ഒരു ദിവസം ഡോക്ടർ ബാലകൃഷ്ണനെ കാണാൻ ഒരു വൃദ്ധനും മകളും വന്നു.ബാലകൃഷ്ണന്റെ ഏറ്റവും അടുത്ത സുഹൃത്തും സഹപാഠിയുമായിരുന്ന വേണുവിന്റെ അമ്മാവനും മകളുമായിരുന്നു അത്. കുറുപ്പും ശാന്തിയും.അസഹ്യമായ വയറുവേദനയിൽ നിന്നും മോചനം നേടാൻ വേണ്ടി വേണുവിന്റെ ഒരു കത്തുമായി വന്നതാണ് കുറുപ്പ്. ഒരു ഓപ്പറേഷനിലൂടെ മാത്രമേ രോഗം മാറ്റാൻ കഴിയൂ എന്നറിഞ്ഞപ്പോൾ കുറുപ്പു ഭയന്നു. തനിക്കെന്തെങ്കിലും അപകടം സംഭവിച്ചാൽ ശാന്തി അനാഥയാകുമല്ലോ എന്നായിരുന്നു കുറുപ്പിന്റെ പേടി. ബാലകൃഷ്ണൻ അവർക്കു ധൈര്യം നൽകി.
പേവാർഡ് ലഭിക്കുന്നതു വരെ കുറുപ്പും ശാന്തിയും ഡോക്ടറുടെ വീട്ടിലാണ് താമസിച്ചത്. ബാലകൃഷ്ണനെ ശാന്തിക്കിഷ്ടമായി.
അസുഖം മാറി തിരിച്ചു പോയ കുറുപ്പിന്റെ ഒരു കത്തുമായി ചേട്ടൻ വന്നു. ശാന്തിയെ ബാലകൃഷ്ണനെക്കൊണ്ട് വിവാഹം കഴിപ്പിക്കാനായിരുന്നു കുറുപ്പിന്റെയും ചേട്ടന്റെയും ശ്രമം.ആദ്യം എതിർത്തെങ്കിലും അവസാനം ബാലകൃഷ്ണൻ അവരുടെ നിർബന്ധത്തിനു വഴങ്ങി.വിവാഹം നടന്നു. അവർക്കൊരു പെൺകുട്ടി ജനിച്ചു.സന്തോഷപൂർണ്ണമായ ദിവസങ്ങൾ ബാലകൃഷ്ണനെ കൂടുതൽ ഉന്മേഷവാനാക്കി.ഒരു ദിവസം ഹോസ്പിറ്റലിൽ വെച്ചു തന്നെ കാണാൻ ഒരു സ്ത്രീ കാത്തിരിക്കുന്നു എന്ന് ഡോക്ടർ ബാലകൃഷ്ണൻ അറിഞ്ഞു.കാത്തിരിക്കുന്ന ആളെ കണ്ടപ്പോൾ അയാൾ ഞെട്ടിപ്പോയി.പ്രഭ !!!
പഠിക്കുന്ന കാലത്ത് താൻ ജീവനേക്കാളുപരി സ്നേഹിച്ചിരുന്ന പെൺകുട്ടി ,തന്റെ ഏകാന്തയിലേയ്ക്ക് അവിചാരിതമായി കടന്നു വന്ന് മനസ്സിന്റെ അടിത്തട്ടിൽ മൃദുലരാഗങ്ങൾ ഉണർത്തി , അവസാനം അപൂർണ്ണമായ ഒരു ഗാനം പോലെ മാഞ്ഞു പോയ ഒരു പെൺകുട്ടി.
ഒന്നു കാണാൻ വേണ്ടി മാത്രമാണ് ഞാനോടിയെത്തിയത്.അവൾ പറഞ്ഞു.ഒന്നു കാണാൻ !
കടപ്പാട്: പാട്ടുപുസ്തകം