കുട്ടനാട്ടിലെ പൂതുക്കരിയിലെ ഗോവിന്ദക്കുറുപ്പിന്റെയും ഭാരതിയമ്മയുടെയും മകനായി 1957 മേയ് 16നു് പൂയം നക്ഷത്രത്തില്‍ വിനയന് ജനിച്ചു. കുട്ടനാട്ടിലെ കൊണ്‍വെന്റ് സ്ക്കൂളിലും, ആലപ്പുഴ എസ് ഡി കോളേജിലും, കാര്‍മ്മല്‍ പോളിടെക്നിക്കിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. തുടര്‍ന്നു് വൈദ്യുതി ബോര്‍ഡില്‍ എഞ്ചിനീയറായി.
ജോലിയിലിരിക്കെ നാടകസംവിധായകനായും, നടനായും, ട്രൂപ്പ് ഉടമയായും പ്രവര്‍ത്തിച്ചു. ഇടനിലങ്ങള്‍ എന്ന ചിത്രത്തിലൂടെ ഐ വി ശശിയുടെ സംവിധാനസഹായിയായി വിനയന് സിനിമയിലെത്തി.
1988ല്‍ ആലിലക്കുരുവി എന്ന ചിത്രവും തുടര്‍ന്നു് ആയിരം ചിറകുള്ള മോഹവും നിര്‍മ്മിച്ചു. മോഹന്‍ ലാലിന്റെ വ്യാജനെന്ന ലേബലില്‍ മദന്‍ലാലിനെ നായകനാക്കി ഒരുക്കിയ സൂപ്പര്‍സ്റ്റാര്‍ ആണു് വിനയന് ആദ്യം സംവിധാനം ചെയ്ത ചിത്രം. ചില്‍ട്രന്‍സ് ഫിലിം ഫെസ്റ്റിവലിലേക്കു് സെലക്ഷന് കിട്ടിയ അമ്മയുടെ സ്വന്തം കുഞ്ഞുമേരി, കന്യാകുമാരിയില്‍ ഒരു കവിത, ശിപായി ലഹള, മിസ്റ്റര്‍ ക്ലീന്‍ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തു. വിനയന് നിര്‍മ്മിച്ചു് സംവിധാനം ചെയ്ത ആകാശഗംഗ മലയാളത്തില്‍ ഹോറര്‍ ചിത്രങ്ങള്‍ക്കു് വീണ്ടും തുടക്കം കുറിച്ചു. തുടര്‍ന്നു ചെയ്ത വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും മറ്റു ചിത്രങ്ങളും വന്‍വിജയം നേടി. ഇതില്‍ പലതിന്റെയും കഥയും വിനയന്റെതായിരുന്നു.
വിനയന് ഒരു കവി കൂടിയാണു്.അദ്ദേഹത്തിന്റെ ഇതിലും മാന്യനാണു് രാവണന്, രാധേയം എന്നീ കവിതാസമാഹാരങ്ങള്‍ മാഗ്നാസൗണ്ടു് ആഡിയോസ് പുറത്തിറക്കിയിട്ടുണ്ടു്. രാക്ഷസരാജാവിലൂടെ ഗാനരചനാരംഗത്തും വിനയന് പ്രവേശിച്ചു.
നീനയാണു് ഭാര്യ. വിഷ്ണു, നിഖില എന്നിവര്‍ മക്കള്‍.
യൂണിക്കോഡില്‍ തയ്യാറാക്കിയതു് : മാധവഭദ്രന്‍
അവലംബം : വെള്ളിനക്ഷത്രം ഫിലിം ഇയര്‍ബുക്ക് - 2010