ഭാരതീയസംഗീതത്തിന്റെ വലിയ ക്യാൻവാസിൽ പാശ്ചാത്യസംഗീതത്തിന്റെ കമനീയമായ ഇഴകൾ തുന്നിച്ചേർത്ത പ്രതിഭാശാലിയാണു് ശ്രീ ജെറി അമൽദേവ്. ഈ പ്രതിഭാധനനെ മലയാളസിനിമയ്ക്കു സമ്മാനിച്ചതു് 1980-ൽ പ്രദർശനത്തിനെത്തിയ ‘മഞ്ഞിൽ വിരിഞ്ഞ പൂക്കൾ’ എന്ന സിനിമയാണു്. ആ സിനിമ അക്ഷരാർത്ഥത്തിൽ നവാഗതരുടെ ഒരു പ്രകടനമായിരുന്നു - അന്നു വരെ കാണാത്ത നടീനടന്മാർ, അന്നു വരെ കണ്ടിരുന്ന ദൃശ്യങ്ങളിൽ നിന്നു വിഭിന്നമായ വർണ്ണക്കാഴ്ചകൾ നിറഞ്ഞ ഫ്രെയിമുകൾ, അധികമാർക്കും പരിചയമില്ലാത്ത അണിയറശില്പികൾ, ഇവയൊക്കെ കൂടാതെ അന്നു വരെ കേട്ടതിൽ നിന്നു് ഒട്ടൊക്കെ വിഭിന്നമായ ഓർക്കസ്ട്രേഷൻ നിറഞ്ഞ ഗാനങ്ങളും ഗാനചിത്രീകരണങ്ങളും. അങ്ങനെ ജെറി അമൽദേവ് എന്ന സംഗീതപ്രതിഭയുടെ മലയാള ചലച്ചിത്രരംഗപ്രവേശം ഒരു തരത്തിൽ ഒരാഘോഷം തന്നെയായിരുന്നു.
ഇന്നും സംഗീതരംഗത്തു് സജീവമായി നിൽക്കുന്ന ശ്രീ ജെറി 1939 ഏപ്രിൽ 15-നു് വെളീപ്പറമ്പിൽ സി.ജോസഫിന്റെയും, മൂഞ്ഞപ്പിള്ളി ഡി. മേരിയുടേയും ഏഴുമക്കളിൽ നാലാമത്തെ മകനായി ജനിച്ചു. കൊച്ചിയിൽ മട്ടാഞ്ചേരിക്കടുത്തു് പാണ്ടിക്കുടി അല്ലെങ്കിൽ നസ്രത്ത് എന്നു പറയുന്ന സ്ഥലത്തായിരുന്നു ജനിച്ച തറവാടു്. അമ്മയുടെ അമ്മയോടൊപ്പം ബാല്യകാലത്തു തന്നെ എറണാകുളത്തേക്കു താമസം മാറി. അവിടെ പള്ളികളിൽ പാടിയിരുന്ന ലത്തീൻ പാട്ടുകളിൽ ചെറുപ്പത്തിൽ തന്നെ ആകൃഷ്ടനായി - ആ പാട്ടുകൾ കേട്ടു വളർന്നു എന്നു തന്നെ പറയണം. “ഇന്നു നാം കേൾക്കുന്ന പാശ്ചാത്യസംഗീതത്തിന്റെ തുടക്കം ലത്തീൻ സംഗീതത്തിൽ നിന്നാണു്. അതു കൊണ്ടു് അന്നു തന്നെ പാശ്ചാത്യസംഗീതത്തോടും, രാഗാധിഷ്ഠിതമായ ഉത്തരേന്ത്യൻ സംഗീതത്തോടും അറിയാതെ ഒരടുപ്പം തോന്നിയിരുന്നു” എന്നാണു് അദ്ദേഹം തന്റെ സംഗീതബാല്യത്തെ അനുസ്മരിക്കുന്നതു്. എറണാകുളത്തു് സെന്റ് ആൽബെർട്സ് സ്കൂളിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം. എട്ടാമത്തെ വയസ്സു മുതല്‍ പൊതുവേദികളിൽ പാടിത്തുടങ്ങി - പള്ളിയിലെ ഗായകസംഘത്തിലെ സ്ഥിരം പാട്ടുകാരനായിരുന്നു അദ്ദേഹം. എട്ടാം ക്ലാസ്സിൽ ആയപ്പോഴേക്കും സംഗീതം ചിട്ടപ്പെടുത്തുന്ന രംഗത്തേക്കു് ഒരു ചെറിയ കാൽവെയ്പ്പു നടത്തി. ഇന്നത്തെ കൊച്ചിൻ ആർട്സ് ആന്റ് കമ്മ്യൂണിക്കേഷൻസ് (സി.എ.സി.) യുടെ തുടക്കം ആയിരുന്ന ബോസ്കോ കലാസമിതിയിൽ വെച്ചു് ആദ്യമായി ഒരു നാടകഗാനം ചിട്ടപ്പെടുത്തി. അതായിരുന്നു സംഗീതസംവിധാനത്തിന്റെ തുടക്കം.
ഹൈസ്കൂൾ കഴിഞ്ഞു് തന്റെ പതിനാറാം വയസ്സിൽ പുരോഹിതനാകുവാൻ വേണ്ടി സെമിനാരിയിൽ പുരോഹിതപഠനത്തിനുവേണ്ടി ഉത്തരേന്ത്യയിലേക്കു പോയി. ഇൻഡോറിലുള്ള ഹോൾക്കർ കോളേജിൽ പഠനം തുടങ്ങി. അവിടെ നിന്നും ഇന്റർമീഡിയറ്റ് പാസ്സായ ശേഷം തുടർപഠനത്തിനായി പൂനയിലേക്കു് പോയി. ഫിലോസഫിയിൽ ബിരുദമെടുത്തു. ജെറിയുടെ സിദ്ധി മനസിലാക്കിയ മുതിര്‍ന്ന വൈദികര്‍, സംഗീതം പഠിക്കാന്‍ ജെറിയെ ഉപദേശിച്ചു. അഞ്ചാറു വർഷം നീണ്ടുനിന്ന ഇൻഡോറിലെയും പൂനയിലെയും സെമിനാരി ജീവിതത്തോടൊപ്പം സംഗീതപഠനവും തുടർന്നു. ഇൻഡോറിൽ വെച്ചു് ഉപകരണസംഗീതമായിരുന്നെങ്കിൽ പൂനയിൽ വെച്ചു് മധുസൂദൻ പട്വർദ്ധന്റെ കീഴിൽ ഹിന്ദുസ്ഥാനി സംഗീതമാണു് പഠിച്ചതു്. മനസ്സുനിറയെ സംഗീതമായിരുന്നതിനാൽ പിന്നീട് പുരോഹിതപഠനം ഉപേക്ഷിച്ചു് അദ്ദേഹം ഒരു ചെറിയ ജോലി തരമാക്കി ഒരു മുഴുവന്‍സമയ സംഗീതജ്ഞനാവുക എന്ന ലക്ഷ്യത്തോടെ ബോംബേയ്ക്കു പോയി. അവിടെ വെച്ചു് പ്രശസ്തസംഗീതജ്ഞൻ നൌഷാദിനെ കണ്ടുമുട്ടുന്നു. ആ പരിചയപ്പെടൽ ജെറിയുടെ സംഗീതജീവിതത്തിൽ ഒരു വഴിത്തിരിവായി. അദ്ദേഹത്തിന്റെ കൂടെ ഒരു സഹായിയായി 1969 വരെ തുടർന്നു. “ആ സംഗീതയാത്ര വളരെ നിര്‍ണ്ണായകമായി. സംഗീതത്തെപ്പറ്റി ഒരുപാടു കാര്യങ്ങള്‍ ആ മഹാനിൽ നിന്നു് ഗ്രഹിക്കുവാന്‍ സാധിച്ചു“ എന്നദ്ദേഹം പറയുന്നു. ഓര്ക്കസ്ട്രേഷൻ എന്താണെന്നും, റീ റിക്കോർഡിങ്ങിനെപ്പറ്റിയും, സ്ക്കോർ എഴുതുന്നതിലുള്ള കർക്കശമായ ചിട്ടയും അദ്ദേഹം മനസ്സിലാക്കുന്നതു് ശ്രീ നൗഷാദിൽ നിന്നാണു്.
അതിനുശേഷം ജെറി അമൽദേവ് കൂടുതലായുള്ള സംഗീതപഠനത്തിനായി അമേരിക്കയിലേക്കു പോയി. അവിടെ ലൂയിസിയാന, ഇത്താക്ക തുടങ്ങിയ സ്ഥലങ്ങളിലെ സർവ്വകലാശാലകളിൽ നിന്നു് സംഗീതത്തിൽ ബിരുദ, ബിരുദാനന്തരപഠനവും പിന്നീടു് പ്രസിദ്ധമായ ന്യൂയോർക്കിലെ ഇത്താക്കയിലെ കോർണെൽ സർവ്വകലാശാലയിൽ (ലോകത്തെ ഏറ്റവും നല്ലതെന്ന് കരുതപ്പെടുന്ന 8 ഐവി ലീഗ് സർവകശാലകളിൽ ഒന്ന്) നിന്നു് സംഗീതത്തിൽ മാസ്റ്റേഴ്സും സമ്പാദിച്ചു. അമേരിക്കയിൽ സംഗീതാദ്ധ്യാപകനായും ഓർക്കസ്ട്രാ കണ്ടക്ടറായുമൊക്കെ പല നിലകളിൽ കുറച്ചുനാൾ കഴിഞ്ഞ ശേഷം 1979- ൽ കേരളത്തിൽ മടങ്ങിയെത്തി. അക്കാലത്ത് തന്റെ അടുത്ത സുഹൃത്തായ ഫാദർ മുളവനയുമായി ചേർന്ന് മലയാള/ഭാരതീയ ക്രിസ്തീയ സംഗീതത്തിന് ഒരു പുതിയ മുഖമുണ്ടാക്കാൻ ശ്രമിച്ചു. അതിലൊന്നാണ് ഹിന്ദിയിൽ അദ്ദേഹം ഉണ്ടാക്കിയ 'ലാറ്റിൻ ചാൻറ്റ് എക്സ്യുസ്സ്ൽട്'. തന്റെ ഒരു ബന്ധു മുഖേന നവോദയ അപ്പച്ചനെ സമീപിക്കുകയും ആ വർഷം തന്നെ “മഞ്ഞിൽ വിരിഞ്ഞ പൂക്കളി”ൽ സംഗീതസംവിധായകനാകുകയും ചെയ്തു.
മലയാളികൾ അറിയുന്ന ജെറി അമൽദേവു് എന്ന സംഗീതസംവിധായകന്റെ ജീവിതം തുടങ്ങുന്നതു് ആ ചിത്രത്തിന്റെ വരവോടെയാണു്. വളരെ ലളിതമായ ഈണങ്ങൾ പോലും വ്യത്യസ്തമായ ഓർക്കസ്ട്രേഷന്റെ അകമ്പടിയിൽ അത്യാകർഷകമാവുന്നതെങ്ങനെ എന്നു് ആ സിനിമയിലൂടെ അദ്ദേഹം തെളിയിച്ചു. ആ ചിത്രവും അതിലെ എല്ലാ ഗാനങ്ങളും സൂപ്പര്ഹിറ്റായിത്തീർന്നു. തന്റെ ആദ്യചിത്രത്തിൽത്തന്നെ കേരളത്തിലെ മികച്ച സംഗീതസംവിധായകനുള്ള സംസ്ഥാന അവാര്‍ഡ് നേടുവാനും അദ്ദേഹത്തിനു സാധിച്ചു. തുടര്‍ന്നു് നിത്യഹരിതങ്ങളായ ഒട്ടേറെ ഗാനങ്ങൾക്കു് അദ്ദേഹം സംഗീതം പകര്‍ന്നു. നോക്കെത്താ ദൂരത്ത് കണ്ണുംനട്ടു്, എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്കു്, എന്നെന്നും കണ്ണേട്ടന്റെ, കൂടും തേടി, കാട്ടുപോത്ത് തുടങ്ങി ഒരുപാടു ചലച്ചിത്രങ്ങൾക്കു് സംഗീതം പകർന്നു അദ്ദേഹം. നല്ല സംഗീതത്തിനുവേണ്ടി വിട്ടുവീഴ്ചകൾക്കു തയ്യാറാകാതെ തന്റെ അഭിപ്രായങ്ങൾ മറയില്ലാതെ പ്രകടിപ്പിക്കുന്ന ഒരു വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേതു്. അതിമനോഹരങ്ങളും വ്യത്യസ്തങ്ങളുമായ ധാരാളം ഗാനങ്ങൾ അദ്ദേഹം അവതരിപ്പിച്ചു എങ്കിലും അദ്ദേഹത്തിനു് അർഹമായ ഒരു സ്ഥാനം നൽകുവാനോ അംഗീകാരങ്ങൾ നൽകുവാനോ നമ്മുടെ ചലച്ചിത്ര രംഗത്തിനു കഴിഞ്ഞില്ല എന്നതാണു് സത്യം. പിൽക്കാലത്തു് അദ്ദേഹം സംഗീതം കൊടുത്ത പല ചിത്രങ്ങളും പ്രദർശനവിജയം നേടാതെ പോവുകയോ അല്ലെങ്കിൽ പ്രദർശനത്തിനെത്താതിരിക്കുകയോ ചെയ്തു എന്നതും അദ്ദേഹത്തിന്റെ ദൌർഭാഗ്യമായി. ചലച്ചിത്രസംഗീതത്തിൽ അല്ലെങ്കിലും ജെറി അമൽദേവിന്റെ സംഗീതത്തിൽ പിന്നീടു് ഒട്ടേറെ ഗാനങ്ങൾ ഉണ്ടായി - ഏറെയും ക്രിസ്തീയ ഭക്തിഗാനങ്ങളുടെ ആല്‍ബങ്ങള്‍. 2010 ൽ അദ്ദേഹം 'Sing India with JerryAmaldev' എന്നുപേരുള്ള ഒരു മ്യൂസിക് ഗ്രൂപ്പിനു തുടക്കമിട്ടു.
1980 ൽ “മഞ്ഞിൽ വിരിഞ്ഞ പൂക്കളി”ലെ സംസ്ഥാന അവാർഡു് കൂടാതെ 1990 ൽ “അപരാഹ്ന”ത്തിലെ സംഗീതത്തിനും 1995 ൽ കഴകത്തിലെ പശ്ചാത്തലസംഗീതത്തിനും അദ്ദേഹത്തിനു് സംസ്ഥാന അവാർഡുകൾ ലഭിച്ചു.
ഭാര്യ - പരേതയായ ശ്രീമതി ജോളി. മൂന്നു പെൺ മക്കൾ - മീര, സംഗീത, ഡാലിയ. മൂന്നു പേരും വിവാഹിതരാണു്. എറണാകുളത്തുള്ള പ്രശസ്ത വിദ്യാലയമായ ‘ദി ചോയ്സ്’ സ്കൂളിലെ സംഗീതവിഭാഗത്തിന്റെ തലവനായും ചോയ്സ് സ്ഥാപനങ്ങളുടെ മൊത്തം സംഗീതപരമായ പ്രവർത്തനങ്ങളുടെ ചുക്കാൻ പിടിക്കുന്ന സംഗീത കൺസൾറ്റന്റായും അദ്ദേഹം ഇന്നും സംഗീതരംഗത്തു് സജീവമായിക്കൊണ്ടു് എറണാകുളത്തു താമസിക്കുന്നു.
ജെറി അമൽദേവിന്റെ സിനിമ കരിയർ വളരെ പ്രത്യേകതകൾ നിറഞ്ഞതാണ്. നൗഷാദിന്റെ അസിസ്റ്റന്റ്, മോഹൻലാലിന്റെ/ഫാസിലിന്റെ ഏറ്റവും പ്രസിദ്ധ സിനിമയിലെ അനശ്വര ഗാനങ്ങൾ, കോർണെൽ സർവകലാശാലയിൽ നിന്ന് ബിരുദാനന്ദര ബിരുദം.. ഇതിനെല്ലാം ശേഷം സംഗീത സംവിധാനം ചെയ്തതിൽ നാലിൽ പത്ത് സിനിമകളും റിലീസ് ആവാതിരിക്കുക. ഇന്റർനെറ്റിന്റെ അതിപ്രസരത്തിന് മുൻപുള്ള കാലത്ത് സിനിമകൾ പുറത്തിറങ്ങിയില്ലെങ്കിൽ പാട്ടുകൾ ശ്രദ്ധിക്കപ്പെടുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല എന്നോർക്കണം. എന്നിരിക്കിലും ജെറി അമൽദേവ് മലയാള ഭാഷയും സംഗീതവും ഉള്ളിടത്തോളം കാലം ഓർക്കപ്പെടും.
References :
ഇന്നലത്തെ താരം (ATV Interview)
മലയാളസംഗീതം- Malayalam Music & Movie Encyclopedia
ക്രിസ്ത്യൻ മ്യൂസിക് സൊസൈറ്റി
ഇന്റർവ്യൂ
Lyricist | Songs |
K Jayakumar | 12 |
Mathew Mulavana | 11 |
Joseph Manakkal | 9 |
ONV Kurup | 9 |
Shibu Chakravarthy | 8 |
Fr Abel | 8 |
Roy Areekuzhiyil | 7 |
RK Damodaran,Chowalloor Krishnankutty,Unnikrishnan,Nelson Fernandez | 6 |
Artist Baby Chengannur | 6 |
Fr Michael Panachikkal | 6 |
|
Singers | Songs |
KS Chithra | 20 |
KJ Yesudas | 12 |
TS Radhakrishnan,Viju Santharam,Gowrishankar(Chakyarkoothu),Mehaboob,Mohan,Ramesh,Ashraf,Prasannakumar,Nandakumar,Sujatha Mohan,Thelma | 6 |
KJ Yesudas,Sujatha Mohan | 5 |
Sujatha Mohan | 4 |
Kalabhavan Jimmi | 4 |
Ramesh Murali,Chorus | 4 |
KJ Yesudas,KS Chithra | 3 |
Satheesh Bhat,Chorus | 3 |
Kester | 3 |
|
Raga | Songs |
Darbari Kaanada | 1 |
Aabheri | 1 |
Sivaranjani | 1 |
Valachi | 1 |
Jog | 1 |
|
|