ചിന്തകന്മാരും ബുദ്ധിജീവികളും ഈ പ്രശ്നത്തെ വിവിധ വീക്ഷണ കോണുകളിൽ കൂടി നോക്കിയും കണ്ടും അപഗ്രഥിക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നു.പക്ഷേ – ഒരെത്തും പിടിയും ഇനിയും കിട്ടിയിട്ടില്ല.ഈ പ്രതിഭാസത്തെ കേന്ദ്രബിന്ദുവാക്കി അവതരിപ്പിക്കുന്നതാണ് ഉല്ലാസയാത്ര.
മാനസികോല്ലാസവും പൊട്ടിച്ചിരിയും ഈ ചിത്രത്തിന്റെ മുഖമുദ്രകളാണ്.എങ്കിലും സങ്കീർണ്ണമായ ഒരു പ്രശ്നത്തിന്റെ ഊടും പാവും വ്യക്തമാക്കാൻ ഉല്ലാസയാത്രയ്ക്ക് സാധിച്ചിട്ടുണ്ട്.
ഇന്നത്തെ യുവതലമുറയുടെ ധാർമ്മികാധഃപതനത്തിൽ അങ്ങേയറ്റം അമർഷമുള്ള പ്രൊഫസർ മേനോന്റെയും ഡിസിപ്ലിൻ ജീവശ്വാസമാക്കി മാറ്റിയ ലക്ചറർ ശോശാമ്മയുടെയും ആർഷ സംസ്കാരത്തെ ആധുനിക യുഗം കറ പുരട്ടരുതെന്ന കർശനമായ നിർബന്ധ ബുദ്ധിയുള്ള പോറ്റി സാറിന്റെയും നേതൃത്വത്തിൽ ഇന്നത്തെ കുറെ യുവതീയുവാക്കൾ ഒരു സ്റ്റഡി ടൂറിനു പുറപ്പെട്ടു. വനത്തിലേക്ക്.ക്ലാസ്സു മുറികളും പുസ്തക കൂമ്പാരങ്ങളും വിട്ട് ആ ചെറുപ്പക്കാർ വനത്തിലെത്തിയപ്പോൾ അവരുടെ യുവത്വം അതിതീക്ഷ്ണമായ ഭാവചൈതന്യ ധാരയായി ഒഴുകി.
കണ്ണുകൾ തമ്മിലിടഞ്ഞു. കവിതകൾ വിരിഞ്ഞു. കരളിൽ ഇക്കിളി വിടർന്നു.പ്രേമമായി… മിക്കവാറും എല്ലാ വിദ്യാർത്ഥി വിദ്യാർത്ഥിനികളും കാമുകീകാമുകന്മാരായി മാറിപ്പോയി.
പ്രൊഫസർ മേനോനും പോറ്റി സാറും ലക്ചറർ ശോശാമ്മയും ആവുന്നത്ര ശ്രമിച്ചു. നൂലാമാലകളെപ്പോലെ കുരുങ്ങിക്കൂടിയ പ്രേമശൃംഖലകളെ പൊട്ടിച്ചെറിയാൻ പക്ഷേ സാധിച്ചില്ല.
യുവതീയുവാക്കളുടെ പ്രേമരംഗങ്ങൾ കണ്ടു കണ്ടു പ്രൊഫസർമേനോന്റെ ഭാര്യയായ ശ്രീമതി രമണി മേനോനു മാനസാന്തരമുണ്ടായി. പണ്ഡിതനും വിജ്ഞാനദാഹിയുമായ പ്രൊഫസർ മേനോൻ ഒരു വലിയ മനുഷ്യനാണ്.പക്ഷേ ഒരു നല്ല ഭർത്താവല്ല. ഒരു ഭാര്യയുടെ ആവശ്യം മനസ്സിലാക്കാൻ അദ്ദേഹത്തിനു സമയമില്ല.ഈ വീർപ്പുമുട്ടലിലാണ് ഒരു പ്രേമലോകം രമണീ മേനോൻ കാണുന്നത്.കാമുകീ കാമുകന്മാരിൽ മുൻപന്തിയിൽ നിൽക്കുന്ന മഞ്ജുവിന്റെയും രവിചന്ദ്രന്റെയും പ്രണയരംഗങ്ങൾ കണ്ട് രമണീമേനോന്റെ ഉള്ളിന്റെ ഉള്ളിൽ നീറിപ്പുകഞ്ഞു കൊണ്ടിരുന്ന വികാരാഗ്നി അത്യുഗ്രമായി ആളിക്കത്തി.ഒരു രാത്രിയിൽ ചന്ദ്രൻ തന്റെ പ്രേയസിയായ മഞ്ജുവിനെ കാത്ത് പാറപ്പുറത്തിരിക്കുകയായിരുന്നു.പക്ഷേ വന്നത് പ്രൊഫസറുടെ ഭാര്യയാണ്.ചന്ദ്രൻ ഞെട്ടിപ്പോയി. രമണീമേനോൻ സകലതും മറന്ന് അവനെ കെട്ടിപ്പിടിച്ചു. ഗുരുനാഥന്റെ ഭാര്യയുടെ ചൂട് അവനു താങ്ങാൻ കഴിഞ്ഞില്ല.
അരുത്….. അവൻ അലറി.
സഹ്യാദ്രിസാനുക്കളിൽ രക്തചന്ദനം വിതറിക്കൊണ്ട് പ്രഭാതം വന്നു.
പാറയുടെ അഗാധതയിൽ ചന്ദ്രന്റെ മൃതദേഹം കിടക്കുന്നു.രവിയെ കൊന്നതാണോ? ആണെങ്കിൽ ആര് ???