Book |
Publisher |
Category |
Mohanlal
മോഹൻലാൽ, 1960 മെയ് 21നു പത്തനംതിട്ടയിലെ ഇലന്തൂർ എന്ന ഗ്രാമത്തിൽ വിശ്വനാഥൻ നായരുടെയും ശാന്തകുമാരിയമ്മയുടെയും രണ്ടാമത്തെ മകനായി ജനിച്ചു. മലയാളചലച്ചിത്രരംഗത്ത് മൂന്നു പതിറ്റാണ്ടുകളായി സജീവമായി അഭിനയിച്ചുകൊണ്ടിരിക്കുന്ന നടനാണ് മോഹൻലാൽ. രണ്ടു തവണ മികച്ച നടനുള്ളതടക്കം നാല് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ നേടിയ മോഹൻലാൽ സ്വാഭാവികമായ നടനശൈലിക്കു പ്രശസ്തനാണ്. മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, തെലുഗു, കന്നട തുടങ്ങിയ ഭാഷകളിലുള്ള ചലച്ചിത്രങ്ങളിലും ലാൽ അഭിനയിച്ചിട്ടുണ്ട്. ഇന്ത്യൻ ചലച്ചിത്രങ്ങൾക്ക് നൽകിയ സംഭാവനകൾ പരിഗണിച്ച് 2001-ൽ അദ്ദേഹത്തിന് പത്മശ്രീ പുരസ്കാരം നൽകി ഭാരതസർക്കാർ ആദരിച്ചു. 2009-ൽ ഇന്ത്യൻ ടെറിട്ടോറിയൽ ആർമിയിൽ ലഫ്റ്റനന്റ് കേണൽ പദവി നൽകുകയും ചെയ്തു.
ചലച്ചിത്രലോകത്തിനും സംസ്കൃതനാടകത്തിനും നൽകിയ സംഭാവനകളെ മാനിച്ച് കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല ഡോക്ടറേറ്റ് നൽകിയും മോഹൻലാലിനെ ആദരിച്ചിട്ടുണ്ട്.
1980, 90 ദശകങ്ങളിൽ അഭിനയിച്ച ചലച്ചിത്രവേഷങ്ങളിലൂടെയാണ് മോഹൻലാൽ ശ്രദ്ധേയനായി മാറിയത്. നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ എന്ന ചിത്രത്തിലെ സോളമൻ, നാടോടിക്കാറ്റ് എന്ന ചിത്രത്തിലെ ദാസൻ, തൂവാനത്തുമ്പികൾ എന്ന ചിത്രത്തിലെ ജയകൃഷ്ണൻ, ചിത്രം എന്ന ചിത്രത്തിലെ വിഷ്ണു, കിരീടം എന്ന ചിത്രത്തിലെ സേതുമാധവൻ, ഭരതം എന്ന ചിത്രത്തിലെ ഗോപി, ദേവാസുരം എന്ന ചിത്രത്തിലെ മംഗലശ്ശേരി നീലകണ്ഠൻ, ഇരുവർ എന്ന ചിത്രത്തിലെ ആനന്ദ്, വാനപ്രസ്ഥം എന്ന ചിത്രത്തിലെ കുഞ്ഞിക്കുട്ടൻ, സ്ഫടികം എന്ന ചിത്രത്തിലെ ആടുതോമ, തന്മാത്ര എന്ന ചിത്രത്തിലെ രമേശൻ നായർ, പരദേശി എന്ന ചിത്രത്തിലെ വലിയകത്തു മൂസ, ഭ്രമരം എന്ന ചിത്രത്തിലേ ശിവൻ കുട്ടി തുടങ്ങിയവ മോഹൻലാലിന്റെ ശ്രദ്ധേയമായ ചലച്ചിത്രവേഷങ്ങളാണ്.
താൻ കൈകാര്യം ചെയ്ത വേഷങ്ങൾ, ലളിതവും സ്വാഭാവികവുമായുള്ള അഭിനയരീതി തുടങ്ങിയ ഘടകങ്ങളാണ് 1980-കളിൽ മോഹൻലാലിനെ മലയാളികൾക്കിടയിൽ പ്രിയങ്കരനാക്കിയത്. ലാൽ അല്ലെങ്കിൽ ലാലേട്ടൻ എന്നായിരുന്നു മോഹൻലാൽ പൊതുവെ അറിയപ്പെട്ടിരുന്നത്. എന്നാൽ, 80-കളിലെ മോഹൻലാലിന്റെ ചിത്രങ്ങൾ പൊതുവെ ബജറ്റിനകത്ത് നിൽക്കുന്ന ചിത്രങ്ങളായതുകൊണ്ടും, അവയുടെ തിരക്കഥ തികച്ചും മലയാളികൾക്കു മാത്രമായതിനാലും ഈ ചിത്രങ്ങൾ കേരളത്തിനു പുറത്ത് അധികം ശ്രദ്ധേയമായിരുന്നില്ല. പിന്നീട് 2000-നു ശേഷം, ചില മലയാളേതര ചിത്രങ്ങളിലെ അഭിനയവും കേരളത്തിനു പുറത്തെ മലയാളികളുടെ വളർച്ചയും അദ്ദേഹത്തെ തമിഴിലും, ഹിന്ദിയിലും പ്രശസ്തനാക്കി. തന്റെ 30 വർഷത്തിലധികം നീണ്ട അഭിനയജീവിതത്തിൽ മാറ്റങ്ങളെ ഉൾക്കൊണ്ടു അഭിനയിച്ചിട്ടുള്ള ഒരു നടനാണ് ലാൽ. പുതിയ നായക നടന്മാർ മലയാള ചലച്ചിത്രരംഗത്ത് ഉയർന്നു വന്നെങ്കിലും ഒരു മലയാളചലച്ചിത്രത്തിലെ സൂപ്പർസ്റ്റാർ എന്ന പദവി നിലനിർത്താൻ ലാലിനു കഴിഞ്ഞു.
മറ്റ് ധാരാളം മലയാള നടീ നടന്മാരെപ്പോലെ ലാലിന് ഒരു നാടക അഭിനയ ചരിത്രമില്ല. പക്ഷേ, അദ്ദേഹം ചില സുപ്രധാന നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ലാൽ തന്റെ ആദ്യ നാടകത്തിൽ അഭിനയിച്ചത് കർണ്ണഭാരം എന്ന നാടകത്തിൽ മഹാഭാരതത്തിലെ കഥാപാത്രമായ കർണ്ണന്റെ വേഷത്തിലാണ്. മലയാളത്തിലെ ആധുനികനാടകവേദിയെ നവീകരിച്ച നാടകാചാര്യനായ കാവാലം നാരായണപണിക്കർ ആയിരുന്നു ഈ നാടകത്തിന്റെ സംവിധായകൻ. ന്യൂ ഡെൽഹിയിൽ പ്രഥമ പ്രദർശനം നടത്തിയ ഈ നാടകം ദേശീയ നാടക ഉത്സവത്തിലും അവതരിപ്പിച്ചു. പിന്നീട് ചലച്ചിത്ര-നാടക സംവിധായകനായ ടി.കെ. രാജീവ് കുമാർ സംവിധാനം ചെയ്ത കഥയാട്ടം എന്ന നാടകരൂപാന്തരത്തിലും അഭിനയിച്ചു. ഇതിൽ മലയാള സാഹിത്യത്തിലെ പത്ത് സുപ്രധാന കഥാപാത്രങ്ങളെയാണ് മോഹൻലാൽ അവതരിപ്പിച്ചത്. തുടർന്ന് ഛായാമുഖി എന്ന നാടകത്തിലും മോഹൻലാൽ അഭിനയിക്കുകയുണ്ടായി. മഹാഭാരതത്തിലെ തന്നെ കഥാപാത്രങ്ങളായ ഭീമന്റെയും, കീചകന്റെയും കഥയാണ് ഛായാമുഖി. ഇതിൽ ഭീമനായി, മോഹൻലാലും, കീചകനായി പ്രശസ്ത നടൻ മുകേഷും വേഷമിട്ടു. ഈ നാടകം നിർമ്മിച്ചത് മോഹൻലാലിന്റെയും മുകേഷിന്റെയും സൗഹൃദ സംരംഭമായ കാളിദാസ വിഷ്വൽ മാജിക് ആണ്. ഛായാമുഖി എഴുതി, സംവിധാനം ചെയ്തത് പ്രശാന്ത് നാരായണൻ ആയിരുന്നു. ഛായാമുഖി നല്ല രീതിയിൽ അവതരിപ്പിക്കുന്നതിനു വേണ്ടി ഏകദേശം 60 ദിവസം മോഹൻലാലും, മുകേഷും അടങ്ങുന്ന സംഘം പരിശീലനം നടത്തുകയുണ്ടായി.
ഒരു അഭിനേതാവ് എന്നതിനുപുറമേ മോഹൻലാൽ ഒരു ചലച്ചിത്രനിർമ്മാതാവ് കൂടിയാണ്. ചലച്ചിത്ര താരങ്ങളായ സീമ, മമ്മൂട്ടി എന്നിവർക്കൊപ്പം കാസിനോ എന്ന സിനിമാ നിർമ്മാണ കമ്പനിയിൽ അദ്ദേഹം പങ്കാളിയായിരുന്നു. മോഹൻലാൽ സ്വന്തമായി ആരംഭിച്ച നിർമ്മാണക്കമ്പനിയാണ് പ്രണവം ആർട്ട്സ്. മോഹൻലാൽ തന്നെ നായകനായി അഭിനയിച്ച ഹിസ് ഹൈനസ് അബ്ദുള്ള എന്ന ചലച്ചിത്രമാണ് പ്രണവം ആർട്ട്സിന്റെ നിർമ്മാണത്തിൽ ആദ്യം പുറത്തിറങ്ങിയത്. മോഹൻലാലിന്റെ മകനായ പ്രണവിന്റെ പേരിൽ തുടങ്ങിയ ഈ കമ്പനി ധാരാളം വ്യാവസായിക വിജയം കൈവരിച്ചതും, കലാമൂല്ല്യവുമുള്ളതുമായ ചിത്രങ്ങൾ നിർമ്മിച്ചു. നിർമ്മിച്ച എല്ലാ ചിത്രങ്ങളിലും നായകൻ മോഹൻലാൽ തന്നെയായിരുന്നു. പിന്നീട് ആശീർവാദ് സിനിമാസ് എന്ന പേരിൽ മോഹൻലാലിന്റെ സുഹൃത്തും, ബിസിനസ്സ് പങ്കാളിയുമായ ആന്റണി പെരുമ്പാവൂരുമായി പുതിയൊരു സംരംഭം തുടങ്ങി. തുടർന്ന് 2009-ൽ മാക്സ് ലാബ് എന്റർ ടെയിൻമെന്റ്സ് എന്ന പേരിൽ ഒരു നിർമ്മാണ വിതരണക്കമ്പനി ആരംഭിച്ചു. ഇതിൽ ആന്റണി പെരുമ്പാവൂരും, വ്യവസായിയായ കെ.സി. ബാബുവും, ഏഷ്യാനെറ്റ് ചാനലിന്റെ ചെയർമാനുമായ കെ. മാധവനുമാണ് പങ്കാളികൾ. മോഹൻലാലിന്റെ ചലച്ചിത്രസംബന്ധിയായ മറ്റൊരു സ്ഥാപനമാണ് തിരുവനന്തപുരത്തുള്ള വിസ്മയ ഫിലിം സ്റ്റുഡിയോ.
കടപാട് : വിക്കീപീഡിയ
Hridayathinte Kayyoppu | Mathrubhumi Books | Malayalam Movies Related Publications |
Rithu Marmarangal | Current Books | Malayalam Movies Related Memoirs |