കഥാസാരം
ആധാരമെഴുത്തുകാരനായ ഭാര്ഗ്ഗവന് പിള്ളയുടെ മരണത്തോടുകൂടി ഭാര്യയും മക്കള്‍ സരസു, രാധ, ഗോപന് എന്നിവരും ഉള്‍പ്പെട്ട കുടുംബം നിരാധരരായിത്തീര്ന്നു. എകപുത്രനായ ഗോപന് വളര്‍ന്നു വരുമ്പോള്‍ തങ്ങളുടെ കുടുംബത്തെ സംരക്ഷിക്കുമെന്ന ആഗ്രഹം നടന്നില്ലെന്നു മാത്രമല്ല അവനെ തീറ്റിപ്പോറ്റേണ്ട ഭാരം കൂടി അമ്മയ്ക്കും സഹോദരിമാര്‍ക്കും ഉണ്ടായി.
ആകെ സ്വത്തായിട്ടുണ്ടായിരുന്ന കൊച്ചു വീടും പറമ്പും സ്ത്രീധനമായി കൊടുക്കാമെന്ന വ്യവസ്ഥയില്‍ ഒരു ചെറിയ കോൺട്രാക്ടറായ രഘുനാഥിനു് സരസുവിനെ വിവാഹം ചെയ്തു കൊടുത്തു. ഭാഗ്യാതിരേകത്താല്‍ സരസുവിനെ കല്യാണം കഴിച്ചതോടുകൂടി രഘുനാഥ് വലിയ സമ്പന്നനായിത്തീർന്നു.
സുന്ദരിയും സുശീലയുമായ രാധ ഒരു പ്രൈവറ്റ് ഡോക്ടറുടെ കീഴില്‍ നേഴ്സായി ജോലിനോക്കിയാണു് കുടുംബം പുലര്ത്തിപ്പോന്നതു്. ധനാഢ്യനും പ്രതാപശാലിയുമായിത്തീർന്ന രഘുനാഥ് മദ്യത്തിലും മദിരാക്ഷികളിലും ഭ്രമിച്ചുതുടങ്ങി. പക്ഷെ ശാലീനയായ സരസുവിന്റെ നിയന്ത്രണം മൂലം അയാള്‍ അടങ്ങിയൊതുങ്ങി കഴിഞ്ഞു. ഇതിനിടയില്‍ സരസു ഒരു മാതാവുമായിത്തീര്ന്നിരുന്നു.
ഒരു ദിവസം രഘുവും സരസുവും കുഞ്ഞിനേയും കൊണ്ടു് രാധയുടെ വീട്ടില്‍ ചെന്നു. രാധയ്ക്കു ചേച്ചിയുടെ ഭര്‍ത്താവിനോടു് അപാരമായ ഭക്തിയും ബഹുമാനവുമാണു്. ഒരു ടാക്സിഡ്രൈവറായ കുറുപ്പിന്റെ മകന് രവിയുമായി രാധ വളരെ അടുപ്പത്തിലായിരുന്നു. നല്ലവനായ രവി, രാധയെ പ്രേമിക്കുക മാത്രമല്ല, ആരാധിക്കുകകൂടി ചെയ്യുന്നുണ്ടു്. എന്നാല്‍ രവി രാധയുമായി കാണുന്നതും സംസാരിക്കുന്നതും ഇഷ്ടമല്ലാത്ത രഘു പലപ്രാവശ്യം രാധയെ താക്കീതുചെയ്തു.
രാധയുമായി അടുത്തിടപഴകുന്നതോടുകൂടി രഘുവിലെ 'മൃഗം' ഉണര്‍ന്നു. അയാള്‍ അവളോടു പ്രണയാഭ്യർത്ഥന നടത്തി. രാധ അതു നിരസിക്കുക മാത്രമല്ല, നിലയും വിലയുമോര്ത്തു ചേട്ടനായി പെരുമാറാന്‍ ആവശ്യപ്പെടുകയും ചെയ്തു. എങ്കിലും രഘുവിന്റെ അഭിനിവേശം ശമിച്ചില്ല. നല്ലൊരവസരം കാത്തു കഴിഞ്ഞ അയാള്‍ രാധയെ ഒരുനാള്‍ കടന്നു പിടിച്ചു. രഘുവിന്റെ കരണത്തടിച്ചു് കുതറി മാറുകയാണു് അവള് ചെയ്തതു്.
അതൊരു ഭീകര സംഭവമായി മാറി. പകയുളള സര്‍പ്പത്തെപ്പോലെ, അവളെ ഉന്മൂലനാശം ചെയ്തുകളയുവാന് രഘു ദൃഢനിശ്ചയം ചെയ്തു. സ്ത്രീധനമായി കൊടുക്കാമെന്നേറ്റിരുന്ന വീടും പറമ്പും ഉടനെ കൈവശം കൊടുക്കണമെന്നു് രഘു നിര്‍ബ്ബന്ധിക്കുകയും അതിനുവേണ്ടി സരസുവിനേയും കുഞ്ഞിനേയും വീട്ടിലേയ്ക്കയക്കുകയും ചെയ്തു.
ഈ ദുരന്തത്തിനിടയില്‍ മായനും അല്പനുമായ പത്രവിതരണക്കാരന് പുരുഷോത്തമനു് രാധയെ കല്യാണം കഴിച്ചാല്‍ കൊള്ളാമെന്നു് ആശയുണ്ടായി. അതിനുവേണ്ടി രാധയുടെ സഹോദരന് ഗോപനെ കൂട്ടുപിടിക്കുകയും, ടാക്സിഡ്രൈവർ കുറുപ്പിന്റെ സഹായം തേടുകയും ചെയ്തു. രാധ തന്റെ മകനായ രവിയുടെ പ്രേമഭാജനമാണെന്നു് അറിയാതെ കുറുപ്പു് അക്കാര്യം ഏറ്റു.
കാലങ്ങള്‍ കടന്നുപോയി. തന്റെ കരണത്തടിച്ച രാധയെക്കൂടി ഭാര്യയായി കിട്ടാതെ അടങ്ങുകയില്ലെന്നായി രഘു. വീട്ടില്‍ത്തന്നെ സ്ഥിരതാമസമാക്കിയ സരസു എത്ര കേണപേക്ഷിച്ചിട്ടും ഭര്‍ത്താവായ രഘു അവളെ സ്വീകരിച്ചില്ല. എന്നുമാത്രമല്ല, താന്‍ മറ്റൊരു വിവാഹം കഴിക്കുവാന്‍ തീർച്ചയാക്കിയതായി അയാള്‍ അവളെ അറിയിക്കുകകൂടി ചെയ്തു.
ഇനിയും കാത്തിരുന്നിട്ടു ഫലമില്ലെന്നു കണ്ട രാധ, താന്‍ ചെയ്ത അപരാധത്തിനു ചേച്ചിയെ ശിക്ഷിക്കരുതെന്ന അഭ്യർത്ഥനയുമായി രഘുവിന്റെ വീട്ടിലെത്തി. ഇതുകണ്ട പുരുഷോത്തമന് രവിയെ വിവരം ധരിപ്പിച്ചു. കരഞ്ഞു വീര്‍ത്ത കണ്ണും പാറിപ്പറക്കുന്ന തലമുടിയുമായി രഘുവിന്റെ വസതിയില്‍ നിന്നും മടങ്ങുന്ന രാധയെ, രവി തെറ്റിദ്ധരിക്കുകയും അവളുമായുള്ള ബന്ധം അവസാനിപ്പിക്കുകയും ചെയ്തു.
ഒരുവശത്തു് വിണ്ടുകീറി മുങ്ങിനശിക്കുന്ന കുടുംബനൗക. മറുവശത്തു തന്നെ തെറ്റിദ്ധരിച്ചു് തനിക്കെതിരായി ദുഷ്പ്രചരണം നടത്തുന്ന തന്റെ പ്രിയപ്പെട്ട പ്രേമശില്പി. ഒരുവശത്തു് വിധവയായേക്കാവുന്ന തന്റെ ചേച്ചി. മറുവശത്തു് മാംസദാഹം പൂണ്ടു നില്ക്കുന്ന കാമക്കഴുകന്. എന്നിട്ടും രാധ അചഞ്ചലയായിത്തന്നെ നിന്നു.വസ്തുവും വീടും അവള് രഘുവിന്റെ പേര്ക്കെഴുതിക്കൊടുത്തു. ചേച്ചിയേയും കൂട്ടി രഘുവിന്റെ വീട്ടിലെത്തി. താന്‍ കീഴടങ്ങിയിരിക്കുന്നുവെന്നും തന്നെക്കൂടി സ്വീകരിക്കൂ എന്നും അവള് രഘുവിനോടു പറഞ്ഞു . ചേച്ചി വിധവയാകുന്നതിനേക്കാള് അവള് ഒരു വധുവാകുന്നതായിരുന്നു രാധക്കിഷ്ടം. തങ്ങള്‍ക്കു രഘുവല്ലാതെ മറ്റാരും ആധാരമില്ലെന്നും തങ്ങളുടെ രക്ഷക്കുവേണ്ടി രാധയെ അടിയറ വെക്കുന്നുവെന്നും അതുകൊണ്ടു് ഇരുവരേയും സ്വീകരിക്കണമെന്നും സരസുവുംആവശ്യപ്പെട്ടു. ആഹ്ലാദമത്തനായ ആ നരാധമന് തന്റെ പാദങ്ങളില്‍ വീണ രാധയെ പിടിച്ചെഴുനേല്‍പ്പിച്ചു. പക്ഷെ അയാള്‍ ഞെട്ടിപ്പോയി. വിഷഗുളികകള്‍ കഴിച്ച രാധ മരണപ്പെട്ടുകഴിഞ്ഞിരുന്നു.
സത്യൻ, ശാരദ, കൊട്ടാരക്കര ശ്രീധരന് നായര്‍, അംബിക, ബഹദൂര്‍, അടൂര്‍ ഭാസി, ആറന്മുള പൊന്നമ്മ, ഹരി, ബേബി രജനി എന്നിവരാണു് അഭിനേതാക്കള്‍. ശ്രീ. മണി സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ സാങ്കേതിക വിഭാഗത്തില്‍ എന്‍. എസ്. മണി (ഛായാഗ്രഹണം) , ആര്. ബി. എസ്. മണി(കലാസംവിധാനം), കെ.ഡി. ജോര്‍ജ്ജ് (ചിത്ര സംയോജനം), എന്നിവര്‍ പ്രവര്‍ത്തിച്ചു. ഇ. മാധവൻ നൃത്തസംവിധാനം നിർവ്വഹിച്ചു.
ഹരിപ്പാടു് ശ്രീകുമാരന്‍ തമ്പി രചിച്ചു് ബാബുരാജ് ഈണം പകര്‍ന്ന അഞ്ചു പാട്ടുകൾക്കു് പിന്നണിയില്‍ യേശുദാസ്, എസ്.ജാനകി, പി.സുശീല, എന്നിവര്‍ ശബ്ദം നല്കി. തിരുമേനി പിൿച്ചേഴ്സ് വിതരണം നടത്തിയ 'മിടുമിടുക്കി' 14 - 9- 1968 ൽ പ്രദര്‍ശനം ആരംഭിച്ചു.
എഴുതിയതു് : കല്യാണി
അവലംബം: മലയാള സിനിമാ ഡയറക്ടറി
കടപ്പാടു് : ബി. വിജയകുമാര്‍
|