TK Rajeev Kumar
Director
ടി എസ് കരുണാകരപ്പണിക്കരുടെയും ടി കെ ഇന്ദിരക്കുട്ടി അമ്മയുടെയും മകനായി 1960 സെപ്തംബര്‍ 20നു് ടി കെ രാജീവ് കുമാര്‍ ജനിച്ചു. ഒരു സഹോദരനുണ്ടു്. പത്രപ്രവര്‍ത്തകനായ ടി കെ സജീവ് കുമാര്‍. ആലപ്പുഴയിലും കോട്ടയത്തുമായി സ്ക്കൂള് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. തുടര്‍ന്നു് തിരുവനന്തപുരം ആര്‍ട്ട്സ് കോളേജിലും യൂണിവേഴ്സിറ്റി കോളേജിലും പഠിച്ചു് ജന്തുശാസ്ത്രത്തില്‍ ബിരുദം നേടി. സ്റ്റേറ്റ് ബാങ്ക് ഒഫ് ട്രാവന്‍കൂറില്‍ ജോലി ലഭിച്ച രാജീവ് ജീജോയുടെ സഹസംവിധായകനായി. ഇന്ത്യയിലെ ആദ്യ ത്രിമാന ചിത്രമായ മൈ ഡീയര്‍ കുട്ടിച്ചാത്തന്റെ സംവിധാന സഹായിയായാണു് 1984ല്‍ രാജീവ് കുമാര്‍ സിനിമയിലെത്തുന്നതു്. സര്‍വ്വകലാശാലാ യുവജനോത്സവങ്ങളിലും സംഗീതനാടക അക്കാഡമിയുടെ വേദിയിലും നിന്നു് മോണോ ആക്ടിനു് ലഭിച്ച ഒന്നാം സ്ഥാനത്തിന്റെ പകിട്ടിലായിരുന്നു ഈ സിനിമാ പ്രവേശം.
1989ല്‍ ചാണക്യന് സംവിധാനം ചെയ്തുകൊണ്ടു് സ്വതന്ത്ര സംവിധായനായി മാറുമ്പോള്‍ അവാര്‍ഡുകളുടെ ഘോഷയാത്രമാണു് രാജീവ് കുമാറിനെ കാത്തിരുന്നതു്. വിവാദങ്ങളും വിമര്‍ശ്ശനങ്ങളും വിളിച്ചു വരുത്തിയ ചാണക്യന് മലയാള സിനിമയുടെ ഒരു വഴിമാറി നടക്കലുമായിരുന്നു. 1991ല്‍ നിര്‍മ്മിച്ച ഹിന്ദി ടെലിവിഷന്‍ പരമ്പര ബൈബിള്‍ കഥകള്‍ രാജീവ് കുമാറിന്റെ കരിയറില്‍ പൊന്‍തൂവലായി. 1994ല്‍ പുറത്തിറങ്ങിയ പവിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. മികച്ച നടിക്കുള്ള ജൂറിയുടെ പ്രത്യേക അവാര്‍ഡ് മഞ്ജുവാര്യര്ക്കു് നേടിക്കൊടുത്ത കണ്ണെഴുതി പൊട്ടു് തൊട്ടു് മലയാളത്തിലെ എക്കാലത്തെയും ഹിറ്റുകളില്‍ ഒന്നാണു്. തിലകന്റെ അഭിനയപാടവത്തെ പരമാവധി ഉപയോഗപ്പെടുത്തിയ ചിത്രമായിരുന്നു അതു്. ഒരു പക്ഷെ പെരുന്തച്ചനു ശേഷം തിലകന്റെ മാസ്റ്റര്‍പീസ് ഒന്നേ ഉണ്ടാകാനുള്ള എന്നു വിളിക്കാവുന്ന ചിത്രം. മാവൂരിലെ പരിസ്ഥിതി സമരത്തെ ആഗോളവത്ക്കരിച്ച ജലമര്‍മ്മരം 2000ലെ മികച്ച പാരിസ്ഥിതിക ചിത്രത്തിനുള്ള ദേശീയ അവാര്‍ഡും കരസ്ഥമാക്കി. മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള സംസ്ഥാന ബഹുമതി നേടിയ ജലമര്‍മ്മരം മികച്ച തിരക്കഥയ്ക്കുള്ള അവാര്‍ഡിനു് ടി കെ രാജീവ് കുമാറിനെയും ബി ഉണ്ണികൃഷ്ണനെയും അര്‍ഹരാക്കി. വിദേശരാജ്യങ്ങളിലെ പ്രശസ്തമായ ആറു് അന്താരാഷ്ട്ര ചലച്ചിത്രമേളകളിലേക്കു് തിരഞ്ഞെടുക്കപ്പെട്ട ജലമര്‍മ്മരം രാജീവ് കുമാറിനെ ഏറെ പ്രശസ്തനാക്കി.
ലതാ കുമാരിയാണു് ഭാര്യ. മക്കള്‍ മൃണാള്‍, കീര്‍ത്തന. കോട്ടയം സ്വദേശിയായ രാജീവ് കുമാര്‍ സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ ആയിരുന്നു.
യൂണിക്കോഡില്‍ തയ്യാറാക്കിയതു് : മാധവഭദ്രന്‍
അവലംബം : വെള്ളിനക്ഷത്രം ഫിലിം ഇയര്‍ബുക്ക് - 2010
Available Movies : 21
Available Short Movies : 0