കഥാസാരം
ഒരിടത്തരം കുടുംബത്തിലെ നായികയാണു് അമ്മിണിയമ്മ. രാപകല്‍ മുച്ചീട്ടുകളിയില്‍ മുഴുകി ഉള്ളതെല്ലാം നശിപ്പിക്കുന്ന കേശവപിള്ളയാണു് അമ്മിണിയമ്മയുടെ ഭര്‍ത്താവു്. ഭര്‍ത്താവിനെ പ്രാണനുതുല്യം സ്നേഹിക്കുന്ന അവര്‍ക്കു് രണ്ടു മക്കളുണ്ടു്. ബുദ്ധിജീവിയും കലാകാരനുമാണെന്നഭിമാനിച്ചു് ജോലി ഒന്നും ചെയ്യാതെ, നാടകവും ക്ലബ്ബു ജീവിതവുമായിക്കഴിയുന്ന ഗോപിയും, വീടിനെ രക്ഷിക്കുവാന്‍ എന്തു ചെയ്യാനും തയ്യാറായി നടക്കുന്ന സോമനും.
തൊട്ടയല്പക്കത്തു് ഒരകന്ന ബന്ധത്തിലുള്ള ഒരു പെണ്‍കുട്ടിയെ - ഗോവിന്ദക്കുറുപ്പിന്റെ മകള്‍ കുസുമത്തെ - സോമന് സ്നേഹിച്ചു. ആ വിവാഹത്തിനു് ആരും എതിരല്ല. പക്ഷെ ഗോപിയുടെ വിവാഹത്തിനുശേഷമേ സോമന്റെ വിവാഹം നടക്കുകയുള്ളു. എന്നാല്‍ മൂത്തമകനു് ആരു പെണ്ണുകൊടുക്കും? ഗോവിന്ദക്കുറുപ്പു് ഒരു ആലോചന കൊണ്ടുവന്നു. വിവാഹവും നിശ്ചയിച്ചു. അപ്പോഴാണു് വരന്റെ സ്വഭാവത്തെക്കുറിച്ചു വധുവിന്റെ വീട്ടുകാരറിയുന്നതു്. വിവാഹം മുടങ്ങി. ഇതിനെച്ചൊല്ലി ഗോപിയും കുറുപ്പുമായി വാക്കുതര്‍ക്കമുണ്ടായി. അതോടെ സോമനും കുസുമവും തമ്മിലുള്ള വിവാഹവും അവതാളത്തിലായി.
സോമനു് ഇതിനിടയില്‍ മദിരാശിയില്‍ ഒരു ജോലി കിട്ടി. കുടുംബം രക്ഷപെട്ടു എന്നു കരുതി അമ്മിണിയമ്മ ആശ്വസിച്ചു. ആ നാട്ടിൻപുറത്തു് അസാധാരണനായ ഒരു വ്യക്തിയുണ്ടു്. റേഡിയോ ഭാസി- ഭാസി എല്ലാവര്ക്കും ഉപകാരിയാണു്. നാട്ടിൻപുറത്തു് എന്താവശ്യമുണ്ടെങ്കിലും ഭാസി അവിടെ എത്തും. പക്ഷെ ഒരു ദോഷമേയുള്ളു. ബുദ്ധിക്കു വികാസമില്ലാത്ത ആ നല്ലവന്‍ അറിയുന്നതും കേള്‍ക്കുന്നതും എല്ലാം ആരെക്കണ്ടാലും പറയും. സമയവും സന്ദർഭവുമൊന്നും നോട്ടമില്ല. സത്യമേ പറയൂ.
കുസുമത്തിനെ മറ്റാര്‍ക്കെങ്കിലും വിവാഹം കഴിച്ചുകൊടുക്കുവാന്‍ ഗോവിന്ദക്കുറുപ്പു് ആലോചന തുടങ്ങി. ഇതറിഞ്ഞ സോമനു വാശി കയറി. താനും മറ്റൊരു വിവാഹം കഴിക്കുമെന്നു തീര്‍ച്ചപ്പെടുത്തി. സോമന് ജോലിചെയ്യുന്ന ആഫീസിലൊരു ടൈപ്പിസ്റ്റ് ഉണ്ടു്. -കമലം- അവളുടെ പരേതനായ ജ്യേഷ്ഠന്റെ രൂപസാദൃശ്യമുള്ള സോമനെ കമലം അകമഴിഞ്ഞു സ്നേഹിച്ചു. സോമനും അവളെ സ്നേഹിച്ചു. പക്ഷെ സോമന് വിവാഹാഭ്യർത്ഥനയുമായി കമലത്തെ സമീപിച്ചപ്പോള്‍ അവളുടെ വിധം മാറി. ഗോപി ഇതിനിടയില്‍ സഹോദരന്റെ അടുത്തെത്തിയിരുന്നു.
ഒരുരാത്രി ആഫീസില്‍ ധാരാളം ജോലിയുണ്ടായിരുന്നു. കമലവും, സോമനും, ഒരു പ്യൂണും മാത്രമേ ആഫീസില്‍ ഉള്ളൂ. ലൈറ്റുകളെല്ലാം പെട്ടെന്നണഞ്ഞു. കമലത്തിനെ ആരോ ബലാല്‍സംഗം ചെയ്തു. ഗോപിയായിരുന്നു അതു്. പക്ഷെ തെളിവുകളെല്ലാം സോമനെതിരാണു്. ജ്യേഷ്ഠന്റെ മാനം കാക്കുവാന്‍ നിരപരാധിയെങ്കിലും സോമന് കുറ്റം ഏറ്റു.
വീട്ടുകാര്യങ്ങളില്‍ യാതൊരു ശ്രദ്ധയും ഇല്ലാത്ത ഗോപിയും, മുച്ചീട്ടുകളിച്ചു് സകലതും നശിപ്പിച്ച കേശവപിള്ളയും കൂടി അമ്മിണിയമ്മയെ വല്ലാതെ വലച്ചു. കടക്കാര് അവരെ നാലുവശത്തുംകൂടി ബുദ്ധിമുട്ടിച്ചുതുടങ്ങി. ഉണ്ടായിരുന്ന വീടും പറമ്പും ജപ്തിയായി. ജപ്തിയിനിന്നും രക്ഷപെടാന്‍ പതിനായിരം രൂപ വേണം. പക്ഷെ അത്ര വലിയ ഒരു തുക എവിടുന്നുണ്ടാകും? രൂപാ കൊടുത്തില്ലെങ്കില്‍ വീടു് ജപ്തിചെയ്യുകയും കടക്കാര് ഭര്‍ത്താവിനെ ജയിലില്‍ അയക്കുകയും ചെയ്യും. വിഷാദവിവശയായ അമ്മിണിയമ്മ തന്റെ അഭിമാനം ദൂരെയെറിഞ്ഞു് താനുമായി മകന്റെ കല്യാണക്കാര്യത്തില്‍ തെറ്റിപ്പിരിഞ്ഞ ഗോവിന്ദക്കുറുപ്പിനെത്തന്നെ ശരണം പ്രാപിക്കുവാന്‍ തീരുമാനിച്ചു. ഭര്ത്തൃവത്സലയായ ആ സാദ്ധ്വി വികാരവിക്ഷോഭം മൂലം ഗോവിന്ദക്കുറുപ്പിന്റെ മുന്പില് തുറന്ന കണ്ണോടെ മരിച്ചുവീണു.
പി. ഭാസ്ക്കരന്‍ ഈ ചിത്രത്തിനുവേണ്ടി രചിച്ച അഞ്ചു ഗാനങ്ങള്‍ക്കു് എ.റ്റി. ഉമ്മര്‍ സംഗീതമേകി. പിന്നണിഗായകരായ യേശുദാസ്, എസ്.ജാനകി, ജയചന്ദ്രന്, ആന്റോ, വസന്ത എന്നിവര്‍ ശബ്ദം പകര്‍ന്നു. എസ്. കൊന്നനാട്ടു് കലാസംവിധാനവും, കെ. തങ്കപ്പന് നൃത്തസംവിധാനവും, ജി. വെങ്കിട്ടരാമന് ചിത്രസംയോജനവും, പി. എന്‍. കൃഷ്ണന് വേഷവിധാനവും, വി. എം. മുത്തു വസ്ത്രാലങ്കാരവും, എം. ശാന്താറാം ശബ്ദലേഖനവും, എ. വെങ്കിട്ട് ഛായാഗ്രഹണവും നിര്‍വ്വഹിച്ചു.
പ്രേംനസീര്‍, കൊട്ടാരക്കര ശ്രീധരന് നായര്‍, മധു, അടൂര്‍ ഭാസി, പി.ജെ. ആന്റണി, ശങ്കരാടി, രാമന് കുട്ടിനായര്‍, ഭരതന്, പോള്‍ വെങ്ങോല, രാധാകൃഷ്ണന്, ജെ. എ. ആര്. ആനന്ദ്, അബ്ബാസ്, പാപ്പുക്കുട്ടി ഭാഗവതര്‍, ഷീല, കവിയൂര്‍ പൊന്നമ്മ, റാണി, സരസ്വതി, ശാന്താദേവി, ഖദീജ എന്നിവര്‍ ചിത്രത്തില്‍ അഭിനയിച്ചു.
ചന്ദ്രതാരാ പിൿച്ചേഴ്സ് വിതരണം നടത്തിയ ആല്‍മരം 31-1-1969- ൽ പ്രദര്‍ശനത്തിനെത്തി.
എഴുതിയതു് : കല്യാണി
അവലംബം: മലയാള സിനിമാ ഡയറക്ടറി
കടപ്പാടു് : ബി. വിജയകുമാര്‍
Old is Gold by B Vijayakumar |