കഥാസാരം :
പ്രൊഫസര്‍ ഫ്രാന്‍സിസും അദ്ദേഹത്തിന്റെ യുവതിയായ മകള്‍ സെലീനയും പോത്താപ്പീസു് ആര്‍ട്ടിന്റെ നാടകം കാണാന്‍ ഒരു രാത്രി പോയി. പ്രൊഫസറുടെ അരുമശിഷ്യനും സെലീനയുടെ കാമുകനുമായ ജോര്‍ജ്ജു് തന്റെ അമ്മാവന്റെ എതിര്‍പ്പുകളെ വിഗണിച്ചു് അതില്‍ നായകനായി അഭിനയിക്കുന്നുണ്ടായിരുന്നു. ഒന്നാന്തരമായ അഭിനയത്തിനു് എല്ലാവരും അയാള്‍ക്കു് സമ്മാനങ്ങള്‍ നല്കി. അക്കൂട്ടത്തില്‍ സെലീന തന്റെ പ്രേമഭാജനത്തിനു് ഒരു കൈലേസും സമ്മാനിച്ചു. നാടകത്തിനുശേഷം സമ്മാനങ്ങളെല്ലാം നാടകസഭയ്ക്കുള്ള സമ്മാനങ്ങളായി പോത്താപ്പി വാങ്ങിച്ചു. അക്കൂട്ടത്തിലുണ്ടായിരുന്ന കൈലേസു് മാത്രം കൊടുക്കാന്‍ ജോര്‍ജ്ജു് സമ്മതിച്ചില്ല. അക്കാര്യത്തെച്ചൊല്ലി അവര്‍ തമ്മില്‍ വാഗ്വാദമുണ്ടായി. ജോര്‍ജ്ജു് ആരും അറിയാതെ കൈലേസും കൊണ്ടു സ്ഥലം വിട്ടു.
പിന്നീടു് പോത്താപ്പിയെ മനുഷ്യര്‍ കാണുന്നതു് മരിച്ച നിലയിലാണു്. സ്വാഭാവികമായും ജോര്‍ജ്ജു് സംശയിക്കപ്പെട്ടു. അയാളുടെ പക്കലുള്ള കൈലേസു് അതിനു് തെളിവായിത്തീര്‍ന്നു. വീട്ടുകാര്‍ പോലും അയാളെ വെറുത്തു. എന്തിനു്, പ്രഫസര്ക്കുപോലും അയാളെ കണ്ടുകൂടെന്നായി. ജോര്‍ജ്ജു് ഒളിച്ചോടി. പോലീസു് അന്വേഷണം അരംഭിച്ചു.
അലഞ്ഞുനടന്നു് ജോര്‍ജ്ജു് ചിട്ടിക്കാരനായ ഫിലിപ്പിനെ കണ്ടുമുട്ടി. ജോര്‍ജ്ജു് സത്യസന്ധനാണെന്നു് തോന്നിയതിനാല്‍ ഫിലിപ്പു് അയാളെ ചിട്ടിയാഫീസിലെ കണക്കപ്പിള്ളയാക്കി. പക്ഷെ ജോര്ജ്ജിനെവിടേയും സ്വസ്ഥത കിട്ടിയില്ല. പോത്താപ്പിയുടെ മാനേജര്‍ മാണിയും കൂട്ടരും അവിടെ എത്തി. ജോര്‍ജ്ജു് അവിടെനിന്നും ഒളിച്ചോടി.
മാണിയുടെ ഒരു കള്ളനോട്ടു് വ്യാപാരം ജോര്‍ജ്ജു് കണ്ടുപിടിക്കുമോ എന്ന ഭീതി അയാള്‍ക്കുണ്ടായി. എങ്ങിനെയെങ്കിലും ജോര്‍ജ്ജിനെ കസ്റ്റഡിയിലാക്കണം എന്നു് അയാള്‍ നിശ്ചിയിച്ചു. മാണിയുടെ കള്ളനോട്ടുകച്ചവടം മാ എന്ന സ്ത്രീ മാര്‍ഗ്ഗമായിരുന്നു നടന്നിരുന്നതു്. പൂക്കാരിയായ അമീനയെ വിട്ടു് അവര്‍ കള്ളനോട്ടു് നഗരിത്തില്‍ നിന്നും മാറി വാങ്ങിക്കുമായിരുന്നു. ആ യുവതിക്കാകട്ടെ അതു് കള്ളനോട്ടാണെന്ന സംശയംപോലും ഇല്ലായിരുന്നു.
അങ്ങിനെയിരിക്കേ ഒരു ദിവസം ഡോക്ടര്‍ ഗ്രിഗറി എന്നൊരു ദുഷ്ടന് അവളെ ബലാല്സംഗംചെയ്യാന് മുതിര്‍ന്നു. എന്നാല്‍ വൃദ്ധന്റെ വേഷത്തില്‍ ജോര്‍ജ്ജെത്തി അവളെ രക്ഷിച്ചു. അവര്‍ തമ്മില്‍ സഹോദിരഭാവത്തിലുള്ള ദൃഢബന്ധമുണ്ടായി. ജോര്‍ജ്ജിനെ മായും താനും താമസിക്കുന്ന വീട്ടിലേക്കു് അമീന കൊണ്ടുപോയി. അവിടെ അയാള്‍ക്കഭയം നല്കി.
ഒരു ദിവസം ആഹാരവും കൊണ്ടുപോകുന്ന അമീന കണ്ടതു് കിളവന് താടിയും മീശയും ഇല്ലാതെ നില്ക്കുന്നതാണു്. തുടര്‍ന്നു് അവര്‍ തങ്ങളുടെ രഹസ്യങ്ങള്‍ പരസ്പരം അറിയുന്നു. മായുടെ ജോലി അമീനയെക്കൊണ്ടു് കള്ളനോട്ടു് മാറിക്കുകയാണെന്നു് മനസ്സിലാക്കിയ ജോര്‍ജ്ജു് അവളെ അപകടത്തില്‍ നിന്നും രക്ഷിക്കാമെന്നു് സമ്മതിച്ചു. ഇതിനെപ്പറ്റി സംശയം തോന്നിയ മാ അമീനയെ കൊല്ലാന്‍തന്നെ തീരുമാനിച്ചു. ഇതേസമയം ആശുപത്രി പരിസരങ്ങളില്‍ വച്ചു് ജോര്‍ജ്ജു് അറസ്റ്റുചെയ്യപ്പെടുകയാല് മാണിയുടെ കിങ്കരന്മാരില് നിന്നുള്ള മരണത്തില്‍ നിന്നു് രക്ഷപെട്ടു. എന്നുതന്നെയല്ല ജോര്‍ജ്ജിന്റെ അറിവിനെ ആസ്പദമാക്കി പോലീസുകാര്‍ മായേയും മാണിയേയും സംഘത്തേയും അറസ്റ്റു് ചെയ്യുകയും അയാളാണു് യഥാര്‍ത്ഥ കുറ്റവാളിയെന്നു് തെലിയുകയും ചെയ്തു.
നിരപരാധിയെന്നു് തെളിഞ്ഞു് ജോര്‍ജ്ജിനോടുള്ള എല്ലാവരുടേയും എതിര്‍പ്പു് നീങ്ങി. സെലിന് ജോര്‍ജ്ജിന്റെ ഭാര്യയായിത്തീര്‍ന്നു.
കൊട്ടാരക്കര ശ്രീധരന് നായര്‍, എസു്. പി. പിള്ള, അടൂര്‍ ഭാസി, മധു, നെല്ലിക്കോടു് ഭാസ്ക്കരന്‍, ഷീല, ശാന്തി, പങ്കജവല്ലി, രാധിക, കാഞ്ചന, ബേബിലൈല എന്നിവരാണു് ഈ ചിത്രത്തിലെ അഭിനേതാക്കള്‍. ഇ. എന്‍. സി. നായരായിരുന്നു ഛായാഗ്രഹകന്. ഇ. മാധവന് നൃത്തവും, എം. വി. കൊച്ചാപ്പു രംഗവും, കെ. ബാലകൃഷ്ണന് വേഷവും സംവിധാനം ചെയ്തു. അനില്‍കുമാര്‍ ചന്ദയാണു് ഫിലിം പ്രോസസു് ചെയ്തതു്. കൃഷ്ണഇളമണ് ശബ്ദലേഖനവും, കെ. നാരായണന് വസ്ത്രാലങ്ങാരവും നിര്‍വ്വഹിച്ചു.
കുമാരസ്വാമി ആന്റു് കമ്പനി വിതരണം ചെയ്ത പട്ടുതൂവാല 20-11-1965 ല്‍ കേരളത്തിലെ സിനിമാശാലകളില്‍ പ്രദര്‍ശനം ആരംഭിച്ചു.
എഴുതിയതു് : മാധവഭദ്രന്‍
അവലംബം : മലയാള സിനിമ ഡയറക്ടറി
കടപ്പാടു് : ബി. വിജയകുമാര്‍
|