Vidhi Thanna Vilakku (1962)
|
Producer | Guruvayoorappan Pictures |
Director | SS Rajan |
Main Actors | Sathyan,Bahadoor,Ragini |
Supporting Cast | Muthukulam Raghavan Pillai,GK Pillai,Ramesh,Lakshmi (Old),Sukumari,MN Rajam |
Musician | V Dakshinamoorthy |
Lyricist | P Bhaskaran,Abhayadev,Muthukulam Raghavan Pillai |
Singers | AP Komala,KJ Yesudas,P Leela,P Susheela,PB Sreenivas,Santha P Nair,V Dakshinamoorthy,Vinodini |
Date of Release | 05/10/1962 |
Number of Songs | 10 |
|
കഥാസാരം
പട്ടിണിയും പരിവട്ടവുമായി കഴിഞ്ഞ ഒരു കൊച്ചു കുടുംബത്തിന്റെ നായകനായ പപ്പുശ്ശാരുടെ ഓമനപ്പുത്രികളാണ് ഭവാനിയും സുഭദ്രയും.കുടുംബത്തിന്റെ ഭദ്രതയും മാനവും കാത്തു ജീവിക്കുന്ന അവരിരുവരും വിവാഹപ്രായം കഴിഞ്ഞു നിൽക്കുകയാണ്.പെൺകുട്ടികൾ എല്ലാ പിതാക്കന്മാർക്കുമെന്ന പോലെ പപ്പുശ്ശാർക്കും ഒരു നീറുന്ന പ്രശ്നമാണ്.വല്ലപ്പോഴുമൊക്കെ ആ കൊച്ചു കുടുംബത്തിനു സഹായ ഹസ്തം നീട്ടിയിരുന്നത് അയല്പക്കത്തെ ശശിയാണ്.ശശിയും ഭവാനിയും തമ്മിൽ അല്പം പ്രേമബന്ധത്തിലുമാണ്.ആ നാട്ടിലെ മികച്ച ധനാഢ്യനും സകല വിധ ദുർഗുണങ്ങളുടെയും വിളനിലവുമായിരുന്ന ചെമ്പകമംഗലത്തു രാമൻ തമ്പിയുടെ കാര്യസ്ഥൻ കിട്ടുക്കുറുപ്പ് ഭവാനിയുടെയും സുഭദ്രയുടെയും അമ്മാവനാണ്.പണത്തിനു വേണ്ടി എന്തും ചെയ്യാൻ മടിയില്ലാത്ത കുറുപ്പ് തമ്പിയുടെ ഭൃത്യനായ പപ്പുണ്ണിയിൽ നിന്നും ,മകളെ അയാൾക്ക് വിവാഹം ചെയ്തു കൊടുക്കാമെന്ന കരാറിൽ ധാരാളം പണം വാങ്ങി.പക്ഷേ മകളെ അയാൾ ഒരു കഥാകാലക്ഷേപക്കാരനു കല്യാണം കഴിച്ചു കൊടുക്കുകയാണു ചെയ്തത്.ആ ഗ്രാമത്തിലുള്ള അമ്പലത്തിൽ നടന്ന നൃത്തപരിപാടിയിൽ പങ്കെടുത്ത ഭവാനിയെയും സുഭദ്രയെയും തമ്പി കാണുവാനിടയായി.അവർ കുറുപ്പിന്റെ അനന്തരവരാണെന്നു കൂടി അറിഞ്ഞ തമ്പി എങ്ങിനെയെങ്കിലും അവരെ വശീകരിക്കുവാൻ പരിശ്രമിച്ചു തുടങ്ങി.ഭവാനിയും ശശിയും തമ്മിൽ അടുപ്പമാണെന്നറിഞ്ഞ കുറുപ്പ് ആ ബന്ധം തകർക്കുവാൻ ശ്രമിച്ചു.പക്ഷേ കുറുപ്പിന്റെ ശ്രമം ഒന്നും ഫലിച്ചില്ല.എന്നു തന്നെയല്ല ശശി ഭവാനിയെ വിവാഹം കഴിച്ച് പ്രത്യേകം താമസമാക്കുകയാണുണ്ടായത്.തമ്പി അവരെ സ്വര്യമായി ജീവിക്കുവാൻ സമ്മതിച്ചില്ല.ചെറിയ ഒരു ശമ്പളമുണ്ടായിരുന്ന ശശിയെ തമ്പി ഇടപെട്ടു ജോലിയിൽ നിന്നും പിരിച്ചു വിട്ടു.പക്ഷേ ശശിയ്ക്കു മദ്രാസ്സിൽ ഒരു ഇൻഷുറൻസ് കമ്പനിയിൽ ജോലി കിട്ടി.വീട്ടുകാരുടെ സഹായം യാതൊന്നും തേടരുതെന്നും അവരുടെ യാതൊരു വിവരവും തന്നെ അറിയിക്കരുതെന്നും ഭവാനിയെ ഉപദേശിച്ചു ശശി മദ്രാസ്സിലേയ്ക്കു പുറപ്പെട്ടു.ശശിയോടും ഭവാനിയോടുമുള്ള പോരാട്ടത്തിൽ പരാജയപ്പെട്ട തമ്പിയുടെ ശ്രദ്ധ സുഭദ്രയിലേയ്ക്കു തിരിഞ്ഞു.അവിടെയും പരാജയം കണ്ടു തുടങ്ങിയപ്പോൾ സ്നേഹത്തിൽ അടുത്തു കൂടി അയാൾ സുഭദ്രയെ വിവാഹം കഴിച്ചു.വിവാഹ ബന്ധം തമ്പിയുടെ ജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നു.പുരുഷന്റെ സ്വഭാവ സംസ്കരണത്തിനു സ്ത്രീയ്ക്കുള്ള നിസ്സീമമായ കഴിവ് സുഭദ്ര പ്രകടിപ്പിച്ചു.ദുഃസ്വഭാവത്തിന്റെ വിളനിലമായിരുന്ന തമ്പി സത്സ്വഭാവത്തിന്റ്റെ നിറകുടമായി മാറി. അചിരേണ തമ്പി ഒരു കുട്ടിയുടെ പിതാവായി. പക്ഷേ പ്രസവത്തോടു കൂടി സുഭദ്ര മരിച്ചു.സഹോദരിയുടെ കുട്ടിയെ വളർത്തുന്ന ഭാരം ഭവാനി ഏറ്റെടുത്തു. ഒരു ദിവസം കുട്ടിയ്ക്ക് സുഖക്കേട് കലശലാകുകയും ഡോക്ടറുമായി എത്തിയ തമ്പി രാത്രിയിൽ ഭവാനിയുടെ വീട്ടിൽ തങ്ങുകയും ചെയ്തു.അവധി എടുത്തു മദ്രാസിൽ നിന്നും അന്നു രാത്രി വീട്ടിലെത്തിയ ശശി,അടക്കിപ്പിടിച്ച കുട്ടിയുമായി ഉറങ്ങുന്ന ഭവാനിയെയും വെളിയിൽ വരാന്തയിൽ കിടന്നുറങ്ങുന്ന തമ്പിയെയുമാണ് കണ്ടത്.തെറ്റിദ്ധാരണ അയാളുടെ ഹൃദയത്തിൽ കുടിയേറി.ഒട്ടും താമസിക്കാതെ അയാൾ വ്രണിത ഹൃദയനായി മദ്രാസിലേയ്ക്കു മടങ്ങി. മദ്രാസിലെത്തിയ ശശി ഭവാനിയെ ശകാരിച്ചു കൊണ്ടൊരു കത്തെഴുതി. കത്തു കിട്ടിയ ഭവാനി ബ്ബൊധരഹിതയായി. വിവരമറിഞ്ഞ തമ്പി തെറ്റിദ്ധാരണകൾ നീക്കി യഥാർത്ഥ വസ്തുത ശശിയെ അറിയിക്കുവാനായി മദ്രാസിനു പുറപ്പെട്ടു. ആരുമില്ലാതിരുന്ന ഭവാനിയുടെ സഹായത്തിനെത്തിയ ബാങ്കറെ കണ്ടിട്ട് പപ്പുണ്ണിയുടെ നേതൃത്വത്തിൽ ഒരു സംഘമാളുകൾ ഭവാനിയുടെ വീട്ടിൽക്കയറി ബഹളമുണ്ടാക്കി. അപമാനം സഹിക്ക വയ്യാതെ ഭവാനി കുട്ടിയുമായി നാടു വിട്ടു.മദ്രാസിൽ നിന്നും നിരാശനായി മടങ്ങിയെത്തിയ തമ്പി ഭവാനിയെ കാണാതെ വിഷമിച്ചു. വിവരങ്ങൾ അറിഞ്ഞ അയാൾ ബാങ്കറുമായി ഏറ്റുമുട്ടി. സംഘട്ടനത്തിൽ ബാങ്കർ കൊല്ലപ്പെട്ടു. തമ്പി കൊലക്കുറ്റം ചുമത്തി എട്ടു വർഷത്തെ ശിക്ഷയ്ക്കു വിധേയനായി ജയിലിലായി.നാടുവിട്ട ഭവാനി കുട്ടിയുമായി പാവപ്പെട്ടവരുടെ ഒരു കോളനിയിൽ അഭയം തേടി.തൊണ്ടു തല്ലിയും ചകിരി പിരിച്ചും മകനെ വളർത്തി. കൂലിപ്പണി എടുത്തു നടന്ന പയ്യൻ ഒരു ദിവസം ബോട്ടിൽ ആ സ്ഥലത്തു വന്നിറങ്ങിയ ശശിയുടെ ബാഗ് എടുക്കുവാൻ നിയുക്തനായി. കുട്ടിയോട് പ്രത്യേകമായ ഒരു മമത ശശിയ്ക്കു തോന്നി.ജയിൽ ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയ തമ്പി ഭവാനിയെ തേടി പുറപ്പെട്ടു. ഭവാനിയുടെ കുടിൽ ഒരു ദിവസം യദൃശ്ചയാ തീ പിടിച്ചു. ആ സമയം അവിടെ എത്തിയ തമ്പി ഭവാനിയെ രക്ഷിക്കുവാൻ ശ്രമിച്ചു. അവർക്കു രണ്ടു പേർക്കും പൊള്ളലേറ്റു ആശുപത്രിയിലായി.മറ്റു മാർഗ്ഗമൊന്നുമില്ലാതിരുന്ന ഭവാനി തന്റെ മോതിരം വിൽക്കുവാൻ മകനെ ഏല്പിച്ചു. മോതിരവുമായി പോയ കുട്ടിയെ സംശയിച്ചു പോലീസുകാർ പിടിച്ചു. പക്ഷേ കുട്ടിയെ കണ്ട ശശി അവനെ രക്ഷിച്ചു. മോതിരം കണ്ടു തിരിച്ചറിഞ്ഞ ശശി ഭവാനിയുടെ അടുത്തേയ്ക്കോടി. തീപൊള്ളലേറ്റു അവശനായി കഴിഞ്ഞ തമ്പി ഭവാനിയെയും കുട്ടിയെയും ശശിയെ ഏല്പ്പിച്ചു മരണമടഞ്ഞു.തെറ്റിദ്ധാരണകളെല്ലാം മാറി താൻ ചെയ്ത കടും കൈകളിൽ പശ്ചാത്തപിച്ച ശശി ഭവാനിയോട് മാപ്പിരന്നു. ഭവാനിയും ശശിയും കുട്ടികളുമായി സസുഖം ജീവിതമാരംഭിച്ചു.
അവലംബം : മലയാള സിനിമാ ഡയറക്ടറി , 1970
എഴുതിയത് : ജിജാ സുബ്രമണ്യന്0
കടപ്പാട് : ബി വിജയകു0
|
This page was generated on December 5, 2024, 3:18 pm IST | |