അന്‍പതുകളില്‍ തെന്നിന്ത്യയില്‍ പ്രശസ്തരായ ഗായിക സഹോദരിമാരാണ് ശൂലമംഗലം സഹോദരിമാര്‍ . ശൂലമംഗലം രാജലക്ഷ്മി,ശൂലമംഗലം ജയലക്ഷ്മി എന്നിവരാണ് ശൂലമംഗലം സഹോദരിമാര്‍ . തഞ്ചാവൂരിനടുത്ത് ശൂലമംഗലത്താണ് ജനനം. കര്‍ണ്ണം രാമസ്വാമി അയ്യര്‍ , ജാനകിയമ്മാള്‍ എന്നിവരാണ് മാതാപിതാക്കള്‍ . ജയലക്ഷ്മി 1937 ഏപ്രില്‍ 24 നും, രാജലക്ഷ്മി 1940 നവംബര്‍ ആറിനും ജനിച്ചു. ശൂലമംഗലം കെ ജി മൂര്‍ത്തി, പത്തമടൈ എസ് കൃഷ്ണന് , മായാവരം വേണുഗോപാലയ്യര് എന്നിവരില്‍ നിന്നും സംഗീതം അഭ്യസിച്ചു.
ശൂലമംഗലം സഹോദരിമാര്‍ തങ്ങളുടെ ദേശീയോല്‍ഗ്രഥന ഗാനങ്ങളിലൂടെയും ഭക്തിഗാനങ്ങളിലൂടെയും പ്രശസ്തരായി. മൂന്നുപതിറ്റാണ്ടുകാലം തമിഴ് ഗാന രംഗം അടക്കിവാണിരുന്നു. നിരവധി ചലച്ചിത്രങ്ങള്‍ക്ക് പശ്ചാത്തലസംഗീതമൊരുക്കി.
ശൂലമംഗലം സഹോദരിമാരുടെ സ്കന്ദ ഷഷ്ഠി കവചം ലോകപ്രശസ്തമാണ്. ഗാനങ്ങള്‍ എഴുതുകയും സംഗീതം നല്കി പാടുകയും ചെയ്തിരുന്നു.
ഷഷ്ഠിയെ നോല്ക്ക ശരവണഭവനാര്
ശിഷ്ടര്ക്കുതവും ശെങ്കതിര് വേലോന്
പാതമിരണ്ടില് പണ്മണി ശലങ്കൈ
ഗീതം പാട കിങ്കിണിയാട
എന്ന ആഭേരി രാഗത്തില്‍ തുടങ്ങുന്ന സ്കന്ദ ഷഷ്ഠികവചം തമിഴ് നാട്ടില്‍ വച്ചു ചിത്രീകരിച്ചിട്ടുള്ള മിക്ക മലയാള ചിത്രങ്ങളിലൂടെയും നമുക്ക് സുപരിചിതമാണ്.
മുരുക ഗാനാമൃത, കുയില്‍ ഇശൈ തിലകം,ഇശൈ രാസി, നടക്കനല് ,തമിഴ്നാട് ഇയല്‍ ഇശൈ മന്റത്തിന്റെ 1992 ലെ കലൈമാമണി പുരസ്കാരം എന്നിവ ഇവര്‍ക്ക് ലഭിച്ചിട്ടുള്ള പുരസ്കാരങ്ങളില് ചിലതാണ്.
ശൂലമംഗലം രാജലക്ഷ്മിയാണ് മലയാളസിനിമയില്‍ തന്റെ സാന്നിദ്ധ്യം അറിയിച്ചത്. അനിയത്തി,ആത്മാര്‍പ്പണം, ഭക്തകുചേല, മുതലാളി, ശ്രീ ഗുരുവായൂരപ്പന് എന്നീ ചിത്രങ്ങള്‍ക്കു വേണ്ടി രാജലക്ഷ്മി പാടിയിട്ടുണ്ട്.അനിയത്തിയിലെ പാഹി സകല ജനനീ എന്ന ഗാനവും ഭക്തകുചേലയില്‍ പി ലീലയോടൊത്തു പാടിയ വിക്രമരാജേന്ദ്ര എന്ന അര്‍ദ്ധശാസ്ത്രീയ ഗാനവും പ്രശസ്തമാണ്.
ശൂലമംഗലം രാജലക്ഷ്മി 1992 മാര്‍ച്ച് ഒന്നാം തീയതി അന്‍പത്തിമൂന്നാമത്തെ വയസ്സില്‍ മദിരാശിയില്‍ വച്ച് അന്തരിച്ചു.
തയ്യാറാക്കിയത് : ശ്രീദേവി പിള്ള
കടപ്പാട് : വിക്കിപ്പീഡിയ , ഗൂഗിള്‍