പൂക്കൾ പൂത്തുലഞ്ഞ പാതയിലൂടെ പൂവമ്പന്റെ മണിരഥം സംഗീതമധുരമായി സഞ്ചരിക്കുകയാണ്.പ്രപഞ്ചം പുഷ്പരാഗങ്ങളുടെ അർച്ചന സ്വീകരിക്കുകയാണ്.
മങ്കകൾ മഹാവ്രതം തുടങ്ങുന്ന ദിവസം ഓരോ ചേരിയിൽ നിന്നും പുറപ്പാടുണ്ടാകും. നാട്ടുതലവന്റെ മുറ്റത്ത് എല്ലാവരും ഒത്തു ചേരും.തുണ ചെല്ലാൻ നിയുക്തരായ വില്ലാളികളുടെ കാവലോടെയും കൊട്ടുമേളങ്ങളോടെയും കന്യകകൾ മലദൈവങ്ങളുടെ കാവിലേക്കു നീങ്ങുന്നു.
ഏറ്റവും മുന്നിൽ കിന്നരിത്തൊപ്പിയും ഉടവാളും ധരിച്ച നാട്ടുതലവൻ. അനുചരന്മാരായി മൂപ്പന്മാർ, അവർക്കു പുറകിൽ മേളക്കാർ . മേളക്കാരുടെ ആവേശകരമായ ചലനങ്ങൾ കണ്ടും കേട്ടും മന്ദം മന്ദം ചുവടു വെയ്ക്കുന്ന ലാവണ്യവതികളായ മലമങ്കകൾ ,പിന്നെ വില്ലാളികൾ , മലവാസികൾ- ദീർഘമായ ഒരു ഘോഷയാത്രയാണത്.മലദൈവങ്ങളുടെ കാവിൽ ചെന്നെത്തുമ്പോൾ പെരുമ്പറകൾ സംഘനാദം മുഴക്കും. നാട്ടുതലവൻ കിന്നരിത്തൊപ്പിയും ഉടവാളും മലദൈവങ്ങളുടെ വിഗ്രഹപാദത്തിൽ സമർപ്പിച്ച് നമസ്കരിക്കുമ്പോൾ ശംഖദ്ധ്വനി ഉയരും. ഇരുട്ടിന്റെ നൃത്തവേദിയിൽ തെയ്യത്തോം , തെയ്യത്തോം താലപ്പൊലി – തെയ്യം തിറ തുടി കൊട്ടിയാടി.
കാട്ടുതേനിന്റെ മധുരിമയും , കാട്ടാറിന്റെ ഒരുക്കു കുത്തും സമന്വയിപ്പിച്ച സുന്ദര ദൃശ്യം മലയാള സിനിമയുടെ സർഗ്ഗ പ്രതിഭയിൽ നന്മ തിന്മകളെ പ്രതിനിധീകരിക്കുന്ന രണ്ട് റെയിഞ്ചറന്മാരുടെ ദ്വന്ദ യുദ്ധത്തിലൂടെ യക്ഷിക്കഥകളെ അതിശയിപ്പിക്കുന്ന കാടിന്റെ ദുരൂഹമായ കഥ ചുരുൾ നിവരുന്നു.
പഞ്ചമി : കാട്ടിൽ കാട്ടുകിളീകളുമായി ആടിപ്പാടി നടക്കുന്ന സുന്ദരിയായ കാടത്തിപ്പെണ്ണ്
റെയിഞ്ചർ : സമൂഹത്തെ ഒറ്റു കൊടുക്കുന്ന ഫോറസ്റ്റ് ഉദ്യോഗസ്ഥൻ. പഞ്ചമിയുടെ ആകാരസൗഷ്ഠവത്തിൽ മതി മറന്ന് അവളെ എങ്ങനെയെങ്കിലും കൈവശപ്പെടുത്താൻ ആഗ്രഹിക്കുന്നു.അതിനായി കാട്ടിലെ വിഭവങ്ങൾ കള്ളക്കടത്തു നടത്തുന്നതിനു വൻകിട മുതലാളിമാരെ സഹായിക്കുന്നു.
പീലിപ്പോസ് : ദാഹശമനത്തിനായി മദോന്മത്തനായ റെയിഞ്ചർ പഞ്ചമിയെ ക്യാമ്പ് ഷെഡിൽ അടക്കുന്നുവെങ്കിലും അവളെ രക്ഷിക്കുന്ന നല്ലവനായ ഫോറസ്റ്റ് ഗാർഡ്
ഊരുമൂപ്പൻ : പഞ്ചമിയുടെ സ്നേഹനിധിയായ പിതാവ് .മോളേ നീ ചൊല്ലുന്നത് ശരിയെന്ന് എനിക്കറിയാം. എന്നാൽ നീ പെഴച്ചവളെന്ന് ഊരും കോത്രവും തീരുമാനിച്ച് നിന്നെ പുറം തള്ളുന്നു.നീ പോ .
സോമൻ : പുതിയതായി ചാർജ്ജെടുത്ത ഫോറസ്റ്റ് റെയിഞ്ചർ.കാട്ടിലെ മുടിയെടുത്തു വാഴുന്ന മുതലാളിക്കും കൂട്ടർക്കും പേടിസ്വപ്നം.അവരുടെ കള്ളക്കടത്തുകൾക്കും കൊള്ളകൾക്കും വിരാമമിടുന്ന കർമ്മധീരൻ . കാലക്രമേണ പഞ്ചമിയുടെ നിഷ്കളങ്കത മനസ്സിലാക്കി അവളിൽ സ്നേഹം അർപ്പിക്കുന്നു.
കടപ്പാട് : പാട്ടുപുസ്തകം