സത്യന്, പ്രേംനസീര്‍, മധു, ഉമ്മർ, കൊട്ടാരക്കര ശ്രീധരൻ നായർ, ടി. എസ്. മുത്തയ്യ, ജി.കെ. പിള്ള, എം.ജി.മേനോൻ, രമേശ്, പ്രതാപൻ, പിഷാരടി, എസ്.പി.പിള്ള, ബഹദൂര്‍, അടൂര്‍ ഭാസി, ശ്രീ നാരായണപിള്ള, ബി.കെ.പൊറ്റക്കാട്, മുതുകുളം രാഘവൻപിള്ള, ശങ്കരാടി, കടുവാക്കുളം ആന്റണി, കെ.എം.വാര്യർ, കുട്ടൻപിള്ള, വർമ്മ, ഷീല, അടൂർ പങ്കജം, കമലാദേവി, ടി.ആർ.ഓമന, മീന, ഇന്ദിരാ തമ്പി, ബേബി, ഉഷ, ശുഭ, ശോഭ, സുശീല, ഹേമ, വത്സല,ലക്ഷ്മിയമ്മ മുതലായവരാണു് ചിത്രത്തില്‍ അണിനിരന്നതു്.
കഥാസാരം
ഒരു ഡവലപ്പ്മെന്റ് ബ്ലോക്കിന്റെ പശ്ചാത്തലത്തില്‍ അവിടെ ജീവിക്കുന്ന കുട്ടന്നായരും, അമ്മുക്കുട്ടിയമ്മയും, ആനന്ദും, ശകുന്തളയും, പപ്പനും, ദമയന്തിയും, മമ്മുക്കയും, ബാബുവും, തങ്കമ്മയും, ഏലിയാമ്മയും, തയ്യല്മാസ്റ്ററും ചേര്‍ന്ന കൊച്ചുലോകത്തിലെ ജീവിതത്തില്‍ നിന്നും ചില സംഭവങ്ങള്‍ കൊണ്ടു് വിനോദപരമായ അന്തരീക്ഷം സൃഷ്ടിച്ചു് കുടുംബാസൂത്രണം എന്ന കാലികപ്രധാനമായ പ്രശ്നം കൈകാര്യം ചെയ്തിരിക്കുകയാണീ ചിത്രത്തില്‍. ഈ കൂട്ടത്തില്‍ ചുറ്റുപാടും നടമാടുന്ന തട്ടിപ്പും വെട്ടിപ്പും കൊള്ളരുതായ്മകളും തുറന്നു കാട്ടി ജനകീയഭരണത്തിന്റെ വിളനാശം ചെയ്യുന്ന പെരുച്ചാഴികളെ നശിപ്പിക്കുന്നതിനു് ആഹ്വാനവും നടത്തുന്നുണ്ടു്. ആദ്യന്തം ഫലിതം നിറഞ്ഞ ഒരു വിനോദചിത്രമാണിതു്. കുടുംബസംവിധാനത്തെപ്പറ്റി പണ്ഡിറ്റ് നെഹ്റു സംസാരിക്കുന്നതു് അദ്ദേഹത്തിനെ കാണിച്ചുകൊണ്ടും അദ്ദേഹത്തിന്റെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ടും ചിത്രീകരിച്ചിരിക്കുന്നു. അതുപോലെ മുഖ്യമന്ത്രിയായിരുന്ന ശ്രീ ഇ.എം.എസ്.നമ്പൂതിരിപ്പാടിനെയും ഒരു പ്രക്ഷേപിണിപ്രസംഗം ചെയ്യുന്നതായി ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു. തികച്ചും പ്രചരണപരമായ സന്ദേശം ഉള്‍ക്കൊണ്ട ഒരു പരീക്ഷണചിത്രമായിരുന്നു ഒള്ളതുമതി. സംസ്ഥാന ഗവർമ്മെന്റ് ഈ ചിത്രം കുടുംബാസൂത്രണപ്രചരണത്തിനായി അംഗീകരിച്ചു ഗ്രാമങ്ങള്‍ തോറും സൌജന്യപ്രദര്‍ശനം നടത്തിയിരുന്നു.
എഴുതിയതു് : കല്യാണി
അവലംബം: മലയാള സിനിമാഡയറക്ടറി
കടപ്പാടു് : ബി.വിജയകുമാര്‍
|