1964 ഡിസംബര്‍ 10നു് അവിട്ടം നക്ഷത്രത്തില്‍ സുബ്രഹ്മണ്യന്റെയും തങ്കച്ചിയുടെയും മകനായി പെരുമ്പാവൂരില്‍ ജനനം. ഗവണ്മെന്റ് ബോയ്സ് ഹൈസ്ക്കൂളില്‍ നിന്നു് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ശ്രീശങ്കര കോളേജില്‍ നിന്നു് ബി എ ഇക്കണോമിക്സില്‍ ബിരുദം നേടി.
ജയറാം എന്ന പേരില്‍ മലയാളികള്‍ക്കും ജയരാമന് എന്ന പേരില്‍ തമിഴര്‍ക്കും സുപരിചിതനാണു്. അനശ്വരനായ പത്മരാജന് സംവിധാനം ചെയ്ത അപരന് എന്ന ചിത്രത്തിലൂടെയാണു് സിനിമയിലെത്തിയതു്. തുടര്‍ന്നു് പത്മരാജന്റെ മൂന്നാം പക്കം.
കാലാള്‍പ്പട, രണ്ടാം വരവു് എന്നീ ചിത്രങ്ങളിലൂടെ ആക്ഷന്‍ ഹീറോയാകുവാന് ശ്രമിച്ചെങ്കിലും നടന്നില്ല. വിറ്റ്നസ്, പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍, പ്രാദേശിക വാര്‍ത്തകള്‍, നഗരത്തില്‍ ചെന്നു രാപാര്‍ക്കാം, കണ്‍കെട്ടു്, ഫസ്റ്റ് ബെല്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ഹാസ്യനടനായി പേരെടുത്തു. പത്മരാജന്റെ ഇന്നലെയില്‍ ശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചുവെങ്കിലും ശ്രദ്ധിക്കപ്പെട്ടില്ല.
രാജസേനന് സംവിധാനം ചെയ്ത കടിഞ്ഞൂല്‍ കല്യാണം എന്ന ചിത്രത്തിലൂടെ ഒരിടവേളയ്ക്കു ശേഷം ജയറാം തിരിച്ചുവന്നു. രാജസേനന്റെ തന്നെ അയലത്തെ അദ്ദേഹത്തോടെ മിനിമം ഗ്യാരന്റിയുള്ള നടനായി മാറി. അനിയന് ബാവ ചേട്ടന് ബാവ, ആദ്യത്തെ കണ്മണി എന്നീ ചിത്രങ്ങളുടെ വിജയം ഈ നടനു് സൂപ്പര്‍സ്റ്റാര്‍ പദവി നേടിക്കൊടുത്തു.
1995 ജയറാമിന്റെ വര്‍ഷമായിരുന്നു. ഈ വര്‍ഷം പുറത്തിറങ്ങിയ ശ്രീരാഗം ഒഴികെ ബാക്കി എല്ലാ ചിത്രങ്ങളും വിജയമായി. 1996ലും ജയറാം വിജയം തുടര്‍ന്നു. ഉത്സവ സീസണുകളില്‍ റിലീസായ ചിത്രങ്ങളില്‍ ബോക്സോഫീസ് കീഴടക്കിയ ഭൂരിഭാഗവും ജയറാമിന്റേതായിരുന്നു. സ്വപ്നലോകത്തെ ബാലഭാസ്ക്കരന്, ദില്ലിവാലാ രാജകുമാരന്, തൂവല്‍ക്കൊട്ടാരം, കളിവീടു് ഇവയുടെ വിജയം ജയറാമിന്റെ ജനപ്രീതി വര്‍ദ്ധിപ്പിച്ചു. ഗോകുലം എന്ന ചിത്രത്തിലൂടെ തമിഴിലെത്തിയ ജയറാമിനു് അവിടെയും തിളങ്ങുവാന്‍ കഴിഞ്ഞു. ചുരുങ്ങിയ സമയം കൊണ്ടു് തമിഴിലും മിനിമം ഗ്യാരന്റി നേടുവാന്‍ ജയറാമിനു കഴിഞ്ഞു.
പഴനി പോലുള്ള ഗ്രാമങ്ങളില്‍ ഈ നടന്റെ പേരിലുള്ള രസികര്‍ മണ്ട്രങ്ങള് വരെ ഉണ്ടായി. നീലാ, പുരുഷലക്ഷണം, മുറൈമാരന്, കോലങ്ങള്‍, പിരവട്ടം, പ്രിയങ്ക ഇവയെല്ലാം ജയറാമിന്റെ വിജയിച്ച തമിഴ് ചിത്രങ്ങളാണു്. ടി കെ രാജീവ്കുമാറിന്റെ ശേഷത്തിലെ അഭിനയത്തിനു് വിഖ്യാതമായ ശാന്താറാം പുരസ്ക്കാരം 2002ല്‍ നേടി. തെലുങ്കു സിനിമയിലും അഭിനയിച്ചു തുടങ്ങി.
സഹോദരന് വെങ്കിട്ടറാം അന്തരിച്ചു. മഞ്ജുള സഹോദരിയാണു്. നടിയായിരുന്ന പാര്‍വ്വതിയെ 1992 സെപ്തംബര്‍ 7നു് വിവാഹം കഴിച്ചു. ബാലനടന് കാളിദാസന് മകനും മാളവിക മകളുമാണു്.
യൂണിക്കോഡില്‍ തയ്യാറാക്കിയതു് : മാധവഭദ്രന്‍
അവലംബം : വെള്ളിനക്ഷത്രം ഫിലിം ഇയര്‍ബുക്ക് - 2010