കഥാസാരം
സ്വാർത്ഥമതിയായ മീനാക്ഷി തന്റെ പുത്രനായ വിക്രമനു ഭർത്താവായ ഗോവിന്ദപ്പിള്ളയുടെ മുഴുവൻ അവകാശവും ലഭിക്കണമെന്ന ഉദ്ദേശത്തോടെ തന്റെ ഭർത്താവിന്റെ ആദ്യവിവാഹത്തിലുള്ള പുത്രനായ ഉണ്ണിയുടെ ബുദ്ധി മയക്കുമരുന്നു കൊടുത്തു മന്ദീഭവിപ്പിച്ചു.ഗോവിന്ദപ്പിള്ളയാകട്ടെ രണ്ടാമതു വിവാഹം കഴിച്ചതു തന്നെ ഉണ്ണിയെ വളർത്താൻ വേണ്ടി മാത്രമാണ്. ഉണ്ണിയ്ക്ക് ദുഷ്ടബുദ്ധിയായ മീനാക്ഷി പാലിൽ അവിൻ ചേർത്തു കൊടുത്ത് അവന്റെ ബുദ്ധി മന്ദീഭവിപ്പിച്ച വിവരം അയാൾ അറിയുന്നതേയില്ല.രണ്ടാം ഭാര്യയിലെ പുത്രനായ വിക്രമനാകട്ടെ തന്റെ ദുഷിച്ച ജീവിത രീതിയും പെരുമാറ്റവും കൊണ്ട് വീട്ടുകാർക്കും നാട്ടുകാർക്കും ഒരു പോലെ ശല്യക്കാരനായിത്തീർന്നു.ഗോവിന്ദപ്പിള്ളയുടെ കൃഷിക്കാരനായ പണിക്കരുടെ ഏകപുത്രിയാണു സരസ്വതി. സുന്ദരിയും സുശീലയുമായ സരസ്വതിയിൽ അനുരക്തനാണു വിക്രമൻ. ഒരു ദിവസം ബലാൽക്കാരമായി അവളെ പിടി കൂടാൻ ശ്രമിച്ച വിക്രമനെ സരസ്വതി പൊതിരെ തല്ലി.സംഭവമറിഞ്ഞ ഗോവിന്ദപ്പിള്ള അതിൽ സന്തോഷിക്കുകയും സരസ്വതിയെ അഭിനന്ദിക്കുകയും ചെയ്തു . വിക്രമനെ നിയന്ത്രിച്ചു നല്ലവനാക്കാൻ വേണ്ടി അവനെക്കൊണ്ടു സരസ്വതിയെ വിവാഹം കഴിപ്പിക്കുവാൻ ഗോവിന്ദപ്പിള്ള ഉറച്ചു. സരസ്വതിക്ക് ആ ബന്ധം ഇഷ്ടപ്പെട്ടിരുന്നില്ലെങ്കിലും അവളുടെ അച്ഛന്റെ നിർബന്ധം കാരണം വിവാഹത്തിനു സമ്മതം മൂളി.പക്ഷേ മീനാക്ഷിയാകട്ടെ തന്റെ മകനെക്കൊണ്ടു സ്വന്തം കൃഷിക്കാരന്റെ മകളെ വിവാഹം ചെയ്യിക്കുന്നതിൽ കഠിനമായ എതിർപ്പു പ്രകടിപ്പിച്ചു.ഗത്യന്തരമില്ലാതെ ഗോവിന്ദപ്പിള്ള ഉണ്ണിയെക്കൊണ്ട് വരണമാല്യം സരസ്വതിയുടെ കഴുത്തിൽ ചാർത്തിപ്പിച്ചു. ഉണ്ണി മന്ദബുദ്ധിയാണെന്നറിഞ്ഞിട്ടും സരസ്വതി എതിർത്തില്ല. പണിക്കരുടെ ആവശ്യപ്രകാരം ഗോവിന്ദപ്പിള്ള തന്റെ സ്വത്തെല്ലാം ഉണ്ണിക്കും സരസ്വതിക്കുമായി എഴുതി കൊടുത്തു.ഉണ്ണിയെ ഹൃദയം നിറഞ്ഞ സ്നേഹം കൊണ്ടും വിദഗ്ധ ചികിത്സ കൊണ്ടും സരസ്വതി മനുഷ്യനാക്കി മാറ്റി.ഹരി ശ്രീ മുതൽ അവൾ തന്നെ പഠിപ്പിച്ച് അവനെ ഒരു പുതിയ ജീവിതത്തിലേക്ക് നയിച്ചു. ഇതിനിടയിൽ ഗോവിന്ദപ്പിള്ള ചരമം പ്രാപിച്ചു.പിതാവിന്റെ മരണശേഷം വിക്രമൻ നിരന്തരമായി ഉണ്ണിയെയും സരസ്വതിയെയും ശല്യപ്പെടുത്തിക്കൊണ്ടിരുന്നു. അവന്റെ അമ്മയും ഇതിൽ വിക്രമനെ സഹായിച്ചു കൊണ്ടിരുന്നു.സമാധാനപ്രിയയായ സരസ്വതി സ്വത്തുക്കൾ മുഴുവൻ വിക്രമനായി ഒഴിഞ്ഞു കൊടുത്തിട്ട് ഉണ്ണിയോടു കൂടി തന്റെ കൊച്ചു ഗൃഹത്തിലേക്ക് താമസം മാറ്റി. സ്വത്തു മുഴുവൻ കൈയ്യിൽ കിട്ടിയ വിക്രമൻ മധുബാല എന്ന നർത്തകിയെയും അവളുടെ അമ്മയെയും , നടനം നവരംഗമെന്ന അവളുടെ ശിങ്കിടിയെയും വീട്ടിൽ കൊണ്ടു വന്നു താമസിപ്പിച്ചു.ഇതിൽ പ്രതിഷേധിച്ച മീനാക്ഷിയെപ്പോലും അവൻ വീട്ടിൽ നിന്നും ആട്ടിയോടിച്ചു.ജീവിതം മുഴുവൻ ഗോവിന്ദപ്പിള്ളക്കും അദ്ദേഹത്തിന്റെ കുടുംബത്തിനും വേണ്ടി നിസ്വാർത്ഥ സേവനമനുഷ്ഠിച്ച മാനേജർ പണിക്കരെ തത്സ്ഥാനത്തു നിന്നും നീക്കി , നടനം നവരംഗത്തിനെ മാനേജരായി നിയമിച്ച വിക്രമൻ തന്റെ കൃഷിക്കാരെയും കുടിയാന്മാരെയും കഠിനമായി ഉപദ്രവിച്ചു കൊണ്ടിരുന്നു. ഇതിനെതിരായി ഉണ്ണിയുടെയും സരസ്വതിയുടെയും നേതൃത്വത്തിൽ അവർ സംഘടിച്ചു.ഇതു മൂലം തന്റെ കൊള്ളരുതായ്മകൾ യഥേഷ്ടം നടത്തുവാൻ വിഷമിക്കുന്ന വിക്രമൻ അവസാനം ഉണ്ണിയെ വധിക്കുവാൻ ശ്രമിച്ചു.ഈ സംഘട്ടനത്തിൽ മീനാക്ഷി – വീട്ടിൽ നിന്നും പുറത്താക്കപ്പെട്ട മീനാക്ഷിക്കു സരസ്വതി അഭയം നൽകിയിരുന്നു – ഇടപെടുകയും അവളുടെ കൈയ്യാൽ വിക്രമൻ മരണപ്പെടുകയും ചെയ്തു.
എഴുതിയത് : ജിജാ സുബ്രമണ്യന്
അവലംബം : മലയാള സിനിമാ ഡയറക്ടറി
കടപ്പാട് : ബി വിജയകുമാര്