KG Sathar
Musician
മാപ്പിളപ്പാട്ടുകൾ രചിക്കുകയും, അവയ്ക്കു സംഗീതം നൽകുകയും സ്വയം പാടുകയും ചെയ്തിരുന്ന കലാകാരനായിരുന്നു ശ്രീ കെ ജി സത്താർ. ‘മാപ്പിളപ്പാട്ടിന്റെ സുൽത്താൻ’ എന്നാണു് അദ്ദേഹം അറിയപ്പെട്ടിരുന്നതു്. ഗ്രാമഫോണ്‍ റെക്കോഡില്‍ ആദ്യം രേഖപ്പെടുത്തപ്പെട്ട മലയാളശബ്ദത്തിന്റെ ഉടമയായ പഴയതലമുറയിലെ പ്രസിദ്ധ ഗായകന് കൊട്ടുക്കല്‍ ഗുല്‍മുഹമ്മദ് ബാവയുടെയും ബീവിക്കുഞ്ഞിയുടെയും മകനായി 1928 ആഗസ്റ്റ് 27 നു് ജനിച്ച സത്താർ പിതാവിൽ നിന്നു് സംഗീതത്തിന്റെ ബാലപാഠങ്ങൾ അഭ്യസിച്ചു. പൂവത്തൂർ സെന്റ് ആന്റണീസ് ഹയർ എലിമെന്ററി സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. പിന്നീടു് മട്ടാഞ്ചേരിയിലെ കൃഷ്ണന്‍കുട്ടി ഭാഗവതരുടെ പക്കല്‍ നിന്നും ശാസ്ത്രീയസംഗീതം അഭ്യസിച്ചു. ചെറുപ്പകാലം മുതൽതന്നെ മാപ്പിളപ്പാട്ടിന്റെ ആലാപനത്തിലും സംഗീതസംവിധാനത്തിലും സജീവമായിരുന്നു. പക്ഷെ കുടുംബത്തിലെ സാമ്പത്തിക പരാധീനതകളാൽ ചെറുപ്രായത്തിൽ തന്നെ ജോലിതേടി ബോബെയിലേക്കു് പോകേണ്ടി വന്നു. ബോംബെ ഇലക്ട്രിക് സപ്ളൈ ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് കമ്പനിയില്‍ ബസ് കണ്ടക്ടറായി ജോലിചെയ്യുമ്പോഴും സംഗീതം കൈവിടാതിരിക്കുവാൻ അവിടെ ഒരു സംഗീതവിദ്യാലയത്തിൽ ചേർന്നു. മാന്ഡൊലിൻ, ഗിത്താര്‍, സിത്താര്‍, വയലിന്, ബുള്‍ബുള്‍ എന്നിവയിലൊക്കെ അവിടെവെച്ചു് പ്രാവീണ്യം നേടി. ബോംബെയിൽ താമസിക്കുന്നതിന്റെ ഇടയിലും ഇടയ്ക്കിടെ നാട്ടിലെത്തി തന്റെ ഗാനാലാപനസിദ്ധി നിരന്തരം തിളക്കിക്കൊണ്ടിരുന്നു സത്താർ. 1967ൽ ബോംബെയിൽ നിന്നും സ്ഥിരമായി നാട്ടിൽ തിരിച്ചെത്തി ഒരു ബുക്സ് സ്റ്റാൾ തുടങ്ങി.സംഗീത വിദ്യാര്‍ത്ഥികൾക്കു് ഏറെ ഉപകാരപ്രദമായ, ഹാര്‍മോണിയം സ്വയം അഭ്യസിക്കാൻ സഹായകമായ 'ഹാര്‍മോണിയ അദ്ധ്യാപകൻ' എന്ന സ്വന്തം രചനയടക്കം നിരവധി പുസ്തകങ്ങള്‍ അദ്ദേഹം പുറത്തിറക്കി. ആത്മകഥാംശമുള്ള ‘നെല്ലിക്ക‘, എന്‍െറ ഗാനങ്ങള്‍ തുടങ്ങിയ ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ടു്.
മാപ്പിളപ്പാട്ടിനു പുറമേ നിരവധി ലളിതഗാനങ്ങളും നാടകഗാനങ്ങളും എഴുതുകയും, സംഗീതം നൽകി ആലപിക്കുകയും ചെയ്തിട്ടുണ്ട്. ആദ്യരാത്രി എന്ന നാടകത്തിനുവേണ്ടി സത്താര്‍ രചിച്ചു് ഈണമിട്ടു് പാടിയതാണു് 'കണ്ണിന്റെ കടമിഴിയാലേ....' എന്ന പ്രശസ്ത ഗാനം. ഓള് ഇൻഡ്യാ റേഡിയോയില്‍ എ ഗ്രേഡ് ആര്‍ട്ടിസ്റ്റായിരുന്നു. 1960-70കളില്‍ ആകാശവാണിയിലും ഗ്രാമഫോണ്‍ റെക്കോഡുകളിലും നിരവധി മാപ്പിളപാട്ടുകള്‍ ആലപിച്ചു. അക്കാലത്തു് ഗ്രാമഫോണ്‍ റെക്കോഡുകളിലും ഗാനമേള വേദികളിലും നിറഞ്ഞുനിന്നിരുന്ന ശബ്ദമായിരുന്നു കെ ജി സത്താറിന്റേതു്. ബാബുരാജുള്പ്പെടെയുള്ളവരുടെ സംഗീതസംവിധാനത്തില്‍ നിരവധി ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ടു്. ബാബുരാജ് ഈണമിട്ടു് സത്താര്‍ രചിച്ചു് പാടിയ, 'മക്കത്തു പോണോരെ ഞങ്ങളെ കൊണ്ടുപോണേ...' എന്ന ഗാനം ഇപ്പോഴും നിത്യഹരിതമായി നിലകൊള്ളുന്ന അദ്ദേഹത്തിന്റെ ഗാനങ്ങളിലൊന്നാണു്. ജനപ്രീതിയാർജ്ജിച്ച പ്രസിദ്ധങ്ങളായ അറുനൂറിലേറെ ഗാനങ്ങൾ പാടിയിട്ടുണ്ടു്. ‘കേരള ഗായകസമിതി’ എന്നപേരിൽ ഒരു ട്രൂപ്പും തുടങ്ങിയിരുന്നു. സിങ്കപ്പൂര്‍, മലേഷ്യ, ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ ഒട്ടേറെത്തവണ പരിപാടികളവതരിപ്പിച്ചിട്ടുണ്ടു്. സംഗീതവും സംഗീതോപകരണങ്ങളും സൗജന്യമായി പഠിപ്പിച്ചുകൊടുക്കാനും ഇദ്ദേഹം മുൻപന്തിയിലായിരുന്നു. സംഗീത സംവിധായകന് മോഹന്‍ സിത്താര, അദ്ദേഹത്തിന്റെ ജ്യേഷ്ഠന് സിത്താറിസ്റ്റ് സുബ്രഹ്മണ്യന്, അസീസ് ബാവ തുടങ്ങിയ നിരവധി പ്രമുഖർ സത്താറിന്റെ ശിഷ്യരാണു്. ഇടക്കാലത്തു് സംഗീത പരിപാടികളുടെ തിരക്കു കുറഞ്ഞപ്പോൾ അബുദാബിയിലേക്കു് പോയി അവിടെ കാസെറ്റ് കട തുടങ്ങി. ഏറെവർഷങ്ങൾ അതു് നടത്തിയിരുന്നു. 2000 ൽ തിരിച്ചു നാട്ടിൽ സ്ഥിരതാമസമാക്കി.
2004ല്‍ സംഗീത നാടക അക്കാദമിയുടെ മാപ്പിളപ്പാട്ടിനുള്ള പുരസ്കാരം, കേരള മാപ്പിള കലാ അക്കാദമി പ്രശംസാപത്രം, മൊയീന്‍കുട്ടി വൈദ്യര് അവാര്‍ഡ് തുടങ്ങിയ നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ടു്.
മറിയുമ്മുവാണു് ഭാര്യ. മക്കള്‍: സലീം, ജമീല, നൗഷാദ്, കമറുദ്ദീന്,നസീമ. മൂത്തമകന് സലീം സത്താര്‍, ദീപസ്തംഭം മഹാശ്ചര്യം, ജോക്കര്‍,സ്നേഹിതന് എന്നീ സിനിമകളുടെ നിർമ്മാതാവാണു്. മാപ്പിളപ്പാട്ടു് എന്ന ശാഖയെ ഇന്നത്തെ ജനപ്രീതിയിലെത്തിക്കാന് കെ.ജി സത്താറിന്റെ സംഭാവനകള്‍ വളരെ വലുതായിരുന്നു. കഴിഞ്ഞ അഞ്ചുവർഷങ്ങളായി തൃശ്ശൂര്‍ പാവറട്ടിയിലെ വീട്ടിൽ പക്ഷാഘാതം പിടിപ്പെട്ടു് കിടപ്പിലായിരുന്ന ഈ പ്രതിഭാധനൻ 2015 ജൂലൈ 24 നു് തന്റെ എൺപത്തിഏഴാമത്തെ വയസ്സിൽ നിര്യാതനായി.
തയ്യാറാക്കിയതു് - കല്യാണി
References :
Various internet portals
Tables: Non Movie Songs
Category Entries to Display :
10 |
20 | 100 |
500 | ...........
Lyricist | Songs |
KG Sathar | 1 |
Ahamed Padoor | 1 |
|
|
|
|
Relevant Articles