S Thankappan
Producer
തിരുവനന്തപുരം വട്ടിയൂർക്കാവു് സ്വദേശിയായിരുന്ന ശ്രീ എസ് തങ്കപ്പൻ മലയാളചലച്ചിത്രരംഗത്തെ ഒരു നിർമ്മാതാവും, കഥാകൃത്തും, അഭിനേതാവുമായിരുന്നു. ഒരു വസ്ത്രവ്യാപാരിയായിരുന്ന അദ്ദേഹത്തിനു് സംഗീതവും സാഹിത്യവുമൊക്കെ നന്നായി ഇഷ്ടപ്പെട്ടിരുന്നതിനാൽ സിനിമാമേഖലയിൽ പ്രവർത്തിക്കുവാൻ വളരെ താല്പര്യം ഉണ്ടായിരുന്നു. അങ്ങനെ 1981ൽ, പ്രേംനസീർ, ഷീല, സുകുമാരൻ, മോഹൻലാൽ എന്നിവർ അഭിനയിച്ച ‘തകിലുകൊട്ടാമ്പുറം’ എന്ന ചിത്രം നിർമ്മിച്ചുകൊണ്ടാണു് സിനിമാ രംഗത്തേക്കു് എത്തുന്നതു്. ഈ ചിത്രത്തിന്റെ കഥ എഴുതിയതു് തങ്കപ്പനായിരുന്നു. പ്രിയസുഹൃത്തായ ബാലു കിരിയത്തിനെ സംവിധാനച്ചുമതലയും ഏല്പിച്ചു. ‘തകിലുകൊട്ടാമ്പുറം’ അക്കാലത്തെ ഒരു സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു. പിന്നീടു് 2007ൽ ‘ബാല്യം’ എന്ന ചിത്രം നിർമ്മിച്ചു. ഈ ചിത്രത്തിൽ തങ്കപ്പൻ അഭിനയിച്ചിട്ടുണ്ടു്. ജോസ് നെട്ടയം സംവിധാനം ചെയ്ത ബാല്യത്തിനു് മികച്ച ചിത്രത്തിനുള്ള ക്രിട്ടിക്സ് അവാർഡ് ലഭിച്ചിരുന്നു.
മലയാളസിനിമയുടെ സഞ്ചാരപഥത്തിൽ തന്റേതായ ചെറിയ ഒരു ഇടം കണ്ടെത്താൻ കഴിഞ്ഞ ശ്രീ എസ് തങ്കപ്പൻ 2015 ജൂൺ 23 നു് തന്റെ 76 മത്തെ വയസ്സിൽ അന്തരിച്ചു.
ഭാര്യ: സാവിത്രി. മക്കൾ: ജയകുമാർ,ജയലത.
തയ്യാറാക്കിയതു് - കല്യാണി
Available Movies : 2
Available Short Movies : 0