Ravi Gupthan
Director
ഇന്ത്യൻ എയർഫോഴ്സിൽ പൈലറ്റായിരുന്ന ശ്രീ. സി കെ ഗുപ്തന്റേയും ശ്രീമതി. മീനാക്ഷിയമ്മയുടേയും പുത്രനായി ഡെൽഹിയിൽ ജനിച്ചു. 1974 -ൽ ഇൻഡ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷനിൽ നിന്ന് മൂന്ന് ഗോൾഡ് മെഡലുകൾ നേടി പാസ്സായി. തുടർന്ന്1975 -ൽ യുനെസ്കോയും കേന്ദ്രസർക്കാരും ചേർന്നുള്ള പ്രൊജക്ടിൽ ടി.വി. പ്രവർത്തനങ്ങളുമായി ചേർന്നു. 1977 വരെ ഈ പ്രൊജക്ടുകളിൽ സജീവപങ്കാളിയായിരുന്നു.തുടർന്നു പ്രകാശ് മെഹ്റ, ബസു ചാറ്റർജി, രാജ് സിപ്പി തുടങ്ങിയവരുടെ അസിസ്റ്റന്റായി പ്രവർത്തിച്ചു. അമിതാബ് ബച്ചൻ, വിനോദ് ഖന്ന, അംജദ് ഖാൻ തുടങ്ങിയവർ അഭിനയിച്ച ‘മുഖദാർ കാ സിക്കന്തർ’, ‘ഇൻകാർ’, ‘ചക്രവ്യൂഹ്’ തുടങ്ങിയ ചിത്രങ്ങളിൽ പ്രവർത്തിച്ച ശേഷമാണ് മലയാളത്തിൽ എത്തിയത്.
1980 -ൽ ശ്രീവിദ്യയും പ്രതാപ് പോത്തനും അഭിനയിച്ച ‘ഓർമ്മകളേ വിടതരൂ’ എന്ന ചിത്രമാണ് ആദ്യചിത്രം. പിന്നീട് ഷീല ഉൾപ്പെടെ താരങ്ങളെ അണിനിരത്തി ‘നട്ടുച്ചയ്ക്കിരുട്ട്’ എന്ന ചിത്രം പൂർത്തിയാക്കി. പിന്നീടാണ് നാനാ തിരക്കഥാമത്സരത്തിൽ ഒന്നാം സമ്മാനം നേടിയ ടി. വി. കൊച്ചുബാവയുടെ ‘ബലൂൺ’ എന്ന തിരക്കഥ അതേ പേരിൽ സിനിമയാക്കുന്നത്. 1991-92 കാലഘട്ടത്തിൽ പ്രസിദ്ധ സംവിധായകൻ രഞ്ജിത്തിനോടൊപ്പം ചെയ്ത സംവിധാനസംരംഭം മുടങ്ങിപ്പോയതു കാരണം മലയാളസിനിമയിൽ നിന്നു പിന്മാറി. ആ പടത്തിന്റെ നിർമ്മാതാവിന്റെ പിന്മാറ്റം ആ സിനിമയേയും സ്വന്തം കാരിയറിനേയും ബാധിച്ചു.
പാലക്കാട് സ്വദേശിനി ശ്രീമതി. ശാന്തയാണ് ഭാര്യ. ഏകമകൻ ജിതിൻ കൃഷ്ണ പാലക്കാട് ഭാരത്മാത സ്ക്കൂളിൽ പ്ലസ് വൺ വിദ്യാർത്തിയാണ്. ഇപ്പോൾ പാലക്കാടിനടുത്ത് കഴിമ്പ്രം എന്ന സ്ഥലത്ത് താമസിക്കുന്നു. ഇക്കൊല്ലം മലയാളസിനിമാരംഗത്ത് തിരിച്ചുവരുവാനാണ് ഭാവിപരിപാടി.
തയ്യാറാക്കിയത് : ജയലക്ഷ്മി രവീന്ദ്രനാഥ്
അവലംബം : കേരളാകൌമുദി ആഴ്ച്ചപതിപ്പ്
Available Movies : 6
Available Short Movies : 0