താരതമ്യേന ഹ്രസ്വമായ ഒരു കാലയളവു മാത്രം തിരശ്ശീലയില്‍ തിളങ്ങി നിന്നിട്ടു് അരങ്ങൊഴിഞ്ഞ ഒരു അഭിനേത്രിയാണു് നെയ്യാറ്റിൻകര കോമളം എന്ന കോമളാ മേനോൻ. മലയാള സിനിമയിലെ നിത്യനിതാന്ത വിസ്മയമായിരുന്ന നിത്യഹരിതനായകന് പ്രേംനസീറിന്റെ ആദ്യത്തെ നായിക എന്ന ബഹുമതിക്കു് അവകാശിയാണു് ശ്രീമതി കോമളം. നെയ്യാറ്റിൻകരയിൽ ശ്രീ പങ്കജാക്ഷമേനോന്റെയും കുഞ്ഞിയമ്മയുടെയും ഏഴുമക്കളിൽ അഞ്ചാമത്തെ കുട്ടിയായിരുന്നു അവർ. അച്ഛൻ പൊതുമരാമത്തു വകുപ്പിൽ ഉദ്യോഗസ്ഥനും അമ്മ അദ്ധ്യാപികയുമായിരുന്നു. കോമളത്തിനു് അഞ്ചു വയസ്സായപ്പോൾ അച്ഛൻ മരിച്ചു. പിന്നീടു് അമ്മാവന്മാരുടെ സംരക്ഷണയിൽ ആയിരുന്നു ആ കുടുംബം കഴിഞ്ഞുകൂടിയിരുന്നതു്.
പഠിക്കാന്‍ മിടുക്കിയായിരുന്ന കോമളം നെയ്യാറ്റിൻകര സെന്റ് തെരേസാസ് ഇംഗ്ലീഷ് കോൺവെന്റ് സ്കൂളിൽ നിന്നു് പത്താംക്ലാസ് കഴിഞ്ഞു നിൽക്കുന്ന സമയത്താണു്
സിനിമാതീയേറ്റർ മാനേജരായി ജോലി ചെയ്തിരുന്ന തന്റെ സഹോദരീ ഭർത്താവു വഴി ‘നല്ല തങ്ക’ എന്ന സിനിമയിൽ നായികയായി അഭിനയിക്കാനുള്ള ക്ഷണം ലഭിക്കുന്നതു്.
പക്ഷെ, ഒരു യാഥാസ്ഥിതിക കുടുംബത്തിലെ അംഗമായിരുന്ന കോമളത്തിനു് തന്റെ ബന്ധുക്കളിൽ നിന്നുള്ള എതിർപ്പുകൾ മൂലം ആ ക്ഷണം സ്വീകരിക്കുവാൻ കഴിഞ്ഞില്ല.
താമസിയാതെ തന്നെ വീണ്ടും മലയാളത്തിലെ ആദ്യത്തെ വനചിത്രമായ 'വനമാല' എന്ന ചിത്രത്തിൽ നായികയായി അഭിനയിക്കുവാനുള്ള ക്ഷണം ലഭിച്ചപ്പോൾ
എല്ലാ എതിർപ്പുകളെയും അവഗണിച്ചു് അഭിനയിക്കുവാന്‍ തന്നെ തീരുമാനിക്കുകയും, അങ്ങിനെ ആദ്യമായി അഭിനയരംഗത്തേക്കു് പ്രവേശിക്കുകയും ചെയ്തു.
രണ്ടാമതായി അഭിനയിച്ച ചിത്രമാണു് 'ആത്മശാന്തി'. നായികയുടെ അനുജത്തിയുടെ വേഷമായിരുന്നു അതിൽ. അതോടെ നെയ്യാറ്റിൻകര കോമളം എന്ന നടി വളരെ ശ്രദ്ധിക്കപ്പെട്ടു.
പിന്നീടു് ശ്രീ പ്രേംനസീറിന്റെ ആദ്യനായികയായി 'മരുമകള്‍' എന്ന ചിത്രത്തില്‍ അഭിനയിച്ചു. ആ സമയത്തു് കോമളത്തിനു് പതിനാറു വയസ്സു മാത്രമായിരുന്നു പ്രായം.
മരുമകൾക്കു ശേഷം എഫ്.നാഗൂർ തമിഴിലും തെലുങ്കിലും മലയാളത്തിലുമായി ഒരുക്കിയ ‘സന്ദേഹം’ എന്ന ചിത്രത്തിൽ എം.ജി.ആറിന്റെ സഹോദരൻ എം.ജി.ചക്രപാണിയുടെ നായികയായി അഭിനയിച്ചു.
അതിനെത്തുടർന്നു് പി. രാംദാസ് സംവിധാനം ചെയ്ത, ഒരുകൂട്ടം കോളേജ് വിദ്യാർത്ഥികളുടെ പരീക്ഷണസംരംഭമായിരുന്ന, ‘ന്യൂസ് പേപ്പർ ബോയ്‘ എന്ന ചിത്രത്തിലും അഭിനയിച്ചു.
അതൊടെ വളരെ ശ്രദ്ധിക്കപ്പെട്ട ഒരു നടിയായി മാറിക്കഴിഞ്ഞ കോമളത്തെ തേടി മെരിലാന്റ് അടക്കമുള്ള വിവിധ സിനിമാനിർമ്മാണ കമ്പനികൾ അവരുടെ സിനിമകളില്‍
അഭിനയിക്കുവാനുള്ള ക്ഷണവുമായി എത്തി. പക്ഷെ സമൂഹത്തില്‍ നിന്നും, സ്വന്തം ബന്ധുക്കളില്‍നിന്നും ഉണ്ടായ കടുത്ത എതിര്‍പ്പുകളെ അതിജീവിക്കാന്‍ കഴിയാതെ
തന്റെ ഇരുപത്തിയൊന്നാമത്തെ വയസ്സിൽ അഭിനയരംഗത്തോടു് വേദനയോടെ വിടപറയേണ്ടി വന്നു ഈ കഴിവുറ്റ കലാകാരിക്കു്.
അന്‍പതുകളില്‍ ഒരു സിനിമാഭിനേത്രിക്കു് അക്കാലത്തെ യാഥാസ്ഥിതിക സമൂഹത്തില്‍ നിന്നും കേള്‍ക്കേണ്ടി വന്ന പഴികള്‍ കുറച്ചൊന്നുമായിരുന്നില്ല എന്നു്
കോമളം ദുഃഖത്തോടെ അനുസ്മരിക്കുന്നു.
വളരെ വര്‍ഷങ്ങള്‍ക്കുശേഷം അഭിനയരംഗത്തേക്കു് ഒരു മടങ്ങിവരവിനു ശ്രമിച്ചുവെങ്കിലും പോയ കാലത്തെ ശ്രദ്ധേയയായ ഈ നായികയ്ക്കു് രണ്ടാം വരവില്‍
കിട്ടിയവേഷങ്ങള് എല്ലാം അപ്രധാനവേഷങ്ങളായിരുന്നു. ‘ആരാധന’, ‘ആ പെണ്‍കുട്ടി നീ ആയിരുന്നെങ്കില്‍’, ‘പ്രിയം’ തുടങ്ങിയ ചില ചിത്രങ്ങളില്‍ ചെറിയ ചെറിയ വേഷങ്ങളിൽ
അഭിനയിച്ചു തൃപ്തിപ്പെടേണ്ടിവന്നു. അതോടെ ആ ശ്രമവും ഉപേക്ഷിച്ചു.
അച്ഛന്റെ അനന്തരവൻ പരേതനായ ശ്രീ എം. ചന്ദ്രശേഖരമേനോൻ ആയിരുന്നു ശ്രീമതി കോമളത്തിന്റെ ഭർത്താവു്.
ഈ ദമ്പതികൾക്കു് കുട്ടികൾ ഇല്ല. ഈ ജന്മത്തിൽ കഴിയാതെ പോയെങ്കിലും അടുത്ത ജന്മത്തിലെങ്കിലും പേരെടുത്ത ഒരു അഭിനേത്രി ആകണം എന്നുള്ള പ്രാര്‍ത്ഥനയോടെ
വിശ്രമജീവിതം നയിച്ചിരുന്ന ഈ കഴിവുറ്റ കലാകാരി 2024 ഒക്ടോബർ 17 ന് വാർദ്ധക്യ സഹജമായ കാരണങ്ങളാൽ തൊണ്ണൂറ്റിയഞ്ചാമത്തെ വയസ്സിൽ അന്തരിച്ചു.
തയ്യാറാക്കിയതു് - കല്യാണി
References :
ഇന്നലത്തെ താരം(ATV)
മലയാളസംഗീതം- Malayalam Music & Movie Encyclopedia