ജീവിത സമരത്തിന്റെ കഥ -
അശോക് താണ്ഡന്‍ സത്യസന്ധനും കര്‍മ്മകുശലതയുമുള്ള ചെറുപ്പക്കാരനായിരുന്നു. അതുകൊണ്ടു തന്നെയാണു് സിറ്റിസന്‍ ബാങ്കിന്റെ ഡയറക്ടര്‍ മി റായ് പലരുടെയും സീനിയോരിറ്റി അവഗണിച്ചുകൊണ്ടു് അശോകിനെ മാനേജര്‍ പദവിയിലേക്കു് ഉയര്‍ത്തിയതു്. പക്ഷെ സഹപ്രവര്‍ത്തകരായ ഹരീശ്, രമാകാന്ത്, ജഗത് നാരായണന് എന്നിവര്‍ ഇതില്‍ അരിശവും അമര്‍ഷവും കൊണ്ടു. അവരുടെ ഭയങ്കരമായ ഗൂഢാലോചയുടെ ഫലമായി അശോക് മോഷണക്കുറ്റത്തിനു് അറസ്റ്റ് ചെയ്യപ്പെട്ടു. അശോകിന്റെ വക്കീല്‍ അമിര്നാഥിനു് കൈക്കൂലി കൊടുത്തു് എതിര്‍വാദം ബലഹീനമാക്കി അശോകിനെ ഏഴു വര്‍ഷം കഠിനതടവിനു് അര്‍ഹനാക്കി. സ്നേഹസമ്പന്നനായ മാതാവിനെ പ്രേമഭാജനമായ ദീപയുടെ സംരക്ഷണത്തില്‍ ഏല്‍പ്പിച്ചു കൊടുത്തിട്ടു് അശോക് നാസിക് സെന്‍ട്രല്‍ ജെയിലിലെ ഇരുട്ടറയിലേക്കു പോയി.
ഏഴു വര്‍ഷം കഴിഞ്ഞു പുറത്തുവന്നു അശോകിനു് ഹൃദയഭേദകമായ വാര്‍ത്തകളേ കിട്ടാനുണ്ടായിരുന്നുള്ളു. അമ്മ ഭ്രാന്തിയായി നടന്നു മരിച്ചിരുന്നു.ദീപയൂടെ വീടു് ബാരിസ്റ്റര്‍ അമര്‍നാഥ് സ്വന്തമാക്കിയിരുന്നു. ദീപ എവിടെ പോയെന്നോ എന്തിനു പോയെന്നോ അറിയില്ല. ഹരീശ്, രമാകാന്ത്, ജഗത് നാരായണന് മുതല്‍ പേര് ലക്ഷപ്രഭുക്കളായി കഴിഞ്ഞിരുന്നു. നിരാശനായ അശോക് സഹപാഠിയായിരുന്ന പ്രേംപ്രകാശിനെ അന്വേഷിച്ചു പുറപ്പെട്ടു. അശോകിന്റെ പണം പോക്കറ്റടിച്ചവര്‍ ട്രെയിനില്‍ നിന്നു ചാടി മരിക്കുന്നതു് അശോകിനു് ഒരു വിധത്തില്‍ സഹായമായി. അശോക് മരിച്ചു എന്ന വാര് പത്രങ്ങളില്‍ വന്നു.
കോടീശ്വരനായ രാജാ രണ്‍വീര്‍സിംഗിന്റെ ആനുകൂല്യം ലഭിക്കാനിടയായ അശോക് തന്നെ ദ്രോഹിച്ചവരോടു് പകരം ചോദിക്കുമെന്നു് പ്രതിജ്ഞ എടുക്കുന്നു. രാജായുടെ സമ്പത്തും ആള്‍സ്വാധീനവും അശോകിനെ വിക്രം സിംഗായി മാറ്റുന്നു. സഹായത്തിനു് പ്രേംപ്രകാശിനെയും കിട്ടി. അങ്ങനെ അശോക് ജീവിതസമരത്തിന്റെ ആപല്‍ക്കരമായ ഗര്ത്തത്തിലേക്കു് കുതിച്ചു.
സംഭവബഹുലമായ ഈ പ്രതികാര സംരംഭമാണു് ജീവിതസമരം.
തയ്യാറാക്കിയതു് : മാധവഭദ്രന്‍
അവലംബം : ഈ സിനിമയുടെ പാട്ടുപുസ്തകം
|