കെ ജമുനാറാണി 1938 മെയ് 17 ന് ആന്ധ്രപ്രദേശില്‍ ജനിച്ചു. തെലുങ്ക്, കന്നട, തമിഴ്, മലയാളം, സിംഹള എന്നീ ഭാഷകളിലായി ആറായിരത്തിലധികം ഗാനങ്ങള്‍ ആലപിച്ചു.
കെ വരദരാജുലു വിന്റെയും വയലിന് വിദുഷി കെ ദ്രൌപതിയുടെയും മകളാണ്.
ഏഴാമത്തെ വയസ്സില്‍ (1946) ത്യാഗയ്യ എന്ന ചിത്രത്തിലാണ് കുട്ടിയായ ജമുനാറാണി ആദ്യമായി പാടിയത്. 1952 ല്‍ ‘വളയപതി’ എന്ന തമിഴ് സിനിമയില്‍ നായികയ്ക്കുവേണ്ടി ഗാനം ആലപിച്ചു. 1953 ല്‍ ദേവദാസ് എന്ന സിനിമയിലെ റാണിയുടെ പാട്ടുകളും പ്രേക്ഷക ഹൃദയം കവര്‍ന്നു.
ഗുലേബക്കാവലി (1955)യിലെ 'ആശയും എന്‍ നേശമും', പാട്ടൊന്റു കേട്ടേന്‍ (പാശമലര്‍ ) ,ആട്ടം ആട്ടം (ബാഗപ്പിരിവിനൈ) തുടങ്ങി അനേകം ഹിറ്റുകള്‍ ജമുനാറാണിയുടേതായി പിറന്നു.
ജമുനാറാണിയെ മറന്നുകൊണ്ട്, തമിഴ് ചലച്ചിത്രഗാനങ്ങളുടെ സുവര്‍ണ്ണകാലത്തെപ്പറ്റി ഓര്‍ക്കുക സാദ്ധ്യമല്ല. ഒരു പ്രത്യേകതരം ശൃംഗാരരസം തുളുമ്പുന്ന ഭാവം അവരുടെ ശബ്ദത്തിനുണ്ട്.
1953 ല്‍ ജമുനാറാണി തന്റെ ആദ്യ സിംഹള ഗാനം ആലപിച്ചു.‘സുജാത’ ആയിരുന്നു ചിത്രം. തുടര്‍ന്ന് നിരവധി സിംഹളഗാനങ്ങളും ആലപിച്ചു.
ജനോവ എന്ന ചിത്രത്തില്‍ എം.എസ്. വിശ്വനാഥന്റെ സംഗീതത്തില്‍ 'ഇടിയപ്പം...' എന്ന ഗാനം ആലപിച്ചുകൊണ്ട് ജമുനാറാണി മലയാളത്തില്‍ പ്രവേശിച്ചു. എം ജി രാമചന്ദ്രന് അഭിനയിച്ച ഏക മലയാള ചിത്രം കൂടിയാണ് ജനോവ. ഇതില്‍ എം ജി ആറിന് ശബ്ദം നലികിയിരിക്കുന്നത് സബാസ്റ്റ്യന്‍ കുഞ്ഞുകുഞ്ഞു ഭാഗവതരാണ്.
‘ആനവളര്‍ത്തിയ വാനമ്പാടി’,‘ഭാഗ്യജാതകം’,‘പുതിയ ആകാശം പുതിയ ഭൂമി’, ‘സ്നേഹദീപം’,ഡയല് 2244’ എന്നീ ചിത്രങ്ങളിലും അവര്‍ മലയാളത്തില്‍ പാടിയിട്ടുണ്ട്.
അവിവാഹിതരായ അവര്‍ സഹോദരനുമായി മദ്രാസില്‍ താമസിയ്ക്കുന്നു.
1998 ല്‍ തമിഴ്നാട് സര്‍ക്കാരിന്റെ കലൈമാമണി പുരസ്കാരം ലഭിച്ചു. 2002 ല്‍ അറിഞ്ഞര്‍ അണ്ണാദുരൈ പുരസ്കാരവും ലഭിച്ചു.
തയ്യാറാക്കിയത് : ശ്രീദേവി പിള്ള
കടപ്പാട് :
1. വിക്കിപ്പീഡിയ
2. http://www.dailynews.lk/2005/10/15/fea07.htm