വീണ്ടും ദേവാലയത്തിന്റെ ആല്‍ത്തറ തേടിച്ചെന്നു് ജയദേവന് സാക്ഷാല്‍ ശ്രീദേവിയെക്കുറിച്ചു് ഒരു ഭക്തിഗാനം ആലപിച്ചു. പക്ഷെ അടുത്ത പൂന്തോട്ടത്തില്‍ കൂട്ടുകാരികളുമൊത്തു് ആടിപ്പാടി നടന്നിരുന്ന ഡോക്ടര്‍ പണിക്കരുടെ മകള്‍ ശ്രീദേവി ഈ ഗാനം കേട്ടു് ഏതോ പൂവാലന് തന്നെ കളിയാക്കുകയാണെന്നു് കരുതി. പാടിക്കൊണ്ടിരിക്കുന്ന ജയദേവനെ കാണുകയും അവള് ദേഷ്യം സഹിക്കവയ്യാതെ ജയദേവന്റെ കരണത്തടിക്കുകയും ചെയ്യുന്നു.
പക്ഷെ ജയദേവന് അന്ധനാണെന്നും പാടിയതു് തന്നെ കളിയാക്കിയല്ലെന്നും മനസ്സിലാക്കിയ ശ്രീദേവി പശ്ചാത്തപിച്ചു് ജയദേവനെ കണ്ണുചികിത്സാവിദഗ്ദ്ധനായ തന്റെ പിതാവിന്റെ അടുത്തേക്കു് കൂട്ടിക്കൊണ്ടുപോയി. തന്റെ ഒരു പഴയ സുഹൃത്തിന്റെ പുത്രനാണു് ജയദേവന് എന്നു മനസ്സിലാക്കിയ ഡോക്ടര്‍ പണിക്കര്‍ അയാളുടെ കണ്ണുകള്‍ക്കു് കാഴ്ചയുണ്ടാക്കുവാന്‍ തീരുമാനിച്ചു. ശ്രീദേവിയാണു് ജയദേവന്റെ സുഖസൗകര്യങ്ങള്‍ ചിട്ടപ്പെടുത്തുന്നതു്. സമയവും സൗകര്യവും കിട്ടുമ്പോഴൊക്കെ ജയദേവന് പുതിയ കവിതകളും ഗാനങ്ങളും പറഞ്ഞുകൊടുക്കും. ശ്രീദേവി അവ എഴുതിയെടുക്കും. അങ്ങനെ അവര്‍ പരസ്പരം അടുത്തു. ക്രമേണ ജയദേവന്റെ കണ്ണിനു് കാഴ്ച കിട്ടി. പശ്ചാത്താപത്തില്‍ നിന്നുയര്‍ന്നു സഹതാപം ശ്രീദേവിയെ ജയദേവന്റെ കാമുകിയാക്കി മാറ്റി.
തന്റെ അനന്തരവനും പേര്‍ഷ്യയില്‍ ഒരു ഉദ്യോഗസ്ഥനുമായ ബാലനുമായി ശ്രീദേവിയുടെ വിവാഹം വളരെ മുന്‍പുതന്നെ ഉറപ്പിച്ചുവച്ചിട്ടുള്ള വിവരം സംസാരമദ്ധ്യേ ഒരു ദിവസം ഡോക്ടര്‍ പണിക്കര്‍ ജയദേവനോടു് പറയുകയുണ്ടായി. ബാലന് ആയിടെ നാട്ടില്‍ അവധിയില്‍ വരികയും ചെയ്തു. ശ്രീദേവിയുടെ ഇംഗിതം അറിഞ്ഞ ബാലന് ഒരു മദ്യപാനിയായി അഭിനയിച്ചു് അമ്മാവനെ തെറ്റിദ്ധരിപ്പിച്ചു് ജയദേവനും ശ്രീദേവിയുമായുള്ള വിവാഹത്തിനു് ഡോക്ടറെക്കൊണ്ടു് സമ്മതം മൂളിച്ചു. പക്ഷെ ഡോക്ടറുടെ ആഗ്രഹം താന്‍ മൂലം തകരുമെന്നു കരുതി തന്റെ കവിതാസമാഹാരവുമായി ജയദേവന് നാടു് വിട്ടുകഴിഞ്ഞിരുന്നു.
കാവ്യമേള എന്ന തന്റെ കവിതാസമാഹാരം ഒരു പുസ്തകമായി പ്രസിദ്ധപ്പെടുത്തുവാന്‍ ജയദേവന് ആശിച്ചു. പല പ്രസാധകരെയും കണ്ടു. അവരാരും അതൊന്നു വായിച്ചു നോക്കുവാന്‍ പോലും മിനക്കെട്ടില്ല. എന്നുതന്നെയല്ല ആ സമാഹാരം യാതൊന്നിനും കൊള്ളുകയില്ല എന്നു് പറഞ്ഞു് പണക്കാരനായ ഒരു പ്രസാധകന് ആ സമാഹാരം തെരുവിലേക്കു് വലിച്ചെറിഞ്ഞു. ആ പെരുമാറ്റം ജയദേവന്റെ ആത്മാഭിമാനത്തെ ക്ഷതപ്പെടുത്തി. അവര്‍ തമ്മില്‍ വാക്കേറ്റമായി. പ്രസാധകന് തന്റെ സ്വാധീനമുപയോഗിച്ചു് ജയദേവനെ പോലീസു്കസ്റ്റഡിയിലാക്കി. ഒരു തെരുവുപയ്യന്‍ ആ കടലാസുകെട്ടു് എടുത്തുകൊണ്ടുപോകുകയും ചെയ്തു.
പഴയപുസ്തകങ്ങളും കടലാസുകളും മറ്റും വാങ്ങിവില്‍ക്കുന്ന കമ്മത്തിയുടെ കടയിലെ ജോലിക്കാരനാണു് വിക്രമന്. വിക്രമന്റെ കയ്യിലാണു് തെരുവുപയ്യന്‍ കാവ്യമേളയുടെ അസ്സല്പതിപ്പു് വില്ക്കാനേല്പ്പിച്ചതു്. യാദൃശ്ചികമായി ഈ കവിതകള്‍ കാണാനിടയായ പ്രസാദകന് അവയുടെ കാലാമൂല്യത്തെ പ്രശംസിച്ചു. കവിതകള്‍ താനാണു് രചിച്ചതെന്നു് വിക്രമന് അയാളെ ബോദ്ധ്യപ്പെടുത്തി.
പ്രസാധകന് ആ കവിതാസമാഹാരം പ്രസിദ്ധപ്പെടുത്തി. കാവ്യമേളയ്ക്കു് ഗംഭീരമായ സ്വീകരണവും വിക്രമനു് ധാരാളം പണവും ഉന്നത പദവിയും ലഭിച്ചു. കാവ്യമേളയുടെ പ്രതികള്‍ ശ്രീദേവി, ഡോക്ടര്‍ പണിക്കര്‍, ബാലന് മുതലായവരും കാണാനിടയായി. വിക്രമന് പ്രശസ്തകവിയായ വിക്രമദാസു് ആയി മാറി. കൂലിയ്ക്കു് ഒരു ആശാനെ വച്ചു് തന്റെ യശസ്സിനു് കോട്ടം തട്ടാതെനോക്കാന് വിക്രമദാസു് മറന്നില്ല. അയ്യായിരം രൂപയും ഒരു ഷീല്‍ഡും കാവ്യമേളയുടെ കര്‍ത്താവായ വിക്രമനു് കൊടുക്കുവാന്‍ സാഹിത്യഅക്കാദമി തീരുമാനിച്ചു.
ജയദേവനെ കണ്ടുപിടിക്കാന്‍ ഇറങ്ങിത്തിരിച്ച ബാലന് വിക്രമദാസിന്റെ വീട്ടില്‍ വേലക്കാരനായി കൂടി. പക്ഷെ കാവ്യമേളയുടെ കയ്യെഴുത്തുപ്രതി തട്ടിയെടുക്കുവാന്‍ ബാലനു് സാധിച്ചില്ല. തന്റെ കാവ്യസമാഹാരം തിരക്കി അലഞ്ഞുനടന്ന ജയദേവനും വിക്രമദാസിന്റെ വീട്ടിലെത്തി. പക്ഷെ വിക്രമനാല് മുറിയിലടക്കപ്പെട്ടുപോയി. ജയദേവന് കയ്യെഴുത്തുപ്രതി കയ്ക്കല്‍ ആക്കുന്നതിനു് വിജയിച്ചു. അതുമായി നേരെ അക്കാദമിസമ്മാനദാനം നടക്കുന്നിടത്തെത്തി. വിക്രമന്റെ കള്ളി വെളിച്ചത്താക്കിയപ്പോള് അക്കാദമി ജയദേവനു് ആ ബഹുമതികള്‍ നല്കി ആദരിക്കുവാന്‍ മുന്നോട്ടുവന്നു. എന്നാല്‍ ജയദേവന് അതു് നിരസിക്കുക മാത്രമല്ല കാവ്യമേളയുടെ കയ്യെഴുത്തുപ്രതി കീറിക്കളയുകയും ചെയ്തു. ശ്രീദേവിയെ പരിഗ്രഹിക്കുവാനുള്ള ഡോക്ടറുടേയും ബാലന്റേയും അഭ്യര്‍ത്ഥന കൂടി തട്ടിമാറ്റിക്കൊണ്ടു് എങ്ങോട്ടെന്നില്ലാതെ ജയദേവന് നടന്നകന്നു.
ഇതാണു് ജയമാരുതി പ്രൊഡക്ഷന്സിനു് വേണ്ടി ശ്രീ റ്റി. ഈ. വാസുദേവന്‍ നിര്‍മ്മിച്ച കാവ്യമേളയുടെ കഥ. ഈ ചലച്ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും എസു്. എല്‍. പുരം സദാനന്ദനാണു് എഴുതിയതു്. വയലാര്‍ രാമവര്‍മ്മ രചിച്ച ഏഴു് ഗാനങ്ങള്‍ക്കു് വി. ദക്ഷിണാമൂര്‍ത്തി ഈണം പകര്‍ന്നു. യേശുദാസു്, പി. ലീല, ഉത്തമന്, ഗോമതി എന്നിവരാണു് ഈ ഗാനങ്ങള്‍ പിന്നണിയില്‍ പാടിയതു്. (ഇതു് കൂടാതെ ഇതിലെ സ്വപ്നങ്ങള്‍ എന്ന പാട്ടു് പി. ബി. ശ്രീനിവാസന്, എം. ബി. ശ്രീനിവാസന്, പി. ലീല, ദക്ഷിണാമൂര്‍ത്തി, യേശുദാസു് മുതല്പേര് ഒരു സിനിമാരംഗത്തു് സ്റ്റേജില്‍ പ്രത്യക്ഷപ്പെട്ടു് പാടുന്നുണ്ടു് ).
പ്രേംനസീര്‍, ഷീല, അടൂര്‍ ഭാസി, മുതുകുളം രാഘവന്‍പിള്ള, എസു്. പി. പിള്ള, ജി. കെ. പിള്ള, നെല്ലിക്കോടു് ഭാസ്ക്കരന്‍, നിലമ്പൂര്‍ ആയിഷ, മുരളി, രമേഷു് എന്നിവരാണു് പ്രധാന ഭാഗങ്ങള്‍ അഭിനയിച്ചിട്ടുള്ളതു്. ചിത്രം സംവിധാനം ചെയ്തതു് ശ്രീ കൃഷ്ണന്‍നായരാണു്.
എഴുതിയതു് : മാധവഭദ്രന്‍
അവലംബം : മലയാള സിനിമ ഡയറക്ടറി
കടപ്പാടു് : ബി. വിജയകുമാര്‍
Old is Gold by B Vijayakumar |