നടന്, സംവിധായകന്, തിരക്കഥാകൃത്തു് എന്ന നിലകളിൽ മലയാളസിനിമയുടെ അവിഭാജ്യഘടകമാണു് ശ്രീ ശ്രീനിവാസന്. വളരെ ഉന്നതനായ ഒരു അഭിനേതാവും, ആക്ഷേപഹാസ്യത്തിന്റെ കൂരമ്പുകൾ നിറഞ്ഞ കഥകളും സംഭാഷണവും കഥാസന്ദർഭങ്ങളും നർമ്മത്തിൽ ചാലിച്ചു് സൃഷ്ടിക്കുന്ന ഒരു തിരക്കഥാകൃത്തും, ജനസ്വീകാര്യത നിറഞ്ഞതും അതേ സമയം സൃഷ്ടിപരമായി മികച്ചതുമായ ചലച്ചിത്രങ്ങൾ ഒരുക്കിയിട്ടുള്ള സംവിധായകനും, എല്ലാറ്റിനും ഉപരി നല്ല സിനിമയെ അറിയുന്ന ഒരു സിനിമാസ്നേഹിയും ആണു് അദ്ദേഹം.
കണ്ണൂര് ജില്ലയിൽ തലശ്ശേരിക്കടുത്തുള്ള പാട്യം എന്ന ഗ്രാമത്തില് 1956 ഏപ്രിൽ 4 - നു് ജനിച്ചു. അദ്ധ്യാപകനും ഇടതുപക്ഷചിന്താഗതിക്കാരനുമായിരുന്ന ശ്രീ ഉണ്ണിയും, ശ്രീമതി ലക്ഷ്മിയുമാണു് മാതാപിതാക്കൾ. കതിരൂർ ഗവണ്മെന്റ് സ്കൂളിലും, പഴശ്ശിരാജ എൻ. എസ്സ്. എസ്സ്. കോളേജിലുമാണു് വിദ്യാഭ്യാസം പൂർത്തിയാക്കിയതു്. നല്ലരീതിയിൽ വായനശാലകൾ പ്രവർത്തിച്ചുകൊണ്ടിരുന്ന ഒരു ഗ്രാമമായിരുന്നതുകൊണ്ടു് വളരെ ചെറുപ്പം മുതലേ വായനയോടും, കൂടാതെ അഭിനയത്തോടും വല്ലാത്ത ഒരു ആവേശമായിരുന്നു. സ്ക്കൂൾ അദ്ധ്യാപകനായ പിതാവു്, വായനയെ വളരെയധികം പ്രോത്സാഹിപ്പിച്ചിരുന്നു. പഴശ്ശിരാജ എൻ. എസ്സ്. എസ്സ്. കോളേജിൽ പഠിക്കുന്ന കാലത്തു് നാടകങ്ങളിൽ സജീവമായി പങ്കെടുത്തിരുന്നു. ബിരുദപഠനത്തിനു ശേഷം അഭിനയത്തെപ്പറ്റിയും സിനിമയെപ്പറ്റിയും അറിയുവാനും പഠിക്കുവാനുള്ള അതിയായ ആഗ്രഹം മൂലം മദ്രാസിലെ അഡയാർ ഫിലിം ചേംബർ ഇൻസ്റ്റിറ്റ്യൂട്ടിൽ സിനിമാഭിനയം പഠിക്കാനുള്ള കോഴ്സിനു ചേരുകയും അവിടെ നിന്നും 1977-ൽ ഡിപ്ലോമ എടുക്കുകയും ചെയ്തു.
മദ്രാസിലെ അഭിനയപഠനം കഴിഞ്ഞയുടനെതന്നെ ശ്രീനിവാസനു് ഒരു ചിത്രത്തിൽ അഭിനയിക്കാനുള്ള അവസരം ലഭിച്ചു. ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കുന്ന സമയത്തു തന്നെ പരിചയമുണ്ടായിരുന്ന ശ്രീ പി. എ. ബക്കർ സംവിധാനം ചെയ്ത ‘മണിമുഴക്കം’ (1977-ൽ) എന്ന ചിത്രമായിരുന്നു അതു്. തുടർന്നു് ഇൻസ്റ്റിറ്റ്യൂട്ടിൽ അദ്ദേഹത്തെ അഭിനയപാഠങ്ങൾ പഠിപ്പിച്ചിരുന്ന, അവിടുത്തെ വൈസ് പ്രിൻസിപ്പലും സ്വന്തം നാട്ടുകാരനുമായിരുന്ന ശ്രീ എ. പ്രഭാകരനും ചില സുഹൃത്തുക്കളും ചേർന്നു നിർമ്മിച്ച, ശ്രീ കെ.ജി. ജോർജ്ജു് സംവിധാനം ചെയ്ത, മേള എന്ന സിനിമയിൽ അഭിനയിക്കാൻ അവസരം കിട്ടി. പിന്നീടു്, വിവിധ സിനിമകളിൽ ചെറിയ ചെറിയ വേഷങ്ങൾ അഭിനയിച്ചതിനു ശേഷം 1984-ൽ ‘ഓടരുതമ്മാവാ ആളറിയും’ എന്ന സിനിമക്കു് കഥ എഴുതി. പ്രിയദർശനായിരുന്നു സംവിധാനം. വിജയകരമായിരുന്ന ആ ചിത്രത്തിനു ശേഷം പ്രിയദർശൻ, സത്യൻ അന്തിക്കാടു്, കമൽ തുടങ്ങിയവർക്കൊപ്പം സൂപ്പർ ഹിറ്റുകളായ ഒട്ടനവധി ചിത്രങ്ങളുടെ കഥ, തിരക്കഥ, സംഭാഷണം എന്നിവയുടെ ചുക്കാൻ പിടിച്ചു. മലയാള സിനിമക്കു് എന്നും ഓര്ത്തുവെയ്ക്കാവുന്ന കുറെ ചിത്രങ്ങള്- സന്മനസ്സുള്ളവർക്കു സമാധാനം, ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റ്, നാടോടിക്കാറ്റ്, പട്ടണപ്രവേശം, തലയണമന്ത്രം, സന്ദേശം, വെള്ളാനകളുടെ നാടു്, വരവേൽപ്പു്, അഴകിയ രാവണൻ, മഴയെത്തും മുമ്പേ, മിഥുനം, ഉദയനാണ് താരം, കഥ പറയുമ്പോൾ തുടങ്ങിയവ അദ്ദേഹത്തിന്റെ തൂലികയിൽ നിന്നു ജനിച്ച ചിത്രങ്ങളാണു്. വടക്കുനോക്കിയന്ത്രം, ചിന്താവിഷ്ടയായ ശ്യാമള എന്നീ ചിത്രങ്ങൾ ആണു് അദ്ദേഹം സംവിധാനം ചെയ്തതു്. വളരെയധികം ജനസ്വീകാര്യതയും അതേ പോലെ തന്നെ വിമർശകപ്രശംസയും ഒരേ പോലെ നേടിയ ചിത്രങ്ങളായിരുന്നു അവ. മനുഷ്യമനസ്സിനെ അതിസൂക്ഷ്മമായി നിരീക്ഷിക്കുന്ന ഒരാൾക്കു മാത്രം ചെയ്യാൻ പറ്റുന്ന സിനിമകൾ ആയിരുന്നു അവയൊക്കെ.
ശ്രീനിവാസന്റെ ഒട്ടുമിക്ക സൃഷ്ടികളും സമൂഹത്തിലെ പുഴുക്കുത്തുകളും, കണ്ടിട്ടും കാണാത്ത മട്ടിൽ സമൂഹം തള്ളിക്കളയുന്ന സാമൂഹിക ജീർണ്ണതകളും, മിഡിൽ ക്ലാസ് മനോഭാവങ്ങളും രീതികളും, കേരളത്തിലെ രാഷ്ട്രീയരംഗത്തെ അപഹാസ്യതകളും, സാധാരണ ജനങ്ങളുടെ പ്രശ്നങ്ങളുമെല്ലാം നേർത്ത ഹാസ്യത്തിന്റെ അകമ്പടിയോടെ അവതരിപ്പിക്കുന്നവയാണു്. ലക്ഷ്യം തെറ്റാത്ത സംഭാഷണങ്ങൾ കൊണ്ടും പാത്രസൃഷ്ടി പോലെ തന്നെ കഥാഗതിക്കനുയോജ്യമായ കഥാസന്ദർഭസൃഷ്ടിയിലെ മികവു കൊണ്ടും ശക്തിയാർജ്ജിക്കുന്ന തിരക്കഥയാണു് ശ്രീനിവാസന്റെ പ്രത്യേകത. സാധാരണങ്ങൾ എന്നു തോന്നാവുന്ന സാമൂഹികപ്രശ്നങ്ങൾ പോലും ആക്ഷേപഹാസ്യത്തിന്റെ അകമ്പടി കൊണ്ടും കോമഡിയുടെ ആകർഷകത്വം കൊണ്ടും മറ്റു ചിലപ്പോൾ ശക്തമായ പശ്ചാത്തലനിർമ്മിതി കൊണ്ടും ശ്രദ്ധേയമായ സന്ദർഭങ്ങൾ ആക്കുക എന്നതു് ശ്രീനിവാസന്റെ സിനിമകളുടെ പ്രത്യേകതയാണു്. വടക്കൻ കേരളത്തിലെ ഭാഷാപ്രയോഗങ്ങൾ നിറഞ്ഞ സ്വന്തം സംഭാഷണരീതികളും തന്റെ രൂപപ്രത്യേകതകൾ പോലും സിനിമയുടെ ശക്തിയാക്കി മാറ്റാൻ പല സിനിമകളിലും അദ്ദേഹത്തിലെ നടനും കഥാകാരനും കഴിഞ്ഞിരുന്നു. ആക്ഷേപഹാസ്യത്തിൽ ചാലിച്ച ഗൗരവമായ വിമര്ശനങ്ങളും സിനിമാമണ്ഡലം ഉൾപ്പെടെ സമൂഹത്തിലെ ജീര്ണ്ണതകൾക്കെതിരെയുള്ള ശക്തമായ പ്രതികരണങ്ങളും സിനിമയിലൂടെ നൽകാൻ ശ്രമിച്ച മറ്റു ചലച്ചിത്രകാരന്മാർ അധികമില്ല എന്നതാണു് സത്യം.
തന്റെ സിനിമാ ജീവിതത്തിൽ ശ്രീനിവാസനു് ധാരാളം അവാർഡുകൾ ലഭിച്ചിട്ടുണ്ട്. മികച്ച കഥയ്ക്കുള്ള കേരളസംസ്ഥാന ചലച്ചിത്ര അവാർഡ് (ചിത്രം:സന്ദേശം -1991), മികച്ച തിരക്കഥയ്ക്കുള്ള കേരളസംസ്ഥാന ചലച്ചിത്ര അവാർഡ് (ചിത്രം: മഴയെത്തും മുമ്പേ-1995), മികച്ച ജനപ്രിയ സിനിമയ്ക്കുള്ള കേരളസംസ്ഥാന ചലച്ചിത്രഅവാർഡ് (ചിത്രം: ചിന്താവിഷ്ടയായ ശ്യാമള - 1998), മികച്ച ചിത്രത്തിനുള്ള കേരളസംസ്ഥാന ചലച്ചിത്ര അവാർഡ് (ചിത്രം: വടക്കുനോക്കിയന്ത്രം -1989), കേരളസംസ്ഥാന ചലച്ചിത്ര അവാർഡ് ജൂറിയുടെ പ്രത്യേകപുരസ്കാരം (ചിത്രം-തകരച്ചെണ്ട-2006), 2007 ലെ ഏറ്റവും ജനപ്രീതിയാർജ്ജിച്ച ചിത്രം - കഥ പറയുമ്പോൾ (നിർമ്മാണം, കഥാതിരക്കഥാരചനകൾ ശ്രീനിവാസൻ) എന്നിവ അവയിൽ ചിലവ മാത്രം.
ഭാര്യ - ശ്രീമതി വിമല, മക്കൾ - പിന്നണി ഗായകനും, അഭിനേതാവും, സംവിധായകനുമായ വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ
തയ്യാറാക്കിയതു് - കല്യാണി
References :
Interviews with Sreenivasan (Youtube)
വിക്കിപ്പീഡിയ
മലയാളസംഗീതം- Malayalam Music & Movie Encyclopedia