Vanchiyoor Radha
Actors
Areas of Contributions :
Actors
|
Year of First Movie | 1969 |
Year of Last Movie | 1987 |
Movies Acted In | 49 |
Released Movies | 49 |
Unreleased Movies | 0 |
Dubbed Movies | 0 |
Movies in Production | 0 |
Favorite Director | Sasi Kumar |
Favorite Producer | KP Kottarakkara |
Number of Years in the Field | 19 |
അറുപതുകളിൽ മലയാളസിനിമയിലെ അമ്മ, സഹോദരി വേഷങ്ങളില്‍ തിളങ്ങി നിന്നിരുന്ന ഒരു തിരക്കുള്ള അഭിനേത്രിയായിരുന്നു ശ്രീമതി വഞ്ചിയൂര്‍ രാധ. മലയാളനാടകവേദിയില്നിന്നു് സിനിമയിലേക്കു കടന്നു വന്ന ഒരു കഴിവുറ്റ കലാകാരി. അമ്മാവന് പത്മനാഭപിള്ളയുടെ പ്രോത്സാഹനത്തിലാണു് ശ്രീമതി രാധ കലാലോകത്തേക്കു കടന്നു വരുന്നതു്. പത്തു വയസ്സുള്ളപ്പോൾ ഓൾ ഇന്ത്യാ റേഡിയോയിലെ “ബാലലോകം” പരിപാടിയിലെ നാടകങ്ങളില്‍ ശബ്ദാഭിനയം കാഴ്ച വെച്ചുകൊണ്ടായിരുന്നു കലാലോകത്തിലേക്കുള്ള സജീവമായ ആദ്യ ചുവടു വെയ്പ്പ്. ക്രമേണ നാടകാഭിനയത്തില്‍ ആകൃഷ്ടയായി ആ മേഖലയില്‍ എത്തിപ്പെട്ടു. ശ്രീ കൈനിക്കര പത്മനാഭപിള്ളയുടെ 'വിധിമണ്ഡപം ' എന്ന നാടകത്തില്‍ ശ്രീമതി ആറന്മുള പൊന്നമ്മയുടെ മകളായി അഭിനയിച്ച വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. പിന്നീടു് സിനിമകളിലും ചെറിയ വേഷങ്ങള്‍ ലഭിക്കുവാന്‍ തുടങ്ങി. മെരിലാന്റിന്റെ 'പൊന്‍ കതിര് ' ആണു് ആദ്യത്തെ സിനിമ. നാടകാഭിനയവും സജീവമായി ഇതോടൊപ്പം തുടർന്നു.
അതിനിടയ്ക്കായിരുന്നു തിരുവനന്തപുരം സ്വദേശി തന്നെയായ ശ്രീ നാരായണപിള്ളയുമായുള്ള വിവാഹം. വിവാഹിതയായി ഒരു കുട്ടിയുടെ മാതാവായതിനു ശേഷവും അഭിനയ മോഹം കൈവിടാഞ്ഞ ശ്രീമതി രാധയെ തേടി KPAC യുടെ നാടകട്രൂപ്പിലേക്കുള്ള ക്ഷണം വന്നു. 'മുടിയനായ പുത്രന് ' എന്ന നാടകത്തിൽ അഭിനയിക്കാനായിരുന്നു ക്ഷണം. രണ്ടു വര്‍ഷത്തോളം KPAC യുടെ നാടകങ്ങളില്‍ അഭിനയിച്ചു. KPAC കൂടാതെ കേരളത്തിലെ പ്രശസ്തമായ മറ്റു പല നാടകട്രൂപ്പുകളിലെയും അക്കാലത്തെ താരത്തിളക്കമായിരുന്നു ശ്രീമതി വഞ്ചിയൂര്‍ രാധ.
നാടകങ്ങളില്‍ തിളങ്ങിനിന്നിരുന്ന സമയത്തും സിനിമാഭിനയത്തോടായിരുന്നു ഈ കലാകാരിയുടെ കടുത്ത അഭിനിവേശം. അങ്ങനെ നാടകരംഗം ഉപേക്ഷിച്ചു് സിനിമയില്‍ അവസരങ്ങള്‍ തേടി ഭർത്താവും മക്കളുമൊത്തു് സിനിമാനഗരമായ ചെന്നൈയില്‍ വന്നുതാമസമാക്കി. ഒരു തികഞ്ഞ കലാസ്വാദകനായിരുന്ന ഭര്‍ത്താവു് ശ്രീ നാരായണപിള്ളയുടെ എല്ലാ പിന്തുണയും ഉണ്ടായിരുന്നു ഈ നീക്കത്തിനു്.
1966 ല്‍ 'വിദ്യാർത്ഥികള്‍ ' എന്ന ചിത്രത്തില്‍ ശ്രീ പ്രേംനസീറിന്റെ സഹോദരി റോളില്‍ ആയിരുന്നു തുടക്കം. അവിടുന്നങ്ങോട്ടു് ചെറുതും വലുതുമായ റോളുകളില്‍, ഏകദേശം മുന്നൂറ്റിഅറുപതോളം ചിത്രങ്ങളില്‍ അഭിനയിച്ചു .‘മുദ്രമോതിരം', 'അഭിനയം ' തുടങ്ങിയ പല ചിത്രങ്ങളിലും വളരെ ശ്രദ്ധിക്കപ്പെട്ട വേഷങ്ങള്‍ ചെയ്തു. ഒരുപാടു ചിത്രങ്ങളില്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായും സഹകരിച്ചിട്ടുണ്ടു് . പ്രശസ്തരായ പഴയകാല അഭിനേതാക്കളുടെയൊക്കെ ഒപ്പം അഭിനയിക്കാന്‍ ഭാഗ്യം സിദ്ധിച്ച ഈ കലാകാരി ആ ഓര്‍മ്മകള്‍ ഒക്കെയും ഒരു നിധിപോലെ മനസ്സില്‍ കൊണ്ടുനടക്കുന്നു.
ഇപ്പോഴും അഭിനയമോഹം ഒട്ടും കൈവിട്ടിട്ടില്ലാത്ത ഈ കഴിവുറ്റ നടി, ചെന്നൈയില്‍ മഹാലിംഗപുരത്തു് അയ്യപ്പന് കോവിലിനടുത്തുള്ള സ്വഭവനത്തിൽ ഭര്‍ത്താവു് ശ്രീ നാരായണപിള്ളയുമൊത്തു് വിശ്രമജീവിതം നയിക്കുന്നു. രണ്ടു മക്കളുടെയും വിവാഹം കഴിഞ്ഞു. തികഞ്ഞ അയ്യപ്പഭക്തയായ ശ്രീമതി വഞ്ചിയൂര്‍ രാധ ഇപ്പോള്‍ ക്ഷേത്രസംബന്ധിയായ കാര്യങ്ങളിലും അവിടത്തെ മറ്റു പല ആത്മീയ, സാംസ്കാരിക
പ്രവര്‍ത്തനമണ്ഡലങ്ങളിലും ഒരു സജീവസാന്നിദ്ധ്യമാണു്.
തയ്യാറാക്കിയതു് - കല്യാണി
References:
Amrita TV - Innalathe Thaaram
Available Movies : 50
Available Short Movies : 0