ചേട്ടനും അനുജനും ഒരു ചേച്ചിയും . ഉള്ളതു കൊണ്ട് സംതൃപ്തിയടയുന്ന ഒരു കൊച്ചു കുടുംബം. ആ കുടുംബത്തിന്റെ സന്തോഷത്തിന്റെയും ഐശ്വര്യത്തിന്റെയും പ്രതീകമായിരുന്നു ശ്രീദേവി.
കാലങ്ങൾ കടന്നു പോയി. വേണു വളർന്ന് ഒരു യുവാവായി. ഒരു മകനെപ്പോലെ , ഒരു അനിയനെപ്പോലെ നല്ലവളായ ആ ചേച്ചി അവനെ പഠിപ്പിച്ചു വളർത്തി. ഒരു കോളേജ് ലക്ചററാക്കി. ആ കുടുംബത്തിലേക്ക് പുതിയ ഒരംഗം കൂടി കടന്നു വന്നു. വേണുവിന്റെ സുന്ദരിയായ ഭാര്യ പ്രഭ.തന്റെ വീട് ഒരു കൊച്ചു സ്വർഗ്ഗമായിരുന്നു. തനിക്കൊരു നല്ല ഭാര്യയെക്കൂടി കിട്ടിയാൽ അതൊരു വലിയ സ്വർഗ്ഗമായി മാറുമെന്ന് വേണു പ്രത്യാശിച്ചു. പക്ഷേ ! പുതിയ മണവാട്ടിക്ക് ആ കുടുംബത്തിന്റെ അന്തരീക്ഷവുമായി പൊരുത്തപ്പെടുവാൻ കഴിഞ്ഞില്ല. അതോടെ സ്നേഹബന്ധങ്ങളുടെ കണ്ണികൾ അറ്റു തുടങ്ങി.നിർമ്മലമായ ആ കുടുംബം ജലാശയത്തിൽ ഒരു തുള്ളി വിഷം കലർന്നപ്പോൾ അതിലെ ജീവിതങ്ങൾ പലതും ജീവനു വേണ്ടി പിടഞ്ഞു. ശ്രീദേവിയുടെ കണ്ണുകൾ നിറഞ്ഞു. അവൾ വേണുവിനെ ഉപദേശിച്ചു.
ഗർഭിണിയായ പ്രഭയെ മാതാവ് സ്വന്തം ഗൃഹത്തിലേക്ക് കൂട്ടിക്കൊണ്ടു പോയി. പ്രസവാനന്തരം പ്രഭയെയും കുഞ്ഞിനെയും കൂട്ടിക്കൊണ്ടു വരാൻ ചെന്ന ശ്രീദേവിയെ പ്രഭയുടെ മാതാവായ കാർത്ത്യായനിയമ്മ കുത്തുവാക്കുകൾ പറഞ്ഞ് മടക്കി അയക്കുകയാണുണ്ടായത്.ഇതിനിടയിൽ കാർത്ത്യായനിയുടെ ചവുട്ടടിയിൽ കഴിഞ്ഞിരുന്ന കുടുംബത്തിനു ചില മാറ്റങ്ങൾ കണ്ടു തുടങ്ങി.അതിനു മുൻ കൈയ്യെടുത്തത് രാമേശ്വരത്തു പോയി മടങ്ങിവന്ന റാവു ബഹദൂറും മകൻ സുന്ദരേശനുമായിരുന്നു.
വേണുവിന്റെ മകൻ രവിക്ക് മൂന്നു വയസ്സായപ്പോൾ ചന്ദ്രന്റെയും ശ്രീദേവിയുടെയും സ്നേഹപൂർണ്ണമായ നിർബന്ധത്തിനു വഴങ്ങി വേണു ഭാര്യയെയും കുഞ്ഞിനെയും സ്വന്തം ഗൃഹത്തിൽ കൂട്ടിക്കൊണ്ടു വന്നു.സന്താനങ്ങളില്ലാത്ത ശ്രീഡെവിക്ക് ഇതില്പ്പരം ഒരു സന്തോഷമില്ല.രവിക്കാണെങ്കിൽ പുതിയ അമ്മയെ പെറ്റമ്മയെക്കാൾ സ്നേഹവുമായി.എന്നാൽ പ്രഭയുടെ സ്വഭാവത്തിനു സാരമായ മാറ്റമൊന്നും ഉണ്ടായില്ല.ശ്രീദേവിയുടെ ലാളനകൾ വിലക്കപ്പെട്ട രവി രോഗബാധിതനാകുന്നു.ചികിത്സകളൊന്നും ഫലിക്കാതെ വന്നപ്പോൾ വിലക്കുകൾ വക വെയ്ക്കാതെ ശ്രീദേവി കുട്ടിയെ കടന്നെടുത്തു കൊണ്ടോടി പരദേവതയുടെ കാൽക്കൽ സമർപ്പിച്ച് ഉള്ളുരുകി പ്രാർത്ഥിക്കുന്നു. ഒരു മഹാൽഭുതം തന്നെ അവിടെ സംഭവിക്കുന്നു.ശ്രീദേവി മരിക്കുകയും കുഞ്ഞ് രക്ഷപ്പെടുകയും ചെയ്യുന്നു.ശാരദ, കമലഹാസം,സോമൻ, ജയലക്ഷ്മി,ബഹദൂർ,തിക്കുറിശ്ശി, ശങ്കരാടി,ജഗതി ശ്രീകുമാർ, മാസ്റ്റർ രഘു,സുകുമാരി, മല്ലിക, മാസ്റ്റർ സുനിൽ,ബേബി ബബിത, ബേബി വന്ദന എന്നിവരാണു ഈ ചിത്രത്തിൽ അഭിനയിച്ചവർ.
കടപ്പാട് : പാട്ടുപുസ്തകം