മലയാളിയുടെ സാംസ്കാരികനഭസ്സിലെ പ്രൌഢോജ്ജ്വലമായ ഒരു ഗന്ധർവ്വസാന്നിദ്ധ്യമായിരുന്നു പി. പത്മരാജൻ എന്ന കഥാകാരനും ചലച്ചിത്രസ്രഷ്ടാവും. മറക്കാനാവാത്ത ഒട്ടനവധി കഥാപാത്രങ്ങളെയും കഥാമുഹൂർത്തങ്ങളെയും സമ്മാനിച്ച സൂര്യതേജസ്വിയായ ഒരു കഥാകാരൻ, നോവലിസ്റ്റ്, തിരക്കഥാകൃത്തു്, സംവിധായകൻ - ഇതെല്ലാമായിരുന്നു പത്മരാജൻ. ഏകദേശം മൂന്നു പതിറ്റാണ്ടു മാത്രം നീണ്ടു നിന്ന തന്റെ സാഹിത്യ, ചലച്ചിത്ര പ്രവർത്തനങ്ങൾക്കിടയിൽ ഒട്ടനവധി ചെറുകഥകൾ, മുപ്പതിലേറെ വരുന്ന നോവൽ, ചെറുകഥാസമാഹാരപ്രസിദ്ധീകരണങ്ങൾ, സ്വന്തം തിരക്കഥയിൽ പതിനെട്ടു സിനിമകൾ, കൂടാതെ അന്യസംവിധായകർക്കു വേണ്ടി ഇരുപതോളം തിരക്കഥകൾ. എല്ലാ അർത്ഥത്തിലും മലയാളിമനസ്സുകളിൽ തിളങ്ങി നിന്ന ഒരു മിന്നൽക്കൊടി ആയിരുന്നു അദ്ദേഹം.
ശ്രീ പത്മരാജന്റെ ജനനം 1945 മെയ് 23നു് ഹരിപ്പാട്ടു് മുതുകുളം എന്ന ഗ്രാമത്തിലായിരുന്നു. തുണ്ടത്തിൽ പദ്മനാഭപിള്ളയുടെയും ഞവരയ്ക്കൽ ദേവകിയമ്മയുടെയും ആറാമത്തെ മകനായിരുന്നു അദ്ദേഹം. മുതുകുളത്തെ സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം തിരുവനന്തപുരം മഹാത്മാഗാന്ധി കോളേജിൽ പ്രീ-യൂണിവേഴ്സിറ്റി വിദ്യാഭ്യാസം നടത്തി. പിന്നെ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്നു് രസതന്ത്രത്തിൽ ബിരുദമെടുത്തു. ബിരുദാനന്തരഘട്ടത്തിൽ ശ്രീ ചേപ്പാട് അച്യുതവാര്യരിൽ നിന്നും സംസ്കൃതവും സ്വായത്തമാക്കി. 1965 ൽ തൃശൂർ ആകാശവാണിയിൽ അനൗൺസറായി ചേർന്നു. പിന്നീടു് സിനിമാരംഗത്തു തിരക്കേറിയപ്പോൾ 1986ൽ ആകാശവാണിയിലെ ഉദ്യോഗത്തിൽ നിന്നും സ്വമേധയാ വിരമിക്കുകയായിരുന്നു അദ്ദേഹം.
കോളേജുവിദ്യാർത്ഥിയായിരിക്കുന്ന കാലത്തു് കൗമുദി വാരികയിൽ പ്രസിദ്ധീകരിച്ച “ലോല മിസ് ഫോർഡ് എന്ന അമേരിക്കൻ പെൺകിടാവു്” എന്ന ചെറുകഥയാണ് പത്മരാജന്റെ പ്രസിദ്ധീകരിക്കപ്പെട്ട ആദ്യ രചന. മലയാള കഥാനോവൽസാഹിത്യരംഗങ്ങളിൽ ആധുനികതയുടെ നാമ്പുകൾ വളർന്നു തുടങ്ങിയ അറുപതുകളിലായിരുന്നു അതു്. ക്രമേണ അദ്ദേഹത്തിന്റെ രചനകൾ സാഹിത്യലോകത്തു് ശ്രദ്ധേയങ്ങളായിത്തുടങ്ങി. അന്നു മുതൽ, നമ്മോടു് വിടപറയുന്ന തൊണ്ണൂറുകളുടെ തുടക്കം വരെ ഏകദേശം നൂറ്റിയിരുപതോളം ചെറുകഥകളും അതുൾപ്പെടുന്ന പത്തോളം ചെറുകഥാസമാഹാരങ്ങളും അദ്ദേഹം പ്രസിദ്ധീകരിച്ചു. ചെറുകഥാരചനയിൽ നിന്നുള്ള അദ്ദേഹത്തിന്റെ വളർച്ച നോവലിന്റെ ലോകത്തേക്കായിരുന്നു. 1971-ൽ അദ്ദേഹം എഴുതിയ “നക്ഷത്രങ്ങളേ കാവൽ” എന്ന ആദ്യ നോവൽ കഥാതന്തുവിന്റെ സവിശേഷത കൊണ്ടും, രചനാശൈലിയുടെ വ്യത്യസ്തത കൊണ്ടും ഏറെ ശ്രദ്ധേയമായി. നിരൂപകപ്രശംസ കൂടാതെ ആ വർഷത്തെ കേരളസാഹിത്യ അക്കാദമി പുരസ്കാരവും കുങ്കുമം അവാർഡും ആ കൃതിയിലൂടെ പത്മരാജൻ നേടി. പിന്നീടു് വാടകയ്ക്കൊരു ഹൃദയം, ഇതാ ഇവിടെ വരെ, ശവവാഹനങ്ങളും തേടി, കള്ളൻ പവിത്രൻ, ഉദകപ്പോള, മഞ്ഞുകാലംനോറ്റ കുതിര, പ്രതിമയും രാജകുമാരിയും, ഋതുഭേദങ്ങളുടെ പാരിതോഷികം, പെരുവഴിയമ്പലം, രതിനിർവ്വേദം, ജലജ്ജ്വാല, നന്മകളുടെ സൂര്യൻ, ഒന്നും രണ്ടും മൂന്നു് തുടങ്ങിയ നോവലുകൾ പ്രസിദ്ധീകരിച്ചു.
1975ലാണു് സിനിമാരംഗത്തേക്കുള്ള തുടക്കം. ഭരതന്റെ സംവിധാനത്തിൽ ആ വർഷം പുറത്തിറങ്ങിയ “പ്രയാണം” എന്ന ചിത്രത്തിനു് തിരക്കഥ എഴുതിക്കൊണ്ടായിരുന്നു ആ തുടക്കം. ഒരു കലാരൂപം എന്ന നിലയിൽ ഉന്നതമായ ചലച്ചിത്രഭാഷയിൽ നിർമ്മിക്കപ്പെടുന്ന “സമാന്തര” സിനിമകളുടെയും സിനിമയുടെ പിന്നിലെ വാണിജ്യഘടകങ്ങൾക്കു പ്രാമുഖ്യം നൽകുന്ന “വാണിജ്യ“സിനിമകളുടെയും ഇടയിൽ നിൽക്കുന്നതു് എന്ന അർത്ഥത്തിൽ “മധ്യവർത്തി“ സിനിമ (Middle Cinema) എന്നു് പിന്നീടു് വിളിക്കപ്പെട്ട ഒരു ചലച്ചിത്രധാരയുടെ സജീവമായ തുടക്കം മലയാളസിനിമാരംഗത്തു് കുറിച്ചതു് ഭരതൻ-പത്മരാജൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ഈ ചിത്രം ആണെന്നു പറയാം. കഥാതന്തുവിലും കഥാപാത്രസൃഷ്ടിയിലും തെളിഞ്ഞുകാണുന്ന മികവും സംഭാഷണരചനയിലെ ജീവിതഗന്ധിയായ സ്വാഭാവികതയും ദൃശ്യാവിഷ്കാരത്തിലെ മേന്മയും ഇഴചേരുന്ന ഇത്തരം മധ്യവർത്തിസിനിമകൾക്കു് സജീവമായ പ്രേക്ഷകാംഗീകാരം ലഭിച്ചു. ഒരർത്ഥത്തിൽ മലയാളസിനിമാരംഗത്തു് ആരോഗ്യകരമായ ഒരു പുതിയ വഴിത്താര സൃഷ്ടിച്ച ചലച്ചിത്രപ്രവർത്തകരിൽ ഭരതൻ-പത്മരാജൻ ടീമിന്റെ സ്ഥാനം വളരെ മുന്നിൽത്തന്നെയായിരിക്കും. ഇവരുടെ സിനിമാസൃഷ്ടികൾ അന്നും ഇന്നും എന്നും പ്രേക്ഷക മനസ്സുകളിൽ ഹരിതമായ ഗൃഹാതുരത്വം ഉണർത്തുന്നവ തന്നെയാണു്.
1979ൽ, സ്വന്തം കഥയായ “പെരുവഴിയമ്പലത്തിന്റെ” ചലച്ചിത്രാവിഷ്കാരത്തിലൂടെ പത്മരാജൻ ആദ്യമായി സംവിധായകനായി. സിനിമാസംവിധാനത്തിന്റെ കലയും ഉദാത്തമായ സങ്കേതങ്ങളും തന്റെ കൈയിൽ ഭദ്രം എന്നു തെളിയിക്കുന്നതായിരുന്നു നിരൂപക പ്രശംസയും പ്രേക്ഷകാംഗീകാരവും ആവോളം ലഭിച്ച ആ ചിത്രം. അതിനു ശേഷം ഒരിടത്തൊരു ഫയൽവാൻ, കള്ളൻ പവിത്രൻ, നവംബറിന്റെ നഷ്ടം, കൂടെവിടെ, പറന്നു് പറന്നു് പറന്നു്, തിങ്കളാഴ്ച നല്ല ദിവസം, നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ, കരിയിലക്കാറ്റു പോലെ, അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ, ദേശാടനക്കിളി കരയാറില്ല, നൊമ്പരത്തിപ്പൂവു്, തൂവാനത്തുമ്പികൾ, അപരൻ, മൂന്നാം പക്കം, സീസൺ, ഇന്നലെ, ഞാൻ ഗന്ധർവ്വൻ എന്നീ ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തു.
“നക്ഷത്രങ്ങളേ കാവൽ” എന്ന നോവലിനു് ലഭിച്ച പുരസ്കാരങ്ങൾ കൂടാതെ മലയാളത്തിലെ ഏറ്റവും നല്ല ചിത്രത്തിനുള്ള ദേശീയ പുരസ്കാരം രണ്ടു തവണ അദ്ദേഹത്തെ തേടിയെത്തി - 1979-ൽ പെരുവഴിയമ്പലത്തിനും 1986-ൽ തിങ്കളാഴ്ച നല്ല ദിവസത്തിനും. ഇവയ്ക്കു പുറമേ ഒട്ടനവധി സംസ്ഥാന അവാർഡുകളും, ഫിലിം ക്രിട്ടിക്സ് അവാർഡുകളും,ഫിലിം ഫാൻസ് അവാർഡുകളും ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ടു്.
താൻ കൈവെച്ച രംഗങ്ങളിലെല്ലാം - കഥാരചനയാവട്ടെ, തിരക്കഥാരംഗമാവട്ടെ, സിനിമാസംവിധാനമാവട്ടെ - സമാനതകളില്ലാത്ത ഒരു സ്ഥാനമാണു് അദ്ദേഹത്തിനുണ്ടായിരുന്നതു്. കഥാസന്ദർഭങ്ങൾ ആവശ്യപ്പെടുന്ന വിധം അവയുടെ സൂക്ഷ്മാംശങ്ങളിൽ വരെ ചെന്നെത്തുന്ന അന്വേഷണങ്ങളും, ജീവിതസ്പർശം നിറഞ്ഞ കഥാഗതികളും, സ്വാഭാവികത നിറഞ്ഞ ഒഴുക്കും അദ്ദേഹത്തിന്റെ സൂക്ഷ്മനിരീക്ഷണത്തിന്റെയും, ജീവിതാവബോധത്തിന്റെയും ഉദാഹരണങ്ങളായിരുന്നു. മനുഷ്യബന്ധങ്ങളെയും അവയുമായി ബന്ധപ്പെട്ട വികാരങ്ങളെയും അവയുടെ തീക്ഷ്ണതയിലും തീവ്രതയിലും അക്ഷരങ്ങൾ കൊണ്ടും ഫ്രെയ്മുകൾ കൊണ്ടും ചിത്രീകരിക്കുവാൻ അദ്ദേഹത്തിനു് ഒരു പ്രത്യേകവൈഭവം തന്നെ ആയിരുന്നു. സ്വന്തം ജീവിതത്തിന്റെ കാര്യത്തിൽ പക്ഷെ, തന്റെ അവസാനചിത്രത്തിലെ ഗന്ധർവ്വന്റെ കഥാപാത്രത്തെപ്പോലെ, വിധിയുടെ നിർദ്ദാക്ഷിണ്യത നിറഞ്ഞ ക്രൂരതയ്ക്കു മുന്നിൽ അദ്ദേഹത്തിനു കീഴടങ്ങേണ്ടി വന്നതു് ഇന്നും ഒരു മായാത്ത നൊമ്പരമായി അവശേഷിക്കുന്നു. നമ്മുടെ മനസ്സുകളിൽ ഇന്നും എന്നും ജീവിക്കുന്ന സൂര്യതേജസ്സാർന്ന ഒട്ടനവധി കഥകളും കഥാപാത്രങ്ങളും ചലച്ചിത്രങ്ങളും നമുക്കു സമ്മാനിച്ച ആ ഗന്ധർവ്വൻ 1991 ജനുവരി 24നു് നാൽപ്പത്തിയാറാം വയസ്സിൽ തന്റെ സ്വന്തം ഗന്ധർവ്വലോകത്തേക്കു് യാത്രയായി.
ആകാശവാണിയിൽ സഹപ്രവർത്തക ആയിരുന്ന ശ്രീമതി രാധാലക്ഷ്മിയാണു് അദ്ദേഹത്തിന്റെ ജീവിതസഖി. പത്മരാജൻ-രാധാലക്ഷ്മി ദമ്പതികൾക്കു് രണ്ടു മക്കൾ - അനന്തപത്മനാഭനും മാധവിക്കുട്ടിയും. അനന്തപത്മനാഭൻ സ്വന്തം അച്ഛനെപ്പോലെ കഥാകാരനും ചലച്ചിത്രകാരനും പത്രപ്രവർത്തകനും ആണു്. മാധവിക്കുട്ടി വിവാഹാനന്തരം ബാംഗ്ലൂരിൽ ആണു് താമസം.
തയ്യാറാക്കിയതു് - കല്യാണി
References :
Various internet portals
മലയാളസംഗീതം- Malayalam Music & Movie Encyclopedia