അഞ്ചു കൂട്ടുകാര്‍... ചെറുപ്പം മുതല്‍ ഒന്നിച്ചാണ് മോഷണം, തട്ടിപ്പ്, ക്വട്ടേഷന്‍ തുടങ്ങിയ കലാപരിപാടികള്‍ ഏറ്റെടുക്കുന്നത്. വലുതായശേഷവും വ്യത്യസ്ത തുറകളില്‍ ഈ പണികള്‍ തുടരുമ്പോഴും ആവശ്യം വരുമ്പോള്‍ ഒന്നിക്കും. ഒരിക്കല്‍ കൂട്ടത്തില്‍ ഇളയവനായ ടോണി (ആസിഫ് അലി) ഒരു പ്രശ്നത്തില്പെടുമ്പോള് മറ്റുള്ളവരായ അയ്യപ്പന്, ബെന്നി, ഗീവര്‍, ഫക്കീര്‍ എന്നിവര്‍ (കലാഭവന്‍ മണി, റഹ് മാന്‍, ഇന്ദ്രജിത്ത്, വിനായകന്) സഹായിക്കാനും പരിഹാരമുണ്ടാക്കാനും ഒപ്പം കൂടുന്നു. തുടര്‍ന്നുള്ള പ്രശ്നങ്ങളും സംഘര്‍ഷങ്ങളുമാണ് ചിത്രം പറയുന്നത്. കഥയായി പറയാന്‍ ഇതില്‍ കൂടുതലൊന്നും ചിത്രത്തിലില്ല. ഹോങ്കോങ് ചിത്രം 'എക്സൈല്‍ഡി'ന്റെ കഥാതന്തു ആയിരിക്കാം അമലിന് പ്രചോദനമായത്.
മേല്‍പ്പറഞ്ഞ 'കഥ'യുടെ രംഗങ്ങള്‍ വട്ടംകൂടിയിരുന്നും അല്ലാതെയും മദ്യപിക്കുകയും സിഗരറ്റ് വലിക്കുകയും ചെയ്യുക, അശ്ലീലച്ചുവയുള്ള കഥ പറഞ്ഞുരസിക്കുക, പ്രശ്നങ്ങളില്‍ ചെന്നുചാടി പരസ്പരം വെടിയുതിര്‍ക്കുക, അവസാനം പത്തുമിനിട്ട് സ്ലോമോഷനില്‍ കൂട്ടവെടിവയ്പും (അതും പൊട്ടിച്ചിരിച്ചുകൊണ്ട്) എന്ന രീതിയില്‍ ചേര്‍ത്തുവച്ചാല്‍ തിരക്കഥയും സംഭാഷണവും അവതരണവുമായി.
കുറേ വ്യത്യസ്തയുള്ള ഷോട്ടുകള്‍ പകര്ത്തിവയ്ക്കാനായി എന്നുള്ളതാണ് അമല്‍ നീരദ് എന്ന ഛായാഗ്രാഹകന്റെ മികവ്. അത് ആവശ്യത്തിനും അനാവശ്യത്തിനും സ്ലോ മോഷനില്‍ പകര്‍ത്തി പ്രേക്ഷകനെ പരീക്ഷിക്കുന്നു എന്നിടത്താണ് അമല്‍ നീരദ് എന്ന സംവിധായകന്റെ സാന്നിധ്യം അറിയുന്നത്. സ്റ്റൈലിഷ് ആകാന്‍ സ്ലോ മോഷന്‍ ആദ്യാവസാനം ഉപയോഗിക്കണമെന്ന മിഥ്യാധാരണയില്‍ അദ്ദേഹത്തിന് മാറ്റമൊന്നും വന്നിട്ടില്ലെന്ന് സാരം.
വിദേശസിനിമകള്‍ കണ്ട് പ്രചോദനമുള്‍ക്കൊണ്ട് ആ സ്റ്റൈല്‍ ഇവിടെ പരീക്ഷിക്കണമെന്ന ആഗ്രഹവുമായി ഇറങ്ങിയ അമല്‍ നീരദിന്റെ സങ്കല്‍പ്പങ്ങളോട് ഒരിക്കലും ചേര്ന്നുനില്ക്കാനാകുന്നില്ലെന്ന് തിരക്കഥാകൃത്തുക്കളായ ആര് ഉണ്ണിയും സന്തോഷ് ഏച്ചിക്കാനവും തെളിയിച്ചു. ആ തിരിച്ചറിവ് അമലിന് ഉണ്ടാകാത്തതാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പോരായ്മയും. അതുകൊണ്ടുതന്നെ, വെടിയും പുകയും സ്ലോ മോഷനില്‍ ചോര തെറിക്കലുമൊക്കെ ആദ്യാവസാനമുണ്ടെങ്കിലും ഒരിക്കലും പ്രേക്ഷകനെ ഉദ്വേഗജനകമായ അന്തരീക്ഷത്തിലേക്ക് കൊണ്ടുപോകാന്‍ ചിത്രത്തിനാകുന്നില്ല. തോന്ന്യാസികളായി മരിച്ച് നരകത്തില്‍ എത്തുന്നവരെ സ്വീകരിക്കാന്‍ പത്മപ്രിയയുടെ ഐറ്റം ഡാന്‍സ് ഉണ്ടെന്ന അറിവ് പകര്‍ന്നുനല്‍കുന്നു എന്നതാണ് എടുത്തുപറയാവുന്ന പുതുമ.
അഭിനേതാക്കള്‍ എല്ലാവരും കഥാപാത്രങ്ങള്‍ക്ക് ചേരുന്ന 'ലുക്കി'ല്‍ നന്നായി. പക്ഷേ, അവര്‍ക്ക് ലുക്കിനൊത്ത് പ്രകടനം കാഴ്ചവയ്ക്കാന്‍ സംവിധായകന് അവസരം നല്‍കിയിട്ടുമില്ല. പൃഥ്വിരാജിനെയും ഒരുകാര്യവുമില്ലാതെ കഥയിലേക്ക് വലിച്ചിഴച്ചു. രമ്യ നമ്പീശനും പത്മപ്രിയയും ഐറ്റം ഡാന്‍സര്‍ എന്ന നിലയില്‍ ഈ ചിത്രത്തോടെ പേരെടുക്കും. നിത്യ മേനോന് കാഴ്ചയില്‍ സുന്ദരിയാണെങ്കിലും അഭിനയപ്രാധാന്യമുള്ള രംഗങ്ങളില്‍ മെച്ചപ്പെടാനുണ്ട്.
സംഗീതസംവിധായകന് രാഹുല്‍ രാജ് ഒരുക്കിയ ഗാനങ്ങളില്‍ ശ്രേയ ഘോഷലും നിഖിലും പാടിയ 'കാര്മുകിലില്' കൊള്ളാം. മറ്റുള്ളവ ചിത്രത്തിന് ചേരുന്നവയെന്നേ പറയാനാവൂ. വിവേക് ഹര്ഷന്റെ എഡിറ്റിങ്ങും മോശമല്ല.
മുന്‍ ചിത്രമായ 'അന്‍വറി'ല്‍ നിന്ന് 'ബാച്ചിലര്‍ പാര്‍ടി'യിലേക്കുള്ള യാത്രയ്ക്കിടെ അദ്ദേഹം തെറ്റുകള്‍ തിരിച്ചറിഞ്ഞില്ല, തിരക്കഥയ്ക്ക് സിനിമയിലുള്ള പ്രാധാന്യം മനസിലാക്കിയുമില്ല. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ സൃഷ്ടികളില്‍ ഏറ്റവും പിന്നില്‍ നില്‍ക്കാനുള്ള യോഗ്യതയേ ഈ ചിത്രത്തിനുള്ളൂ.
ചുരുക്കത്തില്‍ 'ബാച്ചിലര്‍ പാര്‍ടി' എന്ന പേരിനൊത്തൊരു പടം സ്ലോ മോഷനില്‍ തട്ടിക്കൂട്ടി എത്തിച്ചിരിക്കുകയാണിവിടെ. മലയാളി യുവത്വം അത്രയ്ക്കങ്ങ് ന്യൂ ജനറേഷന് ആയിട്ടില്ലാത്തതിനാല്‍ ഇത്തരം സൃഷ്ടികള്‍ അമലും സംഘവും ഉദ്ദേശിച്ചത്ര രീതിയില്‍ സ്വീകരിക്കപെടുമോയെന്നും സംശയമാണ്.
കടപ്പാട്: സിനിമാജാലകം.കോം