അസിം ആന്‍ഡ് കമ്പനിക്കുവേണ്ടി ശ്രീ. മുഹമ്മദ് ആസം വാഹിനി, പ്രകാശ് എന്നീ സ്റ്റുഡിയോകളില്‍ നിര്‍മ്മിച്ച ചിത്രമാണ് കുടുംബം. ശ്രീ. തോപ്പില്‍ ഭാസി തിരക്കഥയും സംഭാഷണവും രചിച്ചു.
കഥാസാരം
നിസ്വാര്‍ഥമായ പൊതുജനസേവനം ജീവിതലക്ഷ്യമായി സ്വീകരിച്ച എന്‍. പി. കളക്കാട് സ്ഥലം പഞ്ചായത്തിലെ പ്രസിഡന്റാണ്. എന്‍. പി. യുടെ വിചാരവികാരങ്ങള്‍ പോലും പങ്കിട്ടെടുത്ത് അദ്ദേഹത്തിന് മാര്‍ഗ്ഗദര്‍ശനം നല്കുന്ന സല്‍ഗുണസമ്പന്നയായ രാധയാണ് ഭാര്യ. എല്ലാ സൌഭാഗ്യവും കൊടുത്ത ഈശ്വരന് ആ കുടുംബത്തിനു സന്താനഭാഗ്യം മാത്രം കൊടുത്തിരുന്നില്ല.
കരിഞ്ചന്ത, മായംചേര്‍ക്കല്‍, അളവിലും തൂക്കത്തിലും കുറവ്, കബളിപ്പിക്കല്‍ തുടങ്ങിയ മാര്‍ഗ്ഗങ്ങളില്‍ കൂടി മുതലാളിയായിത്തീര്ന്ന റേഷന്‍കട ഉടമയാണ് രാഘവന്. റേഷന്‍കട എന്ന് പൊതുവേ അറിയപ്പെടുന്ന രാഘവന് ഭാര്യയും മകളുമുണ്ട്. പങ്കജവും നിര്‍മ്മലയും. റേഷന്‍കടയുടെ സന്തത സഹചാരിയാണ് എടുത്തുകൊടുപ്പ് നാണു.
എന്‍. പി. യുടെ പരിശ്രമത്താല്‍ ഗ്രാമത്തില്‍ സഹകരണാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു റേഷന്‍കട ഉദ്ഘാടനം ചെയ്യപ്പെട്ടു. രാഘവന് തന്റെ സകല കഴിവുമുപയോഗിച്ച് ഈ പ്രസ്ഥാനത്തെ എതിര്‍ക്കുവാന്‍ തുടങ്ങി. എന്‍. പി. യുടെ പേരില്‍ നിരവധി കുറ്റാരോപണങ്ങള്‍ റേഷന്‍കട ചമച്ചു വിട്ടു. പങ്കജവും വെറുതെ ഇരുന്നില്ല. രാധ വന്ധ്യയാണെന്നും ആ സ്ത്രീ മറ്റു കുട്ടികളെ സ്പര്‍ശിച്ചാല്‍ അതു പോലും കുട്ടികള്‍ക്ക് ആപത്തുണ്ടാക്കും എന്നുവരെയുള്ള അപകീര്‍ത്തികള്‍ അവള് തൊടുത്തു വിട്ടു.
എന്‍. പി. യുടെ സഹോദരായ വേണുവിനു ഒരു രഹസ്യപ്രേമമുണ്ട്. കാമിനി മറ്റാരുമല്ല. റേഷന്‍ കടയുടെ മകള്‍ നിര്‍മ്മല. മകളുടെ രഹസ്യ പ്രേമബന്ധം രാഘവന് ശരിക്കും മുതലെടുത്തു. കാര്യങ്ങള്‍ അപകടത്തിലേക്കു നീങ്ങി. വേണു കുറ്റവാളിയായി പഞ്ചായത്തു പ്രസിഡന്റിന്റെ മുന്പില് ഹാജരാക്കപ്പെട്ടു. സ്വന്തം സഹോദരനെ സംബന്ധിച്ച കാര്യമാകയാല്‍ എന്‍. പി. വിസ്താരം പഞ്ചായത്തു സമിതിയെ ഏല്‍പ്പിച്ചു. പഞ്ചായത്തെടുത്ത ന്യായമായ തീരുമാനം വേണു നിര്‍മ്മലയെ വിവാഹം കഴിക്കണമെന്നായിരുന്നു. അങ്ങിനെ റേഷന്‍ കട ശത്രുപാളയത്തില്‍ തന്റെ കൊടി നാട്ടി.
പ്രതീക്ഷകള്‍ക്കെല്ലാം വിരുദ്ധമായി സല്സ്വഭാവിയായിത്തീര്ന്ന നിര്‍മ്മല എല്ലാവരുടെയും സ്നേഹത്തിനു പാത്രീഭൂതയായി. എന്‍. പി. യുടെ വീട്ടില്‍ സന്തോഷവും സംതൃപ്തിയും കളിയാടി. ഈശ്വരാനുഗൃഹത്താല് രാധയും നിര്‍മ്മലയും ഗര്‍ഭിണികളായി. ഗര്‍ഭധാരണത്തിനു ശേഷം നിര്‍മ്മലയുടെ ആരോഗ്യം തകരാറിലായി. അവളുടെ കാര്യത്തില്‍ പ്രത്യേകം സൂക്ഷിപ്പു വേണമെന്നു ഡോക്ടര്‍ നിഷ്കര്‍ഷിച്ചു.
മകളെ പ്രസവത്തിനു കൊണ്ടുപോകുവാന്‍ റേഷന്‍കടയും പങ്കജവും കൂടി എന്‍. പി. യുടെ വീട്ടിലെത്തി. പക്ഷെ രാധയും എന്‍. പി. യും നിര്‍മ്മലയെ കൊണ്ടു പോകരുതെന്നു നിര്‍ബന്ധിച്ചു. പ്രസവച്ചിലവും മറ്റും ലാഭമായല്ലോ എന്ന് കരുതി റേഷന്‍ കട എന്‍. പി. യുടെ അഭിപ്രായത്തിനു വഴങ്ങി.
രാധയും നിര്‍മ്മലയും പ്രസവത്തിനായി നേഴ്സിംഗ് ഹോമിലെത്തി. രാധ സുന്ദരനായ ഒരാണ്‍കുഞ്ഞിനെ പ്രസവിച്ചു. നിര്‍മ്മലയുടെ പ്രസവം നടന്നില്ല. അവളുടെ നില അപകടത്തിലേക്കു നീങ്ങി. അത്യാവശ്യമായ ഒരു മരുന്നു വാങ്ങുവാന്‍ വേണു പട്ടണത്തിലേക്കു പോയി. നിര്‍മ്മലയ്ക്കു ഓപ്പറേഷന് വേണ്ടി വന്നു. കുട്ടി ചാപിള്ളയായിരുന്നു. ബോധം തെളിയുമ്പോള്‍ കുഞ്ഞു മരിച്ചുപോയി എന്നു നിര്‍മ്മല മനസ്സിലാക്കിയാല്‍ ഉണ്ടാകുന്ന അപകടം എന്‍. പി. മനസ്സിലാക്കി. ലോകത്തില്‍ മറ്റാരും ചെയ്യുവാന്‍ തയാറാകാത്ത ത്യാഗത്തിനു അദ്ദേഹം സന്നദ്ധനായി. തന്റെ സ്വന്തം കുഞ്ഞിനെ, രാധ പ്രസവിച്ച ഓമനപ്പുത്രനെ നിര്‍മ്മലയ്ക്കു നല്കുവാന് എന്‍. പി. തീരുമാനിച്ചു.
നാളുകള്‍ കുറെ നീങ്ങി. ഒരു ദിവസം കുട്ടിയെ ചേട്ടത്തിയമ്മയെ ഏല്‍പ്പിച്ചശേഷം നിര്‍മ്മലയും വേണുവും കൂടി വള്ളംകളി കാണുവാന്‍ പോയി. രാധയുടെ മാതൃത്വം അവളെ വികാരവിവശയാക്കി. ഉറങ്ങിപ്പോയ കുഞ്ഞിനെ തട്ടിയുണര്‍ത്തി അധ മകന് മുലകൊടുത്തു. ഇത് കണ്ടുകൊണ്ടു കയറിവന്ന എന്‍. പി. യുടെ കണ്ണുകള്‍ നിറഞ്ഞു. മടങ്ങിയെത്തിയ നിര്‍മ്മല ഈ വിവരം എങ്ങിനെയോ അറിയുവാനിടയായി. കോപാകുലയായ അവള് കുട്ടിയുടെ വായില്‍ വിരലിട്ടു അത് കുടിച്ച പാലുമുഴുവന്‍ ഛര്‍ദ്ദിപ്പിച്ചു കളഞ്ഞു. ഈ പ്രവൃത്തി കുടുംബത്തില്‍ കലഹത്തിന്റെ വിത്തു പാകി.
എന്‍. പി. യുടെ ആരോഗ്യം ക്ഷയിച്ചു തുടങ്ങി. ആശുപത്രിയിലാക്കപ്പെട്ട അദ്ദേഹത്തെ ഡോക്ടര്‍മാര്‍ പരിശോധിച്ചു. എന്‍. പി. ജീവനോട് മല്ലിട്ടുകൊണ്ടിരിക്കുന്ന അവസരത്തില്‍ രാധയും നിര്‍മ്മലയും വേണുവും കുട്ടിയുമായി ആശുപത്രിയിലെത്തി. അവിടെവച്ച് കുട്ടിയുടെ യഥാര്‍ത്ഥ മാതാവ് ആരാണെന്ന് വെളിപ്പെട്ടു. കുടുംബത്തിലുണ്ടായ തെറ്റിദ്ധാരണകളും അഭിപ്രായ വ്യത്യാസങ്ങളും അതോടെ അവസാനിച്ചു. വേണുവും നിര്‍മ്മലയും തങ്ങളുടെ ജ്യേഷ്ഠനും ജ്യേഷ്ഠത്തിയും തങ്ങള്‍ക്കുവേണ്ടി വരിച്ച ത്യാഗത്തില്‍ അഭിമാനം കൊണ്ടു.
ശ്രീ. എം. കൃഷ്ണന് നായര്‍ സംവിധാനം ചെയ്ത കുടുംബത്തിനുവേണ്ടി വയലാര്‍ രാമവര്‍മ്മ രചിച്ച നാല് ഗാനങ്ങള്‍ക്ക് ശ്രീ. സുദര്‍ശനാണ് സംഗീതം നല്‍കിയത്. യേശുദാസ്, എസ്. ജാനകി, എല്‍. ആര്. ഈശ്വരി എന്നിവര്‍ പിന്നണിയില്‍ പാടി. യു. രാജഗോപാല്‍ ചിത്രത്തിന്റെ ഛായാഗ്രഹണം നടത്തി.
സത്യന്, പ്രേംനസീര്‍, അംബിക, ഷീല, ടി. എസ്. മുത്തയ്യാ, പങ്കജവല്ലി, അടൂര്‍ ഭാസി എന്നിവര്‍ മുഖ്യഭാഗങ്ങളില്‍ അഭിനയിച്ചു. ജിയോ പിക്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് വിതരണം നടത്തിയ കുടുംബം പ്രദര്‍ശനമാരംഭിച്ചത് 19 -5 -1967 -ല്‍ ആണ്.
എഴുതിയത് : ജേക്കബ് ജോണ്‍
അവലംബം : മലയാള സിനിമാ ഡയറക്ടറി
കടപ്പാട് : ബി വിജയകുമാര്‍