മനോഹരമായ ഒരുപിടി മലയാളഗാനങ്ങൾ ആലപിച്ചിട്ടുള്ള ഗായികയാണു് ശ്രീമതി ഉഷാ രവി.1941 ൽ ജനിച്ചു. അച്ഛൻ- തൃശൂര്‍ അടിയാട്ടു് ശ്രീ ദാമോദര മേനോൻ, അമ്മ- ശ്രീമതി ദയാമ്മ. ചെറുപ്പം മുതലേ സംഗീതത്തിൽ തല്പരയായിരുന്നു ഉഷ. ശാസ്ത്രീയസംഗീതം തൃപ്പുണിത്തുറ വിശ്വനാഥൻ ഭാഗവതരിൽ നിന്നും, ഹിന്ദുസ്ഥാനി സംഗീതം ശരത്ചന്ദ്ര മറാഠേയിൽ നിന്നും അഭ്യസിച്ചു.
ശ്രീമതി ഉഷാ രവിയുടെ സഹോദരൻ ശ്രീ ടി. സി. ശങ്കർ നിർമ്മിച്ച ‘ഡിറ്റക്ടീവ് 909 കേരളത്തിൽ’ എന്ന ചലച്ചിത്രത്തിൽ പി. ഭാസ്കരൻ മാഷ് എഴുതി, അർജ്ജുനൻ മാസ്റ്റർ സംഗീതം നൽകിയ 'രംഗപൂജ തുടങ്ങി...' എന്ന ഗാനം പാടിക്കൊണ്ടാണു് ചലച്ചിത്രപിന്നണിഗായികയായി രംഗപ്രവേശം ചെയ്തതു്. പിന്നീടു് ഗുരുവായൂർ കേശവൻ, തമ്പു്, ആഗമനം, അരിക്കാരി അമ്മു, വേനൽ, ആമ്പൽപ്പൂവു്, മഞ്ഞു് തുടങ്ങിയ ചിത്രങ്ങളിൽ ഗാനങ്ങൾ ആലപിച്ചിട്ടുണ്ടു്. 1978 ല്‍ പുറത്തിറങ്ങിയ അരവിന്ദന്‍െറ തമ്പില്‍, കാവാലം നാരായണപ്പണിക്കർ എഴുതി, എം.ജി രാധാകൃഷ്ണൻ സംഗീത സംവിധാനം നിർവ്വഹിച്ച, ഉഷാ രവി ആലപിച്ച ‘കാനകപ്പെണ്ണു്...’എന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നിരവധി ഭക്തിഗാന ആൽബങ്ങളിലും ഉഷ പാടിയിട്ടുണ്ടു്. പിന്നീടു് ദൂരദര്‍ശനില്‍ മീരാഭജന്സും, സൂര്‍ദാസ് ഭജന്‍സും പാടിയും, അയ്യപ്പഭക്തിഗാനങ്ങള്‍, ദേവീ സ്തുതികള്‍, കൃഷ്ണഭക്തിഗാനങ്ങൾ എന്നിവ ആലപിച്ചും തന്റെ സംഗീതസപര്യ തുടർന്നു. സാമൂഹ്യസേവന രംഗങ്ങളിൽ സജീവമായി പ്രവർത്തിച്ചിരുന്നു.
ധാരാളം സിനിമകൾ നിർമ്മിച്ചിട്ടുള്ള ജനറൽ പിക്ച്ചേഴ്സ് എന്ന ചലച്ചിത്ര നിർമ്മാണ കമ്പനി ഉടമയും, പ്രമുഖ വ്യവസായിയും ആയ ശ്രീ രവീന്ദ്രനാഥൻ നായർ ആണു് ഭർത്താവു്. രണ്ടു് പുത്രന്മാരും ഒരു പുത്രിയുമാണു് ഈ ദമ്പതികൾക്കുള്ളതു്. പ്രതാപ് ആർ നായർ, പ്രകാശ് ആർ നായർ, പ്രീത സതീശ്
നായർ.
ശ്രീമതി ഉഷാ രവി തന്റെ എഴുപത്തി രണ്ടാമത്തെ വയസ്സിൽ 2013 ഒക്ടോബർ 3നു് നിര്യാതയായി.
തയ്യാറാക്കിയതു് - കല്യാണി
References :
വിക്കിപ്പീഡിയ
മലയാളസംഗീതം- Malayalam Music & Movie Encyclopedia