സത്യൻ, ശാരദ, എസ്. പി. പിള്ള, സച്ചു, അടൂര്‍ഭാസി, ജയഭാരതി, ബഹദൂര്‍, സുകുമാരി, മണവാളൻ ജോസഫ്, മീന, പാർവ്വതി മുതലായവരഭിനയിച്ച 'കളിയല്ല കല്യാണം' റിലീസായതു് 1968 ഓഗസ്റ്റ് 9 നു് ആണു്. ഐ.വി.ശശികല സംവിധാനവും, ആർ.എൻ. പിള്ള
ഛായാഗ്രഹണവും, ജി. വെങ്കിട്ടരാമന് ചിത്രസംയോജനവും, ചൊക്കലിംഗം, മുത്തു എന്നിവര്‍ മേക്കപ്പും, മുത്തു വസ്ത്രാലങ്കാരവും നിര്‍വ്വഹിച്ചു. വീനസ്, വെങ്കിടേശ്വരസിനി ടോണ്‍ എന്നീ നിര്‍മ്മാണശാലകളില്‍ വെച്ചു് ചിത്രം അഭ്രത്തിലാക്കി.
കഥാസാരം
പ്രസരിപ്പും ചൈതന്യവും നിറഞ്ഞ ഒരു സമർത്ഥനായ ഡോക്ടറാണു് മോഹന്‍ . ആരോടും ആവശ്യത്തിലധികം സംസാരിക്കുവാന്‍ ഇഷ്ടപ്പെടാത്ത അദ്ദേഹത്തിന്റെ മുന്നിലേയ്ക്കു് ഒരുദിവസം മൂന്നുനാലു യുവസുന്ദരികള്‍ കടന്നുവന്നു. എന്തിനും ഏതിനും പോന്ന ആ യുവതികള്‍ അവരുടെ ക്ലബ്ബിന്റെ വാർഷികത്തോടനുബന്ധിച്ചുനടത്തുന്ന നാടകത്തിന്റെ ടിക്കറ്റു വില്പ്പനക്കാണെത്തിയതു്. ഡോക്ടർ ഒരു ടിക്കറ്റെടുക്കണമെന്നു് അവര്‍ അഭ്യര്‍ത്ഥിച്ചു. നാടകം കാണുന്നതു് തനിക്കിഷ്ടമല്ലെന്നു പറഞ്ഞു് അദ്ദേഹം ഖേദപൂര്‍വ്വം ഒഴിഞ്ഞു മാറി. പെണ്‍കുട്ടികള്‍ ഒഴിഞ്ഞുമാറാന്‍ തയ്യാറായില്ല. അവരുടെ നിർബ്ബന്ധപൂര്‍വ്വമായ അപേക്ഷയും അപ്പോള്‍ അവിടെ കയറിവന്ന അമ്മാവന്റെ പ്രേരണയും മൂലം അവസാനം ഡോക്ടർ ഒരു ടിക്കറ്റെടുത്തു. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം അതു് ഒരു വഴിപാടുപോലെ ആയിരുന്നു. എങ്കിലും വന്ന യുവതികളുടെ കൂട്ടത്തില്‍ ഡോക്ടറുടെ ശ്രദ്ധ പിടിച്ചുപറ്റിയ വസന്തയുടെ സമ്മര്‍ദ്ദം മൂലം മോഹന്‍ നാടകം കാണുവാന്‍ പോയി.
പരിപാടി അവസാനിക്കാറായപ്പോള്‍ ഡോക്ടറെ വസന്തയും കൂട്ടുകാരികളും കൂടി സ്റ്റേജില്‍ പിടിച്ചുകയറ്റി അവരോടൊപ്പം നൃത്തം ചെയ്യിച്ചു. ഇതു സ്വാഭാവികമായും ഡോക്ടറെ വല്ലാതെ ചൊടിപ്പിച്ചു. വഴിയില്‍വെച്ചു ടയര്‍ പഞ്ചറായ ഒരു വണ്ടിയുമായി നിസ്സഹായരായിനിന്ന യുവതികളെ ഡോക്ടർ ശരിക്കും മുതലെടുത്തു. മനസ്സില്‍ തട്ടും വിധം അവരെ ശകാരിക്കുകയും ചെയ്തു. ആ ശകാരം വസന്തയുടെ ഹൃദയത്തില്‍ വല്ലാതെ മുറിവേല്‍പ്പിച്ചു. അവള് ഡോക്ടറുമായി കൂടുതല്‍ അടുക്കുകയും അവര്‍ പ്രേമബദ്ധരായിത്തീരുകയും ചെയ്തു.
പക്ഷെ വസന്തയുടെ അമ്മ ആ ബന്ധത്തിനെതിരായിരുന്നു. ഭാര്യ വരച്ച വരയില്‍നിന്നും അണുവിട ചലിക്കാന്‍ ധൈര്യപ്പെടാത്ത അച്ഛനും, വസന്തയ്ക്കുവേണ്ടി തന്റേടിയായ ആ സ്ത്രീയോടു് ശുപാര്‍ശ ചെയ്യുവാന്‍ കെല്‍പ്പുണ്ടായില്ല. മറുനാട്ടില്‍ ജോലിനോക്കുന്ന തന്റെ സ്വന്തത്തില്‍പ്പെട്ട ഒരു യുവാവിനു് വസന്തയെ വിവാഹം കഴിച്ചുകൊടുക്കണമെന്നായിരുന്നു അവരുടെ ആഗ്രഹം.
വസന്തയുടെ വീട്ടില്‍ എതിര്‍പ്പു വര്‍ദ്ധിച്ചപ്പോള്‍ മോഹന്‍ കൂടുതല്‍ കരുത്താര്‍ജ്ജിച്ചു. ഏതു വിധേനയും വസന്തയുമായുള്ള വിവാഹം നടത്തുവാന്‍ അദ്ദേഹം തീരുമാനിച്ചുറച്ചു. അതിനായി വസന്തയുടെ ഉറ്റസ്നേഹിതയായ ശാരദയുടെ സഹായവും ഡോക്ടർക്കുലഭിച്ചു.
ഇതിനകം വസന്തയുടെ അമ്മ മകളുടെ വിവാഹം നിശ്ചയിച്ചു കഴിഞ്ഞിരുന്നു. വിവാഹദിനവും അടുത്തു വന്നു. ശാരദ വസന്തയായി നടിച്ചു് അമ്മ തിരഞ്ഞെടുത്ത വരന്റെ മുന്പില് പ്രത്യക്ഷപ്പെട്ടു. വസന്തയെന്നു തന്നെ ധരിച്ചു് അയാള്‍ വരണമാല്യവും ചാര്‍ത്തി. നടന്ന സംഭവത്തിന്റെ യഥാർത്ഥസ്ഥിതി മനസ്സിലാക്കിയ അമ്മ കോപം കൊണ്ടു ജ്വലിച്ചു. പക്ഷെ അവരുടെ സ്വന്തക്കാരനായ യുവാവിനു് ശാരദയെത്തന്നെ ഇഷ്ടമായിക്കഴിഞ്ഞിരുന്നു. തുടര്‍ന്നു് ഡോക്ടർ മോഹനനും വസന്തയുമായുള്ള കല്യാണവും നടന്നു.
എഴുതിയതു് : കല്യാണി
അവലംബം: മലയാള സിനിമാ ഡയറക്ടറി
കടപ്പാടു് : ബി. വിജയകുമാര്‍
|