കൊച്ചനിയത്തിയുടെ കഥ
ദരിദ്രഭവനത്തിലെ സന്തതികളാണു് രാജുവും ഇന്ദുവും. അവര്‍ക്കു് അമ്മ മാത്രമേ ഉള്ളു ആശ്രയത്തിനു്. രാജു ഒരു തെറിച്ച ചെക്കനാണു്. വികൃതി. ധിക്കാരി. പക്ഷെ സ്നേഹം അവനെ അടിമയാക്കുന്നു. എന്തിനും കൂസലില്ലാത്തവനായി മാറ്റുന്നു.
രോഗശയ്യയിലായ അമ്മയുടെ ജീവന് രക്ഷിക്കാന്‍ ആവേശഭരിതനായ അവന് മരുന്നുകടയില്‍ നിന്നും തനിക്കു വേണ്ട മരുന്നു് എടുത്തുകൊണ്ടു് ഓടുക തന്നെ ചെയ്തു. അക്രമം. ധിക്കാരം. കൊള്ള. രാജു ജയിലിലായി.
ഒരു വ്യാഴവട്ടത്തിനു ശേഷം തടവില്‍ നിന്നും രാജു പുറത്തു വന്നപ്പോള്‍ അമ്മ അകാലചരമം പ്രാപിച്ചിരുന്നു. ഇന്ദു അനാഥാലയത്തിലാണു്. ഇന്ദുവിനെ തേടിയുള്ള അലച്ചില്‍ നീണ്ടുപോയി. ഒടുവില്‍ ഇന്ദുവിനെ കണ്ടെത്താന്‍ കഴിഞ്ഞപ്പോള്‍ വളര്‍ച്ചയെത്തിയ അവള്‍ക്കു് വലിയ മോഹങ്ങളുണ്ടു്. അനുജത്തിയുടെ മോഹപൂര്‍ത്തിക്കായി രാജു ഒരിക്കല്‍ക്കൂടി മോഷ്ടാവായി. അവള് ആഗ്രഹിച്ച സാരിയും നെക്ലസും എല്ലാം നല്കാന് കഴിഞ്ഞു. പക്ഷെ അനാധാലയത്തിലെ വാര്‍ഷികച്ചടങ്ങില്‍ അതെല്ലാം അണിഞ്ഞു പ്രത്യക്ഷപ്പെട്ട ഇന്ദുവിന്റെ നേരെ മോഷണക്കുറ്റം ആരോപിക്കപ്പെട്ടു. രാജു ഭ്രാന്തു പിടിച്ച പോലെ തക്ക സമയത്തെത്തി കുറ്റമേറ്റു. ഇന്ദു മോചിതയായെങ്കിലും രാജു ഒരിക്കല്‍ക്കൂടി കാരാഗൃഹത്തിലായി.
അനാഥാലയത്തില്‍ നിന്നും പുറത്താക്കപ്പെട്ട രോഗഗ്രസ്തയായ ഇന്ദുവിനു തുണയായതു് കാര്ത്തിയാണു്. ഡോക്ടര്‍ മോഹനനെ അവളുടെ ചികിത്സയ്ക്കു് ഏര്‍പ്പെടുത്തിയതും അവള് തന്നെ. പക്ഷെ രോഗമുക്തയായ ഇന്ദു ഡോക്ടറുടെ അമ്മയെ പരിചരിച്ചുകൊണ്ടു് അവിടെ കഴിയാന്‍ ബാദ്ധ്യസ്ഥയായി.
അതൊരു പ്രണയബന്ധത്തിനു തുടക്കം കുറിച്ചു. സമൂഹത്തില്‍ ഉയര്‍ന്ന പദവികളുള്ള ഡോക്ടര്‍ മോഹനന്. മേല്‍വിലാസമില്ലാത്ത ഇന്ദു. അവളുടെ അര്‍ഹതയെ ചോദ്യം ചെയ്യാന്‍ രാജുവിന്റെ കഥകളും. ആ ബന്ധം ശാശ്വതീകരിക്കപ്പെടാതിരിക്കുന്നുതിനുള്ള പ്രയത്നത്തില്‍ എന്തൊക്കെ ഉപജാപങ്ങള്‍ നടക്കുന്നു. സംഘട്ടനങ്ങള്ക്കു് സന്ദര്ഭമുണ്ടാക്കുന്നു. ഒരിക്കല്‍ക്കൂടി രാജു വിലങ്ങണിയേണ്ടിവരുന്നു. പക്ഷെ ഇപ്പോള്‍ ആരോപിക്കപ്പെട്ടിരിക്കുന്ന കുറ്റം കൊലപാതകമാണു്. മംഗല്യം സ്വപ്നം കണുന്നതിനുള്ള ഭാഗ്യത്തിനു പിറകെ സഹോദരന്റെ കഴുത്തില്‍ കൊലക്കയര്‍ വീഴുന്ന രംഗം സങ്കല്പ്പിക്കേണ്ടിവരുന്നു. ഇന്ദു ആ ഘട്ടത്തിലാണു്. അതിന്റെ അന്ത്യം?
തയ്യാറാക്കിയതു് : മാധവഭദ്രന്‍
അവലംബം : ഈ ചലച്ചിത്രത്തിന്റെ പാട്ടുപുസ്തകം
|