Vijayan Karote
Director
മലയാളസിനിമയിലെ കഥാകൃത്തും സംവിധായകനും നിർമ്മാതാവും ഒക്കെ ആയിരുന്ന ശ്രീ വിജയന് കരോട്ടു് ജനിച്ചതു് തൃശൂർ ജില്ലയിലെ വരന്തരപ്പള്ളിയിൽ മണ്ണുംപേട്ടയിലാണു്. സാഹിത്യകാരനായിരുന്ന ഇദ്ദേഹം തുടക്കകാലത്തു് തൃശൂര്‍ കറന്റ് ബുക്സില്‍ മാനേജരായി ജോലി നോക്കിയിരുന്നു. ചെറുകഥകളിലൂടെയും, പത്രപ്രവര്‍ത്തനത്തിലൂടെയും വിജയന് കരോട്ടു് മലയാളികള്‍ക്കിടയില്‍ സുപരിചിതനായിരുന്നു. സിനിമ എന്നും ഒരു ആവേശമായിരുന്ന വിജയനു് സാഹിത്യ സുഹൃത് ബന്ധങ്ങൾ സിനിമാമേഖലയിലും സുഹൃത് ബന്ധങ്ങൾ സൃഷ്ടിക്കുവാൻ വഴിയൊരുക്കി. അങ്ങനെ ശ്രീ രാമു കാര്യാട്ടുമായി സൗഹൃദം സ്ഥാപിക്കുകയും എഴുപതുകളുടെ അവസാനം കറന്റ് ബുക്സിലെ ജോലി രാജിവെച്ചു് 'ദ്വീപ്' എന്ന സിനിമയുടെ തിരക്കഥാരചനയില്‍ രാമു കാര്യാട്ടിനെ സഹായിക്കാനായി മദ്രാസിൽ എത്തിച്ചേരുകയും ചെയ്തു. 'ദ്വീപ്' എന്ന സിനിമയ്ക്കുശേഷം സിനിമാമേഖലയിൽത്തന്നെ തുടരുവാൻ തീരുമാനിക്കുകയും ചില സിനിമകൾക്കു് തിരക്കഥ ഒരുക്കിക്കൊണ്ടു് സജീവമാകുകയും ചെയ്തു. ഇദ്ദേഹത്തിന്റെ ആരെയും ആകര്‍ഷിക്കുന്ന പ്രകൃതം സിനിമാലോകത്തു് ധാരാളം സുഹൃത്തുക്കളെ ഉണ്ടാക്കി.സുഹൃത്തുക്കളായ എ.പി. കുഞ്ഞിക്കണ്ണൻ, യു.പി. കരുണന്, രാമചന്ദ്രന്, സനല്‍കുമാര്‍ എന്നിവരെ പങ്കാളികളാക്കിക്കൊണ്ടു് എന്‍.എന്‍ ഫിലിംസ് എന്ന പേരിൽ ഒരു നിർമ്മാണക്കകമ്പനി അദ്ദേഹം സ്ഥാപിച്ചു. 1982 ൽ പുറത്തിറങ്ങിയ, ശ്രീ ഭരതൻ സംവിധാനം ചെയ്ത 'മര്മ്മരം' എന്ന ചിത്രം ഈ നിർമ്മാണക്കകമ്പനിയുടെ ആദ്യത്തെ സംരംഭമായിരുന്നു. തിരക്കഥ തയ്യാറാക്കിയതു് ജോൺ പോൾ ആണെങ്കിലും ഇതിന്റെ കഥയും, സംഭാഷണവും വിജയന് കരോട്ടിന്റേതാണു്. മർമ്മരം ആ വർഷത്തെ മികച്ച ചിത്രത്തിനുള്ള സംസ്ഥാന അവാർഡു് കരസ്ഥമാക്കി. വിജയനു് മികച്ച കഥാകൃത്തിനുള്ള സംസ്ഥാന അവാർഡു് ഉൾപ്പെടെ മറ്റു പല അവാർഡുകളും ഈ ചിത്രത്തിനു് ലഭിച്ചെങ്കിലും ചിത്രം സാമ്പത്തികമായി നേട്ടമായിരുന്നില്ല. അതോടെ എന്‍.എന്‍ ഫിലിംസ് എന്ന നിർമ്മാണക്കമ്പനി അടച്ചു പൂട്ടേണ്ടതായി വന്നു.
നിർമ്മാണക്കമ്പനി ഒരു പരാജയം ആയെങ്കിലും സിനിമാമോഹങ്ങൾ കൈവിടാഞ്ഞ വിജയൻ 'ആശംസകളോടെ' എന്ന ചിത്രത്തിന്റെ സംവിധാനം നിർവ്വഹിച്ചുകൊണ്ടു് ഒരു സംവിധായകവേഷം അണിഞ്ഞു.ആ ചിത്രം വൻ പരാജയമായി മാറിയെങ്കിലും അതിൽ നിരാശനാകാതെ ജോസഫ് വൈറ്റിലയുടെ 'ആശ്രമ'മെന്ന നോവല്‍ 'ചെമ്മീന്‍കെട്ട്' എന്ന പേരില്‍ സിനിമയാക്കി. ആ ചിത്രവും ശ്രദ്ധിക്കപ്പെട്ടില്ല. അതിനുശേഷം വലിയ പ്രതീക്ഷകളോടെ യു.എ.ഖാദറിന്റെ 'ചന്തയില്‍ ചൂടിവില്‍ക്കുന്ന പെണ്ണു്' എന്ന നോവലിനെ അടിസ്ഥാനമാക്കി ആ പേരിൽ തന്നെ അടുത്ത ചിത്രം സംവിധാനം ചെയ്തെങ്കിലും അതും ഒരു പരാജയചിത്രമായിരുന്നു. പിന്നീടു് 'അശോകന്റെ അശ്വതിക്കുട്ടിക്കു്', 'ബ്രഹ്മരക്ഷസ്സ്' തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്തെങ്കിലും ഒന്നും തന്നെ വിജയചിത്രങ്ങൾ ആക്കാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല. ആകർഷകമായ പെരുമാറ്റം അദ്ദേഹത്തിനുണ്ടായിരുന്നു എങ്കിലും ആരോടും എന്തും ധൈര്യമായി വെട്ടിത്തുറന്നു പറയുന്ന ഒരു പ്രകൃതം കൂടി ഉണ്ടായിരുന്നതിനാൽ സിനിമാമേഖലയിൽ ശത്രുക്കളെ സമ്പാദിക്കാനും ഈ സ്വഭാവം കാരണമായി. ഒരുപാടു പ്രതീക്ഷകളോടെ എത്തിയതായിരുന്നെങ്കിലും സിനിമാരംഗം അദ്ദേഹത്തെ നിരാശനാക്കി. എങ്ങും എത്തിച്ചേരാൻ കഴിയാതെ വന്നപ്പോൾ സാമ്പത്തിക ബുദ്ധിമുട്ടുകൾ രൂക്ഷമായിക്കൊണ്ടിരുന്നു. അതിനിടെ തമ്പി കണ്ണന്താനത്തിന്റെ 'ഇന്ദ്രജാലം' എന്ന ചിത്രത്തിൽ ഒരു വേഷം അഭിനയിച്ചു. അതിൽ വിജയന്റെ വില്ലൻ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നാണു്.
ശക്തമായ ഭാഷസ്വായത്തമായിരുന്ന മികച്ച ഒരു കഥാകാരനായിരുന്നു വിജയൻ കരോട്ടു്. ആയുധം അണിഞ്ഞവർ, കേസുകൾ, ആട്ടക്കളം എന്നിവയാണു് അദ്ദേഹത്തിന്റെ പ്രധാനമായ പ്രസിദ്ധീകൃതമായ പുസ്തകങ്ങൾ. ഒരു എഴുത്തുകാരനില്നിന്നു് സിനിമാസംവിധായകനായുള്ള വിജയന്റെ വ്യതിയാനം അദ്ദേഹത്തിനു് വഴങ്ങുന്ന ഒന്നായിരുന്നില്ല. അവസാനനാളുകളിൽ മാത്രമേ അതു തിരിച്ചറിയാൻ അദ്ദേഹത്തിനു കഴിഞ്ഞുള്ളൂ. കടുത്ത സാമ്പത്തിക ബാദ്ധ്യതകൾ അവസാനകാലം വരെ പിന്തുടർന്നിരുന്നു. ആകെയുണ്ടായിരുന്നതു് വിശാലമായ കുറെ സുഹൃത്ബന്ധങ്ങൾ മാത്രം. കുറേ ചിത്രങ്ങൾക്കു് കഥ, തിരക്കഥ, സംഭാഷണം ഇവയൊക്കെ എഴുതുകയും ഒരുപിടി ചിത്രങ്ങള്‍ സംവിധാനം ചെയ്യുകയുമൊക്കെ ചെയ്തെങ്കിലും സിനിമയുടെ ആകർഷണവലയത്തിൽ അകപ്പെട്ടു് എല്ലാം ഇട്ടെറിഞ്ഞു് കേരളത്തിൽ നിന്നു് ചെന്നൈയിലെത്തിയ ഈ മികച്ച സാഹിത്യകാരൻ സിനിമാലോകത്തു് എവിടെയും എത്താൻ കഴിയാതെ രോഗബാധിതനായി ഭാര്യ സൗദാമിനിയേയും മക്കളേയും തനിച്ചാക്കി ചെന്നൈയിലെ ഒരു ആശുപത്രിയിൽയിൽ വെച്ചു് ഈ ലോകത്തുനിന്നും യാത്രയായി.
തയ്യാറാക്കിയതു് - കല്യാണി
References :
കോടമ്പാക്കം: ബ്ലാക് ആന്റ് വൈറ്റ് - ലേഖകൻ പി.കെ. ശ്രീനിവാസന്
മലയാളസംഗീതം- Malayalam Music & Movie Encyclopedia
Available Movies : 7
Available Short Movies : 0