KV Shanthi
Actors
Areas of Contributions :
Actors
മലയാളത്തിലുൾപ്പെടെ അനവധി തെന്നിന്ത്യന്‍ ഭാഷകളില്‍ അഭിനയിച്ച ശാന്തി ജനിച്ചതു് കോട്ടയത്തായിരുന്നെങ്കിലും ബിസ്സിനസ്സാവശ്യത്തിനു് അച്ഛനമ്മമാരും കുടുംബവും മദ്രാസില്‍ കോടമ്പാക്കത്തേക്കു് താമസം മാറി. കലാരംഗത്തു് നര്‍ത്തകി എന്ന നിലയിലാണു് രംഗപ്രവേശം ചെയ്തതു്. പ്രഗത്ഭരായ ഗുരുക്കന്മാരുടെ കീഴില്‍ നൃത്തം അഭ്യസിക്കുവാന്‍ അവസരം ശാന്തിക്കു് ലഭിച്ചു.
പ്രസിദ്ധനായ ഗുരുഗോപിനാഥിന്റെ കീഴില്‍ നാലു് വര്‍ഷം നൃത്തം അഭ്യസിച്ചു. അതു് കഴിഞ്ഞു് സ്വന്തമായി ഒരു ചെറിയ ട്രൂപ്പ് ഗോപാലകൃഷ്ണന് എന്ന ഡാന്‍സ് മാസ്റ്ററുടെ സഹായത്തോടെ നടത്തി. തുടര്‍ന്നു് ഉദയശങ്കറിന്റെ ട്രൂപ്പില്‍ ചേര്‍ന്നു. ബോംബേ, ഡല്‍ഹി, കല്‍ക്കത്ത തുടങ്ങി ഇന്ത്യ ഒട്ടാകെ അവര്‍ നടത്തിവന്ന നൃത്ത പരിപാടികളില്‍ ശാന്തി പങ്കെടുത്തു. കല്‍ക്കത്തയില്‍ വെച്ചു് നൃത്ത പരിപാടി കാണാന്‍ വന്ന ജവഹര്‍ലാല്‍ നെഹ്റുവിന്റെ കയ്യില്‍ നിന്നും നേരിട്ടു് പാരിതോഷികം വാങ്ങുകയുണ്ടായി. രാമലീലയിലെ സീതയെ അവതരിപ്പിച്ച ശാന്തിയെ നെഹ്റു അഭിനന്ദിച്ചു. ട്രൂപ്പിനു് വിദേശത്തു് പരിപാടി വന്നപ്പോള്‍ അങ്ങോട്ടു് പോകാന്‍ അച്ഛന് അനുവദിക്കാതിരുന്നതിനാല്‍ തിരിച്ചു് മദ്രാസിലേക്കു് മടങ്ങുകയായിരുന്നു ശാന്തി.
ഒരിക്കല്‍ ശാന്തിയുടെ നൃത്തം കാണാന്‍ ഇടയായ മെരിലാന്റിലെ പ്രൊഡക്ഷന്‍ മാനേജര്‍ പാടാത്ത പൈങ്കിളി എന്ന സിനിമയിലേക്കു് ഒരു നര്‍ത്തകിയെ ആവശ്യമായിരുന്ന സാഹചര്യത്തില്‍ ശാന്തിയെ സിനിമയിലേക്കു് ക്ഷണിച്ചു. സിനിമാമോഹം മനസ്സില്‍ കൊണ്ടുനടന്നിരുന്ന ശാന്തി അതിനു് വേഗം സമ്മതിക്കുകയും ആ പടത്തില്‍ അഭിനയിക്കുകയും ചെയ്തു. ചെന്നൈയില്‍ വളര്‍ന്ന ശാന്തിക്കു് മലയാളം സംസാരിക്കാന്‍ നല്ല വശമില്ലാതിരുന്നതിനാല്‍ ശാന്തിക്കുവേണ്ടി സംഭാഷണം ഡബ്ബ് ചെയ്യുകയാണുണ്ടായതു്. പാടാത്ത പൈങ്കിളിയില് അഭിനയിക്കുമ്പോള്‍ ശാന്തിക്കു് 16 വയസ്സായിരുന്നു. തുടക്കത്തിലുണ്ടായിരുന്ന സഭാകമ്പം ക്യാമറയെ പല ആവര്‍ത്തി അഭിമുഖീകരിച്ചതോടെ മാറി. വിവിധ തരത്തിലുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ ശാന്തിക്കു് ധാരാളം അവസരം ലഭിച്ചു. തുടര്‍ന്നു് മെറിലാന്റ് സ്റ്റുഡിയോ ഇറക്കിയ നീലാ പ്രൊഡക്ഷന്‍സിന്റെ സിനിമകളില്‍ എല്ലാം തന്നെ ശാന്തി നിറഞ്ഞു നിന്നു. മലയാള സിനിമകളില്‍ പേരെടുത്തതോടെ അന്യഭാഷകളിലെ സംവിധായകരും ശാന്തിയെ തേടി എത്തി. ഡാന്‍സ് അറിയാവുന്നതിനാല്‍ തെലുങ്കില്‍ വിട്ലാചാര്യയുടെ സിനിമകളില്‍ ധാരാളം ഡാന്‍സിംഗ് ഉള്ള ഉപനായികാ വേഷങ്ങള്‍ ലഭിച്ചു. കാന്താറാവുവിന്റെ കൂടെ ഉപനായികയായി അഭിനയിച്ചിട്ടുണ്ടു്. കൂടാതെ തമിഴിലും ശാന്തി അഭിനയിച്ചിട്ടുണ്ടു്. ‘എല്ലാം ഉനക്കാകെ’ തുടങ്ങി ചില പടങ്ങളിലും ശിവാജി ഗണേശനോടൊപ്പവും അഭിനയിച്ചു. ഹിന്ദിയിലും ഒരു പടത്തില്‍ അഭിനയിച്ചിട്ടുണ്ടു്. എന്നിരുന്നാലും ശാന്തിക്കു്, ജനിച്ച നാട്ടിലെ മലയാള സിനിമയില്‍ അഭിനയിക്കാനായിരുന്നു ഏറെ താല്പര്യം. മലയാളത്തില്‍ വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ ശാന്തിക്കു് അവസരം ലഭിച്ചു. നായികയായാലും ചെറിയ വേഷം ആയാലും നന്നായി അഭിനയിക്കുക എന്നതായിരുന്നു ശാന്തിയുടെ പ്രകൃതം. ഹിന്ദിയില്‍ മൂന്നാലു പടങ്ങളിലും തെലുങ്കില്‍ ഏകദേശം പത്തു ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ടു്. എന്നിരുന്നാലും ശാന്തി ശ്രദ്ധേയ ആയതു് മലയാളത്തില്‍ തന്നെ ആയിരുന്നു. സിനിമയില്‍ തിരക്കു കുറഞ്ഞപ്പോഴും സീരിയലുകളില്‍ അഭിനയിക്കാന്‍ താല്പര്യം ഇല്ലായിരുന്നു. സിനിമയില്‍ നല്ല കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ ആയിരുന്നു ശാന്തിക്കു് താല്പര്യം.
അഭിനയകലയുടെ തിളക്കത്തില്‍ നില്ക്കുമ്പോഴാണു് ശാന്തിയുടെ വിവാഹം നടക്കുന്നതു്. കുടംബജീവിതം ആഗ്രഹിച്ചു് സിനിമയില്‍ നിന്നും വിട്ടു നിന്നു. മദ്രാസില്‍ ബിസിനസ്സ് നടത്തുന്ന തിരുവനന്തപുരത്തുകാരന് ശശികുമാര്‍ ആണു് ഭര്‍ത്താവു്. ഒരു മകനുണ്ടു്. മരുമകള്‍ ഷീല. കൊച്ചുമോന് അച്ചു. കെടാമംഗലം സദാനന്ദന്റെ ഭാര്യ ശാന്തിയുടെ സഹോദരിയാണു്.
2020 സെപ്തംബർ മാസം വാർദ്ധക്യ സഹജമായ കാരണങ്ങളാൽ അന്തരിച്ചു
മാധവഭദ്രൻ
അവലംബം : ഇന്നലത്തെ താരം
Available Movies : 58
Available Short Movies : 0