K Suku (K Sukumaran)
Director
അനന്തശയനം, കൊട്ടാരം വിൽക്കാനുണ്ടു്, സമുദ്രം, സ്നേഹിക്കാൻ ഒരു പെണ്ണു് എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത പ്രമുഖസംവിധായനാണു് കെ. സുകു എന്ന വിളിപ്പേരിൽ അറിയപ്പെട്ടിരുന്ന ശ്രീ കെ. സുകുമാരൻ. സംവിധായൻ ആയിരുന്നു എന്നതു കൂടാതെ അദ്ദേഹം ചിത്രസംയോജകനും, നിർമ്മാതാവും ആയിരുന്നു. തന്റെ ചലച്ചിത്രജീവിതത്തിന്റെ ആദ്യകാലങ്ങളിൽ ധാരാളം തമിഴ്, മലയാളം ചലച്ചിത്രങ്ങളിൽ സംവിധാന സഹായി ആയി പ്രവർത്തിച്ചു.
ശ്രീ സുകുമാരൻ 1929 ൽ തൃശ്ശൂരിൽ “കൊച്ചാട്ടിൽ” എന്ന തറവാട്ടിലാണു് ജനിച്ചതു്. അച്ഛന് ശ്രീ കെ.ജി.മേനോന് അമ്മ ശ്രീമതി നാണിക്കുട്ടിയമ്മ. എസ്.എസ്.എൽ.സി പാസ്സായിക്കഴിഞ്ഞു് സുകുമാരൻ, ചെന്നൈയിൽ താമസമായിരുന്ന തന്റെ അമ്മാവൻ ശ്രീ ജി. കെ. ഭാസ്കറിന്റെ അടുത്തെത്തി. ഒരു പഴയകാല ചിത്രസംയോജകനായിരുന്നു ശ്രീ ഭാസ്കർ. “ശക്കൂഭായ്” (1939), ശകുന്തള (1940) തുടങ്ങിയ പഴയകാല ചിത്രങ്ങളുടെ ചിത്രസംയോജകൻ ഭാസ്കർ ആയിരുന്നു. അദ്ദേഹത്തിന്റെ കൂടെയും പിന്നീടു് പ്രശസ്ത ചിത്രസംയോജകൻ ശ്രീ എം.എസ്.മണിയുടെ കൂടെയും സഹായി ആയി കുറെ വർഷങ്ങൾ പ്രവർത്തിച്ചു. പിന്നീടു് സംവിധാനരംഗത്തേക്കു തിരിഞ്ഞു. മുരശൊലിമാരൻ തിരക്കഥ എഴുതിയ “എങ്കൽ സെൽവി” തുടങ്ങി ഒട്ടനവധി തമിഴ് സിനിമകളിൽ സംവിധാനസഹായി ആയി. പിന്നീടു് ടി.ഇ. വാസുദേവൻ നിർമ്മിച്ച “നായർ പിടിച്ച പുലിവാലിൽ” സഹസംവിധായകൻ ആയി പ്രവർത്തിച്ചു. ശ്രീ പി. ഭാസ്കരന്റെയൊപ്പം ഒട്ടനവധി ചിത്രങ്ങളിൽ സഹസംവിധായകനായിരുന്നു അദ്ദേഹം. പിന്നീടു് അനന്തശയനം (1972), കൊട്ടാരം വിൽക്കാനുണ്ടു് (1975), സമുദ്രം (1977),സ്നേഹിക്കാൻ ഒരു പെണ്ണു് (1978) എന്നീ ചിത്രങ്ങളുടെ സംവിധായകനായി. ‘അനന്തശയനം' എന്ന ചിത്രം ശ്രീ ബഹദൂറിനോടു ചേർന്നു് നിർമ്മിച്ചതും ‘കൊട്ടാരം വിൽക്കാനുണ്ടു്’ എന്ന ചിത്രം സ്വന്തമായി നിർമ്മിച്ചതും അദ്ദേഹമാണു്. ആ ചിത്രത്തിലാണു് “ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം” എന്ന അതിപ്രശസ്തമായ ഗാനം ഉണ്ടായിരുന്നതു്.
സിനിമാരംഗത്തെ പ്രവർത്തനങ്ങൾക്കു ശേഷം ഏഷ്യാനെറ്റിനു വേണ്ടി നെടുമുടി വേണു, സുകുമാരി തുടങ്ങിയവർ അഭിനയിച്ച “മനസ്സറിയും യന്ത്രം” എന്ന സീരിയൽ നിർമ്മിച്ചു. വീണ്ടും സൺ റ്റി.വിക്കു വേണ്ടി അതിന്റെ തമിഴ് പതിപ്പു് “കിണറൈ വെട്ട ഭൂതം“ എന്ന സീരിയൽ നിർമ്മിക്കുകയും അതിന്റെ നിർമ്മാണത്തിൽ അദ്ദേഹത്തിനു് വളരെ സാമ്പത്തികനഷ്ടം ഉണ്ടാവുകയും അതോടെ അദ്ദേഹം ചെന്നൈ വിട്ടു് എറണാകുളത്തേക്കു താമസം മാറ്റുകയും ചെയ്തു.
അവിവാഹിതനായിരുന്ന ശ്രീ സുകുമാരൻ 2013 ജൂൺ 26നു് തന്റെ എൺപത്തിനാലാം വയസ്സിൽ തലശ്ശേരിയിൽ വെച്ചു് ഈ ലോകത്തോടു വിട പറഞ്ഞു.
തയ്യാറാക്കിയതു് - കല്യാണി
References :
ശ്രീ ബാബു എ.എ. നൽകിയ വിവരങ്ങൾ
The Hindu
മലയാളസംഗീതം- Malayalam Music & Movie Encyclopedia
Available Movies : 4
Available Web Series : 0
Available Short Movies : 0
Relevant Articles