മുന്‍ഗാമികള്‍:
ദക്ഷിണതമിഴു്നാട്ടിലെ സാത്താന്‍കുളത്തെ നാടാര്‍ സമുദായത്തില്‍ പെട്ടവരായിരുന്നു ജെ സി ഡാനിയലിന്റെ മുന്‍ തലമുറക്കാര്‍. സ്വര്‍ണ്ണമുത്തു എന്നു പേരുള്ള ആളാണു് മിഷനറി പ്രവര്‍ത്തനത്തിനു ഇന്ത്യയില്‍ വന്ന ലീ അപ്പോത്തിക്കരിയില്‍ നിന്നും ആദ്യം വൈദ്യം പഠിച്ചിട്ടു് പിന്നീടു് ഇംഗ്ലണ്ടില്‍ പോയി കൂടുതല്‍ വൈദ്യം പഠിച്ചതും അതിനു ശേഷം ചങ്ങനാശ്ശേരിയില്‍ താമസം ആക്കിയതും. പില്ക്കാലത്തു് പേരും പെരുമയും നേടിയ ഡാനിയല്‍ കുടുംബത്തില്‍ പിറന്ന ജ്ഞാനാംബരം ഡാനിയല്‍ പ്രഗത്ഭനായ ഒരു ഇംഗ്ലീഷു് അദ്ധ്യാപകനായിരുന്നു. ഇദ്ദേഹത്തിന്റെ പുത്രനാണു് ഡോക്ടര്‍ എന്‍ ജെ ഡാനിയല്‍ എന്ന ജെ സി ഡാനിയലിന്റെ പിതാവു്. 1862 സെപ്തംബര്‍ 26ല്‍ ചങ്ങനാശ്ശേരിയില്‍ ജനിച്ച ജ്ഞാനാംബരം ജോസഫു് ഡാനിയല്‍ ഉപരിപഠനത്തിനായി കല്‍ക്കത്തയിലും ലണ്ടനിലും പോയി. തിരുവിതാംകൂര്‍ ആരോഗ്യവകുപ്പില്‍ ചീഫു് മെഡിക്കല്‍ ഓഫീസര്‍ ആയി സേവനം അനുഷ്ടിച്ച കാലത്തു് ജോസഫു് അപ്പോത്തിക്കരി എന്ന വിളിപ്പേരു കൂടിയ ഇദ്ദേഹത്തിന്റെ മേല്‍നോട്ടത്തില്‍ ആണു് തിരുവനന്തപുരം ജനറല്‍ ആശുപത്രിയുടെ പണി നടക്കുന്നതു്. അദ്ദേഹത്തിന്റെ കുടുംബത്തില്‍ പെട്ടവര്‍ പലരും ഡോക്ടര്മാരായിരുന്നതിനാല് ഡോക്ടര്‍ കുടുംബം എന്നാണറിയപ്പെട്ടിരുന്നതു്. അദ്ദേഹം അഗസ്തീശ്വരത്തുള്ള സൂസമ്മ സോളമണ്‍ കോണ്ട്രാക്ടര് ദമ്പതിമാരുടെ ഏക മകള്‍ ജ്ഞാനാംബാളിനെ വിവാഹം കഴിച്ചു.

JC Daniel's Family
മുന്‍ നിര : ഇടതു് നിന്നു്
ഇളയമകള്‍ ലളിത, ചെറുമകന് ആലക്സു് മോട്ടിലാല്‍, മൂത്തമകള്‍ സുലോചന, ജെ സി ഡാനിയേല്‍, ഭാര്യ ജാനറ്റു്, മൂത്തമരുമകള്‍ ഒലിവ്, രണ്ടാമത്തെ മകള്‍ വിജയ, ചെറുമകള്‍ ഹേമലത ഡേവിഡ്
പിന് നിര :
ഇളയമരുമകന് ഹെന്റി ജോണ്‍, കയ്യില്‍ ചെറുമകന് ജോണ്‍ സെല്വന് നാഥന്, മൂത്തമരുമകന് ജസ്റ്റിന്, കയ്യില്‍ ചെറുമകള്‍ ജാനറ്റു് ചന്ദ്രിക, ഇളയമകന് ഹാരിസ്, മൂത്തമകന് സുന്ദരം, രണ്ടാമത്തെ മരുമകന് ഫ്രെഡി ഡേവിഡ്
ബാല്യം:
ഡോക്ടര്‍ ജ്ഞാനാംബരം ജോസഫു് ഡാനിയല്‍ ജ്ഞാനാംബാള്‍ ദമ്പതിമാരുടെ രണ്ടു മക്കള്‍ ബാല്യത്തില്‍ തന്നെ മരിച്ചു. അവശേഷിച്ച ഒമ്പതു് മക്കളില്‍ ഏഴാമനായി 1900ല്‍ നവംബര്‍ 28-നു് തിരുവിതാംകൂറിലെ നെയ്യാറ്റിന്‍കരയില്‍ ജോസഫു് ചെല്ലയ്യ ഡാനിയല്‍ ജനിച്ചു. അവിഭജിത തിരുവിതാകൂറിന്റെ ഭാഗമായ കന്യാകുമാരി ജില്ലയിലെ അഗസ്തീശ്വരും എന്ന സ്ഥലത്തു് പണിത വലിയ മാളികയിലേക്കു് 1904ല്‍ ഡോക്ടര്‍ എന്‍ ജെ ഡാനിയലും കുടുംബവും താമസം മാറി. പുതുവീടു് എന്നായിരുന്നു മാളികയുടെ പേരു്. അമ്പതു് സെന്റു് സ്ഥലത്തു് വീടിനു തന്നെ പത്തു സെന്റോളം വലിപ്പമുള്ളതായിരുന്നു. ജെ സി ഡാനിയലിന്റെ കുട്ടിക്കാലം ഈ വീട്ടില്‍ ആയിരുന്നു.

A Young Daniel
പ്രാഥമിക വിദ്യാഭ്യാസം:
ഒരു സമ്പന്ന കുടുംബത്തിലേക്കു് പിറന്നു വീണ ഡാനിയലിന്റെ പ്രാഥമികവിദ്യാഭ്യാസം അഗസ്തീശ്വരത്തും മിഡില്‍ സ്ക്കൂള് വിദ്യാഭ്യാസം നാഗര്‍കോവിലിലും ആയിരുന്നു. ഡാനിയലിന്റെ പതിനൊന്നാമത്തെ വയസ്സില്‍ പിതാവു് മരിച്ചു. തുടര്‍ന്നുള്ള ഹൈസ്ക്കൂള് കോളേജു് വിദ്യാഭ്യാസം തിരുവനന്തപുരത്തായിരുന്നു.
നാടകം:
ചെറു പ്രായത്തില്‍ തന്നെ നാടകങ്ങളിലും കൂത്തിലും ഡാനിയല്‍ അതീവ തല്പരനായിരുന്നു. ക്രിസ്ത്യാനികള്‍ക്കു് നാടകം കാണുന്നതു് പാപമാണെന്നു കരുതിയിരുന്ന കാലത്തു് കുട്ടി ഡാനിയല്‍ കൂട്ടുകാരോടൊപ്പം ഒളിച്ചും പാത്തും രാത്രികാലങ്ങളില്‍ നാടകങ്ങള്‍ കാണാന്‍ പോകുമായിരുന്നു. ഒരു ബാര്‍ബറുടെ മകനായ രാമസ്വാമിയാണു് ഡാനിയലിനു് കൂട്ടു് പോകുന്നതു്. ഡാനിയലിന്റെ അച്ഛന് അവസാനം ഇതു് കണ്ടുപിടിച്ചു ശിക്ഷിച്ചുവെങ്കിലും ഡാനിയിലിന്റെ കലാവാസനയ്ക്കു് കുറവൊന്നും വന്നില്ല.
ചിലമ്പാട്ടവും, കളിരിപ്പയറ്റും, കായികാഭ്യാസവും:
യൗവ്വനത്തില്‍ ഡാനിയലിന്റെ കമ്പം ചിലമ്പാട്ടം എന്ന ആയോധന കലയിലും അവിടെ നിന്നും കളരിപ്പയറ്റിലും ആയിരുന്നു. പള്ളിക്കൂടത്തിലെ കായികരംഗത്തും കമ്പം കയറിയിരുന്നു ഡാനിയലിനു്.
ഒരു മോഹം ഉടലെടുക്കുന്നു:
ഡാനിയലിന്റെ അടുത്ത മോഹം കളരിയെപ്പറ്റി ഒരു ഹൃസ്വചിത്രം നിര്‍മ്മിക്കുകയെന്നതായിരുന്നു. വായനാശിലം നന്നായുണ്ടായിരുന്ന ഡാനിയല്‍ ലൈബ്രറിയില്‍ കിട്ടിയ പുസ്തകങ്ങളില്‍ നിന്നും നിശ്ശബ്ദചിത്രനിര്മ്മാണത്തെപ്പറ്റി വായിച്ചു മനസ്സിലാക്കി. കളരിപ്പയറ്റിനെപ്പറ്റി ഒരു മണിക്കൂര്‍ നീളമുള്ള ഒരു നിശ്ശബ്ദചിത്രം നിര്‍മ്മിക്കാനുള്ള ആശയം ഉടലെടുത്തു വരുമ്പോഴേക്കും ഇന്റര്മീഡിയറ്റു് വിദ്യാഭ്യാസം പുര്ത്തിയായിക്കഴിഞ്ഞിരുന്നു.
തിരുവനന്തപുരത്തെ യൂണിവേഴ്സിറ്റി കോളേജില്‍ പഠിക്കുന്ന കാലത്തു് ഡാനിയല്‍ ഫുട്ബോള്‍ ക്യാപ്റ്റന്‍ ആയിരുന്നു. വിദ്യാഭ്യാസവും കളരിയും ജിംന്യേഷ്യവും ഫുടു്ബോള് കളിയും ഒപ്പത്തിനൊപ്പം ഡാനിയല്‍ കൊണ്ടു നടന്നു. ഇവയൊന്നും പോരാഞ്ഞിട്ടു് കിട്ടുന്ന അവസരങ്ങളില്‍ തിരുവനന്തപുരത്തു വരുന്ന ഇംഗ്ലീഷു് സിനിമകള്‍ കാണുവാനും ഡാനിയല്‍ സമയം കണ്ടെത്തി. താമസിച്ച ഹോസ്റ്റല്‍ കോമ്പൗണ്ടില്‍ തന്നെ വായനശാല ഉണ്ടായിരുന്നതിനാല്‍ അവിടെ പോയി ധാരാളം വായിക്കുമായിരുന്നു. കൂടുതലും സിനിമാ നിര്‍മ്മാണത്തെപ്പറ്റിയുള്ള പുസ്തകങ്ങളില്‍ ആയിരുന്നു ഡാനിയലിനു താല്പര്യം. ഈ സമയത്താണു് കളരിപ്പയറ്റിനു തുല്യമായ ചിലമ്പാട്ടത്തിനെക്കുറിച്ചു് ഒരു പുസ്തകം ഇരുപതാമത്തെ വയസ്സില്‍ എഴുതി പ്രസിദ്ധീകരിക്കുന്നതു്. പിന്നീടു് അതു് ഡോക്കുമെന്ററി ആക്കണമെന്ന മോഹം ഉടലെടുത്തു.
പ്രണയവും കുടുംബവും :
തിരുവനന്തപുരത്തെ വിദ്യാഭ്യാസകാലത്തു് ഡാനിയല്‍ താമസിച്ചിരുന്ന വില്സു് ഹോസ്റ്റലും ലൈബ്രറിയും എല്‍ എം എസു് കോമ്പൗണ്ടില്‍ തന്നെ ആയിരുന്നു. ലൈബ്രറിയില്‍ വച്ചാണു് അപ്രതീക്ഷിതമായി തന്റെ ജീവിതസഖിയായ ജാനറ്റിനെ ഡാനിയല്‍ കണ്ടുമുട്ടുന്നതു്. ലൈബ്രറി സൂക്ഷിപ്പുകാരനായ ജോയല്‍ സിംഗിന്റെ മകളായിരുന്നു ജാനറ്റു്. അന്നു് ഡാനിയലിനു് വയസ്സു് 18ഉം ജാനറ്റിനു് വയസ്സു് 13ഉം. കണ്ടമാത്രയില്‍ തന്നെ അനുരക്തരായവര്‍ അഞ്ചു വര്‍ഷം പ്രണയിച്ചു നടന്നു. 1924ല്‍ അവര്‍ തിരുവനന്തപുരത്തു് മ്യൂസിയത്തിന്നടുത്തുള്ള എം എം ചര്‍ച്ചില്‍ വച്ചു് വിവാഹിതരായി. വിവാഹാവസരത്തില്‍ പള്ളിയില്‍ പാടിയ വിവാഹഗാനം ജാനറ്റിന്റെ അച്ഛര്‍ രചിച്ചതായിരുന്നു. ഡാനിയല്‍ ജാനറ്റു് ദമ്പതിമാര്‍ക്കു് പിറന്ന ആദ്യത്തെ പുത്രന് സുന്ദരം ഡാനിയല്‍ വിഗതകുമാരനില്‍ ബാലനടന് ആയി അഭിനയിച്ചിട്ടുണ്ടു്. പഠിച്ചു് എം എ ബിരുദം നേടിയ സുന്ദരം ശ്രീലങ്കയില്‍ കാന്‍ഡിയിലുള്ള ട്രിനിറ്റി കോളേജില്‍ ഇംഗ്ലീഷു് അദ്ധ്യാപകനായി സേവനം അനുഷ്ഠിച്ചു. വൈസു് പ്രിന്‍സിപ്പളായി വിരമിച്ച അദ്ദേഹം ഓസ്ട്രേലിയയില്‍ സ്ഥിരതാമസമാക്കി. 2002ല്‍ ഒക്ടോബര്‍ അഞ്ചിനു് അദ്ദേഹം ആസ്ട്രേലിയയില്‍ വച്ചു് 72മത്തെ വയസ്സില്‍ മരിച്ചു. ഡാനിയലിന്റെ പുത്രിയായ സുലോചനയും വിഗതകുമാരനില്‍ അഭിനയിച്ചിരുന്നു. ഇവരെ കൂടാതെ വിജയാ ഡേവിഡു് എന്നും ഹാരിസു് ഡാനിയല്‍ എന്നും രണ്ടു മക്കള്‍ കൂടി ഈ ദമ്പതിമാര്ക്കുണ്ടു്. ഇതില്‍ ഏറ്റവും ഇളയ ആളായ ഹാരിസു് വിഗതകുമാരന്റെ നിര്മ്മാണവേളയ്ക്കു് ശേഷം പിറന്നതാണു്.
ആദ്യത്തെ മലയാളം സിനിമ:
സിനിമാ നിര്‍മ്മാണത്തിനുള്ള യാതൊരു സൗകര്യമോ പരിചയസമ്പത്തോ കേരളത്തില്‍ ആര്‍ക്കും ഇല്ലാതിരുന്ന കാലത്തു് ഡാനിയലിന്റെ സുഹൃത്തും ഡാനിയലും ചേര്‍ന്നു് കളരിപ്പയറ്റിനെപ്പറ്റി ഒരു പടമെടുക്കുന്നതിനെപ്പറ്റി ആലോചിച്ചു. അതിലേക്കായി ഗിണ്ഡിയുലുള്ള വെല്‍ പിക്ചേഴ്സിനെ ഡാനിയല്‍ സമീപിച്ചെങ്കിലും സിനിമാ നിര്മ്മാണത്തിനു് അവര്‍ വന്‍ തുക ആവശ്യപ്പെട്ടതിനാല്‍ കുറച്ചു് കൂടി കുറഞ്ഞ ചിലവില്‍ സിനിമാനിര്‍മ്മാണം സാധ്യമാണോ എന്നറിയാന്‍ വേണ്ടി ഡാനിയേല്‍ ബോംബെയില്‍ എത്തുകയും അന്നത്തെ സിനിമാനിര്‍മ്മാണ രംഗം നിരീക്ഷിക്കുകയും ചെയ്തു.

Daniel & Janet
ഡാനിയലിന്റെ ചിന്ത കളരിപ്പയറ്റിയില് നിന്നും മാറി. അന്നത്തെ പുരാണചിത്രനിര്മ്മാണ രംഗം വിട്ടു് എന്തു കൊണ്ടു് സാമൂഹിക ചിത്രം നിര്മ്മിച്ചുകൊണ്ടു് രംഗപ്രവേശം ചെയ്തു കൂട എന്ന ചിന്ത ഡാനിയലിനെ പിടികൂടി. അതിനായി ഡാനിയല്‍ സ്വയം ഒരു കഥ രചിച്ചു. ഒരു ധനിക കുടുംബത്തില്‍ പിറന്നു വീണു് ഏക്കര്‍കണക്കിനു തെങ്ങിന് പുരയിടവും മറ്റു കൃഷിഭൂമികളും പാരമ്പര്യസ്വത്തായി കിട്ടിയിരുന്ന ഡാനിയലിനു് ആ സ്വത്തു നിലനിര്‍ത്തിക്കൊണ്ടു പോകുന്നതിനേക്കാള്‍ താല്പര്യം താനായിട്ടു് മലയാളത്തിലെ ആദ്യത്തെ ചിത്രം നിര്‍മ്മിക്കണം എന്ന മോഹം ആയിരുന്നു. അതു് സ്വന്തമായി ഉണ്ടാക്കുവാന്‍ തീരുമാനിച്ച ഡാനിയല്‍ തന്റെ പിതൃസ്വത്തായ ഏക്കര്കണിക്കിനുള്ള ഭൂമി വിറ്റു് സിനിമാ നിര്‍മ്മാണത്തിനു പണം കണ്ടെത്തി. കൂട്ടാളിയായി സുന്ദരം എന്നയാളും കൂടെക്കൂടിയെങ്കിലും പ്രാരംഭദശയിലെ വെല്ലുവിളികള്‍ കണ്ടു് ഭയചകിതനായ സുന്ദരം വേഗം പിന്‍വാങ്ങി. അതുകൊണ്ടൊന്നും കുലുങ്ങാതെ ഡാനിയല്‍ സിനിമാ നിര്‍മ്മാണമെന്ന മോഹവുമായി മുന്നോട്ടു് തന്നെ നീങ്ങി. അതിലേക്കായി ബോംബെയിലേക്കും കല്‍ക്കത്തയിലേക്കും വീണ്ടും യാത്രചെയ്തു് സിനിമാ നിര്‍മ്മാണത്തിനാവശ്യമായ ഉപകരണങ്ങള്‍ സംഘടിപ്പിച്ചു. തിരുവനന്തപുരത്തു് നാഗപ്പന് നായര്‍ എന്ന വക്കീലിന്റെ ഉടമസ്ഥതയിലുള്ള പട്ടത്തു് സ്ഥിതിചെയ്യുന്ന ശാരദവിലാസു് എന്ന കെട്ടിടം ഉള്‍പ്പെടെയുള്ള രണ്ടേക്കര്‍ സ്ഥലം വാടകയ്ക്കെടുത്തു് അതോടൊപ്പം ഒരു രണ്ടുമുറി കെട്ടിടം നിര്‍മ്മിച്ചു് സിനിമാനിര്മ്മാണശാലയും താമസസൗകര്യവും സജ്ജമാക്കി. അങ്ങിനെ കേരളത്തിലെ ആദ്യത്തെ സ്റ്റുഡിയോ ആയ ദി ട്രാവന്‍കൂര്‍ നാഷനല്‍ പിക്ചേഴ്സു് മൂവി സ്റ്റുഡിയോ നിലവില്‍ വന്നു. അപ്പോഴേക്കും സ്ഥലം വിറ്റു കിട്ടിയ കാശെല്ലാം തീര്‍ന്നിരുന്നു. സിനിമാ പിടിത്തം തുടങ്ങുവാന്‍ വേണ്ടി സുഹൃത്തുക്കളുടെയും അടുത്ത ബന്ധുക്കളുടെയും കയ്യില്‍ നിന്നും പണം കടം വാങ്ങിയും സിനിമാ കമ്പനിയില്‍ പലരേയും ഭാഗഭാക്കാക്കിയും പോരാത്ത പണം ഡാനിയല്‍ സ്വരൂപിച്ചു സിനിമാ പിടിത്തും തുടങ്ങുവാന്‍ തന്നെ തീരുമാനിച്ചു.

A Middle Age Daniel
വിഗതകുമാരന്:
സിനിമയില്‍ അഭിനയിക്കാന്‍ നടിയെ തേടിയുള്ള അന്വേഷണത്തിനിടയില്‍ ബോംബെയില്‍ നിന്നും വന്ന ആംഗ്ലോഇന്ത്യന് നടി മിസ്സു് ലാനയുടെ ദുര്‍വ്വാശിയോടെ ഉള്ള ആവശ്യങ്ങള്‍ നിറവേറ്റുവാന്‍ അസാദ്ധ്യമായി വന്നതിനെത്തുടര്ന്നു് അവരെ മടക്കി വിടേണ്ടി വന്നു. കൂടുതല്‍ തിരച്ചില്‍ ചെന്നെത്തിയതു് പുലയ സമുദായത്തില്‍ നിന്നും മാര്‍ഗ്ഗം കൂടി പുതുക്രിസ്ത്യാനി ആയ റോസി എന്ന കര്‍ഷക തൊഴിലാളിയിലായിരുന്നു. കാക്കാരിശി നാടകങ്ങളില്‍ റോസി ചെയ്തവേഷവും അതില്‍ കാട്ടിയ അഭിനയപാടവവും ഡാനിയലിനെ റോസിയിലേക്കാകര്ഷിച്ചു . തന്റെ സിനിമയ്ക്കു് ചേര്‍ന്ന പ്രധാന നടിയെ വേറെ തിരക്കേണ്ടതില്ലെന്നു തിരുമാനിച്ച ഡാനിയല്‍ റോസിയെ ഏര്‍പ്പാടാക്കുന്ന ദൗത്യം നാടകനടനും സുഹൃത്തുമായ ജോണ്‍സണിനെ ഏല്പിച്ചു. ജോണ്‍സണ്‍ന്റെ ശ്രമഫലമായി റോസി സിനിമയില്‍ അഭിനയിക്കാന്‍ സമ്മതം മൂളി. മേക്കപ്പു് ഇട്ടു് കഴിഞ്ഞപ്പോള്‍ റോസി തികച്ചും ഒരു നായര്‍സ്ത്രീയുടെ രൂപം പൂണ്ടു. തിരുവനന്തപുരത്തും സിലോണിലുമായി വിഗതകുമാരന്റെ ഷൂട്ടിംഗു് പുരോഗമിച്ചു.
കഥയും തിരക്കഥയും സംവിധാനവും പ്രൊഡക്ഷനും ഡാനിയല്‍ തന്നെ ആയിരുന്നു. വില്ലനായി ജോണ്സണ്, നായികയായി റോസി, ബാലനടനായി സുന്ദരം ഡാനിയല്‍. ക്യാമറ കൈകാര്യം ചെയ്തതു് വിദേശി സിനിമാട്ടോഗ്രാഫര്‍ ആയിരുന്നു.
1930ല്‍ വിഗതകുമാരന് റിലീസു് ചെയ്യാന്‍ തയ്യാറായി. ഇന്നത്തെ അക്കൗണ്ടു് ജനറല്‍ ഓഫീസിനു എതിര് വശം അന്നു സ്ഥിതി ചെയ്തിരുന്ന കാപ്പിറ്റോള്‍ തിയറ്റര്‍ ആണു് വിഗതകുമാരന്റെ ഉദ്ഘാടന പ്രദര്‍ശനത്തിനായി തിരഞ്ഞെടുത്തതു്. ഉദ്ഘാടനം നിര്‍വ്വഹിക്കാന്‍ അന്നത്തെ പ്രമുഖ ക്രിമിനല്‍ വക്കീലായ മള്ളൂര്‍ ഗോവിന്ദപിള്ള ആയിരുന്നു. സിനിമാ പ്രദര്‍ശനത്തെപ്പറ്റിയുള്ള വിവരം കാണിച്ചു് സുഹൃത്തുക്കള്‍ക്കെല്ലാം ഡാനിയല്‍ കത്തയച്ചു. പത്രത്തില്‍ പരസ്യം നല്കി. നോട്ടീസും അച്ചടിച്ചു് വിതരണം ചെയ്തു. നാട്ടിലെ പ്രമാണിമാരെ എല്ലാം പ്രത്യേകം ക്ഷണിച്ചിരുന്നു.1930 ഒക്ടോബര്‍ 23നു് തിരുവനന്തപുരം കാപിറ്റോള്‍ തീയറ്ററിലും നാഗര്‍കോവില്‍ പയനീയര്‍ തീയറ്ററിലും ചിത്രം റിലീസായി. (കുറഞ്ഞ പക്ഷം രണ്ടു പ്രിന്റു് എങ്കിലും ഉണ്ടായിരുന്നുവെന്നു വേണം ഇതില്‍ നിന്നും അനുമാനിക്കാന്‍. അപ്പോള്‍ ഒരു കോപ്പി ഇന്നും അജ്ഞാതമായി എവിടെയെങ്കിലും ഒളിഞ്ഞു കിടപ്പുണ്ടോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു).
ദിവസം രണ്ടു് പ്രദര്‍ശനങ്ങള്‍ ആണു് തീരുമാനിച്ചിരുന്നതു്. ആദ്യ പ്രദര്‍ശനം കാണാന്‍ എത്തിയ സിനിമയിലെ നായിക റോസിയെ പ്രദര്‍ശനം കാണാന്‍ സവര്‍ണ്ണര്‍ സമ്മതിച്ചില്ല. പ്രദര്‍ശനം തുടങ്ങി. നിശ്ശബ്ദ സിനിമ ആയതിനാല്‍ കഥാസാരവും സന്ദര്‍ഭവും പ്രത്യേകം വിളിച്ചു പറയുകയാണു് ചെയ്തിരുന്നതു്. ഒരു താഴ്ന്ന ജാതിക്കാരി സിനിമയിലെ മുഖ്യ വേഷം കെട്ടിയതു് സവര്‍ണ്ണരായ കാണികളെ ചൊടിപ്പിച്ചു. നായികയുടെ തലയില്‍ ചൂടിയ പുഷ്പം നായകന് എടുത്തു് മണത്തു് നോക്കുന്ന രംഗം അന്നത്തെ സാമൂഹ്യചിന്തകള്ക്കപ്പുറത്തായിരുന്നു. ഈ രംഗം പ്രത്യേകിച്ചും കാണികളെ രോഷാകുലരാക്കി. പ്രദര്‍ശനം തുടര്‍ന്നു പോകാന്‍ അവര്‍ അനുവദിച്ചില്ല. അടുത്ത ഷോ കാണുവാന്‍ പുറത്തു് കാത്തു നിന്നിരുന്ന റോസിയും കുടുംബവും പ്രകോപിതരായ കാണികളെ കണ്ടു് ഭയന്നു് ഷോ കാണാതെ ഓടി രക്ഷപെടുകയായിരുന്നു. രണ്ടാമത്തെ ഷോയും മുടങ്ങി. അടുത്ത ദിവസങ്ങളിലെ പ്രദര്‍ശനങ്ങളും അലങ്കോലപ്പെടുകയും ഡാനിയലിന്റെ ജീവനും കാപ്പിറ്റോള്‍ തീയറ്റിന്റെ സ്വത്തിനും നാശനഷ്ടങ്ങള്‍ വരുന്നതു് കണ്ടു ഭയന്നു് ഏതാനം ദിവസങ്ങള്‍ക്കകം ഷോ നിര്ത്തേണ്ടതായിട്ടു വന്നു. ഫിലിം പെട്ടിയിലായി.
1930 നവംബര്‍ 7നു് ആലപ്പുഴയില്‍ പൂപ്പള്ളി സ്റ്റാര്‍ തീയറ്ററില്‍ വിഗതകുമാരന് പ്രദര്ശിച്ചപ്പിക്കാന് ഡാനിയല്‍ ഫിലിമുമായി എത്തി. തിരുവനന്തപുരത്തുണ്ടായ പോലത്തെ പ്രശ്നം ആലപ്പുഴയില്‍ ഉണ്ടായില്ല എന്നു് പറയപ്പെടുന്നു. ഇടയ്ക്കു് സ്ക്രീനില്‍ മങ്ങല്‍ വന്നപ്പോള്‍ ജനം കൂവി എന്നും ആദ്യത്തെ മലയാള സിനിമ ആയതിനാല്‍ ന്യൂനതകള്‍ പൊറുക്കണമെന്നും അനൗണ്സര് പറഞ്ഞപ്പോള്‍ ജനം കയ്യടിച്ചുവെന്നും അന്തരിച്ച നാഗവള്ളി ആര് എസു് കുറുപ്പു് രേഖപ്പെടുത്തിയിട്ടുള്ളതായി പറയപ്പെടുന്നു. ആലപ്പുഴയിലെ ജനം സഹര്‍ഷം സിനിമയെ സ്വീകരിച്ചെങ്കിലും പടം ഒരാഴ്ചയേ ഓടിയുള്ളു. തൃശൂരും നാഗര്‍കോവിലും കൊല്ലത്തും തലശ്ശേരിയിലും പിന്നീടു് ചിത്രം പ്രദര്‍ശിപ്പിച്ചെങ്കിലും മുടക്കുമുതല്‍ പോലും ലഭിച്ചില്ല.
വിഗതകുമാരനു ശേഷം:
വിഗതകുമാരന്റെ സാമ്പത്തിക പരാജയത്തിനു ശേഷം ഡാനിയല്‍ കടം കേറി ബുദ്ധിമുട്ടിലായി. അതോടുകൂടി സിനിമാപിടിത്തത്തിനു വാങ്ങിയ സാധനസാമഗ്രികളും ഭാര്യയുടെ ആഭരണങ്ങളും വിറ്റു് കടങ്ങള്‍ ഭാഗികമായിട്ടാണെങ്കിലും വീട്ടേണ്ടതായി വന്നു. ബാക്കി കടങ്ങള്‍ വീട്ടാന്‍ സ്റ്റുഡിയോയിലെ വസ്തുവകകളും വില്‍ക്കേണ്ടി വന്നു. നിശ്ശബ്ദചിത്രങ്ങളുടെ ചുവടു് പിടിച്ചു് ഇംഗ്ലീഷു് സശബ്ദചിത്രങ്ങള് കേരളത്തില്‍ വരാന്‍ തുടങ്ങിയതോടുകൂടി വിഗതകുമാരന് തീര്‍ത്തും പെട്ടിയിലായി. വിഗതകുമാരന് വരുത്തിത്തീര്‍ത്ത മാനസിക സംഘര്‍ഷവും സാമ്പത്തിക ബുദ്ധിമുട്ടുകളില്‍ നിന്നും കരകയറാന്‍ ഡാനിയലിനു രണ്ടു വര്‍ഷമെടുത്തു.
വിഗതകുമാരന്റെ പ്രിന്റു് പോയ വഴി:
പോകുന്നിടത്തൊക്കെ തന്റെ പ്രിന്റുമായി ആയിരുന്നു ഡാനിയലിന്റെ യാത്ര. പിന്നീടെന്തു സംഭവിച്ചു? ജെ സി ഡാനിയലിന്റെ മൂത്ത പുത്രന് സുന്ദരം ഡാനിയല്‍ ആയിരുന്നു ചിത്രത്തില്‍ ബാലനടന് ആയി അഭിനയിച്ചതു്. ജെ സി ഡാനിയലിന്റെ ഇളയ മകന് ഹാരിസു് ഡാനിയലിന്റെ സ്വന്തം വാക്കുകളില്‍ ''ഒരു റൗണ്ടു് ക്രസ്റ്റിഡു് ബോക്സിലു് ആ നെഗറ്റീവു് ഫിലിംസു് ഉണ്ടായിരുന്നു. അതിലുള്ള സീന്സു് ഒക്കെ എനിക്കോര്‍മ്മയുണ്ടു്. ഈ ഫിലിം വച്ചു് ഞാനും എന്റെ കൂട്ടുകരനും കളിക്കും. അന്നത്തെ ഒരു സൂപ്പര്‍ സ്റ്റാറിന്റെ ഫാന്‍ ആണു് ഞാന്‍. അയാളു് സ്റ്റണ്ടു്. അയാളുടെ ഫിലിം കട്ടിംഗ്സുമായി എക്സ്ചേഞ്ചു് ചെയ്യുവാന്‍ വേണ്ടി അയാളുടെ ഒരു ചെറിയ ഫിലിം എനിക്കു് തന്നാറു് ഞാന്‍ വലിയ നീളത്തില്‍ ഫിലിം വെട്ടിയങ്ങു് കൊടുക്കും. പിന്നെ ഒടുവില്‍ ഈ ഫിലിം ഒക്കെ തീ വച്ചു് കത്തിച്ചു കളിക്കും. അപ്പോള്‍ ഒരു ലൈറ്റു് ബ്ലൂ ഫ്ലെയിം വരും. ഇതു് കാണാന്‍ എനിക്കു് വളരെ രസ്സാ. പിന്നെ എന്റെ ബ്രദറിനെ എനിക്കു് വളരെ ഇഷ്ടമാ. പക്ഷെ രണ്ടു പേരും തമ്മില്‍ പത്തു് വയസ്സിന്റെ ഡിഫറന്സു് ഉണ്ടു്. ബട്ടു് ഹീ യൂസ്ഡു് റ്റു ബുള്ളി മീ. അവന് ആക്ടു് ചെയ്ത പോര്‍ഷന്‍ തീ വയ്ക്കുമ്പോള്‍ അവനെ തീ കത്തിച്ച പോലത്തെ ഒരു പ്ലഷര്‍ ഉണ്ടു്. അങ്ങനെ ഇങ്ങനെ പല വിധമായി ഫിലിം മുഴുവന്‍ ഡിസ്ട്രായു് ചെയ്തതു് ഞാനാ. ഞാനും എന്റെ ഫ്രണ്ട്സുമാ. പിന്നെ ഫിലിം മടക്കി വച്ചു് ഞെക്കിയാല്‍ ടികു് ടികു് എന്ന സൗണ്ടു് കേള്‍ക്കും. അതിന്റെ ഇംപോര്ട്ടന്സു് ഒന്നും എനിക്കറിഞ്ഞു കൂടാ". ഇതെല്ലാം കണ്ടുകൊണ്ടു നിസ്സംഗനായി നോക്കി നില്‍ക്കാനേ ഡാനിയലിനു അന്നു് തോന്നിയുള്ളു എന്നതു് മലയാളത്തിനു് തീരാനഷ്ടമായി ഭവിച്ചു. ഡാനിയലിനും.
ദന്തവൈദ്യം:
ജീവിക്കുവാന്‍ വഴി തേടി അവസാനം തന്റെ കുടുംബ തൊഴിലായ വൈദ്യവൃത്തി പിന്തുടരാന് തന്നെ ഡാനിയല്‍ തീരുമാനിച്ചു. ബോംബേയിലെ ദന്തല്‍ കോളേജില്‍ ചേര്‍ന്നു് എല്‍ ഡി എസു് സി എന്ന ദന്തല്‍ കോഴസു് രണ്ടു വര്‍ഷം കൊണ്ടു് പഠിച്ചു് നാട്ടില്‍ തിരിച്ചെത്തിയ ഡോക്ടര്‍ ഡാനിയില് 1935ല്‍ മധുരയില്‍ പ്രാക്ടീസു് ചെയ്തു തുടങ്ങി. അങ്ങനെ 35-മത്തെ വയസ്സില്‍ സാമാന്യം മെച്ചപ്പെട്ട രീതിയില്‍ സമൂഹത്തില്‍ അംഗീകരിക്കപ്പെട്ടവനായി ജീവിച്ചു തുടങ്ങി.
ഇന്ത്യന്‍ സ്വാതന്ത്ര്യസമരം:
അക്കാലത്തു് മധുരയില്‍ സ്വാതന്ത്ര്യസമരത്തിന്റെ അലകളില്‍ ഡാനിയല്‍ ആകൃഷ്ടനായി. ഖാദി പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി ഖാദി പാന്റും ഷര്‍ട്ടുമായി വേഷം. രണ്ടു ചര്‍ക്ക സ്വന്തമായി വാങ്ങി അതില്‍ നൂല് നൂല്‍ക്കാനും ഹിന്ദി ഭാഷ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി ഡാനിയലും ഭാര്യയും ഹിന്ദി പഠിക്കുവാനും തുടങ്ങി. ജാനറ്റു് ഹിന്ദി ഭാഷയില്‍ പരീക്ഷകളെഴുതി വിജയം വരിച്ചു. വനിത വിമോചനപ്രസ്ഥാനത്തിന്റെ ഭാഗമായി ജാനറ്റിനെ വാഹനമോടിക്കാന്‍ പഠിപ്പിച്ചു. അങ്ങിനെ മധുര തെരുവിലൂടെ കാര്‍ ഓടിച്ച പ്രഥമവനിതയായി. മദ്യവര്‍ജ്ജന പ്രസ്താനത്തിനും ഡാനിയല്‍ മുന്‍കയ്യെടുത്തു. ഡാനിയലിന്റെ ക്ലിനിക്കും വീടും സ്വാതന്ത്ര്യസമരസേനാനികള്ക്കു് ഒരു ഒളിത്താവളമായപ്പോള് ബ്രിട്ടീഷു് പോലീസിന്റെ നോട്ടപ്പുള്ളിയ്യായി.
സര്‍ക്കാര്‍ ജോലി
1943ല്‍ ഡാനിയല്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ പ്രവേശിച്ചു കാരക്കുടിയിലും പുതുക്കോട്ടയിലും സര്‍ക്കാര്‍ ആശുപത്രികളില്‍ സേവനം അനുഷ്ടിച്ചു
രണ്ടാമത്തെ പടം എന്ന മോഹം:
പ്രമുഖര്‍ പലരും ഡാനിയലിന്റെ രോഗികളായി എത്തിയ കൂട്ടത്തില്‍ പ്രസിദ്ധ ചലച്ചിത്ര നിര്‍മ്മാതാവും എ വി എം സ്റ്റുഡിയോ ഉടമയുമായ മയ്യപ്പച്ചെട്ടിയാരടക്കം ധാരാളം പേര് ഡാനിയലിന്റെ രോഗികളായി എത്തി. പ്രശസ്ത സിനിമാതാരം പി യു ചിന്നപ്പ രോഗിയായി എത്തിയതോടു് കൂടി ഡാനിയലിന്റെ സിനിമാ കമ്പം വീണ്ടും തല പൊക്കി. വീണ്ടും പടം പിടിക്കുന്ന കമ്പവുമായി സമ്പാദിച്ചതെല്ലാം സിനിമാ പിടിക്കുന്നതിലേക്കു് വീണ്ടും മുടക്കാന്‍ തയ്യാറായ ഡാനിയലിനെ തമിഴിലെ വമ്പന്മാര് ചതിച്ചതോടു് കൂടി വീണ്ടും ദാരിദ്ര്യത്തിലേക്കു് തള്ളി വിടപ്പെട്ടു. 35മത്തെ വയസ്സു മുതല്‍ ഉണ്ടാക്കിയ ദന്തചികിത്സാസേവനത്തിന്റെ ലാഭമെല്ലാം രണ്ടാമത്തെ സിനിമാപിടിക്കാനുള്ള ശ്രമത്തില്‍ നശിച്ചു. അപ്പോഴേക്കും ആരോഗ്യവും ക്ഷയിച്ചിരുന്നു. മക്കള്‍ അയച്ചു കൊടുക്കുന്ന പണം കൊണ്ടു മാത്രം ശിഷ്ടജീവിതം മുന്നോട്ടു് കൊണ്ടു പോകേണ്ടതായി വന്നു.
വിവാദങ്ങള്‍:
ഡാനിയല്‍ ജീവിച്ചിരിക്കേ തന്നെ മലയാളത്തിലെ ആദ്യത്തെ ചലച്ചിത്രം ഏതാണെന്നു് ചൊല്ലി വിവാദങ്ങള്‍ കേരളക്കരയില്‍ നടക്കുന്നുണ്ടായിരുന്നു. വിഗതകുമാരനു ശേഷം ഇറങ്ങിയ നാഗര്‍കോവില്‍ സ്വദേശിയായ സുന്ദര്‍രാജിന്റെ മാര്‍ത്താണ്ഡവര്‍മ്മ എന്ന ചിത്രം ഉള്‍പ്പെടെ മലയാളക്കരയില്‍ ഇറങ്ങിയ ആദ്യത്തെ രണ്ടു ചിത്രങ്ങളേയും പിന്തള്ളിക്കൊണ്ടു് ബാലന് എന്ന സശബ്ദചിത്രമാണു് മലയാളത്തിലെ ആദ്യത്തെ ചിത്രമെന്നും അതു നിര്‍മ്മിച്ച റ്റി ആര് സുന്ദരമാണു് മലയാളസിനിമയുടെ പിതാവെന്നും ധാരണ കേരള സര്‍ക്കാര്‍ പുലര്‍ത്തി. ചേര്‍ത്തലയില്‍ കടക്കരപ്പള്ളിക്കാരനായ ചേലങ്ങാട്ടു് ഗോപാലകൃഷ്ണന് മാത്രമായിരുന്നു ഡാനിയലിനു വേണ്ടി വാദിക്കുവാന്‍ രംഗത്തുണ്ടായിരുന്നതു്. അദ്ദേഹം മേരിലാന്റു് സ്റ്റുഡിയോ ഉടമസ്ഥനായ പി സുബ്രഹ്മണ്യനോടു് തിരക്കിയപ്പോള്‍ അദ്ദേഹം "ഡാനിയേലിനേയും ഡാനിയലിന്റെ ചിത്രവും കണ്ടിട്ടുണ്ടു്" എന്നു് പറഞ്ഞ വാക്കുകള്‍ ചേലങ്ങാട്ടു് ഗോപാലകൃഷ്ണനു് ആശ്വാസവും ധൈര്യവും പകരുന്ന വാക്കുകളായിരുന്നു.

1970ല്‍ യാദൃശ്ചികമായി തമ്പാന്നൂര്‍ ബസ്റ്റാന്റില്‍ വച്ചാണു് ഡാനിയിലിനെ ഒരു ഞൊടിയിടവേള കാണുന്നതു്. അന്നു് തന്നെ ഡാനിയലിനെ കണ്ടു സംസാരിക്കാന്‍ സാധിച്ചില്ലെങ്കിലും തമ്പാന്നൂരില്‍ കേട്ട "എങ്ങനെ കഴിഞ്ഞ ആളാ. എല്ലാം സിനിമ പിടിച്ചു മുടിച്ചു" എന്ന വഴിയില്‍ കണ്ട ആളുടെ സംഭാഷണത്തില്‍ തുടങ്ങിയ അന്വേഷണം ചേലങ്ങാടു് ഗോപാലകൃഷ്ണനെ ചെന്നെത്തിച്ചതു് അഗസ്തീശ്വരത്തു് താമസിച്ചു പോന്ന ഡാനിയിലിന്റെ അരികിലേക്കാണു്.
ജെ സി ഡാനിയലിനെപ്പറ്റിയുള്ള തന്റെ പുസ്തകത്തില്‍ ആ സംഗമം ചേലങ്ങാട്ടു് ഗോപാലകൃഷ്ണന് വിവരിക്കുന്നതിങ്ങനെ 'അഗസ്തീശ്വരത്തു് എത്തി സബു് രജിസ്ട്രാര്‍ ഓഫീസു് കണ്ടു പിടിച്ചു. അതിനു പടിഞ്ഞാറു വശത്തുള്ള പഴയ ഒരു വീടും കണ്ടുപിടിച്ചു. മുന്‍വശത്തു് ഇടിഞ്ഞു പൊളിഞ്ഞ ഒരു മതില്. അതിനു് മരഗേറ്റു് എന്നു പറയാവുന്ന ഒന്നുണ്ടു്. മുറ്റത്തു് താളും തകരയും ആര്‍ത്തു വളര്‍ന്നു നില്ക്കുന്നു. വീടിന്റെ കതകുകളെല്ലാം അടഞ്ഞു കിടക്കുന്നു. ഒറ്റ നോട്ടത്തില്‍ ഒരു ഭാര്‍ഗ്ഗവീനിലയം തന്നെ. എനിക്കു് വീടു് തെറ്റിപ്പോയോ എന്നാശങ്കയായി. സംശയം തീര്‍ക്കാന്‍ ആരെയും കാണുന്നില്ല. കുറച്ചു നേരം അവിടെ പതുങ്ങി നിന്നു. വന്നതല്ലേ ഒന്നന്വേഷിച്ചുകളയാം എന്നു് തീരുമാനിച്ചു. ചവിട്ടുപടിയില്‍ കയറി നിന്നു കതകില്‍ മുട്ടി. പ്രതികരണമില്ല. വീണ്ടും മുട്ടി. അപ്പോള്‍ ആരോ നടന്നുവരുന്ന കാലൊച്ച കേട്ടു. തുടര്‍ന്നു് ജനലില്‍ക്കൂടി ആരോ ചോദിച്ചു "ആരാ?"

ശബ്ദം കേട്ട ഭാഗത്തേക്കു് ഞാന്‍ ചെന്നു. ജനാലയ്ക്കപ്പുറം വാര്‍ദ്ധക്യം കീഴടക്കിയ ഒരു മനുഷ്യന്. മുഖം ഷേവു് ചെയ്തിട്ടു് ദിവസങ്ങളായി. മുഷിഞ്ഞ കയ്യുള്ള ബനിയനും കൈലിയുമാണു് വേഷം. ഒരു തരം ദുര്‍ഗന്ധം ആ മനുഷ്യനില്‍ നിന്നും പ്രസരിക്കുന്നു. 'ഞാന്‍ ജെ സി ഡാനിയലിനെ കാണാനാ വന്നേ" - ഞാന്‍ പറഞ്ഞു. ഉടന്‍ വൃദ്ധന് കതകു് തുറന്നു, എന്നിട്ടു് വിളിച്ചു "ബാ". ഞാന്‍ കയറിച്ചെന്നു. വൃദ്ധന് മുമ്പേ നടന്നു് തൊട്ടപ്പുറത്തുള്ള കട്ടിലില്‍ വിരിച്ചിട്ട വൃത്തികെട്ട കിടക്കയില്‍ ഇരുന്നു. കട്ടിലിനു മുന്നിലായി ഭിത്തിയോടു് ചേര്‍ത്തിട്ടിരുന്ന കസേരയില്‍ ഇരിക്കാന്‍ എന്നോടു പറഞ്ഞു. ഞാനിരുന്നു. എന്നിട്ടു് ഞാനാരാണെന്നും എന്തിനാണു് വന്നതെന്നും അദ്ദേഹം ചോദിച്ചു. ഞാന്‍ സ്വയം പരിചയപ്പെടുത്തി. വന്ന കാര്യം പറഞ്ഞു. അപ്പോള്‍ വൃദ്ധന് പറഞ്ഞു "ഞാന്‍ തന്നെ ജെ സി ഡാനിയല്‍".
കന്യാകുമാരി ജില്ലയിലെ അഗസ്തീശ്വരത്തെ ന്യൂ ഹൗസില്‍ അവഗണനയ്ക്കിരയായ മലയാള സിനിമയുടെ പിതാവായ ശ്രീ ജെ സി ഡാനിയല്‍ 1975 ഏപ്രില്‍ നാലിനു് മരിക്കും വരെ തുടര്‍ന്നു പോന്ന ഒരു ആരാധകനും ആരാധ്യപുരുഷനും തമ്മിലുള്ള ബന്ധത്തിന്റെ തുടക്കമായിരുന്നു അതു്. ജെ സി ഡാനിയലിനെ അംഗീകരിക്കിപ്പിച്ചെടുക്കാന് വേണ്ടിയുള്ള ആരാധകന്റെ ഒറ്റയാള്‍ പട്ടാളം ആയി ചേലങ്ങാട്ടു് ഗോപാലകൃഷ്ണന് ദൗത്യം സ്വയം ഏറ്റെടുക്കുകയായിരുന്നു. വിവാദങ്ങള്‍ക്കിടയില്‍ അദ്ദേഹത്തിനും പല പ്രശ്നങ്ങള്‍ നേരിടേണ്ടതായി വന്നുവെങ്കിലും ലക്ഷ്യത്തില്‍ നിന്നും പിന്തിരിയാന് ചേലങ്ങാട്ടു് ഗോപാലകൃഷ്ണന് കൂട്ടാക്കിയില്ല.

Harris Daniel
1960കളില്‍ തന്നെ മലയാള സിനിമയുടെ പിതാവു് ജെ സി ഡാനിയല്‍ ആണെന്നു് പറഞ്ഞു് ചേലങ്ങാടു് ഗോപാലകൃഷ്ണന് ലേഖനങ്ങള്‍ എഴുതിത്തുടങ്ങിയിരുന്നെങ്കിലും അവയൊന്നും ഫലം കണ്ടിരുന്നില്ല. വാദഗതികള്ക്കു് അനുകൂലമായി നിന്നതു് മേരിലാന്ഡു് സ്റ്റുഡിയോ ഉടമസ്ഥന് സുബ്രഹ്മണ്യവും സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണനും മാത്രമായിരുന്നു. ഡാനിയേലിനെ മലയാള സിനിമയുടെ പിതാവായി വാഴിക്കാന്‍ വിസമ്മതിച്ച പ്രമുഖരില്‍ കെ കരുണാരരനും മലയാറ്റൂര്‍ രാമകൃഷ്ണനും പെടും.
കെ കരുണാകരന് മുഖ്യമന്ത്രി ആയിരുന്ന കാലത്തു് കേരള സംസ്ഥാന സര്‍ക്കാര്‍ അവശകലാകാര്ക്കായി 300രൂപ പെന്ഷന് ആദ്യമായി ഏര്‍പ്പെടുത്തിയപ്പോള്‍ അപേക്ഷകരുടെ പട്ടികയില്‍ ജെ സി ഡാനിയലിന്റെയും പേരും ഉണ്ടായിരുന്നു. വിഗതകുമാരന് നിശ്ശബ്ദചിത്രമാണെന്നും, ഡാനിയല്‍ തമിഴു്നാട്ടിലെ അഗസ്തീശ്വരത്തുകാരനാണെന്നും ഉള്ള വാദഗതിയില്‍ അദ്ദേഹത്തിന്റെ അപേക്ഷ തള്ളപ്പെട്ടു. വിഗതകുമാരന് ഷൂട്ടു് ചെയ്തതു് പട്ടത്താണെന്നും അഗസ്തീശ്വരം അക്കാലത്തു് തിരുവിതാംകൂറിന്റെ ഭാഗമായിരുന്നുവെന്നും ദി ട്രാവന്‍കൂര്‍ നാഷനല്‍ പിക്ചേഴ്സു് മൂവി സ്റ്റുഡിയോ തിരുവനന്തപുരത്തായിരുന്നുവെന്നും ഡാനിയല്‍ ഒരു മലയാളി ആയിരുന്നുവെന്നും ഉള്ള വാദം ആരും ചെവിക്കൊണ്ടില്ല.
1963ല്‍ മലയാള സിനിമയുടെ 25-മത്തെ വാര്‍ഷികം ആഘോഷിക്കാന്‍ കേരള ഫിലിം ചേംബര്‍ തീരുമാനിക്കുമ്പോഴും 1938ല്‍ ഇറങ്ങിയ ബാലന് എന്ന സിനിമ ആയിരുന്നു മലയാളത്തിലെ ആദ്യത്തെ ചലച്ചിത്രം എന്നു് അംഗീകരിക്കപ്പെട്ടിരുന്നതു്.
ചിന്താഗതികള്ക്കു് അവസാനം മാറ്റം വരാന്‍ തുടങ്ങിയതു് 1970ല്‍ അച്യുതമേനോന് മന്ത്രിസഭയുടെ കാലത്തു് മലയാള സിനിമയുടെ പിതാവായി ആരെ അവരോധിക്കണം എന്നതു് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ തുടങ്ങുമ്പോഴാണു്.
1971നു ശേഷം ഡാനിയലിന്റെ ആരോഗ്യനില വഷളായി. തളര്‍വാതം പിടിച്ചു കിടപ്പിലായ ഡാനിയലിനെ നോക്കാന്‍ ജാനറ്റു് മാത്രമാണുണ്ടായിരുന്നതു്. 1975ല്‍ ഏപ്രില്‍ 29നു് മലയാള സിനിമായുടെ പിതൃസ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ക്കു് തീരുമാനം ആകാന്‍ കാത്തു നില്‍ക്കാതെ ആചാരവെടികളുടെ അകമ്പടി ഇല്ലാതെ മാലോകരറിയാതെ ഡാനിയല്‍ എന്നെന്നേക്കുമായി കാലയവനികയില്‍ മറഞ്ഞു. മരിക്കുന്ന സമയത്തു് സ്വന്തം മക്കള്‍ പോലും അടുത്തില്ലായിരുന്നു. അവസാനത്തെ ഒരു തുള്ളി വെള്ളം കൊടുക്കാന്‍ ജാനറ്റു് മാത്രം. അഗസ്തീശ്വരത്തു് കുടുംബവക കല്ലറയില്‍ അദ്ദേഹം അന്ത്യവിശ്രമം കൊണ്ടു. പിന്നീടു് ഡാനിയലിന്റെ ഭാര്യ ജാനറ്റിനു സര്‍ക്കാര്‍ പെന്ഷന് അനുവദിച്ചു. ഒരു പതിറ്റാണ്ടിനു ശേഷം ജാനറ്റും ഭര്‍ത്താവിനെ അനുഗമിച്ചു. തിരുവനന്തപുരത്തു് എല്‍ എം എസു് പള്ളി സെമിത്തേരിയില്‍ ആ ത്യാഗമയിയുടെ ഭൗതികാവശിഷ്ടം അടക്കം ചെയ്യപ്പെട്ടു.
മരണാനന്തരമാണു് ജെ സി ഡാനിയല്‍ അംഗീകരിക്കപ്പെട്ടതു്. മലയാള ചലച്ചിത്രമേഖലയ്ക്കു് സമഗ്രസംഭാവനകള്‍ നല്കുന്നവര്ക്കായി കേരള സര്‍ക്കാര്‍ 1992ല്‍ ജെ സി ഡാനിയലിന്റെ പേരില്‍ ഒരു ലക്ഷം രൂപയുടെ പുരസ്ക്കാരം ഏര്‍പ്പെടുത്തി. ആദ്യ പുരസ്ക്കാരം നേടിയതു് നിര്‍മ്മാതാവും വിതരണക്കാരനുമായ ടി ഇ വാസുദേവന്‍ ആണു്.
ജെ സി ഡാനിയലിന്റെ ചലച്ചിത്രത്തിന്റെ പ്രത്യേതകകള്‍
1. മലയാളത്തിലെ ആദ്യത്തെ ചലച്ചിത്രം.
2. സാമ്പത്തികമായി പരാജയപ്പെട്ട ആദ്യത്തെ മലയാള ചലച്ചിത്രം
3. വിദേശത്തു് ഷൂട്ടിംഗു് നടന്ന ആദ്യത്തെ മലയാള ചലച്ചിത്രം
4. വാതില്‍പ്പുറ ചിത്രീകരണം ആദ്യം നടത്തിയ മലയാള ചലച്ചിത്രം
5. അംഗീകാരത്തിനായി വര്‍ഷങ്ങളോളം കാത്തിരിക്കേണ്ടി വന്ന മലയാള ചലച്ചിത്രം
6. ഏറ്റവും കുറച്ചു് കാണികള്‍ കണ്ട മലയാള ചലച്ചിത്രം
7. സമൂഹത്തെ സ്വാധീനിച്ചു് ഇളക്കി മറിക്കുന്നതില്‍ വിജയം വരിച്ച ആദ്യത്തെ ചലച്ചിത്രം. പക്ഷെ പ്രതികരണം ചിത്രത്തോടായിരുന്നു എന്നു മാത്രം.
8. നിര്‍മ്മാതാവിനും സംവിധായകനും അഭിനേതാവിനും മരണാനന്തരം മാത്രം അംഗീകാരം നേടിക്കൊടുത്ത ചിത്രം
9. കേരളത്തിലെ ആദ്യത്തെ സിനിമാ സ്റ്റുഡിയോ
കടപ്പാടു് :
ചേലങ്ങാട്ടു് ഗോപാലകൃഷ്ണന്റെ "ജെ സി ഡാനിയലിന്റെ ജീവിതകഥ"
You Tube - J C Daniel - Father of Malayalam Cinema
തയ്യാറാക്കിയതു് - മാധവഭദ്രന്‍