കഥാസാരം :
പണക്കാരനും ധൂര്‍ത്തനുമായ ബാബു നഗരങ്ങളില്‍നിന്നു് നഗരങ്ങളിലേയ്ക്കു് സുഖം തേടി നടക്കുന്ന വണ്ടത്താന് ആയിരുന്നു. സ്നേഹം ഒരു ബലഹീനതയും സ്ത്രീ ഒരു ഉപകരണവും മാത്രമായിരുന്നു അയാള്‍ക്കു്. ജീവിതത്തിന്റെ മുന്തിരിച്ചാറു് നുകരുന്നതിനിടയില്‍ ഒരിക്കല്‍ ബാംഗ്ലൂരിലെ ഒരു ഹോട്ടലില്‍ വച്ചു് ജോലിക്കായി അലഞ്ഞു തിരിയുന്ന ചന്ദ്രന് എന്ന യുവാവിനെ ബാബു കണ്ടെത്തി. അയാള്‍ സ്വന്തം മുറിയില്‍ കിടന്നുകൊള്ളാന്‍ അനുവാദം കൊടുത്തു. ഒരു കുടുംബത്തിന്റെ പ്രതീക്ഷകള്‍ മുഴുവനും തന്നില്‍ ഒതുക്കിനിര്ത്തിക്കൊണ്ടു് ജോലിയന്വേഷിച്ചു നടക്കുന്നതിനിടയില്‍ ചന്ദ്രന് മാലതി എന്ന ഒരു പെണ്‍കുട്ടിയെ കണ്ടുമുട്ടി. കൂടുതല്‍ പരിചയപ്പെട്ടപ്പോള്‍ ആണു് മനസ്സിലായതു് അവള് അടുത്ത നാട്ടുകാരാണെന്നു്. തുല്യദുഃഖിതരായ അവര്‍ വേഗം അടുത്തു.
ഒരു ടൈപ്പിസ്റ്റിന്റെ ജോലിയ്ക്കു് മാലതി അപേക്ഷിച്ചപ്പോള്‍ ചന്ദ്രന് ബാബുവിനെക്കൊണ്ടു് ശുപാര്ശചെയ്യിച്ചു് ജോലി വാങ്ങിക്കൊടുത്തു. ചന്ദ്രനും ഒരു ജോലി സമ്പാദിച്ചു. പക്ഷെ സുഖിമാനായ ബാബു മാലതിയുമായി ക്രമേണ അടുത്തു. അതോടെ ചന്ദ്രന്റെ ഉള്ളിലെ ഓമനസങ്കല്പ്പങ്ങള് പൊലിഞ്ഞുപോയി. ചന്ദ്രന് സ്വന്തമായി ഒരു പാര്‍പ്പിടം കണ്ടെത്തി അവിടേയ്ക്കു് താമസം മാറ്റി. അയാള്‍ മാലതിയെ ഉപേക്ഷിക്കുവാന്‍ ശ്രമിച്ചു. പക്ഷെ ഫലമുണ്ടായില്ല. കസിനായ ബാബുവുമൊത്തു് അവള് പിക്നിക്കിനും മറ്റും പോയി. ബാബുവിന്റെ വാഗ്ദാനങ്ങള്ക്കു് മുന്പില് മതിമറന്നവശയായി ഒരു ദിനം ബാബുവിന്റെ മുറിയില്‍ എത്തി. പലര്‍ക്കും പറ്റിയ തെറ്റു് അവള്‍ക്കും പറ്റി.
മാനക്കേടില്‍ നിന്നു് രക്ഷപെടാന്‍ തുനിഞ്ഞ മാലതിയെ ഉപേക്ഷിച്ചു് ബാബു നഗരം വിട്ടു. അവശയും ദുഃഖിതയുമായ അവളെ സംരക്ഷിക്കുന്നതു് ചന്ദ്രനാണു്. പക്ഷെ ആശുപത്രിയില്‍ വച്ചു് അടങ്ങാത്ത മാനസികസംഘട്ടനങ്ങളില് നിന്നു് വിമുക്തയാകാതെ അവള് മരിച്ചു.
ഇതിനോടിടയ്ക്കു് വിലയ്ക്കു വാങ്ങുന്ന സുഖാനുഭൂതിയില്‍ നിന്നു് വിരക്തനായിക്കഴിഞ്ഞിരുന്നു ബാബു. അയാള്‍ ലക്കില്ലാതെ നടക്കുമ്പോള്‍ ചന്ദ്രനെ കണ്ടുമുട്ടി. മാലതിയുടെ മരണം അറിയാനിടയാകുന്നതോടെ അയാളിലെ മനുഷ്യത്വം ഉണര്‍ന്നു. ബാബു നാട്ടിലേക്കു് മടങ്ങി.
തന്റെ മാളികയില്‍ സുഖജീവിതം നയിക്കുവാന്‍ ബാബു ഇഷ്ടപ്പെട്ടില്ല. പിറകെ പിറകെ പണക്കാരായ ആളുകളില്‍ നിന്നു് കല്ല്യാണാലോചനകള്‍ വരുന്നു. പക്ഷെ ബാബുവിനെ ഹഠാദാകര്ഷിച്ചതു് അടുത്തുള്ള വീട്ടിലെ തങ്കമണിയെന്ന കൊച്ചുകുട്ടിയാണു്. ആ അടുപ്പം തങ്കമണിയുടെ വളര്‍ത്തമ്മ ചന്ദ്രികയുമായുള്ള വിവാഹത്തിലാണു് എത്തിച്ചേര്‍ന്നതു്. ബാബു അങ്ങനെ സ്നേഹത്തിന്റെ മാസ്മരവലയത്തില്‍ കുടുങ്ങി. എങ്കിലും അയാളെ ഭൂതകാലം പിന്തുടരുന്നുണ്ടായിരന്നു. ചന്ദ്രികയിലും അയാള്‍ കുറ്റങ്ങള്‍ കണ്ടു. തങ്കമണിയുമായുള്ള ബന്ധം പോലും അയാള്‍ ചോദ്യം ചെയ്തു. ബാബുവിനെ ഭയപ്പെടുന്ന ആ കൊച്ചുകുട്ടി വീട്ടില്‍ നിന്നും ഒളിയ്ക്കാന്‍ ഇഷ്ടപ്പെട്ടു. എല്ലാവിധത്തിലും ഹൃദയം ഉരുകി ചന്ദ്രിക അവളുടെ വീട്ടിലേയ്ക്കു് യാത്രയായി, ബാബുവിന്റെ അനുമതിയോടെ.
വീണ്ടും ബാംഗ്ലൂരിലെത്തിയ ബാബുവിനെ സ്വീകരിച്ചതു് എല്ലാ സത്യവും അറിയാവുന്ന ചന്ദ്രനായിരുന്നു. തങ്കമണി മാലതിയുടെ കുട്ടിയും ചന്ദ്രിക അനിയത്തിയും ആണെന്നു് ചന്ദ്രനില്‍ നിന്നു് അയാള്‍ മനസ്സിലാക്കി. സ്വന്തം കുട്ടിയോടു് അപകര്‍ഷതയോടെ പെരുമാറിയതില്‍ കുണ്ഠിതപ്പെട്ടു് നാട്ടിലെത്തിയ ബാബു ശാന്തമായ ഒരു കുടുംബജീവിതത്തിന്റെ അസ്ഥിവാരമിട്ടു.
ഈ ചിത്രത്തിലെ നടീനടന്മാര് സത്യന്, നെല്ലിക്കോടു് ഭാസ്ക്കരന്‍, അടൂര്‍ ഭാസി, പ്രേംജി, എം. എസു്. നമ്പൂതിരി, കുഞ്ഞാവ, നിലമ്പൂര്‍ ബാലന്, ശാരദ, വാസന്തി, ലത, കോകില, ബേബി ശ്രീലത എന്നിവര്‍ ആണു്. കലാസംവിധാനം എസു്. കോന്നനാട്ടും നൃത്തസംവിധാനം പി. എസു്. ഗോപാലകൃഷ്ണനും, ഡാന്‍സര്‍ രാധാകൃഷ്ണനും, ചിത്രസംയോജനം ജി. വെങ്കിട്ടരാമനും നിര്‍വ്വഹിച്ചു.
പകല്‍ക്കിനാവു് സെലുലോയിഡില്‍ പകര്‍ത്തിയതു് ഭാസ്ക്കര്രാവു ആണു്.
എഴുതിയതു് : മാധവഭദ്രന്‍
അവലംബം : മലയാള സിനിമ ഡയറക്ടറി
കടപ്പാടു് : ബി. വിജയകുമാര്‍
Old is Gold by B Vijayakumar |