Baby Shalini
Actors
|
Year of First Movie | 1983 |
Year of Last Movie | 1987 |
Movies Acted In | 28 |
Released Movies | 28 |
Unreleased Movies | 0 |
Dubbed Movies | 1 |
Movies in Production | 0 |
Favorite Director | Joshi |
Favorite Producer | Sajan |
Number of Years in the Field | 5 |
ശാലിനി അജിത്തു് എന്നു് ഇന്നറിയപ്പെടുന്ന ബേബി ശാലിനി , 1980 നവംബർ 20 നു് ചെന്നൈ നഗരത്തിലാണു് ജനിച്ചതു്. അച്ഛൻ കൊല്ലം സ്വദേശി ശ്രീ ഷറഫ് ബാബു. അമ്മ ശ്രീമതി ആലീസ്. സിനിമാ ഗാനമോഹങ്ങളുമായി മദ്രാസിലെത്തിയ ഒരു ഗായകനായിരുന്നു ശ്രീ ഷറഫ് ബാബു. ആ മോഹം പൂവണിഞ്ഞില്ലെങ്കിലും അദ്ദേഹത്തിന്റെ മൂന്നു മക്കളും (ശാലിനി, ശ്യാംലി, റിച്ചാർഡ്) വെള്ളിത്തിരയിലെ താരങ്ങളായി.
സംവിധായകൻ ഫാസിലിന്റെ കണ്ടുപിടിത്തമായിരുന്നു ശാലിനി. 1983-ൽ നവോദയയുടെ നിർമ്മാണത്തിൽ അദ്ദേഹം ഒരുക്കിയ “എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്കു്” എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലാണു് ശാലിനി ആദ്യമായി അഭിനയിച്ചതു് . അന്നു് ആ കൊച്ചു താരത്തിനു് വയസ്സു മൂന്നു മാത്രം. താമസിയാതെ അവൾ തെന്നിന്ത്യൻ സിനിമാരംഗം മുഴുവൻ കീഴടക്കി എന്നു തന്നെ പറയണം. ‘സന്ദർഭം’, ‘ചക്കരയുമ്മ’, ‘മുഹൂർത്തം പതിനൊന്നു മുപ്പതു്’ പോലുള്ള ചിത്രങ്ങൾ ശാലിനിയെ അക്കാലത്തെ മലയാളസിനിമയുടെ അവിഭാജ്യ ഘടകമാക്കി മാറ്റി. തമിഴിലും ധാരാളം ചിത്രങ്ങളിൽ ബാലതാരമായി വേഷമിട്ടു. 1990-ൽ പഠനത്തിനായി ബേബി ശാലിനി താൽക്കാലികമായി സിനിമയോടു് വിടപറയുമ്പോഴേക്കും ഇന്ത്യയിലെ അന്നത്തെ ഏറ്റവും പ്രായം കുറഞ്ഞ നികുതിദായക എന്ന പദവി പോലും ആ കൊച്ചുമിടുക്കിക്കു സ്വന്തമായിരുന്നു (ആ റിക്കോഡ് പിന്നീടു് തകർത്തതു് ശാലിനിയുടെ സ്വന്തം അനിയത്തി ബേബി ശ്യാംലി ആയിരുന്നു എന്നതു് അതിലും കൌതുകകരമായ വസ്തുതയാണു്). ‘അഞ്ജലി’ എന്ന ചിത്രത്തിലൂടെ ശാലിനിയുടെ സഹോദരൻ റിച്ചാർഡും ചലച്ചിത്ര രംഗത്തെത്തി.
“എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്കു്” എന്ന ചിത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാർഡ് ശാലിനിക്കു ലഭിച്ചിരുന്നു.
ചെന്നൈയിലെ ഫാത്തിമാമാതാ സ്കൂൾ, ആദർശ് വിദ്യാലയ, ചർച്ചു് പാർക്ക് കോൺവെന്റ് തുടങ്ങിയ സ്കൂളുകളിൽ വിദ്യാഭ്യാസത്തിനു ശേഷം 1997-ൽ ശാലിനി ശ്രീ ഫാസിലിന്റെ തന്നെ “അനിയത്തിപ്രാവു്” ഒരു സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെ വീണ്ടും വെള്ളിത്തിരയിൽ എത്തി. പിന്നീടു് 2001 വരെ അനവധി മലയാളം, തമിഴ് ചിത്രങ്ങളിൽ അഭിനയിച്ചു. ‘അമർക്കളം’ എന്ന ചിത്രത്തിൽ തന്റെ നായകനായി തിളങ്ങിയ പ്രശസ്ത നടൻ അജിത്തിനെ
തന്റെ ജീവിതത്തിലെയും നായകനാക്കാൻ തീരുമാനിച്ചു. 2000-ൽ ശ്രീ അജിത്തുമായി ശാലിനിയുടെ വിവാഹം നടന്നു. വിവാഹത്തോടെ ശാലിനി സിനിമാഭിനയരംഗത്തോടു വിടപറഞ്ഞു.
ശാലിനി അജിത്തു് ദമ്പതികൾക്കു് 2008-ൽ ഒരു പെൺകുട്ടി - അനൌഷ്ക - ജനിച്ചു. സിനിമാഭിനയരംഗത്തില്ലെങ്കിലും സ്പോർട്സ് രംഗത്തു് വളരെ സജീവമാണു് ശാലിനി ഇപ്പോൾ. 2012-ൽ തമിഴ്നാടു് സംസ്ഥാനതല ബാഡ്മിന്റൺ മത്സരങ്ങളിൽ ശാലിനി ഉന്നത വിജയങ്ങൾ കരസ്ഥമാക്കുകയുണ്ടായി.
തയ്യാറാക്കിയതു് - കല്യാണി
References :
വിക്കിപ്പീഡിയ
മറ്റു പ്രസിദ്ധീകരണങ്ങൾ
Available Movies : 28
Available Short Movies : 0