയും കൊണ്ടു് ആത്മഹത്യ ചെയ്യുവാന്‍ നല്ലതങ്ക ഉറച്ചു. അവള് കുട്ടികളുമായി കൊട്ടാരം വിട്ടിറങ്ങി. വെള്ളം നിറഞ്ഞുകിടന്നിരുന്ന ഒരു കിണറിനു സമീപമെത്തി. പരമശിവനെ ധ്യാനിച്ചു. അവള് കുട്ടികളെ ഓരോന്നായി കിണറ്റിലേക്കെറിഞ്ഞു. അവസാനത്തെ കുട്ടിയേയും കിണറ്റിലേക്കെറിയുവാന് തുടങ്ങിയപ്പോള്‍ പരമശിവന് പ്രത്യക്ഷപ്പെട്ടു. കിണറ്റിലെറിഞ്ഞ കുട്ടികള്‍ക്കു് ജീവന് നല്കി ഭഗവാന് അവരെ നല്ലതങ്കക്കു കൊടുത്തു അപ്രത്യക്ഷനായി.
ഇതിനിടയില്‍ വിവരം ഗ്രഹിച്ച നല്ലണ്ണന്‍ സഹോദരിയെ തേടി അവിടെ എത്തി. തനിക്കു അലങ്കാരിയില് നിന്നും നേരിടേണ്ടിവന്ന ഉപദ്രവങ്ങള്‍ നല്ലതങ്ക സഹോദരനെ അറിയിച്ചു.
കോപാക്രാന്തനായ നല്ലണ്ണന്‍ അലങ്കാരിക്കു തക്ക ശിക്ഷ കൊടുക്കുവാന്‍ തീരുമാനിച്ചു. അവരുടെ തല മുണ്ഡനം ചെയ്തു് കഴുതപ്പുറത്തു കയറ്റി നാട്ടിലുടനീളം കൊണ്ടു നടക്കുവാന്‍ അദ്ദേഹം ഉത്തരവിട്ടു.
അഗസ്റ്റിന് ജോസഫു്, വൈക്കം മണി, മിസ്സു് കുമാരി, ഓമന, മുതുകുളം രാഘവന്‍പിള്ള, എസു്. പി. പിള്ള, മാത്തപ്പന്, ജോസഫു് മുളവന, ജഗദമ്മ, തങ്കമ്മ, ജോയിപുന്നൂരാന്, ബാലകൃഷ്ണപിള്ള, പള്ളം ജോസഫു്, ബേബിഗിരിജ എന്നിവരാണു് ചിത്രത്തില്‍ അഭിനയിച്ചതു്.
എഴുതിയതു് : മാധവഭദ്രന്‍
അവലംബം : മലയാള സിനിമ ഡയറക്ടറി
കടപ്പാടു് : ബി. വിജയകുമാര്‍