കമൽ രാജ് എന്ന സ്ഥാപനം രണ്ട് വ്യക്തികളുടെ യോജിപ്പിന്റെ പ്രതീകം മാത്രമല്ലാ , രണ്ട് മാതൃകാ കുടുംബങ്ങളുടെ സ്നേഹബന്ധത്തിന്റെ ചിഹ്നമാണ്.ആ കുടുംബങ്ങളിൽ ആനന്ദവും ആഹ്ലാദവും സമ്പൽ സമൃദ്ധിയും കളിയാടി.പക്ഷേ അതു നീണ്ടു നിന്നില്ല.ഒരു കുടുംബം മറ്റൊരു കുടുംബത്താൽ ദ്രോഹിക്കപ്പെട്ടു.അതൊരു വഞ്ചനയുടെ കഥയായിരുന്നു.ഗൃഹനാഥന്റെ ചിത എരിഞ്ഞടങ്ങുന്നതിനു മുൻപ് നിസ്സഹായയായ ആ അമ്മ രണ്ട് പിഞ്ചുകുഞ്ഞുങ്ങളെയും കൈയ്ക്ക് പിടിച്ചു കൊണ്ട് പെരുവഴിയിലേയ്ക്ക് ഇറങ്ങേണ്ടി വന്നു. ആ സന്ദർഭത്തിൽ തന്നെ മറന്ന നിലയിൽ ആ മാതാവ് ഒരു ശപഥം ചെയ്തു. “സത്യമെന്ന് ഒന്നുണ്ടെങ്കിൽ എന്റെ മരണം ഈ മണ്ണിൽ കിടന്നായിരിക്കും “
ആ വാക്കുകൾ ചതിയുടെയും ദ്രോഹത്തിന്റെയും വഞ്ചനയുടെയും ആഹ്ലാദതിമർപ്പിൽ അന്ന് മുങ്ങിപ്പോയി. കമൽ രാജ് എന്ന ബോർഡിരുന്ന സ്ഥാനത്ത് രാജ് & സൺസ് എന്ന ബോർഡുയരുന്നു.കാലം ആർക്കു വേണ്ടിയും കാത്തു നിന്നില്ല. നാട്ടിലും വ്യക്തികളിലും വ്യവസ്ഥയിലും ചില മാറ്റങ്ങൾ സംഭവിച്ചു.പക്ഷേ നീണ്ട ഇരുപതു വർഷങ്ങൾക്കു ശേഷവും മാറാത്തതും ആർക്കും മാറ്റാൻ കഴിയാത്തതുമായ ഒന്നുണ്ടായിരുന്നു.അതാണ് “ സത്യം “ സത്യം വിജയിച്ചു. ധർമ്മം സ്ഥാപിച്ചു.
കടപ്പാട്: പാട്ടുപുസ്തകം