കഥാസാരം
ഇന്നലത്തെ അഭിമാനത്തിൽ ഇന്നത്തെ ദാരിദ്ര്യം മൂടിവെയ്ക്കാൻ ശ്രമിച്ച ഒരു ദുരഭിമാനിയാണ് കോയിക്കൽ കൃഷ്ണക്കുറുപ്പ്.തറവാടിന്റെ മഹിമയെ മറ്റെന്തിനേക്കാളും വലുതായി അയാൾ വിശ്വസിച്ചു. കാലത്തിന്റെ മാറ്റങ്ങളൊന്നും അയാളറിഞ്ഞില്ല. തന്റെ സന്താനങ്ങൾ സാധാരണക്കാരെപ്പോലെ ജോലിയ്ക്കു പോകുന്നതൊന്നും അയാൾക്കു സഹിക്കാമായിരുന്നില്ല. കുറുപ്പിന്റെ മകൻ ഗോപി കാലത്തിന്റെയും ജീവിതത്തിന്റെയും മാറ്റങ്ങളെ കുറിച്ച് ബോധവാനായിരുന്നു.മുങ്ങിക്കൊണ്ടിരുന്ന തറവാടിനെ രക്ഷിക്കാൻ എന്തെങ്കിലും തൊഴിലു ചെയ്യുകയില്ലാതെ മറ്റൊരു മാർഗ്ഗവുമില്ലെന്ന് ഗോപി മനസ്സിലാക്കി.ഏതു തൊഴിലും അഭിമാനകരമാണെന്നും ഗോപി വിശ്വസിച്ചു.അങ്ങനെ ഗോപി ബസ് കണ്ടക്ടറായി.പക്ഷേ അത് ആ കുടുംബത്തിൽ വിപ്ലവം സൃഷ്ടിച്ചു.അച്ഛൻ പറയുന്നതാണ് ശരിയെന്നു വാദിക്കുകയും തൊഴിൽ ചെയ്യാതെ കുടുംബം മുടിക്കുകയും ചെയ്യുന്ന ഭാസി ഗോപിയുടെ ജ്യേഷ്ഠനാണ്.ഭാസിയുടെ ഭാര്യയുടെ ദുർബുദ്ധിയും അഹങ്കാരവും മറ്റൊരു തലവേദനയായിരുന്നു.കലഹക്കാരിയായ അവൾ തന്റെ ഭർത്താവിനെയും കൂട്ടിക്കൊണ്ട് അവിടെ നിന്നു പിണങ്ങിപ്പോയി.അവരെ തടയാൻ ചെന്ന കൃഷ്ണക്കുറുപ്പ് ഗോവണിയിൽ നിന്നും വീണു കാലൊടിഞ്ഞ് കിടപ്പിലായി. അച്ഛനെ ചികിത്സിക്കാൻ മറ്റു മാർഗ്ഗമില്ലാതെ മകൾ ഓമന അടുത്തൊരു വീട്ടിൽ സംഗീതം പഠിപ്പിക്കാൻ പോയി.തുടർന്നു ശിഷ്യയുടെ സഹോദരനായ ദാമുവുമായി അവൾ പ്രണയബന്ധത്തിലുമായി. പക്ഷേ ദാമുവിന്റെ കുടുംബമഹിമയിൽ തൃപ്തി വരാത്ത കുറുപ്പ് അതു തടയുകയും മകൾക്കു മറ്റൊരു വിവാഹം നിശ്ചയിക്കുകയും ചെയ്തു. ഇതിനിടയിൽ ഭാസിയുടെ ശ്വശുരനായ ഗോപാലക്കുറുപ്പ് തനിക്കു വേണ്ടി കള്ളസാക്ഷി പറയാത്തതിന്റെ പേരിൽ കൃഷ്ണക്കുറുപ്പുമായി പിണങ്ങി.ഓമനയുടെ വിവാഹദിവസം വീട് ജപ്തി ചെയ്യാനുള്ള കോടതി ഉത്തരവുമായി ഗോപാലക്കുറുപ്പ് ആമീനുമായി കോയിക്കലെത്തി.അപമാനം സഹിക്കാനാവാതെ ആത്മഹത്യക്കു മുതിർന്ന കൃഷ്ണക്കുറുപ്പിനെ തക്ക സമയത്തു പണവുമായി വന്നെത്തിയ ഗോപി രക്ഷപ്പെടുത്തി. അദ്ധ്വാനത്തിന്റെ മഹത്ത്വവും ദുരഭിമാനത്തിന്റെ കഥയില്ലായ്മയും മനസ്സിലാക്കിയ കൃഷ്ണക്കുറുപ്പ് പശ്ചാത്താപത്തോടെ ഗോപിയെ ആലിംഗനം ചെയ്തു സ്വീകരിച്ചു. ഓമനയെ അവളുടെ കാമുകനായ ദാമുവിനു വിവാഹം ചെയ്തു കൊടുക്കുകയും ചെയ്തു.
മഹത്തായ ഒരാദർശവും സന്ദേശവും ഉൾക്കൊള്ളുന്ന ഈ കഥയിൽ കൃഷ്ണക്കുറുപ്പായി ശ്രീ. തിക്കുറിശ്ശിയും ഗോപിയായി മിസ്റ്റർ സത്യനും ഓമനയായി ശ്രീമതി രാഗിണിയുമാണ് അഭിനയിച്ചത്.ഓ മാധവൻ, കെടാമംഗലം സദാനന്ദൻ, മുതുകുളം രാഘവൻ പിള്ള , അടൂർ ഭാസി,ബഹദൂർ, മുരളി, കാലായ്ക്കൽ കുമാരൻ,ആറന്മുള പൊന്നമ ,, അമ്മിണി അമ്മ, ചിത്രാദേവി തുടങ്ങിയവരും അഭിനയിച്ചിട്ടുണ്ട്.ശ്രീ എം കൃഷ്ണൻ നായരാണ് ചിത്രം സംവിധാനം ചെയ്തിട്ടുള്ളത്.ഇതിൽ 9 ഗാനങ്ങൾ ഉണ്ട്. ഗാനങ്ങൾ എഴുതിയത് ശ്രീ അഭയദേവും സംഗീത സംവിധാനം നിർവഹിച്ചത് ശ്രീ ദക്ഷിണാമൂർത്തിയുമാണ്. പി ലീല , യേശുദാസ്,, രേണുക,വിനോദിനി, എന്നിവർ പിന്നണിയിൽ പാടിയിരിക്കുന്നു. നൃത്ത സംവിധാനം ചെയ്തിരിക്കുന്നത് കലാമണ്ഡലം മാധവനാണ്.മദ്രാസ് ന്യൂട്ടോൺ , ഫിലിം സെന്റർ എന്നീ രണ്ടു സ്റ്റുഡിയോകളിലായിട്ടാണ് നിർമ്മാണം പൂർത്തിയാക്കിയത്. ക്യാമറ ശ്രീ ആദി ഇറാനിയും , കലാവിഭാഗം ശ്രീ ആർ ബി എസ് മണിയും കൈകാര്യം ചെയ്തു.എഡിറ്റിംഗ് എം എസ് മണിയും വിതരണം നടത്തിയത് എറണാകുളം അസോഷിയേറ്റഡ് പിക്ചേഴ്സും ആയിരുന്നു.1.12.1962 ലാണു വിയർപ്പിന്റെ വില പ്രദർശനം തുടങ്ങിയത.
അവലംബം : മലയാള സിനിമാ ഡയറക്ടറി , 1970
എഴുതിയത് : ജിജാ സുബ്രമണ്യന്0
കടപ്പാട് : ബി വിജയകു0