ഒരു ഗ്രാമത്തിന്റെയാകെ ആദരം കവർന്ന ജ്ഞാന വൃദ്ധനാണു സഹസ്രനാമ ശാസ്ത്രികൾ. അതികായനായ ഒരു പുരോഹിതൻ. ദശകങ്ങളിലൂടെ മാറ്റത്തിന്റെ കൊടുങ്കാറ്റടിക്കുന്നു.അത് സഹസ്രം അറിയുന്നുണ്ടോ ? അദ്ദേഹത്തിനൊരാഗ്രഹമേയുള്ളൂ.ഇന്നോളം ബ്രാഹ്മണനായി ജീവിച്ചു. ഇനി ബ്രാഹ്മണനായി മരിക്കണം.
അതിനു പണം വേണം.
സഹസ്രത്തിന്റെ മകൻ ശങ്കരശാസ്ത്രിയും പുരോഹിതനാണ്.സൈക്കിൾ ചവുട്ടി നാടാകെ കറങ്ങി മതവും ആചാരവും വിറ്റു പോരുന്ന മനുഷ്യൻ.
കനകവും രാജാമണിയും ശങ്കരശാസ്ത്രിയുടെ മക്കളാണ്.സുന്ദരിയാണു കനകം.രാജാമണി റിബലാണോ ? അതോ അധഃപതനവാദിയോ ?
അപ്പൂപ്പൻ സഹസ്രത്തിനു മരിക്കാൻ വേണ്ട പണമൊരുക്കുകയാണു കനകം.ചാണകം പെറുക്കി വിറ്റും അരിയാട്ടിയും.
കനകത്തിന്റെ ത്യാഗത്തെപ്പറ്റി സഹസ്രം പഴയ സുഹൃത്തും കൊട്ടാരം ജീവനക്കാരനുമായ വിക്രമൻ പിള്ളയോട് കൂടെക്കൂടെ പറയും. ഇരുപത്തി രണ്ടുകാരിക്ക് ത്യാഗം മാത്രം മതിയോ ?
പ്രേമം !
അവൾക്കൊരു കാമുകനുണ്ടായി. വെളുത്തേടൻ അപ്പു.അഗ്രഹാരത്തിന്റെ പഴയ മതിലുകൾ കുലുങ്ങി.യാഥാസ്ഥിതികർ പത്തി വിടർത്തി.ആ കൊടുങ്കാറ്റിൽ പലതും സംഭവിച്ചു.
സഹസ്രനാമശാസ്ത്രികൾക്ക് അദ്ദേഹം ഒരിക്കലും വിഭാവന ചെയ്തിട്ടില്ലാത്ത മട്ടിലുള്ള മരണവും മരണാനന്തര ചടങ്ങുകളുമുണ്ടായി……