Thampi Kannanthanam
Director
കോട്ടയം ജില്ലയില്‍ കാഞ്ഞിരപ്പള്ളി താലൂക്കില്‍ കണ്ണന്താനത്തു കുടുംബത്തില്‍ ബേബിയുടെയും തങ്കമ്മയുടെയും ആറാമത്തെ പുത്രനായി 1953 ഡിസംബര്‍ 11നു് ജനനം.
കോട്ടയം എം സി സെമിനാരി ഹയര്‍ സെക്കന്ററി സ്ക്കൂളിലും സെന്റ് ഡോമനിക് കോളേജിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി സിനിമയുമായി ബന്ധപ്പെട്ട ഒരു ബിസിനസ്സ് തുടങ്ങാന്‍ നിശ്ചയിച്ചു. പക്ഷെ നടന്നില്ല. തുടര്‍ന്നു് ദുബായിലെ ഒരു ബന്ധവുമായി മദ്രാസിലേക്കു് പോയി.
സംവിധായകന് ശശികുമാറിന്റെ അടുത്താണെത്തിയതു്. ശശികുമാറിന്റെ അസിസ്റ്റന്റായി മദ്രാസില്‍ കൂടി. ഇവിടെ വച്ചു് ജോഷിയെ പരിചയപ്പെട്ടു. ഇതിനിടയില്‍ മദ്രാസിലെ മോന് തുടങ്ങിയ ചിത്രങ്ങളില്‍ അസിസ്റ്റന്റായി ജോലി ചെയ്തു. ഒപ്പം അഭിനയിക്കുകയും ചെയ്തു. 1983ല്‍ താവളം എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ടു് തമ്പി കണ്ണന്താനം സംവിധായകനായി. ചിത്രം പരാജയമായി. പാസ്പോര്‍ട്ട് എന്ന പേരില്‍ ഒരു ചിത്രം കൂടി സംവിധാനം ചെയ്തു. അതും പരാജയമായി. തുടര്‍ന്നു് 1985ല്‍ സംവിധാനം ചെയ്ത ആ നേരം അല്പദൂരം പരാജയപ്പെട്ടു. എന്നാല്‍ മോഹന്‍ലാലിനെ നായകനാക്കി 1986ല്‍ സ്വന്തമായി നിര്‍മ്മിച്ചു് ഒരുക്കിയ രാജാവിന്റെ മകന് സൂപ്പര്‍ഹിറ്റായി. അതോടെ തമ്പി കണ്ണന്താനം സംവിധായകനായി പേരെടുത്തു. തുടര്‍ന്നു് അനേകം ചിത്രങ്ങള്‍ സംവിധാനം ചെയ്തു.
1990ല്‍ ഇന്ദ്രജാലം നിര്‍മ്മിച്ചു് വിതരണം ചെയ്തു. ജൂലിയാ പ്രൊഡക്ഷന്‍സിന്റെ നാടോടി, ചുക്കാന്‍ തുടങ്ങി കുറച്ചു് ചിത്രങ്ങള്‍ നിര്‍മ്മിച്ചു് സംവിധാനം ചെയ്തു. 1996ല്‍ സാക്ഷ്യം എന്ന ചിത്രം വിതരണം ചെയ്തുകൊണ്ടു് വിതരണരംഗത്തെത്തി.
പുതിയ നിര്‍മ്മാണക്കമ്പനിയായ ടാക് എന്റര്‍ടെയിന്‍മെന്റ് തുടങ്ങിയാണു് പുതിയ ചിത്രം ഫ്രീഡം ഉണ്ടാക്കിയതു്.
ഭാര്യ കുഞ്ഞുമോള്‍. രണ്ടു് മക്കള്‍ ഐശ്വര്യ, ഏയ്ഞ്ചല്‍.
യൂണിക്കോഡില്‍ തയ്യാറാക്കിയതു് : മാധവഭദ്രന്‍
അവലംബം : വെള്ളിനക്ഷത്രം ഫിലിം ഇയര്‍ബുക്ക് - 2010
Available Movies : 16
Available Short Movies : 0