കളിത്തോഴിയുടെ കഥ -
അമൃതപുരി എന്ന അപകടമേഖലയില്‍ പുതിയ പ്രതീക്ഷകളുടെ ഇളനീര്‍ക്കുടം പോലെ അമ്മിണി വളര്‍ന്നു. അവളുടെ അമ്മ ദുര്വൃത്തയാണു്. അച്ഛന് പങ്കുണ്ണിപ്പിള്ള അവശനും മറ്റുള്ളവര്‍ക്കൊരു ഭാരവും.
എല്ലാവരും അവളെ കണ്ണു വച്ചു. സ്ഥലത്തെ പ്രധാന ധൂര്‍ത്തപുത്രനായി കേശവന് തമ്പി പ്രതേകിച്ചും. തനിക്കു കിട്ടാത്ത ഏതൊരു പെണ്ണും പെണ്ണായി പുലരരുതെന്നു അയാള്‍ ശഠിച്ചു. പക്ഷെ അമ്മിണിയുടെ മുഴുവന്‍ അഴകും ആത്മാവും അവളുടെ പഴയ കളിത്തോഴനായ രവിക്കുള്ളതായിരുന്നു.
രവി ബിരുദമെടുത്തു തിരിച്ചുവന്നതോടെ മഴമുകില്‍ കണ്ട വേഴാമ്പല്‍ പോലെ അവര്‍ ആനന്ദമദം പൂണ്ടു. അവിടുത്തെ അമ്പലമുറ്റവും താമരക്കുളവും മുളങ്കാടുകളുമെല്ലാം അവരുടെ കോരിത്തരിപ്പിക്കുനുള്ള കൂടൊരുക്കി.
രവിയുടെ അമ്മ പാര്‍വ്വതി അമ്മ ആ അടുപ്പത്തിനു് എതിരാണു്. അവരുടെ പടിപ്പുരയില്‍ കുടിപാര്‍ക്കുന്ന വര്ഭചികിത്സകന് കുറുപ്പു് ആ എതിര്‍പ്പിന്റെ കൊടി പിടിച്ചു് അമ്മിണിയുടെ നേരെയുള്ള തന്റെ കൊതി തീര്‍ക്കുകയും.
മകളുടെ സ്വഭാവശുദ്ധിക്കുവേണ്ടി പാവപ്പെട്ട പങ്കുണ്ണിപ്പിള്ള ഭാര്യയുമായി അങ്കം വെട്ടി. അതിലുമധികം അമ്മിണിയും കരുതി നടന്നു. എന്നിട്ടും ഇരുട്ടിന്റെ മറവില്‍ അവളുടെ മുറിയില്‍ കേശവന് തമ്പിയും കുറുപ്പും കയറിപ്പറ്റി.
അമ്മിണിയെത്തന്നെ കെട്ടാനുറച്ചു നിന്ന രവി അതിനു വേണ്ടി പാര്‍വ്വതി അമ്മയെ പോലും അവഗണിച്ചു. എന്നാല്‍ കേശവന് തമ്പിയുടെയും മറ്റും കള്ളത്തെളിവുകള്ക്കു മുമ്പില്‍ അവന് എളുപ്പം പാളിപ്പോയി. പക്ഷെ അടുത്ത ക്ഷണം അമ്മണിയുടെ നേരെയുള്ള അവന്റെ അടങ്ങാത്ത ദാഹം അവനെ സ്വയം തിരിച്ചുപിടിച്ചു.
പുലരുന്ന ഒരോ ദിവസവും പുതിയ അഗ്നികുണ്ഡം അമ്മിണിയുടെ മുന്നില്‍ ആളിക്കത്തിച്ചു് അവളെ തോല്‍പ്പിക്കാന്‍ രവിയുടെ അമ്മ കുളത്തില്‍ ചാടി. അന്നുതന്നെ ദുര്ന്നടപ്പിനു് സ്വന്തം അമ്മയെ പോലീസ് പിടിക്കുന്നതു് അവള്‍ക്കു് കാണേണ്ടിവന്നു.
ഇതെല്ലാമായിരുന്നിട്ടും തന്റെ താരുണ്യത്തിന്റെ തങ്കത്താമ്പാളം രവിക്കു വേണ്ടി മാത്രം കാത്തുസൂക്ഷിക്കാന്‍ അവള്‍ക്കു കഴിഞ്ഞു. അവന്‍തന്നെ ആവശ്യപ്പെട്ടതനുസരിച്ചു് അവള് ആത്മഹത്യക്കു പോലും തയ്യാറായി. പക്ഷെ അതിനു വേണ്ടി അവന് വായില്‍ പകര്‍ന്നുകൊടുത്ത ആ കൊടും വിഷം അവസാന നമിഷത്തിലും തന്റെ ആത്മാര്‍ത്ഥതയുടെ നേരെയുള്ള ക്രൂരമായ പരീക്ഷണമായിരുന്നു എന്ന വസ്തുത അവള്‍ക്കു് സഹിക്കാന്‍ കഴിഞ്ഞില്ല. അപമാനിക്കപ്പെട്ട ആ അഴകിന്റെ അമ്പലം എന്നെന്നേക്കുമായി അവന്റെ മുമ്പില്‍ നടയടച്ചു.
പട്ടണത്തിലെത്തിയ രവി പരിഷ്ക്കാരിയും പണക്കാരിയും പഴയ സഹപാഠിയുമായ മല്ലികയെ വിവാഹം കഴിക്കുന്നു. അവിടത്തന്നെ ഒരു വലിയ ഉദ്യോഗവും സ്വീകരിക്കുന്നു.
അമ്മ മാറിത്താമസിച്ചും അച്ഛന് ആഹാരം കിട്ടാഞ്ഞു മരിച്ചും അമ്മിണി ഒറ്റക്കായി. പഴയ ഓര്‍മ്മകളുടെ കുടീരവും രോഗപാരവേശവും മാത്രം കൂട്ടായി. പിന്നെയും അവള് പിടിച്ചുനിന്നു. പക്ഷെ പുതിയ ഭാര്യയേയും കൂട്ടി രവി നാട്ടിലെത്തിയതോടെ എവളുടെ എല്ലാ ആത്മനിയന്ത്രണവും തള്ളിപ്പോയി.
കഴിഞ്ഞകാല കഥകളൊക്കെ അറിഞ്ഞുകൊണ്ടുതന്നെ മുഴുവന്ലോകത്തിന്റെ എതിര്‍പ്പു് വാങ്ങിച്ചു് അവളെ സ്വീകരിക്കാന്‍ തയ്യാറായ ഒരതിമനുഷ്യന് അവിടെ ഉണ്ടായി. കഴുത്തില്‍ തൂങ്ങി മരിക്കുവാന്‍ ശ്രമിച്ചതിന്റെ കറുത്ത പാടുമായി അമ്മിണി അഭയം തേടിയ നേഴ്സിംഗ് ഹോമിന്റെ ഉടമസ്ഥനും നല്ലൊരു ഡോക്ടറുമായ ഐസക്ക് മത്തായി.
ഭര്‍ത്താവിനെ തൊട്ടുകിടക്കുന്നതു പോലും തന്റെ സൗന്ദര്യം കുറയ്ക്കുമെന്നു ഭയപ്പെട്ട മല്ലികയുമായി തുടക്കം മുതല്ക്കേ രവി വഴക്കായിരുന്നു. അമ്മിണിയുടെ പാദമുദ്രകള്‍ നിറഞ്ഞ നാട്ടിന്പുറത്തെത്തിയതോടെ അവന് കൂടുതല്‍ പരാജിതനായി. മറ്റുള്ളവരുടെ ഭാര്യയുടെ അഴിഞ്ഞാട്ടവും അമ്മിണി അന്യന്റെയായതിലുള്ള അസ്വാസ്ഥ്യവും ഒത്തുചേര്‍ന്നു് തലയ്ക്കു ലക്കുകെട്ട രവി തമ്പിയുമായി ഇടിവെച്ചു് പട്ടണത്തിലേക്കു തന്നെ തിരിച്ചു.
താമസിച്ചാണെങ്കിലും ഡോക്ടര്‍ മത്തായിയുടെ ഭാര്യയാവാന്‍ സമ്മതിച്ചു അമ്മിണി ആ ആശുപത്രിയെ അശരണരുടെ ഒരു മോക്ഷകേന്ദ്രമാക്കി മാറ്റുന്നു. മല്ലിക ഇറക്കിവിട്ട പഴയ കുറുപ്പു വൈദ്യര് പോലും കഴുത്തില്‍ കൊന്തുയുമായി അവിടെ ആശ്രയം തേടി
സമനില തെറ്റിയ രവി പിന്നെ തകര്‍ച്ചിയില്‍ നിന്നും തകര്‍ച്ചയിലേക്കുള്ള മുതല്ക്കൂപ്പായിരുന്നു. മദിരയും മദിരാക്ഷിയും അവന്റെ സന്തതസഹചാരികളായിത്തീര്ന്നു. പശ്ചാത്താപഭരിതമായ മല്ലികയുടെ തിരിച്ചുവരവു് പോലും അവനെ കൂടുതല്‍ അധഃപതിച്ചതേയുള്ളു.
അമ്മിണിയുടെ കനിവും കാത്തുനിന്ന രോഗികളുടെ നിരയില്‍ തികച്ചും അപ്രതീക്ഷിതമായി ഒരു ദിവസം രവി പ്രത്യക്ഷപ്പെട്ടും. അവിടെ നിന്നും നിര്‍ദ്ദയം ആട്ടിയിറക്കപ്പെട്ട രവി മദ്യശാലകളിലേക്കാണു് നടന്നു കയറിയതും. പീടികത്തിണ്ണയില്‍ കിടന്ന ഒരു വഴിവേശ്യയെ പോലും ബലാര്ക്കാരം ചെയ്യുകയും.
രവിക്കുവേണ്ടി കരഞ്ഞു കാത്തിരുന്ന മല്ലികയെ അവന് നിര്‍വ്വിശങ്കം പറഞ്ഞുവിട്ടു. അതിന്റെ പക വീട്ടിയതു് നേഴ്സിംഗ് ഹോമില്‍ ചെന്നു് അമ്മിണിയുടെ നേരെയാണു്. ആ അപമാനം അമ്മിണിയിലും പ്രതികാരമുണര്ത്തി. പരവശനായ രവിയെ ആ നഴ്സിംഗ് ഹോമില്‍ കൊണ്ടുചെന്നിട്ടു് തമ്പി അതിനു പകരം വീട്ടുകയും.
രോഗിയായ രവിയില്‍ നിന്നും അമ്മിണി മനഃപൂര്‍വ്വം അകന്നു നടന്നു. ആ അവഗണന അവിടെ വെച്ചും അവനെ മരണത്തിന്റെ വായില്‍ എറിഞ്ഞുവെന്ന സത്യം അവളെ അടിമുടി തളര്‍ത്തി. പിന്നെ പഴയ അമ്മിണിയാവാന് അവള്‍ക്കധികം സമയം വേണ്ടിവന്നില്ല.
വിശാലഹൃദയനായ ഡോക്ടര്‍ക്കു പോലും അതു് ഗ്രഹിക്കാന്‍ കഴിഞ്ഞില്ല. കുറുപ്പിന്റെ നേതൃത്വത്തില്‍ ആശുപത്രി മുഴുവന്‍ അവള്‍ക്കെതിരായി. അപ്പോഴും രാപകലില്ലാതെ അമ്മിണി രവിയോടൊപ്പം നിന്നു.
കുറ്റസമ്മതത്തിന്റെ കൂമ്പിയ മുഖവുമായി മല്ലിക ആശുപത്രിയിലും എത്തി. രവി അമ്മിണിയേയും കൊണ്ടു നാടു് വിടുവാന്‍ ഉറപ്പിച്ചിരിക്കുകയായിരുന്നു. എന്നാല്‍ അവന് രോഗവിമുക്തനായ ആദ്യ നിമിഷം തന്നെ അമ്മിണി അവനെ അവിടെ നിന്നും ഇറക്കിവിട്ടു. അവന്റെ രോഗശാന്തിക്കുവേണ്ടി അവള് പഴയ കളിത്തോഴി ചമയുകയായിരുന്നു.
ഒരു കുഞ്ഞിന്റെ മുഖത്തു് തന്റെ ഭര്‍ത്താവിന്റെ പ്രതിച്ഛായ കാണാന്‍ മല്ലിക എരിപൊരികൊണ്ടു. മല്ലികയ്ക്കില്ലാത്ത ആ ഭാഗ്യം അമ്മിണിക്കാണെളുപ്പം കിട്ടിയതു്. പക്ഷെ ആ കുഞ്ഞിന്റെ പിതൃത്വം ഏറ്റെടുക്കാന്‍ നല്ലവരില്‍ നല്ലവനായ ഡോക്ടര്‍ മത്തായി കൂട്ടാക്കിയില്ല എന്നുമാത്രം
തന്റെ ആവേശകേന്ദ്രമായ ആശുപത്രിയും നാളിതുവരെയുള്ള വിശ്വാസപ്രമാണവും ഒപ്പം തകര്‍ന്നു് ജീവിതം വീണ്ടും ഒരു വലിയ മിഥ്യയായി അനുഭവപ്പെട്ട അമ്മിണി ഡോക്ടറുടെ തനിച്ഛായയിലുള്ള ഒരു കുഞ്ഞിനെ പ്രസവിച്ചു. ആ കുഞ്ഞിനെയും വാരിയെടുത്തു് സംശയാലുവായ അതിന്റെ അച്ഛന്റെ അടുത്തു് ഓടിയെത്തുമ്പോഴാകട്ടെ ഡോക്ടര്‍ സ്വയം മോര്‍ഫിയ കുത്തിവച്ചതു മൂലും മരിച്ചുകഴിഞ്ഞിരുന്നു.
ഭാര്യയുമായി വീണ്ടും നഗരത്തിലേയ്ക്കു പുറപ്പെട്ട രവി കയറിയ തീവണ്ടി അവരുടെ മധുവിധുവിന്റെ ലഹരി പോലെ ഇരമ്പിക്കയറി. അതിലും വേഗത്തില്‍ അകലെ നിന്നും തമ്പിയുടെ കാറും പാഞ്ഞടുത്തു. സ്നേഹമെന്ന ആ ദ്രോഹത്തില്‍ നിന്നും തന്റെ പിഞ്ചുമോളെങ്കിലും രക്ഷപ്പെടട്ടെ എന്ന പ്രാര്‍ത്ഥനയോടെ കയ്യില്‍ ചോരക്കുഞ്ഞുമായി അമ്മിണി ആ പാളത്തിലേക്കു് ആഞ്ഞു കയറുകയും...
തയ്യാറാക്കിയതു് : മാധവഭദ്രന്‍
അവലംബം : ഈ സിനിമയുടെ പാട്ടുപുസ്തകം
|