മലയാളചലച്ചിത്രസംഗീതരംഗത്തെ ഒരു നിറസാന്നിദ്ധ്യമാണു് ശ്രീ ഔസേപ്പച്ചൻ - പ്രശാന്തവും സംശുദ്ധവുമായ ഒരു സജീവസംഗീതസാന്നിദ്ധ്യം. ശാന്തമായി തഴുകിയൊഴുകുന്ന ഒരു കുളിരരുവി പോലെ, ഒരു കുളിർകാറ്റു പോലെയാണു് അദ്ദേഹത്തിന്റെ സംഗീതം. തന്റെ സംഗീതം പോലെ തന്നെ സംശുദ്ധമായ ഒരു വ്യക്തിജീവിതത്തിന്റെ ഉടമയുമാണു് അദ്ദേഹം. ചലച്ചിത്രസംഗീതസംബന്ധിയായ നിരവധി ബഹുമതികൾക്കുടമയായിട്ടുള്ള ഈ അനുഗ്രഹീതകലാകാരൻ തൃശൂര്‍ ജില്ലയിലെ ഒല്ലൂര്‍ എന്ന സ്ഥലത്തു് 1954 സെപ്റ്റംബര്‍13- നു് ജനിച്ചു. മേച്ചേരി ലൂയിസും, മാത്തിരിയുമാണു് മാതാപിതാക്കള്‍. കുടുംബാംഗങ്ങള്‍ എല്ലാവരും തന്നെ സംഗീതത്തോടു് നല്ല അഭിരുചിയുള്ളവരായിരുന്നു. സഹോദരരെല്ലാവരും നന്നായി പാട്ടു പാടുന്നവരുമായിരുന്നു. ചെറുപ്രായത്തിൽത്തന്നെ തന്റെ ഇഷ്ടവാദ്യോപകരണമായ വയലിൻ വായിക്കുന്നതിനോടു് വല്ലാത്ത ഒരു അഭിനിവേശമായിരുന്നു ഔസേപ്പച്ചനു്. സ്കൂളില്‍ പഠിക്കുന്ന സമയത്തു് തന്റെ ജ്യേഷ്ഠന്റെ വയലിൻ ആരുമറിയാതെ എടുത്തു വായിക്കുമായിരുന്നു എന്നു് അദ്ദേഹം ഓർമ്മിക്കുന്നു. അങ്ങനെ എല്ലാ അർത്ഥത്തിലും സംഗീതത്തോടു വളരെ അടുത്തു നിൽക്കുന്ന ഒരു ജീവിതമായിരുന്നു ബാല്യകാലം മുതൽ അദ്ദേഹത്തിന്റേതു്.
ചെറിയ ക്ലാസ്സുകളിൽ പഠിക്കുന്ന സമയം തന്നെ വയലിൻ ക്ലാസ്സുകളിൽ ചേർന്നു. അക്കാലത്തു് തന്റെ ഇടവകപ്പള്ളിയായ ഒല്ലൂർ പള്ളിയിൽ സന്ദർശകനായി വന്ന ഫാദര്‍ അഗസ്റ്റിന് അക്കര എന്ന പുരോഹിതൻ ഒരു ജർമ്മൻ നിർമ്മിത വയലിൻ സമ്മാനിച്ചതു് ഔസേപ്പച്ചന്റെ ജീവിതത്തിൽ മറക്കാന്‍ പറ്റാത്ത അനുഭവമായി. ആ വയലിനിലായിരുന്നു അദ്ദേഹം സംഗീതത്തിന്റെ ആദ്യപാഠങ്ങള്‍ അഭ്യസിച്ചതു്. അധികം താമസിയാതെ തന്നെ “ഇതാ സംഗീതമേഖലയിലേയ്ക്കു് ഭാവിയുടെ ഒരു വാഗ്ദാനം“ എന്നു മറ്റുള്ളവർ പറയത്തക്ക വിധം അദ്ദേഹം വയലിൻ വായനയിൽ പ്രാവീണ്യം നേടി. ഒല്ലൂർ പള്ളിയുടെ ഗായകസംഘത്തിലെ ഒരു സജീവാംഗവുമായിരുന്നു. അവിടെ നിന്നാണു് പൊതുരംഗത്തെ ഔസേപ്പച്ചന്റെ സംഗീതജീവിതം ആരംഭിച്ചതു് എന്നു തന്നെ പറയാം.
ഒല്ലൂര്‍ ഗവണ്മെന്റു് ഹൈസ്കൂളിൽ നിന്നു് സ്കൂൾ വിദ്യാഭ്യാസവും, തൃശൂർ സെന്റ് തോമസ് കോളേജിൽ നിന്നു് ബി.കോം ബിരുദവിദ്യാഭ്യാസവും പൂർത്തിയാക്കി. സംഗീതം തന്നയാണു് തന്റെ പ്രവര്‍ത്തനമേഖല എന്നു് അദ്ദേഹം അതിനകം തിരിച്ചറിഞ്ഞതിനാല്‍ മറ്റു ജോലികൾക്കൊന്നും ശ്രമിച്ചില്ല. “വയലിനെ അത്രമാത്രം അഗാധമായി പ്രണയിച്ചിരുന്നു ഞാൻ” എന്നാണു് ഔസേപ്പച്ചൻ ഇതിനെ അനുസ്മരിക്കുന്നതു്.
തൃശൂരിലെ അന്നത്തെ ഒരു പ്രമുഖ സംഗീതകൂട്ടായ്മയായിരുന്ന വോയ്സ് ഓഫ് ട്രിച്ചൂർ വാദ്യവൃന്ദത്തില്‍ വയലിനിസ്റ്റായാണു് അദ്ദേഹത്തിന്റെ സംഗീതജീവിതത്തിന്റെ അടുത്ത ഘട്ടം തുടങ്ങുന്നതു്. അവിടെ വയലിനിസ്റ്റായിരിക്കുമ്പോഴാണു് പിന്നണിഗായിക മാധുരിയമ്മയുടെ ഗാനമേളകളില്‍ പല വേദികളിലും വയലിന് വായിക്കാന്‍ അദ്ദേഹത്തിനു് അവസരം കിട്ടുന്നതും അതു വഴി ഔസേപ്പച്ചൻ എന്ന വയലിനിസ്റ്റ് പ്രമുഖ സംഗീതസംവിധായകന് ശ്രീ പരവൂര്‍ ദേവരാജന്‍ മാസ്റ്ററുടെ ശ്രദ്ധയില്‍ പെടുന്നതും, അങ്ങനെ അദ്ദേഹത്തിന്റെ സിനിമാരംഗത്തേക്കുള്ള വരവിനു കാരണമാകുന്നതും. തുടർന്നു് ദേവരാജന്‍ മാസ്റ്ററുടെ ട്രൂപ്പിനൊപ്പവും അദ്ദേഹം തന്റെ സംഗീതയാത്ര തുടർന്നു.
ദേവരാജന്‍ മാസ്റ്ററുടെ അഭിപ്രായപ്രകാരം ഔസേപ്പച്ചന് പിന്നീട് മദ്രാസില്‍ എത്തി ഒരു വയലിനിസ്റ്റായി പ്രവർത്തിച്ചുതുടങ്ങി. അക്കാലത്തു് മലയാളസിനിമാസംഗീതവുമായി ബന്ധപ്പെട്ട, റിക്കോഡിംഗ് ഉൾപ്പെടെയുള്ള, ജോലികളെല്ലാം മദ്രാസ്സിലാണു് നടന്നിരുന്നതു്. അങ്ങനെ അദ്ദേഹം സിനിമാലോകവുമായി അടുത്തു തുടങ്ങി. 1979 ൽ ഭരതന്റെ ‘ആരവം’ എന്ന ചിത്രത്തിന്റെ പശ്ചാത്തലസംഗീതമൊരുക്കുന്നതിൽ പ്രധാനപങ്കു വഹിച്ചു. അതിൽ ഒരു ചെറിയ റോളിൽ അഭിനയിക്കുകയുംയും ചെയ്തു. രണ്ടോ മൂന്നോ വർഷങ്ങൾക്കു ശേഷം ‘ഈണം’ എന്ന സിനിമയ്ക്കു വേണ്ടി സ്വതന്ത്രമായി പശ്ചാത്തലസംഗീതമൊരുക്കാൻ ഔസേപ്പച്ചനു് അവസരമുണ്ടായി - അദ്ദേഹത്തിന്റെ സിനിമാരംഗത്തെ സ്വതന്ത്രമായ ആദ്യത്തെ ചുവടു വെയ്പ്പു്.
1985ൽ ഭരതന് സംവിധാനം ചെയ്ത ‘കാതോടു കാതോരം‘ ആയിരുന്നു ഔസേപ്പച്ചന് സ്വന്തമായി സംഗീതസംവിധാനം ചെയ്ത ആദ്യത്തെ സിനിമ. ഈ ചിത്രത്തില്‍ “നീ എൻ സർഗ്ഗ സൌന്ദര്യമേ....“ എന്നു പാടുന്ന, മമ്മൂട്ടിയുടെ ശ്രദ്ധേയമായ ഒരു വേഷമായിരുന്ന, നായകനും ഒരു വയലിനിസ്റ്റാണു് എന്നതു് കൌതുകകരമായ മറ്റൊരു കാര്യമാണു്. ആ ചിത്രത്തെയും ചിത്രത്തിലെ സംഗീതത്തെയും സിനിമാപ്രേക്ഷകർ ആവേശപൂർവ്വം സ്വാഗതം ചെയ്തു. അതിനുശേഷം അദ്ദേഹം സംഗീതസംവിധാന രംഗത്തു് സജീവമായി നിലകൊണ്ടു. കൂടാതെ പലസിനിമകളുടെയും പശ്ചാത്തല സംഗീതമൊരുക്കിയിട്ടുമുണ്ടു്. താനൊരുക്കുന്ന ഗാനങ്ങൾക്കിടയിലെ മനോഹരമായ വയലിൻ സ്പർശങ്ങൾ, ആ സംഗീതത്തിനുണ്ടായിരുന്ന ഒരു സംശുദ്ധിയും തനിമയും, ഇതൊക്കെ അദ്ദേഹത്തെ വളരെ ശ്രദ്ധേയനാക്കി.
1985 ലെ ‘കാതോടു കാതോര‘ത്തിൽ തുടങ്ങി 2012 ലെ ‘കലികാലം‘ വരെ നൂറ്റിനാലു മലയാള ചിത്രങ്ങളിലെ അഞ്ഞൂറിലെറെ വരുന്ന ഗാനങ്ങൾക്കു് രാഗവും ഈണവും നൽകിക്കൊണ്ടു് ആ സവിശേഷസംഗീതസപര്യ ഇപ്പോഴും തുടർന്നുകൊണ്ടേയിരിക്കുന്നു. ‘ഡാം 999‘ എന്ന ഇംഗ്ലീഷ് ചിത്രത്തിനും ഔസേപ്പച്ചനാണ് സംഗീതം നൽകിയിരിക്കുന്നത്. ഹിന്ദി ചിത്രങ്ങളായ ‘ഫ്രീക്കി ചക്ര‘യിലെ ഗാനങ്ങളും ‘ആക്രോശ്‘, ‘ഖട്ടാ മീട്ട‘, ‘ബും ബും ബോലെ‘ എന്നിവകളുടെ പശ്ചാത്തലസംഗീതവും അദ്ദേഹമാണു് ചെയ്തതു്. ഇതുകൂടാതെ ‘ഓണപ്പൂത്താലം’, ‘വസന്തഗീതങ്ങൾ’ തുടങ്ങി പോപ്പുലർ ആൽബം ഗാനങ്ങളും ധാരാളം ക്രിസ്തീയഭക്തിഗാനങ്ങളും അദ്ദേഹം ചെയ്തിട്ടുണ്ടു്.
1987ൽ അദ്ദേഹം ചെയ്ത ‘ഉണ്ണികളേ ഒരു കഥപറയാം’ എന്ന ചിത്രത്തിലെ സംഗീതസംവിധാനത്തിനു് ഏറ്റവും മികച്ച സംഗീത സംവിധായകനുള്ള കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം അദ്ദേഹത്തിനു് ലഭിച്ചു. പിന്നീടു്, ശ്രീ ശ്യാമപ്രസാദ് സംവിധാനം ചെയ്ത "ഒരേ കടൽ" എന്ന ചിത്രത്തിലെ സംഗീതത്തിനു് 2007 ലെ ഏറ്റവും മികച്ച സംഗീതസംവിധായകനുള്ള ദേശീയ പുരസ്കാരവും ആ വർഷത്തെ ഫിലിം ഫെയർ അവാർഡും അദ്ദേഹത്തെ തേടിയെത്തി. ആ ചിത്രത്തിൽ അദ്ദേഹം ചിട്ടപ്പെടുത്തിയ എല്ലാ ഗാനങ്ങളും ശുഭ പന്തുവരാളി രാഗത്തെ ആധാരമാക്കിയായിരുന്നു എന്നതു് സവിശേഷശ്രദ്ധയാകർഷിച്ചിരുന്നു.
ശ്രീ ഔസേപ്പച്ചന്റെ പത്നി ശ്രീമതി മറിയം. മക്കൾ കിരൺ, അരുൺ എന്നിവർ. പിന്നണി ഗായകന് ഫ്രാങ്കോ സഹോദരീപുത്രനാണു്.
തയ്യാറാക്കിയതു് - കല്യാണി
References :
Interviews with Ouseppachan (Youtube)
വിക്കിപ്പീഡിയ
മലയാളസംഗീതം- Malayalam Music & Movie Encyclopedia