Lal
Producer
സംവിധായകന്, തിരക്കഥാകൃത്തു്, സംഭാഷണ രചയിതാവു്, നിര്‍മ്മാതാവു്, വിതരണക്കാരന്, നടന് എന്നീ നിലകളില്‍ പ്രശസ്തനാണു് മൈക്കിള്‍ എന്ന ലാല്‍. കൊച്ചി ചേരാനല്ലൂര്‍ സ്വദേശിയായ സംഗീതാദ്ധ്യാപകന്‍ എ എം പോളിന്റെയും ഫിലോമിനയുടെയും മകനായി 1958 ഡിസംബര്‍ 2നു് ജനിച്ചു. പുല്ലേപ്പടിക്കാരന്‍ സിദ്ദിഖുമായി ചങ്ങാത്തം കൂടിയതോടെയാണു് കലാജീവിതത്തിലേക്കു് ചുവടുവച്ചതു്.
ലാലും കൂട്ടരും അവതിരിപ്പിച്ച രമണന്റെ മരണം എന്ന ഹാസ്യനാടകവുമായി ബന്ധപ്പെട്ടു് ഈ ബന്ധം ലാലിനെ കലാഭവന്‍ ആബേലച്ചന്റെ അരികിലെത്തിച്ചു. പിന്നീടു് അവിടെനിന്നും പിരിഞ്ഞു് ലാലും സിദ്ദിഖും പുതിയ ട്രൂപ്പ് ഉണ്ടാക്കി. ഇതിനിടെ മമ്മൂട്ടിയുടെയും അന്‍സാറിന്റെയും സഹായത്തോടെ സിനിമയില്‍ കയറിപ്പറ്റി. നാടോടിക്കാറ്റിന്റെ കഥയുമായി ബന്ധപ്പെട്ടാണു് തുടക്കം. 1988ല്‍ നോക്കെത്താ ദൂരത്തു് കണ്ണും നട്ടില്‍ ഫാസിലിന്റെ സഹസംവിധായകനായി. സിദ്ദിഖും ലാലും ചേര്‍ന്നു് കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്ത റാംജിറാവു സ്പീക്കിംഗ് ഒരു മഹാസംഭവമായി. മാത്രമല്ല ഒരു പുതിയ ഹാസ്യതരംഗത്തിനു് തുടക്കം കുറിക്കുകയും ചെയ്തു. അതിനു ശേഷം ഇന്‍ ഹരിഹര്‍ നഗര്‍, ഗോഡ്ഫാദര്, വിയറ്റ്നാം കോളണി, കാബൂളിവാല എന്നിങ്ങനെ തുടര്‍ച്ചയായി അഞ്ചു മെഗാഹിറ്റുകള്‍ സിദ്ദിഖുമായി ചേര്‍ന്നൊരുക്കി. ജനപ്രീതി നേടിയ കലാമൂല്യമുള്ള ചിത്രത്തിനുള്ള 1991ലെ സംസ്ഥാന അവാര്‍ഡ് ഗോഡ്ഫാദര് കരസ്ഥമാക്കി. അതിനു ശേഷം ഹിറ്റ്ലര്‍ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവായി.
ജയരാജിന്റെ കളിയാട്ടം എന്ന ചിത്രത്തില്‍ പനിയനെ അവതരിപ്പിച്ചുകൊണ്ടു് നടനായ ലാല്‍ വീണ്ടും പല ചിത്രങ്ങളിലും അഭിനയിച്ചു. മലയാള സിനിമാചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രങ്ങളില്‍ ഒന്നായ തെങ്കാശിപ്പട്ടണത്തിന്റെ നിര്‍മ്മാതാവും വിതരണക്കാരനുമാണു്. ലാല്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിച്ച ചിത്രമാണു് ഗോസ്റ്റ് ഹൗസ് ഇന്‍.
ഭാര്യ നാന്‍സി. രണ്ടു് മക്കള്‍ ജീന്‍, മോനിക്ക.
യൂണിക്കോഡില്‍ തയ്യാറാക്കിയതു് : മാധവഭദ്രന്‍
അവലംബം : വെള്ളിനക്ഷത്രം ഫിലിം ഇയര്‍ബുക്ക് - 2010
Available Movies : 18
Available Short Movies : 0
Relevant Articles