പണക്കൊതിയന്മാരായ കുടുംബങ്ങളുടെ പൊറുതികേട് സഹിക്ക വയ്യാതായപ്പോൾ തന്റെ സ്നേഹിതനായ വക്കീലിന്റെ (പറവൂർ ഭരതൻ ) സഹായത്തോടേ കുട്ടൻ പിള്ള സ്വത്തെല്ലാം ലല്ലിയുടെ പേർക്ക് ഒസ്യത്തെഴുതി വെച്ചു.
പരിഷ്കൃതയും വലിയ തന്റേടിയുമായ ലല്ലിയെ ഒട്ടും ഇഷ്ടപ്പെടാത്ത രണ്ടു യുവാക്കളാണ് , ലല്ലിയുടെ ബന്ധുക്കളായ ഗോപിയും ( കെ പി ഉമ്മർ ) ഭരതനും (ഭാസി)
കുട്ടൻ പിള്ളയുടെ സ്വത്തെല്ലാം ലല്ലിയുടെ പേർക്ക് എഴുതി വെയ്ക്കപ്പെട്ടുവെന്ന് മനസ്സിലാക്കിയ ഭരതന്റെ അച്ഛനമ്മമാർ - പട്ടാളം കുഞ്ചുപിള്ളയും (മുതുകുളം ) കാർത്ത്യായനിയും (ഖദീജ) – പാവത്താനും ശുദ്ധ കൺട്രിയുമായ ഭരതനെ ലല്ലിയെ പ്രേമിക്കാനും അങ്ങനെ ഗോപിയെ തോല്പ്പിച്ച് അവളെ വിവാഹം കഴിക്കാനും നിർബന്ധിക്കുന്നു. പ്രേമിച്ചില്ലെങ്കിൽ കുടിക്കാൻ കഞ്ഞി പോലും കിട്ടില്ലെന്ന് വന്നപ്പോൾ ഗത്യന്തരമില്ലാതെ ഭരതൻ ലല്ലിയെ പ്രേമിക്കാൻ തയ്യാറെടുത്തു. ദുർമ്മോഹിയായ ഗോപി ഭരതന്റെ എതിരാളിയായി രംഗത്തിറങ്ങി.ഗോപിയുടെ അച്ഛനമമാരായ രാഘവൻ പിള്ളയും (മുത്തയ്യ ) ഭവാനിയും (രാജമ്മ) ഗോപി ഭരതനെ തോല്പ്പിക്കുമെന്ന കാര്യത്തിൽ സംശയമില്ല. ഗോപിയും ഭരതനും തമ്മിലുള്ള പ്രണയമത്സരത്തിനിടയിൽ മക്കളില്ലാത്ത ശങ്കുണ്ണിരാമന്നായരും ( സി എൽ ജോൺ) ഭാര്യ രുദ്രാണിയും (സി ആർ ലക്ഷ്മി ) ദുർമന്ത്രവാദം ചെയ്തെങ്കിലും കുട്ടൻ പിള്ളയെയോ ലല്ലിയെയോ കൊലപ്പെടുത്തി സ്വത്ത് നേടാൻ പ്ലാനിട്ടു. ഇവരുടെ ഇടയിൽ പെട്ട് കുട്ടൻ പിള്ള നട്ടം തിരിയുന്നു.
ഈ കുഴപ്പങ്ങളിൽ നിന്നും രക്ഷപ്പെടാൻ നല്ലൊരു ചെറുപ്പക്കാരനെ കണ്ടു പിടിച്ച് ഉടൻ ലല്ലിയെ വിവാഹം കഴിപ്പിക്കണം എന്ന് വക്കീൽ കൊടുത്ത ഉപദേശം കുട്ടൻ പിള്ള ശരി വെച്ചു.അവിടെയും ഒരു ഏടാകൂടം.പുരുഷന്മാരോട് അടുത്ത് ഇടപഴകരുത് അവരെ വിശ്വസിക്കരുത് എന്ന് പണ്ടെങ്ങാണ്ടോ സിംഗപ്പൂരിൽ വെച്ച് കുട്ടൻ പിള്ള ലല്ലിയ്ക്ക് നൽകിയ ഉപദേശം അവളെ ഒരു വിവാഹ വിദ്വേഷിയാക്കി മാറ്റിയിരുന്നു. വിവാഹക്കാര്യം സംസാരിക്കുന്നതു പോലും ലല്ലി എതിർത്തപ്പോൾ കുട്ടൻ പിള്ള പതറി.
നല്ലൊരു പയ്യനെ ആദ്യം കന്റു പിടിക്കാം ബാക്കി കാര്യം പിന്നീട്. പ്രായോഗികബുദ്ധിയുള്ള വക്കീൽ കുട്ടൻ പിള്ളയെ സമാധാനിപ്പിച്ചു.
പത്രങ്ങളിൽ ഒരു പരസ്യം വന്നു ഒരു വലിയ സ്ഥാപനത്തിന്റെ ഭരണച്ചുമതല ഏറ്റെടുക്കാൻ സുന്ദരനും ഉന്നതബിരുദധാരിയും അവിവാഹിതനുമായ ഒരു യുവാവിനെ ആവശ്യമുണ്ട് എന്നു തന്റെ മുത്തച്ഛനായ പത്മനാഭപ്പിള്ളയുടെ (സിദ്ധൻ ) നിർബന്ധത്തിനു വഴങ്ങി രാജൻ (പ്രേം നസീർ ) ഉടൻ ഇന്റർവ്യൂവിനു ഹാജരായി.കുട്ടൻ പിള്ളയുടെ പേരക്കുട്ടിയെ പ്രേമിക്കലും വിവാഹം കഴിക്കലുമാണ് ജോലിയെന്നറിഞ്ഞപ്പോൾ രാജനു അരിശം കയറി., ഈ ജോലി കൃത്യമായും ഭംഗിയായും നടത്തിയാൽ ലക്ഷക്കണക്കിനു രൂപ തരാം എന്നു കൂടി കുട്ടൻ പിള്ള പറഞ്ഞപ്പോൾ രാജന്റെ ദേഷ്യം ഇരട്ടിച്ചു. പണത്തിനു വാലാട്ടാൻ വേറേ ആളെ നോക്കണം എന്ന് മുഖത്തടിക്കും പോലെ പറഞ്ഞ് രാജൻ അവിടെ നിന്നിറങ്ങി.
കോടിക്കണക്കിനു രൂപ പുല്ലു പോലെ തള്ളിയ രാജൻ തന്നെ വേണം ലല്ലിയെ വിവാഹം കഴിക്കാൻ എന്ന് കുട്ടൻ പിള്ളയ്ക്ക് നിർബന്ധവുമായി.
രാജൻ മുത്തച്ഛനോടൊത്ത് മദിരാശിയിൽ സ്ഥിരതാമസമാണ്.നമുക്ക് മദിരാശിയിലേക്ക് പുറപ്പെടാം. എന്റെ മകൾ രമ (സുജാത ) മദിരാശിയിലെ കേരളാ ലേഡീസ് ഹോസ്റ്റലിൽ താമസിച്ചു പഠിക്കയാണ്.അവളെ വിവാഹം കഴിക്കാൻ പോകുന്ന രവി (വിൻസന്റ് ) മദിരാശിയിൽ ഒരു എഞ്ചിനീയറാണ്.ലല്ലി രമയോടൊപ്പം ഹോസ്റ്റലിൽ താമസിക്കട്ടെ. പെൺകുട്ടികളോടിടപഴകി ജീവിക്കുമ്പോൾ മനസ്സു മാറ്റം തന്നെ വന്നു കൊള്ളും.രവിയുടെയും രമയുടെയും സഹായത്തോടെ നമുക്ക് രാജനെയും ലല്ലിയെയും പരിചയപ്പെടുത്താനും അങ്ങനെ പ്രേമബദ്ധരാക്കാനും ശ്രമിക്കാം.
വക്കീലിന്റെ പ്ലാൻ കുട്ടൻ പിള്ളക്ക് ഇഷ്ടപ്പെട്ടു.
അങ്ങനെ ലല്ലി, കുമാരി മാലതിയമ്മയുടെ (മീന )ആധിപത്യത്തിലുള്ള ലേഡീസ് ഹോസ്റ്റലിൽ ചേർക്കപ്പെട്ടു. രമ റൗഡി റീത്ത (സാധന ) രമണി (രാധാമണി ) അന്നാമ്മ (ഫിലോമിന ) തുടങ്ങിയവർ അവളുടെ മനസ്സു മാറ്റത്തിനു ശ്രമിക്കാൻ തുടങ്ങി.രവിയും രമയും രാജനെയും ലല്ലിയെയും കൂട്ടിയിണക്കാൻ പരിപാടികളിട്ടു.
ഇതിനിടയിൽ ലല്ലി പ്രേമപദ്ധതിയുമായി ഗോപിയും ഭരതനും മദിരാശിയിലെത്തി.
പിള്ളേറുടെ ശ്രമം ഫലിച്ചില്ലെങ്കിലോ ? എന്നു കരുതി കുട്ടൻ പിള്ളയും വക്കീലും അവരുടേതായ മാർഗ്ഗത്തിലൂടെ രാജനെ വശപ്പെടുത്താൻ തയ്യാറെടുത്തു.
തുടർന്ന് രസകരങ്ങളായ കുഴപ്പങ്ങൾ പലതും സൃഷ്ടിക്കപ്പെടുന്നു. ഒടുവിൽ എല്ലാം ചേർന്ന് പൊട്ടിത്തെറിച്ചു. എങ്ങനെ ??? വെള്ളിത്തിരയിൽ കാണൂ…
കുറിപ്പ് : ഈ ചിത്രത്തിന്റെ ടൈറ്റിലുകൾ കാർട്ടൂൺ ചിത്രമായാണു അവതരിപ്പിച്ചത്.
കടപ്പാട് : പാട്ട് പുസ്തകം