ഒരു ചെറുപ്പക്കാരൻ ഒരു പെൺകുട്ടിയെ ഒരു പ്രത്യേക സാഹചര്യത്തിൽ കണ്ടു മുട്ടുന്നു. ആ കൂടിക്കാഴ്ച ഇരുവരുടെയും മനസ്സിൽ ഒരു പുതിയ വികാരത്തിന്റെ നാളം കൊളുത്തുന്നു. അതവരിൽ വീണ്ടും കണ്ടു മുട്ടാനുള്ള പ്രേരണ വളർത്തുന്നു.അങ്ങനെ അവർ പിന്നെയും കണ്ടു മുട്ടുമ്പോൾ ഒന്നു സംസാരിക്കാൻ മോഹം. പിരിയുമ്പോൾ വീണ്ടും കാണാൻ മോഹം. കാണാതിരുന്നാൽ ദുഃഖം. ഒറ്റയ്ക്കിരിക്കുമ്പോൾ മനസ്സു നിറയെ ആ രൂപം.അതു മാത്രം. പിന്നീടത് ഒരു വികാരമായി , ഒരനുഭൂതിയായി , ഒരു ലഹരിയായി രൂപപ്പെടുന്നു. ആ ലഹരിയിൽ വിടർന്ന സ്വപ്നത്തിൽ അവർക്കു സ്പർശിക്കാൻ മോഹം.വാരിപ്പുണരാൻ ദാഹം.അവസാനം ചുംബിക്കാനാവേശം.അങ്ങനെ മനസ്സ് മനസ്സോട് ചേർന്ന് , ആത്മാവ് ആത്മാവിൽ ലയിച്ച് സ്വർഗ്ഗീയാനുഭൂതിയിൽ വിവാഹിതരാകുന്നതിനെ പറ്റി ഒന്നു ചിന്തിച്ചു നോക്കൂ ! കവിതാത്മകമായ ആ സുഖം ഒരു സുപ്രഭാതത്തിൽ ഒരു അപരിചിത യുവതിയെ അവളുടെ സ്വഭാവം മനസ്സിലാക്കാതെ അഭിരുചി അറിയാതെ ഗുണദോഷങ്ങൾ കണക്കിലെടുക്കാതെ സ്വീകരിക്കുമ്പോൾ കിട്ടുമെന്ന് തോന്നുന്നുണ്ടോ ? ഇല്ലെങ്കിൽ ലവ് മാരേജ് എന്ന സിനിമ കണ്ടു കഴിയുമ്പോൾ നമ്മുടെ ധാരണ നമ്മൾ സ്വയം തിരുത്തും.