സ്വര്‍ഗ്ഗപുത്രി - കഥാസംഗ്രഹം
ഇളംമനസ്സിലെ പരസ്പരവാഞ്ഛ പവിത്രപ്രണയത്തിന്റെ മാധുര്യരസമായി അനുഭവപ്പെടുന്നതിനു് മുന്‍പുതന്നെ അവരെ വിവാഹിതരാക്കാന്‍ രക്ഷിതാക്കള്‍ ഉറച്ചു കഴിഞ്ഞിരുന്നു. ആത്മാവിന്റെ ഐക്യം അനുഭവത്തിലെ സുഖമായി അവതരിക്കാന്‍ പോകുന്ന ആ നാളിനെപ്പറ്റി മധുരസങ്കല്‍പ്പങ്ങള്‍ നുണഞ്ഞുകൊണ്ടു് അവര്‍ കാലം കഴിച്ചു.
എന്നാല്‍ അപ്രതീക്ഷിതമായി ദുഷ്ടത കാട്ടി ആത്മബന്ധങ്ങളെ ശിഥിലമാക്കുന്ന ക്രൂരവിനോദം ആചരിക്കുന്ന വിധി ബാബുവിന്റെ സാമ്പത്തികസ്ഥിതി തകര്‍ത്തു തരിപ്പണമാക്കി. ദരിദ്രനായി മാറിയ ബാബുവിനെ മരുമകനായി സ്വീകരിക്കാന്‍ ലിസ്സിയുടെ പിതാവു് സന്നദ്ധനായിരുന്നില്ല. അദ്ദേഹം മകള്‍ക്കു് മറ്റൊരു വരനെ തേടി. ലിസ്സിയുടെ സഹോദരന് പോലും അച്ഛന്റെ തീരുമാനത്തെ അനുകൂലിച്ചു.
നേരിയ മാര്‍ഗ്ഗത്തില്‍ക്കൂടി ജീവിതസായൂജ്യം നേടുക അസാദ്ധ്യമാണെന്നു ബോദ്ധ്യമായ ലിസ്സിയും ബാബുവും രഹസ്യമായി വിവാഹിതരായി. തന്റെ അഭിമാനത്തിനേറ്റ ഒരു പ്രഹരമായാണു് ലിസ്സിയുടെ സഹോദരന് അവളുടെ പ്രവര്‍ത്തിയെ വ്യാഖ്യാനിച്ചതു്. അയാള്‍ അവളെ കണ്ടു് ആവേശത്തോടെ സംസാരിച്ചു. ഭീഷണിപ്പെടുത്തി. അവള് ആത്മധീരതയോടെ തന്നെ ആ ഭീഷണികള്‍ അവഗണിച്ചു.
ജീവിതയാഥാര്‍ത്ഥ്യങ്ങള്‍ അസുഖകരമായി അനുഭവപ്പെട്ടെങ്കിലും പരമമായ ലക്ഷത്തിന്റെ സാക്ഷാത്കാരസുഖം എല്ലാം സഹിക്കുന്നതിനു് ആ യുവ ദമ്പതികളെ ശക്തരാക്കി. ജീവിക്കാന്‍ വേണ്ടി അത്യദ്ധ്വാനം നിര്വ്വഹിക്കേണ്ടിവന്ന ബാബു ഒരു രോഗിയാകാന്‍ അധിക കാലം വേണ്ടിവന്നില്ല. തകര്‍ന്ന ആരോഗ്യവും മാറാത്ത രോഗവുമായി ദീര്‍ഘകാല ചികിത്സയ്ക്കുവേണ്ടി അയാള്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടപ്പോള്‍ ലിസ്സിയുടെ ദുരിതം പൂര്‍ണ്ണായി. എങ്കിലും അടിപതറാതെ ആത്മധൈര്യത്തോടെ തന്നെ ലിസ്സി വിധിയോടു പൊരുതി നിന്നു. പക്ഷെ പ്രതീക്ഷകള്‍ തകര്‍ന്നു് ജീവിതം തന്നെ അനിശ്ചിതത്വത്തിലെത്തി നില്ക്കുമ്പോള് ബാബുവിന്റെ ഹൃദയത്തില്‍ തെറ്റിദ്ധാരണകളുടെ കാളസര്‍പ്പങ്ങള്‍ ഇഴഞ്ഞു കയറുന്നതിനു് കാലതാമസുണ്ടായില്ല. ക്ഷുബ്ധനും നിരാശനും മനഃശാന്തിയുടെ താളം തെറ്റിയവനുമായി ഭവിച്ച ബാബു ഗര്‍ഭിണിയായി ലിസ്സിയെ വീട്ടില്‍ നിന്നിറക്കിവിടുക തന്നെ ചെയ്തു. ബാബുവിന്റെ ഹൃദയം പോലും തനിക്കനുകൂലമല്ലാതായപ്പോള് തെരുവുജീവിതത്തിന്റെ യാതനകളില്പ്പെട്ടു് അവള് നട്ടംതിരിഞ്ഞു. സത്യത്തിന്റെ മുഖം താമസിച്ചുമാത്രം മറ നീക്കി വരുമ്പോള്‍ പലതും സംഭവിച്ചുകഴിഞ്ഞിരുന്നു. പശ്ചാത്താപപരവശരായ മാതാപിതാക്കളും ബാബുവും അവളെ തേടി അലഞ്ഞു. ദിഗന്തസീമകള് വരെ മുഴങ്ങുന്ന സ്വരത്തില്‍ അവളെ വിളിച്ചു കരഞ്ഞു. ആ ദീനരോദനങ്ങള്‍ ഫലപ്രദമായോ? ചുരുളഴിയുന്ന സംഭവപരമ്പരകളുടെ സംഘര്ഷശക്തി വെള്ളിത്തിരയില്‍ നിങ്ങള്‍ക്കനുഭവപ്പെടും.
അവലംബം : പാട്ടുപുസ്തകം
|