AJ Eddie
Actors
പഴയ തലമുറയിലെ അഭിനയാചാര്യന്മാരിൽ പ്രഗൽഭനായിരുന്ന ശ്രീ എ ജെ എഡ്ഡിമാസ്റ്റർ ജനിച്ചതു് 1925 മാർച്ച് 22 നു് ഫോർട്ടുകൊച്ചിയിൽ ആണു്. അച്ഛൻ ശ്രീ ജോസഫ്, അമ്മ ശ്രീമതി ഫിലോമിന. ചെറുപ്പം മുതലേ അഭിനയകലയോടു് അടങ്ങാത്ത അഭിനിവേശം ഉണ്ടായിരുന്നു. വിദ്യാഭ്യാസകാലത്തു തന്നെ കൊച്ചിയിലെ കലാസാംസ്കാരികരംഗത്തു് സജീവമായിരുന്നു. ആ കാലയളവിൽ ഇംഗ്ലീഷുനാടകങ്ങൾ പലതും അവതരിപ്പിക്കുകയും അവയിൽ പ്രശംസനീയമായ അഭിനയം കാഴ്ച വെക്കുകയും ചെയ്തിരുന്നു. മെട്രിക്കുലേഷൻ പാസ്സായതിനുശേഷം മുഴുവൻ സമയവും അഭിനയരംഗത്തേക്കു കേന്ദ്രീകരിച്ചു. ലോക നാടക,സിനിമാ നടന്മാരുടെ അഭിനയരീതികളെപ്പറ്റി ഗഹനമായി പഠിക്കുകയും വേദികളിൽ അതു് പരീക്ഷണാർത്ഥം അവതരിപ്പിച്ചു് പ്രേക്ഷകരുടെ പ്രശംസ പിടിച്ചുപറ്റുകയും ചെയ്തിരുന്നു.
അക്കാലത്തെ മലയാള നാടകങ്ങളുടെ അവതരണരീതികളിൽ മാറ്റം വരുത്തി പരിഷ്കൃതമായ അവതരണരീതിയിലേക്കു് നാടകരൂപത്തെ കൊണ്ടുവരുകയും മറ്റുള്ളവർ അതു് അംഗീകരിക്കുകയും ചെയ്തിരുന്നു. അങ്ങനെ അരങ്ങുകൾക്കു് ഒരു ദിശാബോധം പകർന്നു നൽകുന്നതിൽ നേതൃത്വം വഹിച്ചു എഡ്ഡിമാസ്റ്റർ. ശ്രേഷ്ഠമായ അഭിനയപാടവവും ഒരു പ്രത്യേക അഭിനയശൈലിയും സ്വായത്തമായുള്ള ഇദ്ദേഹം നാടകവേദിയിൽ മികച്ച നടനായി വളരെ പെട്ടെന്നുതന്നെ പ്രസിദ്ധിയാർജ്ജിച്ചു. അമച്വർ നാടകവേദികളോടൊപ്പംതന്നെ കെ പി എ സി, കലാനിലയം മുതലായ നാടകസമിതികളിലും അംഗമായിരുന്നു.നാടകാഭിനയത്തിൽ ഇദ്ദേഹത്തിന്റെ ശിക്ഷണത്തിൽക്കൂടി വളർന്നുവന്നവരാണു് പി ജെ ആന്റണി,എൻ ഗോവിന്ദൻകുട്ടി,ആലപ്പി ഖാൻ തുടങ്ങിയ പ്രതിഭകൾ. കൂടാതെ റ്റി എസ് മുത്തയ്യ, കെ പി എ സി ലളിത,ബിയാട്രീസ് തുടങ്ങിയ പ്രഗൽഭരായ നടീനടന്മാരെ നാടകരംഗത്തിനു് സംഭാവന നൽകുന്നതിനും മുഖ്യ പങ്കു വഹിച്ചിട്ടുണ്ടു്.
സിനിമാരംഗത്തേക്കുള്ള എഡ്ഡിമാസ്റ്ററുടെ ആദ്യത്തെ ചുവടുവെയ്പ്പു് 1957 ൽ ശ്രീ രാമുകാര്യാട്ട് സംവിധാനം ചെയ്ത ‘മിന്നാമിനുങ്ങു്’ എന്ന ചിത്രത്തിൽ നായക കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടായിരുന്നു. പിന്നീടു് ചെമ്മീനിലെ വലിയ മുക്കുവൻ കഥാപാത്രമായി ഏറെ ശ്രദ്ധിക്കപ്പെട്ട വേഷം ചെയ്തു. ചെമ്മീനിന്റെ നിർമ്മാണ നിർവാഹകൻ കൂടിയായിരുന്നു.അതിനുശേഷം മൂലധനം,ഗന്ധർവ്വക്ഷേത്രം,അഭയം എന്നീ ചിത്രങ്ങളിലും ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. തോമസ് ബെർളി നിർമ്മിച്ച ‘ഇതു മനുഷ്യനോ’ എന്ന ചിത്രത്തിന്റെ തിരക്കഥ എഡ്ഡിമാസ്റ്റർ എഴുതിയതാണു്. സിനിമയിൽ അഭിനയിക്കുന്നതിനേക്കാൾ കൂടുതൽ താല്പര്യം നാടകാഭിനയത്തോടായിരുന്നതിനാൽ മാസ്റ്റർ കൂടുതൽ സിനിമകളിൽ അഭിനയിക്കുവാനുള്ള അവസരങ്ങൾ തേടി സിനിമയുടെ പിറകേ പോയില്ല.നാടകത്തിൽ സജീവമായി തുടർന്നു. എറണാകുളത്തെ കലാഭവന്റെ നാടകപരിശീലന ക്ലാസ്സിൽ കുറേക്കാലം പഠിപ്പിച്ചിരുന്നു.
എഡ്ഡി മാസ്റ്ററുടെ ആദ്യ ഭാര്യ പ്രസിദ്ധ നാടക കലാകാരിയായിരുന്ന ശ്രീമതി മേരിയാണു്. അവരുടെ മരണശേഷം ശാന്തയെ വിവാഹം കഴിച്ചു. രണ്ടു ബന്ധത്തിലുംകൂടി മൂന്നു് പുത്രന്മാരും ആറു് പുത്രികളും ഉൾപ്പെടെ ഒൻപതുമക്കളും അവരുടെ കുടുംബവും അടങ്ങുന്നതാണു് മാസ്റ്റർക്കുള്ളതു്. പത്തൊമ്പതാം വയസ്സില്‍ തുടങ്ങിയ നാടകാഭിനയത്തില്നിന്നു് നാടക രചന, സംവിധാനം തുടങ്ങി ഏതാണ്ടു് നാടകത്തിന്റെ എല്ലാ മേഖലകളിലും നിറഞ്ഞുനിന്നിരുന്ന എഡ്ഡി മാസ്റ്റര്‍, ഒരു നടന് എന്നതിലുപരി നാടകരംഗത്തു് വിപ്ലവകരമായ ആശയങ്ങള്‍ യാഥാര്ത്ഥ്യവത്കരിച്ച ധൈര്യശാലിയായ ഒരു മികച്ച നവോത്ഥാന നായകൻ കൂടിയായിരുന്നു. മലയാള നാടകവേദിയുടെ ചരിത്രത്തിൽ മാറ്റങ്ങൾക്കു തുടക്കം കുറിച്ച ഈ പ്രതിഭാധനൻ, കലാകാരന്മാരെ തന്നാലാവും വിധം പ്രോത്സഹിപ്പിച്ചുകൊണ്ടു് അഭിനയകലയിൽ കർമ്മനിരതനായി തന്റെ അവസാനകാലം വരെയും ഊർജ്ജസ്വലതയോടുകൂടിത്തന്നെയാണു് കഴിഞ്ഞിരുന്നതു്.
തയ്യാറാക്കിയതു് - കല്യാണി
References :
മലയാളത്തിലെ അഭിനേതാക്കളുടെ വ്യക്തിവിവരങ്ങൾ (1989) - ലേഖകൻ കടുവാക്കുളം ആന്റണി
മലയാളസംഗീതം- Malayalam Music & Movie Encyclopedia
Available Movies : 5
Movie |
Year |
Producer |
Director |
Minnaminungu |
1957 |
VM Sreenivasan,Ramu Kariyat |
Ramu Kariyat |
Chemmeen |
1966 |
Babu Settu |
Ramu Kariyat |
Mooladhanam |
1969 |
Mohammad Aazam (Aazam Bhai) |
P Bhaskaran |
Abhayam |
1970 |
Sobhana Parameswaran Nair |
Ramu Kariyat |
Gandharvakshethram |
1972 |
M Kunchacko |
A Vincent |
Available Web Series : 0
Available Short Movies : 0