ജി വിവേകാനന്ദന്റെ 'ഇല കൊഴിഞ്ഞ മരം' എന്ന കഥയാണ് സിനിമയ്ക്കാധാരം. പാപ്പനംകോട് ലക്ഷ്മണൻ സംഭാഷണങ്ങളെഴുതി. തിരക്കഥയും സംവിധാനവും മധു.
പാരമ്പര്യവാദവും പിടിവാശിയും കാരണം ഒറ്റപ്പെട്ട് പോകുന്ന പഴയ തലമുറയെ ആണ് മധുവിന്റെ കഥാപാത്രം പ്രതിനിധീകരിച്ചത്. പുതിയ തലമുറയുടെ സ്വന്തം ഇഷ്ടങ്ങളോട് ഒടുവിൽ സമരസപ്പെടുന്ന കാരണവരാണ് മധുവിന്റെ കോട്ടപ്പുറം കുറുപ്പ്.
പഴയ പ്രതാപകാലം അയവിറക്കി കോലായിലെ ചാരുകസേരയിലിരുന്ന് മാറുന്ന കാലത്തോട് ക്ഷുഭിതനാവുന്ന പ്രമാണിയാണ് കുറുപ്പ്. മകൻ (ശങ്കർ) പക്ഷെ പ്രണയിക്കുന്നത് അവരുടെ കുടിയാനായ ശങ്കരാടിയുടെ മകൾ സൂര്യയെ ആണ്. കുറുപ്പിന്റെ മകൾ നളിനിക്കുമുണ്ട് ഒപ്പം ജോലി ചെയ്യുന്ന അധ്യാപകനോട് (ദേവൻ) പ്രണയം. ഈ രണ്ട് ബന്ധങ്ങളെയും കുറുപ്പ് നിശിതമായി എതിർക്കുന്നു. മക്കൾ പക്ഷെ അച്ഛനെ എതിർത്ത് നയം പ്രഖ്യാപിക്കുന്നു. പഴയ രീതികളുടെ യുഗം അവസാനിച്ചു എന്ന സൂചന തന്നു കൊണ്ട് 'ഒരു യുഗസന്ധ്യ' അവസാനിക്കുന്നു അഥവാ പുതിയ യുഗം തുടങ്ങുന്നു.
പി ഭാസ്ക്കരൻ-എ റ്റി ഉമ്മർ ടീമിന്റെ പാട്ടുകളിൽ 'വേലിപ്പരുത്തിപ്പൂവേ' (ചിത്ര) പ്രത്യേകം പ്രസ്താവ്യം. നെടുമുടി വേണുവും സംഘവും ഒരു പാട്ട് പാടി.